ജ്ഞാനികള്‍, യേശുവിനെ ആരാധിച്ചു. നിക്ഷേപപാത്രങ്ങള്‍ തുറന്നു പൊന്നും കുന്തുരുക്കവും മീറയും കാഴ്ചവച്ചു (മത്തായി 2:11) പാശ്ചാത്യ പാരന്പര്യമനുസരിച്ച്, നരച്ച മുടിയും നീണ്ട താടിയുമുള്ള വൃദ്ധനായ മെല്‍ക്കിയോറാണു പൊന്നു സമര്‍പ്പിച്ചത്. ചുവന്ന നിറമുള്ളവനും താടി മുളച്ചിട്ടില്ലാത്തവനും യുവാവുമായ ഗാസ്പര്‍ മീറ സമര്‍പ്പിച്ചു. കറുത്തവനും കട്ടിദീക്ഷയുള്ളവനുമായ ബല്‍ത്താസര്‍ കുന്തുരുക്കവും സമര്‍പ്പിച്ചു.
പൊന്ന് രാജകീയ കാഴ്ചയും മീറ ദൈവിക കാഴ്ചയും കുന്തുരുക്കം മനുഷ്യപുത്രനുള്ള കാഴ്ചയുമായി ബൈബിള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കാറുണ്ട്. അധികാരികളോടും ആദരണീയരായവരോടും, അധീനരും ആശ്രിതരും ബഹുമാനാദരവുകള്‍ കാണിക്കുന്നതു നേര്‍ച്ചകാഴ്ചകള്‍ നല്‍കിക്കൊണ്ടായിരുന്നുവെന്നതു പശ്ചിമേഷ്യയിലെ ഒരാചാരം തന്നെയായിരുന്നു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം: കിഴക്കിന്‍റെ രാജാക്കന്മാര്‍ യേശുവിനെ രാജാവായി കണ്ടിരുന്നു.
രാജാക്കന്മാരുമായി ബന്ധപ്പെട്ട ഒന്നാണു പൊന്ന്. യേശു രാജാവാണ്. കുന്തുരുക്കം പുകഞ്ഞുയരുന്നതു പ്രാര്‍ഥനയുടെ പ്രതീകമാണ്. യേശു രക്ഷകനാണെന്നു കുന്തുരുക്ക സമര്‍പ്പണത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നു. മീറ മരണത്തോടനുബന്ധിച്ചു സമര്‍പ്പിക്കുന്ന കാഴ്ചയാണ്. യേശു മരണത്തെ അതിജീവിച്ചവനാണെന്നുള്ള പ്രഖ്യാപനവും ഇവിടെയുണ്ട്.
ഈ ജ്ഞാനികള്‍ വലിയ സന്പന്നരൊന്നുമല്ല. പക്ഷേ, അവരുടെ നിക്ഷേപപാത്രങ്ങള്‍ കര്‍ത്താവിനു മുന്പില്‍ സമര്‍പ്പിക്കുകയാണ്. യേശുവിനെ രാജാവും രക്ഷകനും നാഥനുമായി കണ്ടുമുട്ടുന്ന വ്യക്തി തനിക്കുള്ള നിക്ഷേപപാത്രങ്ങളൊക്കെയും അവനു മുന്നില്‍ തുറക്കും. പാപിനി തന്‍റെ സന്പാദ്യം മുഴുവന്‍ സുഗന്ധക്കുപ്പിയിലാക്കി ക്രിസ്തുവിനു മുന്നില്‍ ഒഴുക്കിയതുപോലെതന്നെ. വിധവ തന്‍റെ സന്പത്തു മുഴുവന്‍ ഭണ്ഡാരസ്ഥലത്തു നിക്ഷേപിച്ചുവല്ലോ.
യേശുവിനെ കണ്ടുമുട്ടി സര്‍വവും സമര്‍പ്പിക്കാന്‍ ബുദ്ധിശക്തിയല്ല ആവശ്യം. അറിവുകൊണ്ടു നിരപരാധികളെ വെട്ടിവീഴ്ത്തുന്ന ഹേറോദേസിന്‍റെ ഭീകരമുഖമല്ലിവിടെ നമ്മില്‍ തെളിയേണ്ടത്. വിശ്വാസത്തോടെ, ഹൃദയം തുറന്ന്, നിക്ഷേപപാത്രങ്ങള്‍ അര്‍പ്പിക്കാനുള്ള തുറവിയാണു നാം ആര്‍ജിക്കേണ്ടത്.
Post A Comment:
0 comments: