Pavaratty

Total Pageviews

5,987

Site Archive

ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്നും മാതാവിന്‍റെ മടിയിലേക്ക് അഥവാ ഒരു സ്വഭാവകഥ

Share it:

കെ. ജെ. യേശുദാസ്, സെന്‍റ് മാര്‍ട്ടിന്‍ യൂണിറ്റ്



ജീവിതത്തിന്റെ മുക്കാല് ഭാഗത്തോളം കഴിഞ്ഞപ്പോഴാണ്, എനിക്ക് 35 വര്ഷം മുന്പത്തെ ഒരു സംഭവം എഴുതണമെന്നും അത് അടുത്ത തലമുറയെ പരിചയപ്പെടുത്തമെന്നുള്ളത് മാതാവിന്റെ നിശ്ചയമാണെന്ന് കരുതുന്നു
13 വയസ്സുള്ള ഒരു കുട്ടിയുടെ ആത്മകഥനമാണിത്. ഠലലിമഴല എന്ന സംഭവം തുടങ്ങുന്ന കാലഘട്ടത്തില് ചെറിയ മനസ്സില് വലിയ ചിന്തകളും സംശയങ്ങളും ഉടലെടുക്കും. ഒഴിവുസമയത്ത് എനിക്ക് മിക്കപ്പോഴും കന്നുകാലികളെ മേയ്ക്കുന്ന ജോലിയാണ് ലഭിക്കാറ്. സ്കൂള് ഇല്ലാത്ത ദിവസങ്ങളില് കാലത്തുതന്നെ വീടിന് കുറച്ച് അകലെയുള്ള വയലിലേയ്ക്കാണ് കന്നുകാലികളെ മേയ്ക്കുവാന് പോകുക പതിവ്. ഒരു ദിവസം അത് ശനിയാഴ്ചയാണെന്നാണ് എന്റെ ഓര്മ്മ. 9ാം ക്ലാസ്സിലെ വേനലവുധിതുടങ്ങുന്ന മാര്ച്ച് മാസം വയലില് പുല്ലെല്ലാം കരിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില് ഒരു കനാല് ബണ്ടിന് കീഴില് പച്ചപ്പുള്ള സ്ഥലത്ത് കന്നുകാലികളെ മേയാന് വിട്ട് ബണ്ടില് വന്നിരുന്നു. അപ്പോള് അവിടേയ്ക്ക് സ്ഥലവാസികളും അന്യമതസ്ഥരുമായ എന്റെ കളിക്കൂട്ടുകാര് വന്നു. സിനിമാകഥകളും മറ്റും പറയുന്നതിന്റെ കൂട്ടത്തില് അവര് ക്രിസ്തുമസ്സിനെക്കുറിച്ചും മതകാര്യങ്ങളെപറ്റിയും സംസാരിച്ച് എല്ലാവരും കൂടി കളിയാക്കുന്ന കൂട്ടത്തില് മാതാവ് വചനംകൊണ്ട് ഗര്ഭം ധരിച്ചു എന്നുള്ള ഭാഗം വാഗ്വാദത്തില് വന്നു. അപ്പോള് ഞാനും അവരുടെ കൂട്ടത്തില് ചേര്ന്നു. എനിക്ക് അവരുമായി കൂടിയ വര്ത്തമാനത്തില് നിന്നും മനസ്സിന് വിശ്വാസക്കുറവ് വന്നു. ഉച്ചസമയത്ത് ഞങ്ങള് എല്ലാവരും ഭക്ഷണം കഴിക്കാനായി പിരിഞ്ഞു. ഞാന് കന്നുകാലികളേയും കൂട്ടി വീട്ടിലേയ്ക്കും മടങ്ങി.
ഉച്ചയ്ക്ക് പാല് വിതരണത്തിനായ് പോകുന്ന പതിവുണ്ട്. സ്കൂള് ഉണ്ടെങ്കിലും ഉച്ചക്ക് വീട്ടില് നിന്നും മടങ്ങുന്പോള് കടകളിലേയ്ക്ക് പാല് വിതരണം കഴിഞ്ഞേ സ്കൂളില് പോകാറുള്ളൂ. ഒരു ദിവസം ഇങ്ങനെ പാല് വിതരണത്തിന് പോയപ്പോള് സ്കൂളിനു മുന്നിലുള്ള അവസാനത്തെ ചായക്കടയില് പാല്കൊടുക്കുന്പോള് അവിടെ മാന്യമായി വസ്ത്രം ധരിച്ച ഒരാള്കൂടി ഉണ്ടായിരുന്നു. ഞാന് അയാളെ ശ്രദ്ധിക്കാതെ കടക്കാരനോട് പാല് അവിടെ വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള് ഈ അപരിചിതന് എന്നോട് പാല് ഇങ്ങ് തരൂ എന്നു പറഞ്ഞു. ഞാന് ദയനീയമായി കടക്കാരനെ നോക്കി. അദ്ദേഹം പാല് കൊടുത്തോളാന് പറഞ്ഞു. ഞാന് സംശയിച്ച് കടക്കാരനെ നോക്കിയപ്പോള് അയാള് പറഞ്ഞു ഇദ്ദേഹം ഫുഡ് ഇന്സ്പെക്ടറാണ്. ഞാന് ഞെട്ടിപ്പോയി. കാരണം 7 മക്കളും അപ്പനും അമ്മയും ജീവിക്കണമെങ്കില് പാലില് അല്പസ്വല്പം ശുദ്ധമായ പച്ചവെള്ളം (കോളിഫോം ഇല്ലാത്തത്) ചേര്ക്കേണ്ട അവസ്ഥയാണ്. കൂടാതെ അടിയന്തിരാവസ്ഥ കാലം കഴിഞ്ഞ് പട്ടിണി മാറാത്ത കാലവും. എനിക്ക് മനസ്സില് വല്ലാത്ത കുറ്റബോധവും ഭീതിയും കൂടി. 13 വയസ്സുകാരന്റെ മനസ്സില് വീടിനെ രക്ഷിക്കാന് പറ്റില്ലല്ലോ എന്ന തോന്നലും, കൂടാതെ ഫുഡ് ഇന്സ്പെക്ടര്മാരെ പറ്റി അപ്പന് പറഞ്ഞു തന്ന കാര്യങ്ങളും കൂടി ഓര്മ്മ വന്നപ്പോള് സ്കൂളില് മാഷ് ചോദ്യം ചോദിച്ച് ഉത്തരം കിട്ടാത്ത അവസ്ഥയായി എന്റേത്. എന്റെ വീടിന്റെ അഡ്രസ്സും അപ്പന്റെ പേരുമെല്ലാം എഴുതിയെടുത്ത്, പാല് അദ്ദേഹം കൊണ്ടുവന്ന കുപ്പിയിലാക്കി സീല് ചെയ്ത് ബാഗില് വെച്ച് എന്നോട് പറഞ്ഞു പാല് പരിശോധനയ്ക്ക് അയക്കുകയാണെന്ന്. ഒരു കടലാസ്സില് ഒപ്പിടീക്കുകയും സാക്ഷിയായി ചായക്കടക്കാരന്റെ പേരും ഒപ്പും വാങ്ങിക്കുകയും ചെയ്തു. അന്ന് അപ്പന് ഇതറിഞ്ഞ് ഫുഡ് ഇന്സ്പെക്ടറെ കാണാന് പോകുകയും അദ്ദേഹം അത് ലാബിലേയ്ക്ക് അയച്ചു എന്നും എനിക്കിനി ഒന്നും ചെയ്യാന് കഴിയുകയില്ലെന്ന് പറയുകയും ചെയ്തു. അപ്പന് കേണപേക്ഷിച്ച് പറഞ്ഞിട്ടും കാര്യമുണ്ടായില്ല.
എന്റെ അമ്മയുടെ ആങ്ങളയും (ഞങ്ങള് അച്ഛന് എന്നു വിളിക്കും) അപ്പനുംകൂടി വക്കീലിനെ കാണുകയും അദ്ദേഹം അവരോട് എന്റെ പേരില് വക്കാലത്ത് കൊടുക്കുവാന് പറഞ്ഞു. ഗൗരവമായ മായം ചേര്ക്കല് പട്ടികയില്പെടുന്നതുകൊണ്ട് കേസ് സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു. നമ്മുടെ അടുത്ത് ആ കോടതി കുന്നംകുളത്തുമാത്രമാണ് ഉണ്ടായിരുന്നത്. കോടതി നിന്നിരുന്ന സ്ഥലം കുറുക്കന് പാറ എന്ന സ്ഥലത്തിന് പടിഞ്ഞാറ് വശത്തായിരുന്നു. ഇപ്പോള് ആ കോടതി അവിടെനിന്നും മാറി കുന്നംകുളത്തുതന്നെ വേറെ ഭാഗത്തായി സ്ഥിതിചെയ്യുന്നു. വക്കീല് അഭിപ്രായപ്പെട്ടത് കോടതിയില് കേസ് നമ്മള് തോല്ക്കുകയാണെങ്കില് എന്നെ ദുര്ഗുണപരിഹാര പാഠശാലയില് ആക്കും എന്നാണ്. ഈ സംഭവം വീട്ടില് അറിഞ്ഞപ്പോള് അമ്മ അലമുറയിട്ട് കരയാന് തുടങ്ങി.
അമ്മ ഞങ്ങള് ഏഴ് മക്കളുടേയും പഠിപ്പില് ശ്രദ്ധയുള്ളവളായിരുന്നു. അമ്മയ്ക്ക് ഖേദം എന്റെ മകന് 10ാം ക്ലാസ്സ് പരീക്ഷ എഴുതാന് കഴിയാത്തതിനെപ്പറ്റിയാണ്. അന്നത്തെ 10ാം ക്ലാസ്സ് എന്നാല് ഇപ്പോഴത്തെ +2 വിന് തുല്യം. ഞാന് 9ാം ക്ലാസ്സില് നിന്ന് 10ാം ക്ലാസ്സിലേയ്ക്ക് പാസ്സായ വര്ഷമാണ് കേസിന്റെ വിചാരണ നടന്നത്. വിചാരണ സമയത്ത് ആ കാലത്തെ കുപ്രസിദ്ധനായ മലായി കുഞ്ഞുമോന് എന്ന മാന്യനല്ലാത്ത വ്യക്തിയുടെ കൂടെ ഞാന് കോടതിക്കൂട്ടില് കയറിനിന്നിട്ടുണ്ട്. ഈ കേസിനെ ആസ്പദമാക്കിയല്ല വേറെ ഒരു കൊലക്കേസ് അയാളുടെ പേരില് ഉണ്ടായിരുന്നു. അതിവേഗം വിധിപറയുന്നതിനുവേണ്ടി എന്റെ കൂടെ നിറുത്തിയതാണ്. എന്റെ കേസിന്റെ കാലയളവില് എന്നെ അമ്മ മറ്റത്തിലെ കുന്നിന് പുറത്തുള്ള മാതാവിന്റെ പള്ളിയിലേയ്ക്ക് എല്ലാ ശനിയാഴ്ചകളിലും കൊണ്ടുപോകുമായിരുന്നു. നന്പഴിക്കാട്കൂടി 7 കിലോമീറ്റര് നടന്നാണ് ഞാനും അമ്മയും പോയിരുന്നത്. പഠിക്കാന് വളരെ മണ്ടനായ ഞാന്, മാതാവിനോടുള്ള അമ്മയുടെ പ്രാര്ത്ഥനകൊണ്ട് ആ വര്ഷം പഠിക്കുവാന് തുടങ്ങി. എനിക്കും വനമാതാവിന്റെ അടുത്ത് പോയതിനുശേഷം അന്ന് പറഞ്ഞ തെറ്റിന് (മാതാവിനെ കളിയാക്കിയതിന്) മാപ്പപേക്ഷിക്കാന് ഒരവസരവും ഇത്തരുണത്തില് കൈവന്നു. മാതാവിനോട് വിശ്വാസമുള്ളവനായി മാറി ഇവിടെ സൊഡാലിറ്റിയില് ചേരുകയും ചെയ്തു.
ആ വര്ഷം എസ്. എസ്. എല്. സി. പരീക്ഷകഴിഞ്ഞത് മാര്ച്ച് 27ാം തിയ്യതിയായിരുന്നു. എന്റെ കേസിന്റെ വിധി 28ാം തിയ്യതിയും. വിധി പറയുന്നതിന്റെ ഒരാഴ്ചമുന്പ് വക്കീലിന്റെ അടുത്തേയ്ക്ക് എന്നെയും കൂട്ടി എന്റെ അമ്മയുടെ ചേട്ടന് (വല്യച്ഛന്) വക്കീലിനെ കാണാന് പോകുന്പോള് എനിക്ക് ഇപ്പോഴും ഓര്മ്മയുണ്ട് അന്ന് വാങ്ങിച്ചുതന്ന പാലുവെള്ളത്തിന്റേയും പരിപ്പുവടയുടേയും രുചി. വക്കീല് എന്നോട് കോടതയില് ജഡ്ജി ചോദിക്കുന്ന ചില ചോദ്യങ്ങള്ക്ക് ഉത്തരം പറയുവാന് പഠിപ്പിച്ചു. എല്ലാം നല്ല നുണകളാണ് എങ്കിലും എന്നെ രക്ഷിക്കാന് അദ്ദേഹം പറഞ്ഞത് പാല്തട്ടിപ്പോയെന്നും അത് അറിയാതിരിക്കാന് പാലില് ഞാന് തന്നെ വെള്ളം ചേര്ത്തതാണ് എന്നുമാണ്. കുട്ടി എന്ന നിലയില് എന്നെ വെറുതെ വിടുമെന്നായിരുന്നു. കോടതിയില് വിധി ദിവസം പാവറട്ടി പള്ളിയില് കയറി മാതാവിനോട് അപേക്ഷിച്ചിട്ടാണ് ഞാനും അപ്പനുകൂടി കോടതിയില് പോയത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഞങ്ങളുടെ കേസ് മജിസ്ട്രേറ്റ് വിളിച്ചത്. അദ്ദേഹം എന്റെ പേര് ചോദിച്ചു ഞാന് പേര് പറഞ്ഞു. ഡോ, താന് ചെയ്ത കുറ്റം വളരെ ഗൗരവതരമായതാണെന്ന് പറഞ്ഞ് എന്നോട് സംഭവം വിവരിക്കാന് പറഞ്ഞു. ഞാന് കരഞ്ഞു പറഞ്ഞു (കരയണമെന്ന് വക്കീല് പറഞ്ഞിരുന്നു.) വക്കീല് പറഞ്ഞ കഥ അതിന്റെ ഉച്ഛാവസ്ഥയിലായപ്പോള് ജഡ്ജി ഒരു ചോദ്യം ചോദിച്ചു നിനക്ക് ഇത്രയും വേനല്കാലത്ത് പാലില് ചേര്ക്കാന് എവിടെ നിന്ന് വെള്ളം ലഭിച്ചു എന്ന്. ചോദ്യം കേട്ടപ്പോള് എന്റെ നാവില് വെള്ളം ഇല്ലാതായി. തക്കസമയത്ത് മാതാവിന്റെ പ്രത്യക്ഷം പോലെ പാവറട്ടി പള്ളിയില് ഉണ്ണിനില്ക്കുന്ന സ്തൂപത്തിനടിയില് പൈപ്പിന്റെ ഓര്മ്മയും മാതാവിന്റെ രൂപവും മനസ്സില് തെളിഞ്ഞു. പെട്ടന്ന് ഞാന് ജഡ്ജിയോട് പറഞ്ഞു പളളിയുടെ പൈപ്പില് നിന്നാണെന്ന്. അദ്ദേഹം ഉടനെ പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു പാവറട്ടിയില് പാല് പിടിച്ച കടയുടെ അടുത്ത് പള്ളി ഉണ്ടോ എന്ന്, ഉണ്ട് എന്ന് അദ്ദേഹം പറയുകയും ജഡ്ജി കുറച്ചുനേരം മൗനമായി ഇരുന്നു. തുടര്ന്ന് എന്നോട് പറഞ്ഞു “മകനേ എന്റെ വിധിക്കനുസരിച്ചായിരിക്കും നിന്റെ ഭാവി. നീ ചെയ്ത കുറ്റം അതീവ ഗുരുതരമാണെങ്കിലും ബാല്യം നിന്നെ കൈവിടാത്തതുകൊണ്ട് നീ ഏത് തരക്കാരനാണെന്ന് അന്വേഷിക്കാന് ജില്ലാ ഇന്ഫര്മേഷന് ഓഫീസിലേയ്ക്ക് അറിവുകൊടുത്ത് കേസ് അവുധിക്ക് ജൂണ് മാസത്തേയ്ക്ക് മാറ്റി വെക്കുന്നു.” ആയിടക്ക് എസ്. എസ്. എല്. സി. റിസള്ട്ട് വന്നു. നന്നായി പഠിക്കുന്ന എന്റെ പെങ്ങള്ക്കും എനിക്കും ഒരേ മാര്ക്ക്. ജയിച്ച സന്തോഷം എനിക്ക് ആഘോഷിക്കാന് കഴിഞ്ഞില്ല. ഞാന് കേസിനെപ്പറ്റി ആലോചിച്ച് ആവലാതിപ്പെട്ടു. ഈ സമയം മാതാവിനോട് ഉള്ള എന്റെ പ്രാര്ത്ഥനയും വിശ്വാസവും ശക്തി പ്രാപിച്ചു വരികയായിരുന്നു.
എന്റെ രണ്ടാമത്തെ അച്ഛന് ഞങ്ങള് കുഞ്ഞച്ചന് എന്നു വിളിക്കും (ഇപ്പോഴില്ല മരിച്ചു) അദ്ദേഹം ലേബര് ഓഫീസര് ആയിരുന്നു. ഇന്ഫര്മേഷന് ഓഫീസറും കുഞ്ഞച്ചനും ക്ലാസ്സ് മേറ്റ്സ് ആയിരുന്നു. പെങ്ങളുടെ മകന് ഒരാപത്തില് വന്നുപെട്ടിരിക്കുന്നു . താങ്കളുടെ മേശമേല് ആണ് അവന്റെ വിധി എന്ന് കുഞ്ഞച്ചന് ഇന്ഫര്മേഷന് ഓഫീസറെ അറിയിച്ചിരുന്നു. അതിന്റെ വെളിച്ചത്തില് പ്യൂണ് മുഖേന എന്റെ വിധി കോടതിയില് എത്തി. വിധിവൈപരീത്യം എന്ന് പറയാതെ വയ്യ. ഈ പ്യൂണ് 14 വര്ഷത്തിനുശേഷം എന്റെ ഭാര്യയുടെ അച്ഛനായി തീര്ന്നു. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതും മാതാവിന്റെ ഒരനുഗ്രഹമായി ഞാന് കരുതുന്നു. ജൂണ് മാസം കേസിന്റെ വിധി പറയുന്ന ദിവസം വന്നെത്തി. എന്റെ അമ്മ ഒരുനേരവും നൊയന്പും (അധികദിവസവും പട്ടിണി ആയതുകൊണ്ട് ഒരു നേരത്തിന് പ്രസക്തിയില്ല) എടുക്കുകയും കാലത്ത് മുതല് വൈകുന്നേരം വരെ അന്നേദിവസം മുട്ടുകാലില്നിന്ന് പ്രാര്ത്ഥിക്കുകയും നന്ദി പറയുയും ചെയ്തു. അവസാനം വിധിയില് 2 വര്ഷം അപ്പന്റെ നിരീക്ഷണത്തില് വിട്ടുകൊണ്ട് കോടതി ഉത്തരവായി. ഞാന് ഈ കാലയളവില് ഏതെങ്കിലും വിധത്തില് തെറ്റ് പ്രവര്ത്തിക്കുകയോ വല്ല കേസില് കുടുങ്ങുകയോ ചെയ്താല് എന്റെ അപ്പനെ അറസ്റ്റ് ചെയ്ത് കേസില് ഉള്പ്പെടുത്താന് ഈ വിധി മൂലം കഴിയുമായിരുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഞാന് ഈ 2 വര്ഷം കഴിച്ചുകൂട്ടിയത്. മാതാവിന്റെ അനുഗ്രഹം കൊണ്ട് കുഴപ്പങ്ങളൊന്നും സംഭവിക്കാതെ ഞാന് ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതല്ലെങ്കില് എന്റെ ഭാവി എന്തായിരുന്നേനേ!!!?

Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: