ആധുനിക മനുഷ്യന്‍റെ ശാസ്ത്ര, സാങ്കേതിക ഉപഭോഗസംസ്കാരത്തിന് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുള്ള പരിത്യാഗ പ്രവൃത്തികളാണ് നോന്പും ഉപവാസവും. ഒരാള്‍ തന്‍റെ സ്വാര്‍ത്ഥത കൊണ്ട് ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നുപോയാല്‍ ഉപവാസത്താലും പ്രാര്‍ത്ഥനയാലും സ്വാര്‍ത്ഥത വെടിയാനും തിരിച്ചുവരാനുമുള്ള അവസരമാണ് നോന്പുകാലം നല്‍കുന്നത്. അനുതപിക്കുന്ന പാപിയോട് കരുണ കാണിക്കുന്നവനാണ് ദൈവം. പ്രായശ്ചിത്തവും പരിഹാര പ്രവൃത്തികളും ചെയ്യാനും നമ്മുടെ ജീവിത ശൈലിയെ തന്നെ നവീകരിക്കാനും നോന്പും ഉപവാസവും നമുക്ക് ശക്തി പകരുന്നു. നോന്പാചരണം വഴി നീതിയുടെ പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മേല്‍ ദൈവം പ്രസാദിക്കുകയും തന്‍റെ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യും.
ദൈവം തിരഞ്ഞെടുത്ത ജനമായ ഇസ്രയേല്‍ക്കാര്‍ പല കാരണങ്ങളാല്‍ നോന്പും ഉപവാസവും നടത്തിയിരുന്നതായി കാണാം. ചാരം പൂശിയും ചാക്കു ധരിച്ചും ഉപവാസം അനുഷ്ഠിക്കുകയായികുന്നു പഴയ നിയമകാലത്തെ പ്രധാനപ്രായശ്ചിത്തം. തങ്ങള്‍ക്കു വരാന്‍ പോകുന്ന ദൈവ ശിക്ഷയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ മാനസാന്തരപ്പെടണമെന്ന് യോനാ പ്രാവചകന്‍ നിനവേ ജനങ്ങളോട് ആഹ്വാനം ചെയ്തപ്പോള്‍ രാജാവു മുതല്‍ പ്രജവരെ, കൊട്ടാരം മുതല്‍ കുടില്‍ വരെ തങ്ങളുടെ പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നുണ്ട് (യോനാ 3/110) ദൈവത്തിന്‍റെ മുന്‍പില്‍ സ്വയം എളിമപ്പെട്ട് പാപനിവാരണത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും നടത്തുതായി നാം കാണുന്നുണ്ട്. (സങ്കീ. 34/ 122) പ്രാര്‍ത്ഥനയ്ക്ക് ബലവും ഉറപ്പും നല്‍കുന്നത് ഉപവാസമാണെന്ന് ജോയേല്‍ പ്രവാചകന്‍ പറയുന്നുണ്ട്. പാപപരിഹാരാര്‍ത്ഥം ഉപവസിക്കുവാനും കണ്ണീരോടും വിലാപത്തോടും ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കാനും പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു “നിങ്ങളുടെ വസ്ത്രമല്ല ഹൃദയാണ് കീറേണ്ടത്.” (ജോയേല്‍ 2/1216)
നോന്പ് ദൈവം ആഗ്രഹിക്കുന്ന ഉപവാസമായിരിക്കണം. ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷ മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു മോചനവും നീതിരഹിതര്‍ക്കു നീതിയും ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി ശബ്ദവുമാണ് ഉപവാസം എന്ന്, ഏശയ്യ പ്രാവാചകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. (ഏശ 58/ 114)
ക്രൈസ്തവരുടെ നോന്പിന്‍റേയും ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥനയുടേയും അടിസ്ഥാനമായി നിലകൊള്ളുന്നത് യേശുവിന്‍റെ 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയുമാണ്. (മത്താ 4/111, മാര്‍ക്കോ. 11/12 13, ലൂക്കാ. 4/13) നമ്മുടെ ഈ നോന്പാചരണം വഴി യേശുവിന്‍റെ സഹന ജീവിതത്തില്‍ പങ്കുചേരാനും, യേശുവിന്‍റെ പീഡാസഹനങ്ങളോര്‍ത്ത് അനുദിന ജീവിതത്തിന്‍റെ അര്‍ത്ഥം കണ്ടെത്താനും നമുക്ക് പരിശ്രമിക്കാം. സത്യം, നീതി, സ്നേഹം, സാഹോദര്യം , കരുണ, ദാനധര്‍മ്മം, സന്തോഷം തുടങ്ങി സദ്ഗുണങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്താനും ഈ നോന്പാചരണം കാരണമാകട്ടെ എന്നാശംസിക്കുന്നു... പ്രാര്‍ത്ഥിക്കുന്നു... സ്നേഹത്തോടെ വികാരിയച്ചന്‍.
Post A Comment:
0 comments: