പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ 139-ാം മാദ്ധ്യസ്ഥ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ തിരുമുറ്റമേളത്തിന് ശേഷം എട്ടിന് പാവറട്ടി ആശ്രമദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
തൃപ്രയാര്‍ എ.ബി.സി. ലൈറ്റ് ആന്‍ഡ് സൗണ്ടാണ് ഇത്തവണ ദീപാലങ്കാര വിരുന്ന് ഒരുക്കുന്നത്. ലില്ലിപ്പൂ കയ്യിലേന്തിയുള്ള വിശുദ്ധ യൗസേപ്പിതാവും അരികിലായി ശബ്ദത്തോടുകൂടിയുള്ള ചെണ്ട, കൊമ്പ്, ഇലത്താളം എന്നിവയുടെ എല്‍.ഇ.ഡി. രൂപങ്ങളും മിന്നി ത്തെളിയും. ഒന്നരലക്ഷം എല്‍.ഇ.ഡി. ദീപങ്ങളാണ് ഇത്തവണ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ വി.എല്‍. ഷാജു പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തിന് നൈവേദ്യ പൂജ. തുടര്‍ന്ന് വിശുദ്ധന്റെ നേര്‍ച്ച ഊട്ട് തുടങ്ങും. ഇടതടവില്ലാതെ 30 മണിക്കൂര്‍ നേര്‍ച്ച ഊട്ട് വിളമ്പും. വൈകീട്ട് 5.30ന് സമൂഹദിവ്യബലിക്ക് മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മ്മികനാകും. രാത്രി 7.30ന് തിരുനാളിന്റെ ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ചടങ്ങ് നടത്തി തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിക്കും. പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും.
Post A Comment:
0 comments: