ദൈവകല്‌പനകള്‍ പാലിക്കുന്നതിലൂടെയല്ല നമ്മുടെ രക്ഷ കരഗതമാകുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. മറിച്ച് ദൈവികസ്‌പര്‍ശം എപ്പോഴും ആവശ്യമാണെന്നുള്ള അവബോധത്തിനാവശ്യമായ എളിമയിലാണ് രക്ഷ അടങ്ങിയിരിക്കുന്നത്.
തിങ്കളാഴ്‌ചത്തെ പ്രസംഗത്തിലായിരുന്നു പാപ്പായുടെ ഈ വ്യാഖ്യാനം. ഈശോ സ്വന്തം നഗരവാസികളായ നസ്രേത്തുകാരോട് സംസാരിക്കുന്നതായിരുന്നു അവസരം. അവന്‍ പറഞ്ഞു: ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ അംഗീകരിക്കപ്പെടുന്നില്ല. അതിനാല്‍ യേശുവിന് നസ്രേത്തില്‍ അധികം അത്ഭുതമൊന്നും ചെയ്യാനായില്ല. അതിനു കാരണം അവരുടെ അവിശ്വാസമായിരുന്നു. ഈശോ രണ്ട് ബൈബിള്‍ സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. കുഷ്‌ഠരോഗിയായ നാമാന്റെയും സെറപ്‌തായിലെ വിധവയുടെയും.
“കുഷ്‌ഠരോഗികളും വിധവകളും അന്നത്തെ സമൂഹത്തിലെ അധഃകൃതരായിരുന്നു,” പാപ്പാ പറഞ്ഞു. “എന്നിട്ടും ഈ അധഃകൃതരാണ് പ്രവാചകരെ സ്വീകരിച്ചതും അതിലൂടെ രക്ഷ പ്രാപിച്ചതും. നേരെമറിച്ച് നസ്രേത്തിലെ ജനങ്ങള്‍ യേശുവിനെ സ്വീകരിച്ചില്ല. കാരണം അവരുടെ വിശ്വാസം ശക്തമാണെന്ന് അവര്‍ക്ക് തോന്നി. ദൈവപ്രമാണങ്ങളെല്ലാം അവര്‍ കൃത്യമായി അനുസരിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നി. അതിനാല്‍ മറ്റ് യാതൊരുവിധ രക്ഷയും ആവശ്യമില്ലെന്നും അവര്‍ക്ക് തോന്നി.”
“യഥാര്‍ത്ഥ വിശ്വാസമില്ലാതെ ദൈവപ്രമാണങ്ങള്‍ പാലിച്ചു ജീവിക്കുന്നത് വലിയൊരു ദുരന്തമാണ്,” പാപ്പാ പറഞ്ഞു. “ഞാന്‍ പള്ളിയില്‍ പോകുന്നതുകൊണ്ട് ഞാന്‍ രക്ഷിക്കപ്പെടും. കല്‌പനകള്‍ ഞാന്‍ പാലിക്കുന്നതുകൊണ്ട് ഞാന്‍ രക്ഷിക്കപ്പെടും. കുഷ്‌ഠരോഗിയേയും വിധവയേയും ഞാന്‍ പരിഗണിക്കേണ്ടതില്ല. അവര്‍ അധഃകൃതരാണ്” – ഈ ചിന്താരീതി അപകടകരമാണ്.
എന്നാല്‍ യേശു പറയുന്നു: “നിങ്ങള്‍ നിങ്ങളെത്തന്നെ പുറമ്പോക്കുകളില്‍ കൊണ്ടുപോയി നിര്‍ത്തിയില്ലെങ്കില്‍, അധഃകൃതനാകുക എന്താണെന്ന് നിങ്ങള്‍ക്ക് അനുഭവിക്കാനായില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും രക്ഷിക്കപ്പെടുകയില്ല.”
“ഇത് എളിമയുടെ വഴിയാണ്; താഴ്‌മയുടെ പാതയാണിത്. ഞാന്‍ അധഃകൃതനാണ്. അതിനാല്‍ കര്‍ത്താവിന്റെ രക്ഷാകരമായ സ്‌പര്‍ശം എനിക്കാവശ്യമാണ്. ഈ ബോധ്യമാണ് നമ്മള്‍ ആര്‍ജിക്കേണ്ടത്. തമ്പുരാനാണ് നമ്മെ രക്ഷിക്കുന്നത്. അല്ലാതെ ദൈവപ്രമാണങ്ങളുടെ കൃത്യമായ അനുസരണമല്ല നമ്മെ രക്ഷിക്കുന്നത്.”
Navigation
Post A Comment:
0 comments: