സാക്സണ് പ്രഭുവായ തെയാഡോറിക്കിന്റെ മകളാണ് മറ്റില്ഡാ. വിവാഹം വരെ എര്ഫോര്ഡില് ഒരു മഠത്തില് താമസിക്കുകയായിരുന്നു. 913ല് സാക്സണിയില്തന്നെയുള്ള ഓത്തോപ്രഭു അവളെ വിവാഹം കഴിച്ചു. 916ല് ഓത്തോ ജര്മ്മിനിയിലെ രാജാവായി ലോകത്തിലുള്ളതെല്ലാം മായയായി രാജ്ഞിക്ക് തോന്നി. പ്രാര്ത്ഥനയും ധ്യാനവുമായിരുന്നു മുഖ്യതൊഴില്. പകലും രാത്രിയും ധ്യാനത്തിലും പ്രാര്ത്ഥനയിലും ചെലവഴിച്ചു. രോഗികളെ സന്ദര്ശിച്ചാശ്വസിപ്പിക്കുക, ദരിദ്രരെ സേവിക്കുക, ഉപദേശിക്കുക എന്നിവ രാജ്ഞിക്ക് പ്രിയങ്കരമായ ജോലികളായിരുന്നു. കാരാഗൃഹവാസികളെ സഹായിച്ച് അവരെ ബന്ധിച്ചിരുന്ന ചങ്ങലകളുടെ ഭാരം കുറച്ചു. 23 കൊല്ലത്തെ വൈവാഹിക ജീവിതത്തിനുശേഷം രാജാവ് അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം രാജ്ഞി ആഭരണങ്ങളെല്ലാം ഊരി ധര്മ്മത്തിനായി ഉപയോഗിച്ചു. മൂന്ന് മക്കളാണുണ്ടായിരുന്നത്. ഓത്തോ, ഹെന്റി, വി. ബ്രൂണോ. കിരീടത്തിനുവേണ്ടി മൂത്തവര് തമ്മില് ഒരു സമരമുണ്ടായെങ്കിലും അവസാനം ഓത്തോ തന്നെ ചക്രവര്ത്തിയായി. അമ്മ ഹെന്റിയെ സഹായിച്ചുവെന്ന കാരണത്തിന് ഓത്തോ അമ്മയെ കുറേക്കാലത്തേയ്ക്ക് ഞെരുക്കിയെങ്കിലും അവസാനം രമ്യപ്പെട്ട് അമ്മയുടെ ഓഹരി മുഴുവന് നല്കി. അങ്ങനെ തനിക്ക് സിദ്ധിച്ച സ്വത്തുകൊണ്ട് രാജ്ഞി പല പള്ളികള് പണിയിച്ചു. മരണത്തിനുമുന്പ് ഏതാനും വൈദികരുടേയും സന്യാസികളുടേയും മുന്പാകെ പരസ്യമായി തന്റെ പാപങ്ങള് രാജ്ഞി ഏറ്റു പറഞ്ഞു. ചാക്കുധരിച്ചും ചാരം പൂശിയുമാണ് രാജ്ഞി മരണത്തെ സ്വാഗതം ചെയ്തത്. വിശുദ്ധ ജീവിതത്തിന്റെ ആരംഭം വിശുദ്ധിയെ ആഗ്രഹിക്കുന്നതും ഉത്സാഹപൂര്വ്വം പ്രാര്ത്ഥിക്കുന്നതും ലൗകിക സ്ഥാനമാനങ്ങളേക്കാള് ഉപരിയായി വിശുദ്ധിയെ അന്വേഷിക്കുന്നതുമാണ്. ആരാധനാ മഠം, പാവറട്ടി
Navigation
Post A Comment:
0 comments: