Pavaratty

Total Pageviews

5,978

Site Archive

സീറോ മലബാര്‍ സഭയ്ക്കു മൂന്നു പുതിയ മെത്രാന്‍മാര്‍

Share it:
സീറോ മലബാര്‍ സഭാ സിനഡ് സമാപനത്തില്‍, പരിശുദ്ധ പിതാവിന്‍റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ മൂന്നു മെത്രാന്മാരുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചു.

തൃശൂര്‍ അതിരൂപതാ സഹായമെത്രാനായി റവ. ഡോ. ടോണി നീലങ്കാവിലില്‍, തലശ്ശേരി സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനി, സീറോ മലബാര്‍ കൂരിയ മെത്രാനായി റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെ തെരഞ്ഞെടുത്ത വിവരം സഭാ ആസ്ഥാനമായ കാക്കനാടു സെന്‍റ് തോമസ് മൗണ്ടില്‍ സെപ്തംബര്‍ ഒന്നാംതീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-നാണ് പ്രഖ്യാപിച്ചത്.


റവ. ഡോ. ടോണി നീലങ്കാവില്‍, 1993-ല്‍ പൗരോഹിത്യം സ്വീകരിച്ച്, രണ്ടുവര്‍ഷത്തെ ഇടവക ശുശ്രൂഷയ്ക്കുശേഷം ബെല്‍ജിയത്തിലെ ലുവെയ്ന്‍ കാത്തൊലിക് യൂണിവേഴ്സിറ്റിയില്‍ ഡോഗ്മാറ്റിക് തിയോളജിയില്‍ ഉപരിപഠനം നടത്തി. ഡോക്ടറേറ്റു നേടിയശേഷം മേരി മാതാ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി ശുശ്രൂഷ ചെയ്യവേ, ഡീന്‍ ഒഫ് സ്റ്റഡീസ്, ആധ്യാത്മികഗുരു, പബ്ലിക്കേഷന്‍ ഡയറക്ടര്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. സെമിനാരി റെക്ടറായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.

1997-ല്‍ പൗരോഹിത്യം സ്വീകരിച്ച റവ. ഡോ. ജോസഫ് പാംബ്ലാനി, ഇടവകശുശ്രൂഷയ്ക്കുശേഷം ലുവെയ്ന്‍ കാത്തൊലിക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനാര്‍ഥം ചേരുകയും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റു നേടുകയും ചെയ്തു. രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടറായിരുന്ന അദ്ദേഹമാണ് തലശ്ശേരിയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിയോളജി സ്ഥാപനത്തിനു നേതൃത്വം വഹിച്ചത്. വിവിധ സെമിനാരികളില്‍ പ്രൊഫസറായി സേവമനുഷ്ഠിച്ചുവരുന്ന അദ്ദേഹം, ഭാരത കത്തോലിക്കാമെത്രാന്‍ സമിതി, കേരള കത്തോലിക്കാമെത്രാന്‍ സമിതി, എന്നീ സമിതികളില്‍ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായും FABC-യില്‍ ദൈവശാസ്ത്ര കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1992-ല്‍ വൈദികപട്ടം സ്വീകരിച്ച റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസ് കൂരിയ വൈസ് ചാന്‍സലറായി ശുശ്രൂഷ നിര്‍വഹിച്ചുവരവേയാണ് അവിടെ മെത്രാനായി നിയമിതനാകുന്നത്.
Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: