സിജോ വര്‍ഗ്ഗീസ് എ. ഫാത്തിമ മാത യൂണിറ്റ്
മഞ്ഞും തണുപ്പും ഇഴചേര്‍ന്ന പ്രഭാതങ്ങള്‍ വരവായി. വാനിലെ പുലര്‍കാല നക്ഷത്രത്തിന് പതിവില്‍ കൂടുതല്‍ പ്രകാശം തോന്നിക്കുന്ന ദിനങ്ങള്‍. ഉണ്ണീശോയെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ലോകമെങ്ങും ഉള്ള ക്രൈസ്തവ ജനത ആത്മീയമായി ഒരുങ്ങുന്ന പുണ്യദിനങ്ങള്‍. ഡിസംബര്‍ 23: തീന്‍മേശയിലെ വിഭവങ്ങള്‍ക്കായി അറിയപ്പെടാത്ത നാടുകളില്‍ നിന്നും പക്ഷിപനി ബാധിച്ചതും കുളന്പുരോഗം ബാധിച്ചതുമായ ലക്ഷക്കണക്കിന് ആടുമാടുകളും കോഴികളും ചെക്ക്പോസ്റ്റുകള്‍ വഴി ദൈവത്തിന്‍റെ സ്വന്തം നാട്ടിലേയ്ക്ക് വരവായി. ചെക്ക് പോസ്റ്റുകളില്‍ മൃഗഡോക്ടറോ ആവശ്യത്തിന് ജീവനക്കാരോ ഇല്ല. ഉള്ളത് ഷൂസിലും സോക്സിലും ഷര്‍ട്ടിന്‍റെ കൈമടക്കിലും ഒളിപ്പിച്ച ഗാന്ധിതലയുള്ള നോട്ടുകള്‍ മാത്രം. ഡിസംബര്‍ 24: കുട്ടികള്‍ വീടിന്‍റെ ഉമ്മറത്ത് നക്ഷത്രങ്ങള്‍ തൂക്കുന്നു, പുല്‍ക്കൂടൊരുക്കുന്നു, അവ അലങ്കരിക്കുന്നു. എങ്ങും ആഹ്ലാദം. ആശംസാകാര്‍ഡുകള്‍ വാങ്ങുന്നു കൂട്ടൂകാരെ നേരില്‍കണ്ട് കൊടുക്കുന്നു. കോളേജ് കുട്ടികള്‍ പുതിയ ടങട ഓഫറുകള്‍ക്കായി മൊബൈല്‍ കന്പനികളുടെ കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നു. അപ്പന്‍ ബിവറേജിന്‍റെ നീണ്ട വരിയില്‍ നിന്ന് തളരുന്നു. അറുനൂറ് രൂപയുടെ മദ്യം 100% ടാക്സുകൊടുത്ത് ആയിരത്തി ഇരുനൂറ് രൂപയ്ക്ക് വാങ്ങുന്പോള്‍ ഇല്ലാത്ത പരിഭവമാണ് നൂറ് രൂപയുടെ കേക്കുവാങ്ങിയതിനെക്കുറിച്ച് ഭാര്യയോട് പറയുന്നത്. കടക്കാരനെതിരേയും കേക്കുണ്ടാക്കിയവനെതിരേയും സര്‍ക്കാരിനെതിരേയും വില കയറ്റകുറ്റാരോപണ പട്ടിക നിരത്തികൊണ്ട്. ഭാര്യ ക്ഷമിക്കുന്നു. കുന്പസാരിച്ചതല്ലേ ക്രിസ്തുമസ്സല്ലേ ഇന്ന വഴക്കുവേണ്ട.
സമയം രാത്രി പതിനൊന്നുമണി. പാതിരാകുര്‍ബ്ബാനയ്ക്ക് പോകാന്‍ കുട്ടികളുടേയും ഭാര്യയുടേയും ഒരുക്കം തകൃതിയില്‍ നടക്കുന്നു. അപ്പന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു “ഞാന്‍ വരുന്നില്ല. നിങ്ങള്‍ പൊയ്ക്കോ. ഞാന്‍ നേരം വെളുത്തിട്ടുള്ള കുര്‍ബ്ബാനയ്ക്കാ പോകുന്നത്.” ഭാര്യയും മക്കളും പടിയിറങ്ങി. അപ്പന്‍ പതുക്കെ കിടക്കുന്നിടത്തു നിന്നും എഴുന്നേറ്റ് ഫ്രിഡ്ജ് തുറന്ന് വേഗം തന്‍റെ കുപ്പിയെടുത്തു, പ്ലാസ്റ്റിക് മൂടി പിരിച്ചു തുറന്നു. ആധുനിക കുപ്പിയാണ്. ഉള്ളില്‍ വീണ്ടും ഒരു പ്ലാസ്റ്റിക് അടപ്പുണ്ട്. ചില്ലു ഗ്ലാസ്സെടുത്ത് ഒഴിച്ചു. പാത്രം കഴുകുന്ന പൈപ്പില്‍ നിന്നും അല്‍പം വെള്ളവും ഗ്ലാസ്സില്‍ വീഴ്ത്തി കുടിച്ചു. എന്തോ ഒരു വ്യത്യാസം. സ്ഥിരം സാധനമാണ്. അപ്പന്‍ കുപ്പിയുടെ ലേബല്‍ വീണ്ടും വീണ്ടും നോക്കുന്നു. അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്. കുപ്പിയുടെ മേലുള്ള പ്ലാസ്റ്റിക് അടപ്പിലും തുറന്നുവെച്ച മൂടിയുടെ മീതെയും ഒരു ചെറിയ ആണിപഴുതുപോലുള്ള ഓട്ട. അയാള്‍ അടുക്കളയിലെ ലൈറ്റിട്ടു നോക്കി. ഗ്യാസ് സ്റ്റൗവിനടിയില്‍ അതാ പുല്‍ക്കൂട്ടിലെ പുതിയ ടെസ്റ്ററിന്‍റെ തുന്പ് ചൂടായി കരിപിടിച്ച് കിടക്കുന്നു.
അമ്മ പള്ളിയില്‍ വികാരിയച്ചന്‍റെ ക്രിസ്തുമസ്സ് പ്രസംഗം കേട്ട് ഗാഢനിദ്രയിലാണ്. പള്ളിക്കു പിറകിലെ ബാത്റൂമില്‍ ഒന്‍പതാംക്ലാസ്സിലെ മകനും അവന്‍റെ കൂട്ടുകാരും അപ്പന്‍ വാങ്ങിച്ചുവച്ച വിദേശ മദ്യം കുടിച്ച് കേക്കു മുറിച്ച് ആഘോഷിക്കുകയാണ്. കോഴിക്ക് കുത്തിവെയ്ക്കാനെന്നും പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ സിറിഞ്ചുപയോഗിച്ച് അരമണിക്കൂറോളം പരിശ്രമിച്ച് പുറത്തെടുത്ത മദ്യമാകുന്പോള്‍ ആഘോഷത്തിന് ഒരു ത്രില്ലുണ്ടാകുമല്ലോ,
എടുത്ത ഗ്ലാസ്സിലെ മദ്യം ഒറ്റ വലിക്ക് കുടിച്ച് കാലിയാക്കി അപ്പന്‍ കുപ്പി അടപ്പിട്ട് തിരികെ ഫ്രിഡ്ജില്‍ വെച്ചു. നാളെ കുര്‍ബ്ബാന കഴിഞ്ഞ് വന്നിട്ടു വേണം ഇതിലൊരു തീരുമാനം ഉണ്ടാക്കാന്‍. ഹും.. ഇങ്ങനെയുണ്ടോ കുട്ടികള്. അപ്പനെ ബഹുമാനമില്ലാത്ത...... അയാള്‍ ദേഷ്യത്തില്‍ അടുക്കള വാതില്‍ വലിച്ചടച്ച് അകത്തുപോയി ചുരുണ്ടു കിടന്നു.
ബാത്റൂമില്‍ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കുട്ടിസംഘത്തിലെ തലമുതിര്‍ന്ന പത്താം ക്ലാസ്സുകാരന്‍റെ മൊബൈലിലേയ്ക്ക് ഒരു ടങട വന്നു. ഞാനിപ്പോള്‍ കുര്‍ബ്ബാനയക്കു കേറും. എത്രനേരമായി ഞാനീശവങ്ങളുടെ ഒപ്പം കാത്തിരിപ്പ് തുടങ്ങിയിട്ട്. മിഥുന്‍ ചേട്ടന്‍ എത്രയുംവേഗം വാ... പള്ളിയിലെ ഏറ്റവും വലിയ കരിസ്മാറ്റിക് കാരിയും എല്ലാ ധ്യാനകേന്ദ്രങ്ങളിലേയ്ക്കും ആളുകളെ കൊണ്ടുപോകാമെന്ന് നേര്‍ച്ച നേര്‍ന്നിട്ടുള്ളവളുമായ ഒരു പ്രേഷിതയുടെ എട്ടാംക്ലാസ്സുകാരിയായ മൂന്നാമത്തെ മകള്‍ സ്വീറ്റി, സെമിത്തേരിയില്‍ ഇരുന്നാണ് പാതിരാ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നത്. അവളുടെ മൂത്ത മകള്‍ ഒരു ഹിന്ദു ചെറുക്കന്‍റെ ഒപ്പം ഓടിപ്പോയി. എന്തോ ദൈവാധീനം കൊണ്ട് രണ്ടാമത്തെ മകള്‍ കന്യാസ്ത്രീയായി. ഇനി ഒരെണ്ണം കൂടിയേ ഉള്ളൂ. അതാണീ സാധനം. ടങട കിട്ടേണ്ട താമസം ആഘോഷത്തില്‍ നിന്നും രക്ഷപ്പെട്ട് പത്താം ക്ലാസ്സുകാരന്‍ സെമിത്തേരിയി ലെത്തി. സെമിത്തേരിയുടെ മതിലിനോട് ചേര്‍ന്നാണ് ഭക്തസംഘടനക്കാര്‍ പുല്‍ക്കൂട് നിര്‍മ്മിച്ചിട്ടുള്ളത്. അവരിരുവര്‍ക്കും ആശ്വാസമായിട്ടുണ്ടാകും. കുര്‍ബ്ബാന അവസാനിച്ചപ്പോള്‍ കതിനക്ക് തീ കൊളുത്തി തിരിച്ചു നടക്കുകയായിരുന്ന വെടിക്കെട്ടുകാരന്‍ സെമിത്തേരിയില്‍ നിന്നും ചില്ലക്ഷരത്തിലുള്ള ശബ്ദങ്ങള്‍ കേട്ട് എത്തിനോക്കാതിരുന്നില്ല. അയാളും പറഞ്ഞു സാരമില്ല കുട്ടികളല്ലേ വലുതാകുന്പോ താനേ മനസ്സിലായിക്കൊള്ളും.
ഡിസംബര്‍ 25: രാവിലെ ആറരയുടെ കുര്‍ബ്ബാന കഴിഞ്ഞു വന്ന അപ്പന്‍ ചന്തയിലെ വ്യാജ മദ്യവില്‍പ്പനക്കാര്‍ക്ക് നേര്‍ച്ചയിട്ടാണ് വന്നത്. ഒരു കയ്യില്‍ ഇറച്ചിപൊതിയും ഉണ്ട്. വീട്ടില്‍ എത്തിയപാടെ ഇറച്ചിപൊതി മേശമേലിട്ട് ഒച്ചയെടുത്തു “സെബിയാടീ... അവനെന്ത്യ?” ഭാര്യ “അവനെഴുന്നേറ്റിട്ടില്ല.” “അവന്‍ എഴുന്നേല്‍ക്കില്ല അപ്പന്‍ തറപ്പിച്ചു പറഞ്ഞു.” ഭാര്യ പേടിച്ചു. ആ അമ്മ അകത്തുപോയി സെബിയെ കുലിക്കി വിളിച്ചു. സെബി ഉണര്‍ന്നു. “എന്താ...” “ദേ നിന്നെ പപ്പാ വിളിക്കുന്നു.” അവന്‍ ഉറക്കച്ചടവോടെ പപ്പയുടെ മുന്നിലെത്തി. “എടാ ഞാന്‍ നിനക്കു വാങ്ങിതന്ന ടെസ്റ്റര്‍ എവിടെ” നേരം വെളുക്കുന്പോള്‍ തന്നെ ടെസ്റ്റര്‍ ചോദിച്ച പപ്പായുടെ ദുരുദ്ദേശ്യം സെബിക്കു മനസ്സിലായില്ല. സെബി അകത്തുപോയി ഗ്യാസ് സറ്റൗവിനടിയില്‍ പരതി നോക്കി. ടെസ്റ്റര്‍ കണ്ടില്ല. പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ ഫ്രിഡ്ജ് തുറന്നു നോക്കി. അതാ ഇരിക്കുന്നു കോഴിമുട്ട റാക്കിനു സൈഡിലായി പപ്പാ തിരയുന്ന ടെസ്റ്റര്‍! ടെസ്റ്റര്‍ എടുത്ത് വേഗം തന്നെ പപ്പായ്ക്കു കൊടുത്തു. പപ്പാ ടെസ്റ്റര്‍ നോക്കികൊണ്ട് ചോദിച്ചു “ഇതിന്‍റെ തുന്പെങ്ങിനെയാടാ കരിഞ്ഞത്?” “പുല്‍ക്കൂട്ടിലെ മാലബള്‍ബ് ടൊസ്റ്റ് ചെയ്യുന്പോള്‍ ബള്‍ബ് ഷോട്ടായി കരിഞ്ഞത്.” ശങ്കകൂടാതെ സെബി പറഞ്ഞു. “എടാ കഴുവേറീടെ മോനെ...”” (യഥാര്‍ത്ഥത്തില്‍ കഴുവില്‍ കയറിയവന്‍, മനസ്സാകാതെ ഭൂമിയില്‍ യാതൊന്നിനും ജീവന്‍ നിലനില്‍ക്കുകയില്ല. അതിനാല്‍ അപ്പന്‍ മകനെ അങ്ങനെ വിളിക്കുന്നതില്‍ വലിയ തെറ്റുമില്ല) “നീ എന്‍റെ ആയിരത്തി ഇരുനൂറ് രൂപേടെ കുപ്പീല്‍ ഓട്ട ഇടാനെല്ലെടാ ഇതിന്‍റെ തുന്പ് കരിച്ചതാ.” പറഞ്ഞു തീരലും കൈപ്പത്തികൊണ്ട് കൊടുത്തു സെബിയുടെ ചെകിട്ടത്ത് ഒന്ന്. അവന്‍ വേദനകൊണ്ട് പുളഞ്ഞു. “അയ്യോ എന്നെ കൊല്ലല്ലേ പപ്പാ...” അവന്‍ അലറി കരഞ്ഞു. “നീയിനി കുടിക്ക്യോ” പപ്പാ അരിശത്തോടെ ചോദിച്ചു. കരച്ചിലോടെ തന്നെ ദേഷ്യത്തില്‍ അവന്‍ പറഞ്ഞു “ഇനീം കുടിക്കും!” കഴിഞ്ഞയാഴ്ച നാനൂറ് രൂപ കറന്‍റു ബില്ലടയ്ക്കാനില്ലാതെ ഇലക്ട്രിസിറ്റിക്കാരന്‍ ഫീസുരിയെടുക്കാന്‍ വന്നപ്പോള്‍ ആകെയുള്ള ഒരു തടവള കൊണ്ടുപോയി പണയം വെച്ച് കറന്‍റുബില്ലടച്ച മഹാനാണ് പപ്പ. പണയം വെച്ച ബാക്കിരൂപ ചോദിച്ച് മടുത്തുപോയി. അപ്പോഴാണ് ക്രിസ്തുമസ്സ്. ഇനി ഇതു കഴിയട്ടെ. അലറിക്കരച്ചില്‍ തേങ്ങലായി ഒതുങ്ങിതുടങ്ങി. അപ്പന്‍ കേള്‍ക്കാതിരിക്കാന്‍ സ്വരം താഴ്ത്തി സെബി തന്നോടു തന്നെ ചോദിച്ചു “പപ്പായ്ക്ക് കുടിക്കാമെന്നുണ്ടെങ്കില്‍ എനിക്കെന്താ കുടിച്ചാല്.” പപ്പാ അകത്തേയ്ക്കു പോയിയെന്നാണ് അവന്‍ കരുതിയത്. മുഖം കുനിച്ചിരുന്നതുകാരണം പപ്പാ ഉമ്മറത്തുതന്നെ ഇരിക്കുന്നത് അവന്‍ കണ്ടില്ല. പപ്പായ്ക്ക് കുടിക്കാമെന്നുണ്ടെങ്കില്‍ എനിക്കെന്താ കുടിച്ചാല്??? പപ്പായുടെ മനസ്സിലേയ്ക്ക് ആരോ കല്ലെടുത്തെറിഞ്ഞ മാതിരിയാണ് ആ ചോദ്യം വന്നുവീണത്. പപ്പായുടെ ദേഷ്യം ഇരട്ടിച്ചു. “ഞാന്‍ കുടിച്ചാല്‍ നീയും കുടിക്കും അല്ലേ. ഇപ്പോ ശരിയാക്കിതരാം.” സെബി പേടിച്ചു വിറച്ചു പോയി. പപ്പാ ഫ്രിഡ്ജിന്‍റെ വാതില്‍ വലിച്ചു തുറന്ന് മദ്യകുപ്പിയുമായി ഉമ്മറത്തേയ്ക്ക് ഓടിയെത്തി. “ഇനി നീ കുടിക്കുന്നതൊന്നു കാണണം.” സെബി കാണ്‍കെ കുപ്പിയെടുത്ത് മുറ്റത്തെ നായക്കൂടിന്‍റെ തറയിലേയ്ക്ക് ഒരൊറ്റ ഏറ്. കുപ്പിപൊട്ടി അവിടെയാകെ മദ്യത്തിന്‍റെ ഗന്ധം പരന്നു. അപ്പന്‍റെ മുഖത്തെ കോപം കണ്ട് സെബി വേഗം എഴുന്നേറ്റ് അകത്തുപോയി കിടന്നു. “ഇനി ഇതുംകൂടി അവന്‍ ശീലമാക്കിയാല്‍ തീര്‍ന്നു എല്ലാം” എന്നുപറഞ്ഞ് പപ്പാ തന്‍റെ ബെഡ്റൂമില്‍ നിന്നും പത്തോളം സിഗററ്റ് പായ്ക്കറ്റ് എടുത്ത് കത്തികൊണ്ടിരിക്കുന്ന അടുപ്പിലേയ്ക്കിട്ടു. എല്ലാം ശാന്തം. സമയം ഉച്ചയായി. സെബിയെ ഉച്ചയൂണിന് വാതിലില്‍ മുട്ടി വിളിച്ചത് പപ്പയാണെങ്കിലും അവന്‍ എഴുന്നേറ്റു വന്നു. അന്നന്നത്തെ ക്രിസ്തുമസ്സിന് അവരുടെ വീട്ടില്‍ മദ്യകുപ്പിയും സിഗററ്റു പാക്കറ്റും പൊട്ടിയില്ല. അമ്മയ്ക്കു സമാധാനമായി. സെബി ഊണുകഴിഞ്ഞ് കണ്ണാടിക്കു മുന്നില്‍ ചെന്ന് തിണര്‍ത്ത കവിള്‍ തലോടി. പിന്നീടൊരിക്കലും തന്‍റെ പപ്പാ മദ്യപിക്കുന്നതും സിഗററ്റു വലിക്കുന്നതും സെബി കണ്ടിട്ടില്ല.
ഡിസംബര്‍ 28: കുഞ്ഞിപ്പൈതങ്ങളുടെ ദിവസം. ഉണ്ണീശോയ്ക്കുവേണ്ടി ഏറ്റവും ആദ്യം രക്തസാക്ഷികളായ ആയിരത്തി അറുനൂറോളം കുട്ടികളുടെ ഓര്‍മ്മ പുതുക്കുന്ന സ്മരണ ദിവസം. ഇടവകയില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളും മധുരപലഹാരവിതരണവും കൈവെപ്പ് ശുശ്രൂഷയും ഉണ്ട്. സെബിയും അവന്‍റെ കൂട്ടുകാരും പള്ളിയകത്തുണ്ട്. എന്നാല്‍ മിഥുനെ മാത്രം കാണുന്നില്ല. അവന്‍ ഉറക്കത്തില്‍പെട്ടുകാണുമെന്ന് അവര്‍ കരുതി. സുവിശേഷ വായന കഴിഞ്ഞു അച്ചന്‍ പ്രസംഗം തുടങ്ങി. മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും കുട്ടികളിലെ സ്വഭാവവൈകല്യങ്ങളെപറ്റിയുമാണ് പ്രസംഗം. “ഞാനൊരിക്കല്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്ന ഒരു അമ്മാമയെ ആസ്പത്രിയില്‍ കാണാന്‍ പോയി. രോഗവിവരത്തെക്കുറിച്ച് മരുമകള്‍ എന്നോട് സംസാരിക്കുന്നതിനിടെ അമ്മാമ പറഞ്ഞു കര്‍ത്താവ് എനിക്ക് ഹൃദയം തന്നതുകൊണ്ടാച്ചോ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ്യേ.. ഇതുകേട്ട് ഞാന്‍ ചോദിച്ചു അപ്പോള്‍ ഞങ്ങള്‍ക്കൊന്നും ഹാര്‍ട്ട് അറ്റാക്ക് വരാത്തത് കര്‍ത്താവ് ഹൃദയം തരാഞ്ഞിട്ടാണോ അമ്മാമ ഒന്നു പുഞ്ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു അച്ചോ നിങ്ങളൊക്കെ ഹൃദയം കര്‍ത്താവിന് കൊടുത്തിട്ട് ഹൃദയം ഇല്ലാത്തവരായി നടക്കുന്നവരല്ലേ. അങ്ങനെയാണോ നമ്മള്‍. ഒന്നു ചിന്തിച്ചു നോക്കിയേ, ഹൃദയം കര്‍ത്താവിനു കൊടുത്തിട്ട് സ്വന്തം കുടുംബകാര്യങ്ങള്‍ നോക്കാതെ മക്കള്‍ക്ക് സമയാസമയങ്ങളില്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാതെ അലസരായി നടക്കുന്നവരാണോ നമ്മള്‍?”
“ആഴമുള്ള നദിയില്‍ മുതലയുടെ പുറത്ത് യാത്ര ചെയ്യുന്ന കുരങ്ങന്മാരായി നമ്മള്‍ മാറരുത്. ചൂണ്ടുപലകകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കി വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയണം.” വികാരിയച്ചന്‍ കാര്യകാരണസഹിതം പ്രസംഗിച്ചുകൊണ്ടിരിക്കേ പ്രേഷിത പ്രവര്‍ത്തക അലറി കരഞ്ഞുകൊണ്ട് ആനവാതിലിലൂടെ പള്ളിയകത്തേയ്ക്ക് ഓടി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വികാരിയോട് “അച്ചോ എന്‍റെ സ്വീറ്റിമോളെ കണ്ടോ” മദ്ബഹയ്ക്ക് ഉയരക്കൂടുതല്‍ ഉള്ളതുകൊണ്ടായിരിക്കണം പ്രേഷിത പ്രവര്‍ത്തക അങ്ങനെ ചോദിച്ചത്. എന്തായാലും വികാരിയച്ചനും കപ്യാരും കുര്‍ബ്ബാനയ്ക്കുവന്നവരും ഒന്നു ഞെട്ടി. മദ്ബബഹയ്ക്കു മുന്നില്‍ നിന്ന് ആ പാവം അമ്മയെ പിടിച്ചു മാറ്റുന്പോഴേയ്ക്കും ആ സ്ത്രീ കുഴഞ്ഞു വീണിരുന്നു. കുര്‍ബ്ബാനയ്ക്കു വന്നവരിലൊരാളുടെ കാര്‍ സമീപത്തെ ആസ്പത്രിയെ ലക്ഷ്യമാക്കി പാഞ്ഞു. ആ സ്ത്രീയെ ഐ. സി. യു. വില്‍ അഡ്മിറ്റാക്കി. പുലര്‍ച്ചെയെപ്പോഴോ സ്വീറ്റിയെ കാണാതായിരിക്കുന്നു. സ്വീറ്റിയുടെ വീടിനു മൂന്നു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഇലക്ട്രിക് അന്തോണിയുടെ മകന്‍ മിഥുനേയും കാണാനില്ല. വാര്‍ത്ത ഇടവകക്കാര്‍ മൊത്തം അറിഞ്ഞു. റേഡിയോ മാംഗോ 99.1 നാട്ടിലെങ്ങും പാട്ടായി. പരാതിയായി, പോലീസ് കേസ്സായി. ഇടവകക്കാരെല്ലാവരുടേയും അതായത് മൂന്നൂറ് വീട്ടിലും ഒരേ വിഷയത്തെപ്പറ്റിതന്നെ ചര്‍ച്ച, വിശകലനം, ഊഹങ്ങള്‍... മിഥുന്‍ ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് വേദപാഠം അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ ഫസ്റ്റായിരുന്നു. ഒന്നുമുതല്‍ ഏഴാം ക്ലാസ്സുവരെയും വേദപാഠത്തിന് മുടങ്ങാതെ വന്നതിനുള്ള സമ്മാനം വാങ്ങുന്ന കുട്ടികളില്‍ ഒരാളായിരുന്നു എട്ടാംക്ലാസ്സുകാരി സ്വീറ്റി. ഇടവകയിലെ അമ്മമാര്‍ക്ക് മക്കളെക്കുറിച്ച് ആധിയും വ്യാധിയും ആയി. രണ്ടു ദിവസങ്ങള്‍കൂടി കടന്നു പോയി. ഇരുവരെയുംകുറിച്ച് ഒരു വിവരവും ഇല്ല. സ്വീറ്റിയുടെ അമ്മ ഇപ്പോഴും ഐ. സി. യു. വില്‍ തന്നെ.
ഡിസംബര്‍ 31: ഉച്ചയോടുകൂടി സ്ഥലത്തെ പോലീസ് സ്റ്റേഷനിലേയ്ക്ക് ചൈന്ന സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സന്ദേശം എത്തി. റെയില്‍വേ പോലീസ്സിന്‍റെ കസ്റ്റഡിയില്‍ രണ്ടു കുട്ടികളുണ്ടെന്ന്. പോലീസുകാര്‍ രണ്ടുകുട്ടികളുടെ ബന്ധുക്കളില്‍ നിന്നും ഓരോരുത്തരേയും കൂട്ടി ചൈന്നയിലേക്കു പോയി. ചാനലുകളില്‍ നാടുവിട്ട കുട്ടികളെ കണ്ടുകിട്ടിയെന്ന വാര്‍ത്ത വന്നു.
സമയം രാത്രി 11.30. ഇടവക വികാരി വര്‍ഷാവസാന പ്രാര്‍ത്ഥന തുടങ്ങി. പഴയ മനുഷ്യനെ കത്തിക്കുന്പോള്‍ പള്ളി സെമിത്തേരി വിജനമായിരുന്നു. കുര്‍ബ്ബാനയ്ക്ക് വന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ട്. പുതിയ വര്‍ഷം പിറന്നു. അതൊരു ഞായറാഴ്ചയായിരുന്നു. നാടുവിട്ട മക്കളെയുംകൂട്ടി ബന്ധുക്കളും പോലീസ്സും നാട്ടില്‍ എത്തുന്പോള്‍ ജനുവരി 1 പുതുവത്സരദിനം വൈകീട്ട് ഏഴുമണി. കോടതിയില്‍ ഹാജരാക്കാതെ കുട്ടികളെ വിട്ടു കൊടുക്കാന്‍ നിമയമമില്ല.
ജനുവരി 2, ന്യായാധിപന്‍ വിധിവാചകം ഉച്ചരിച്ചു. മക്കളെ ജനിപ്പിക്കുക എന്നതുമാത്രമല്ല ഭാര്യാഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്വം. മക്കള്‍ സമൂഹത്തില്‍ മാന്യമായ രീതിയില്‍ മറ്റുള്ളവരോട് പെരുമാറുന്നതിനും ദുഃശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴികളില്‍ സഞ്ചരിക്കുന്നതിനും വേണ്ടതായ കാര്യങ്ങളില്‍ മാതാപിതാക്കള്‍ പരിശീലനം നല്‍കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു നല്‍കുന്നത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും രാജ്യത്ത് ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുത്ത രണ്ടു പിതാക്കന്മാരും ഈ കോടതി മുന്‍പാകെ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ ആറുമാസം വെറും തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും ഈ കോടതി വിധിച്ചിരിക്കുന്നു. പത്രങ്ങളില്‍ വാര്‍ത്തയായി, ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ കോടതിയുടെ നടപടിയെ പ്രകീര്‍ത്തിച്ചു. ചാനലില്‍ ചര്‍ച്ചകളായി. വിദ്യാര്‍ത്ഥി സംഘടനകള്‍ വിധിക്കെതിരെ അപ്പീലു പോകുമോയെന്നു സ്വീറ്റിയുടെ അമ്മ സംശയിച്ചില്ല. കാരണം ആ അമ്മ ഒരാഴ്ചയായി ഐ. സി. യു. വില്‍തന്നെയാണ്.
മൊബൈലില്‍ പതിയിരുന്ന അപകടംമൂലം സമനില തെറ്റിയ സ്വീറ്റി ഇന്ന് ചേച്ചിയുടെ സംരക്ഷണയില്‍ കഴിയുന്നു. വിരിയാത്ത ചെന്പകമുട്ട് നിലത്തു കുത്തിവിരിയിക്കാന്‍ ശ്രമിച്ചാല്‍ പൂവ് കരയും. നാം ആരും കാണാത്ത കേള്‍ക്കാത്ത നിശബ്ദമായ കരച്ചില്‍. ഇരുളുകൊഴിഞ്ഞ ചെന്പകമായ സ്വീറ്റിയുടെ അവസ്ഥ എന്‍റെ മകള്‍ക്കുണ്ടാവല്ലേയെന്നാണ് അമ്മമാരുടെ പ്രാര്‍ത്ഥന. ഇത്തരം സംഭവങ്ങളില്‍ എല്ലായ്പ്പോഴും ഒറ്റപ്പെട്ടുപോകുന്നത് നമ്മുടെ പെണ്‍മക്കള്‍ തന്നെയാണ്.
ജനുവരി 3: ഇടവകപള്ളിയില്‍ സെബസ്ത്യാനോസ് പുണ്യാളന്‍റെ തിരുനാളിന് രാവിലത്തെ കുര്‍ബ്ബാനയക്കുശേഷം വികാരിയച്ചന്‍ കൊടി ഉയര്‍ത്തുന്നു. കന്പിപൂത്തിരികളെ ഏറെ സ്നേഹിച്ച സ്വീറ്റിമോള്‍ ഒന്നും അറിയാതെ നിശബ്ദം ഉള്ളില്‍ തേങ്ങലുമായി.... സ്വീറ്റിയുടേയും മിഥുന്‍റേയും വീടുകളില്‍ ക്രിസ്തുമസ്സിന് തൂക്കിയിട്ട കടലാസ്സുവര്‍ണ്ണ നക്ഷത്രങ്ങള്‍ അഴിച്ചെടുക്കാനാളില്ലാതെ ധനുമാസക്കാറ്റില്‍.. ഊഞ്ഞാലാടി കീറിപൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. കുട്ടികള്‍ കുടുംബത്തിന്‍റെ വിളക്കുകള്‍. അണയാതെ നോക്കേണ്ടത് മാതാപിതാക്കളും.
Post A Comment:
0 comments: