പ്രാര്‍ത്ഥന യാചിച്ചുകൊണ്ടായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ വാര്‍ഷികദിനത്തിലെ സന്ദേശം.പാപ്പാ ഫ്രാന്‍സിസ് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വാര്‍ഷകത്തില്‍ പ്രാര്‍ത്ഥനാഭ്യാര്‍ത്ഥനയുമായിട്ടാണ് ട്വിറ്ററില്‍ കണ്ണിചേര്‍ന്നത്.
റോമിന്‍റെ തെക്കു കിഴക്കുള്ള അരീച്യായില്‍ തപസ്സുകാല ധ്യാനത്തില്‍ ചിലവഴിക്കുന്ന പാപ്പാ ഫ്രാന്‍സിസ് മാര്‍ച്ച് 13-ാം തിയതി തന്‍റെ സ്ഥാനാരോഹണ്ത്തിന്‍റെ പ്രഥമവാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ‘തനിക്കായി പ്രാര്‍ത്ഥിക്കണം’ എന്നു മാത്രം ട്വിറ്റര്‍ സുഹൃത്തുക്കളോടും സംവാദകരോടും സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചത്. Please pray for me. Orate pro me. Pregate per me. എന്നിങ്ങനെ 9 ഭാഷകളില്‍ വളരെ ഹ്രസ്വമായിട്ടാണ് പാപ്പാ ട്വിറ്ററില്‍ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്.
സാധാരണഗതിയില്‍ തന്‍റെ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ഉപസംഹരിക്കുമ്പോള്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്ന പതിവുള്ളതാണ്. ഈ സുദിനത്തിലും ലോകത്തോട് പ്രാര്‍ത്ഥനാഭ്യര്‍ത്ഥന പാപ്പാ ആവര്‍ത്തിക്കുന്നു.
പാപ്പാ ബനഡിക്ട് 16-ാമന്‍റെ ചരിത്ര സംഭവമായ സ്ഥാനത്യാഗത്തെ തുടര്‍ന്ന്, ഒരു വര്‍ഷം മുന്‍പ് 2013 മാര്‍ച്ച് 13-ാം തിയതിയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക്, പത്രോസിന്‍റെ265-ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ചരിത്രത്തിലെ ‘ദരിദ്രനായ വിശുദ്ധന്‍,’ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ നാമം സ്വീകരിച്ചതുതന്നെ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ വ്യക്തിജീവിതത്തിലെ ലാളിത്യത്തിന്‍റെയും എളിമയുടെയും അമ്പരപ്പിക്കുന്ന അടയാളമായിരുന്നു.
തിരഞ്ഞെടുപ്പിനുശേഷം മാര്‍ച്ച് 13-ന്‍റെ സായാഹ്നത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ ലോകത്തെയും റോമാ നിവാസികളെയും ആദ്യാമായി അഭിസംബോധചെയ്തശേഷം, പുതിയ പാപ്പായെ കാണാന്‍ അവിടെ സംഗമിച്ച ജനസഹസ്രങ്ങളോട് വിനയാന്വിതനായി, ‘നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം, നിങ്ങള്‍ എന്നെ ആശീര്‍വ്വദിക്കണം,’ എന്നാണ് പാപ്പാ ബര്‍ഗോളിയോ അഭ്യര്‍ത്ഥിച്ചത്. അങ്ങനെയായിരുന്നു പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ തുടക്കം.
കര്‍ദ്ദിനാള്‍ സംഘത്തോടൊപ്പം സിസ്റ്റൈന്‍ കപ്പേളയില്‍ മാര്‍ച്ച് 14-ാം തിയതി അര്‍പ്പിച്ച പ്രഥമ ബലിയര്‍പ്പണത്തില്‍, താന്‍ സ്വപ്നം കാണുന്ന ‘പാവങ്ങള്‍ക്കായുള്ള ലാളിത്യമാര്‍ന്ന സഭ’യെക്കുറിച്ചും പാപ്പാ ബര്‍ഗോളിയോ പങ്കുവയ്ക്കുകയുണ്ടായി. കൂടാതെ, സഭയെ നവീകരിച്ച് നയിക്കണമെന്ന അസ്സീസിയിലെ സിദ്ധന്‍റെ സ്വപ്നവും മനസ്സിലേറ്റിയും അത് പങ്കുവച്ചുമാണ് ആര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനായി തെരുവോരത്തും, ക്ലബ്ബുകളിലും, ജയിലറയിലും ജീവിക്കുന്ന സാധാരണക്കാരെ കണ്ടു കേട്ടും പരിചയസമ്പന്നനായിരുന്ന കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ തന്‍റെ കര്‍മ്മപദ്ധതിക്ക് തുടക്കമിട്ടത്.
പാപ്പായ്ക്ക് സ്നേഹാദരങ്ങളും പ്രാര്‍ത്ഥനനിറഞ്ഞ ആശംസകളും!
Vatican Radio website
Post A Comment:
0 comments: