“ഈ ചെറിയ വിമാനത്തില് 7 പേരെ മാത്രമേ കയറ്റാനൊക്കൂ.” പൈലറ്റ് പറഞ്ഞു. “കഴിഞ്ഞ തവണ ഞങ്ങള് 9 പേര് കയറിയല്ലോ. ഞങ്ങളെ ഒന്പതുപേരെയും കയറ്റണം.” ദേഷ്യത്തോടെ ഒരു യാത്രികന് പ്രതികരിച്ചു. മനസ്സില്ലാ മനസ്സോടെ 9 പേരേയും കയറ്റി പൈലറ്റ് യാത്ര തുടങ്ങി. തെല്ല് ദൂരം കഴിഞ്ഞപ്പോള് വിമാനത്തിന്റെ ബാലന്സ് നഷ്ടപ്പെട്ടു. അത് ഒരു ചതുപ്പു നിലത്തില് തകര്ന്നു വീണു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട യാത്രികന് എവിടെയാണ് അവര് കിടക്കുന്നത് എന്ന് ചോദിച്ചു. പൈലറ്റ് മറുപടി പറഞ്ഞു “കഴിഞ്ഞ വര്ഷം വീണതിന് അല്പം അകലെ മാത്രം.”
അനുഭവങ്ങളില് നിന്നും പഠിക്കാത്തവര് ജീവിതത്തില് ആപത്തുകള് കൊണ്ട് പ്രദക്ഷിണം നടത്തുന്നവരാണ്. ഏഴിലധികം അധികം യാത്രക്കാരെ കയറ്റിയതിനാല് തകര്ന്നു വീണ വിമാനത്തിലെ യാത്രക്കാര് പാഠം പഠിക്കാത്ത സ്ഥിതിവിശേഷം നാം കണ്ടുകഴിഞ്ഞു. വീണ്ടും അപകടം ആവര്ത്തിച്ചു. ഇനി നമ്മുടെ കാര്യം. നാം എപ്രകാരം ജീവിക്കുന്നു?
വര്ഷാവസാനത്തില് എത്തി നില്ക്കുന്പോള് ഈ 2012ലെ നമ്മുടെ ജീവിതത്തെ വിലയിരുത്താനുള്ള സുവര്ണ്ണാവസരം നമുക്കും കരഗതമാവുകയാണ്. തെറ്റുകള് കണ്ടെത്തി, പാഠം ഉള്ക്കൊണ്ട് പുതിയ പരിവര്ത്തനങ്ങള് നമ്മില് ഉണ്ടാക്കുവാന് വേണ്ടി ലഭിച്ചിരിക്കുന്ന ആത്മശോധന ദിവസങ്ങളാണ് ഡിസംബര് മാസത്തിലേത്.
തിരിയൂ തിരയൂ പിന്തിരിയൂ എന്നീ പദങ്ങള് ഇവിടെ അര്ത്ഥവത്താണ്. ഒന്ന് തിരിഞ്ഞ് നോക്കി കഴിഞ്ഞ ജീവിതത്തിലെ ന്യൂനതകള് തിരഞ്ഞ് പാപാവസ്ഥയില് നിന്നും കുറവുകളില് നിന്നും പിന്തിരിയുവാനുള്ള ആഹ്വാനം ഓരോ ഡിസംബര് മാസവും നമുക്ക് നല്കുന്നു.
കുമാരനാശാന്റെ വരികള് ശ്രദ്ധിക്കൂ.
“മാറ്റുവിന് ചട്ടങ്ങളെ സ്വയമല്ലെങ്കില്
മാറ്റുമവകളീ നിങ്ങളെ താന്”
നമ്മിലെ തിന്മയുടെ സ്വാധീനങ്ങളെ തിരിച്ചറിഞ്ഞ് ജീവിതത്തില് മാറ്റം വരുത്താന് പരിശ്രമിക്കാം. ഉണ്ണിയേശുവിന് പിറക്കുവാന് ഹൃദയമൊരുക്കി കാത്തിരിക്കുന്ന ഈ മാസം ഹൃദയവിചാരങ്ങള് വിലയിരുത്തി കുന്പസാരിച്ച് ആത്മീയമായി ഒരുങ്ങുകയും ചെയ്യാം.
ഏവര്ക്കും ക്രിസ്തുമസ്സ് ആശംസകള്
സ്നേഹപൂര്വ്വം കുഞ്ഞച്ചന്
സിന്റോ പൊറത്തൂര്
Post A Comment:
0 comments: