ഇറ്റലിയില്‍ അനുദിനമെന്നോണം “കൊറോണ വൈറസ്” ബാധിതരുടെ സംഖ്യ വര്‍ദ്ധിക്കുകയും ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് അണുബാധിതരുടെ സംഖ്യ 325 ആയി ഉയരുകയും ഈ അണുബാധയുടെ ഫലമായ “കോവിദ് 19” (COVID 19) എന്ന രോഗം മൂലം 11 പേര്‍ മരണമടയുകയും ചെയ്തിരിക്കുന്നത്, ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക പരത്തിയിരിക്കയാണെങ്കിലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ഈ ബുധനാഴ്ച (26/02/20) വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. വേദി, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരം ആയിരുന്നു ഈ ആഴ്ച. പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങളും കരഘോഷവും ഉയര്‍ന്നു. പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ സാവധാനം നീങ്ങി. വേദിക്കടുത്തു വച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദ്ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.2 അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞു കൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല” (ലൂക്കാ 4,1-2)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, ലത്തീന്‍ സഭ വിഭൂതി തിരുന്നാളോടെ, അതായത്, ക്ഷാര ബുധനാഴ്ചയോടെ ആരംഭിക്കുന്ന നോമ്പുകാലത്തിന്‍റെ പശ്ചാത്തലത്തില്‍ മരുഭൂമിയുടെ ആദ്ധ്യാത്മക പൊരുളിനെ അധികരിച്ചുള്ള ചിന്തകള്‍ പങ്കുവച്ചു.
പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:
നോമ്പുകാല യാത്രാരംഭം
ഇന്ന് ക്ഷാര ബുധനാണ്. നോമ്പുകാല യാത്ര, പെസഹായിലേക്കുള്ള, ആരാധനാവത്സരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഹൃദയത്തിലേക്കുള്ള നാല്പതു ദിനയാത്ര ഇന്നു നമ്മള്‍ ആരംഭിക്കുകയാണ്. യേശുവിന്‍റെ പാത പിന്‍ചെല്ലലാണിത്. തന്‍റെ ദൗത്യം ആരംഭത്തിനു മുമ്പ് യേശു പ്രാര്‍ത്ഥിക്കുന്നതിനും ഉപവസിക്കുന്നതിനുമായി 40 ദിവസം മരുഭൂമിയില്‍ ചിലവഴിക്കുകയും അവിടെ വച്ച് പിശാചിനാല്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു. ആകയാല്‍, മരുഭൂമിയുടെ ആദ്ധ്യാത്മികാര്‍ത്ഥത്തെക്കുറിച്ച് നിങ്ങളോടു സംസാരിക്കാനാണ് ഇന്നു ഞാന്‍ ആഗ്രഹിക്കുന്നത്. നഗരവാസികളായ നമ്മെ സംബന്ധിച്ചിടത്തോളം മരുഭൂമിയുടെ ആദ്ധ്യാത്മിക പൊരുളെന്താണ്? എന്താണ് മരുഭൂമി?
മരുഭൂമിയില്‍ നമ്മോടു സംസാരിക്കുന്ന ദൈവം
നാം മരുഭൂമിയിലായിരിക്കുന്നതായി നമുക്കൊന്നു സങ്കല്പിക്കാം. നിശബ്ദത നമ്മെ വലയം ചെയ്തിരിക്കുന്ന ഒരു അനുഭവമാണ് ആദ്യം നമുക്കുണ്ടാകുക. കാറ്റും നമ്മുടെ നിശ്വാസവും ഒഴികെ മറ്റു സ്വരങ്ങളൊന്നുമില്ല. നമുക്കു ചുറ്റുമുള്ള ബഹളങ്ങളില്‍ നിന്നു വിമുക്തമായ ഒരിടമാണ് മരുഭൂമി. മറ്റൊരു വചനത്തിന്, അതായത്, ഹൃദയത്തെ തഴുകുന്ന മന്ദമാരുതനെപ്പോലുള്ള ദൈവവചനത്തിന്, ഇടമേകുന്നതിനുവേണ്ടി വാക്കുകളുടെ അഭാവമാണിത്. മരുഭൂമി വലിയക്ഷരത്തിലുള്ള “വചനത്തിന്‍റ” ഇടമാണ്. വാസ്തവത്തില്‍ കര്‍ത്താവ് മരുഭൂമിയില്‍ വച്ച് നമ്മോടു സംസാരിക്കാന്‍ അഭിലഷിക്കുന്നതായിട്ടാണ് ബൈബിളില്‍ നാം കാണുന്നത്. മോശയ്ക്ക് “ദശവചനങ്ങള്‍” അതായത് “പത്തു കല്പനകള്‍” ദൈവം നല്കുന്നത് മരുഭൂമിയില്‍ വച്ചാണ്. അവിശ്വസ്തയായ ഒരു മണവാട്ടിയെപ്പോലെ ജനം ദൈവത്തില്‍ നിന്നകന്നപ്പോള്‍ അവിടന്നു പറയുന്നു: ”ഞാന്‍ അവളെ വിജനപ്രദേശത്തേക്കു കൊണ്ടുവരുകയും അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും. അവളുടെ യൗവനകാലത്തിലെന്ന പോലെ അവള്‍ എന്നോടു പ്രത്യുത്തരിക്കും” (ഹോസിയ 2,14-15). വിജനതയില്‍ ദൈവ സ്വനം ഒരുവന്‍ ശ്രവിക്കുന്നു. അത് മൃദുസ്വരം പോലെയാണ്. രാജാക്കന്മാരുടെ ഒന്നാം പുസ്തകം ദൈവവചനത്തെ വിശേഷിപ്പിക്കുന്നത് മൃദുസ്വനം എന്നാണ്. (1 രാജാക്കന്മാര്‍ 19,12)
ദൈവവചനത്തിന് ഇടം നല്കുന്ന വേള
നോമ്പുകാലം ദൈവവചനത്തിന് ഇടം നല്കാനുള്ള സവിശേഷ സമയമാണ്. ടെലവിഷന്‍ അണയ്ക്കാനും ബൈബിള്‍ തുറക്കാനുമുള്ള സമയം, സെല്‍ഫോണുമായുള്ള ബന്ധം വിച്ഛേദിച്ച് സുവിശേഷവുമായി ബന്ധം സ്ഥാപിക്കാനുള്ള സമയം. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ടെലവിഷന്‍ ഉണ്ടായിരുന്നില്ല. അന്നൊക്കെ നോമ്പുകാലത്ത് റേഡിയോ ശ്രവിക്കാതിരിക്കുന്ന പതിവുണ്ടായിരുന്നു. നോമ്പുകാലം മരുഭൂമിയാണ്. പാഴ്വാക്കുകളും വ്യര്‍ത്ഥസംഭാഷണങ്ങളും കിംവദന്തികളും പരദൂഷണങ്ങളും എല്ലാം വെടിയുന്നതിനും കര്‍ത്താവിനോടു അടുത്തിടപഴകുന്നതിനുമുള്ള സമയമാണ് നോമ്പുകാലം. ഹൃദയശുദ്ധീകരണത്തിനുള്ള സമയം, ഹൃദയത്തിന്‍റെ ആവാസവ്യവസ്ഥ ആരോഗ്യകരമാക്കിത്തീര്‍ക്കുന്നതിനുള്ള സമയം, കര്‍ത്താവിനോട് ഉറ്റബന്ധത്തില്‍, സംസാരിക്കാനുള്ള സമയം ആണ് നോമ്പുകാലം. നാമിന്നു ജീവിക്കുന്നത് വാചികമായ ആക്രമണങ്ങളാല്‍, ഹാനികരവും ഉപദ്രവകരവുമായ അനേകം വാക്കുകളാല്‍ മലിനമായ ഒരു ചുറ്റുപാടിലാണ്. ശുഭ ദിനം നേരുന്നതു പോലെയാണ് ഇന്ന് അധിക്ഷേപ വചസ്സുകള്‍ പറയുന്നത്. യേശു നമ്മെ മരുഭൂമിയിലേക്കു വിളിച്ചുകൊണ്ട് നമ്മെ ക്ഷണിക്കുന്നത് സത്താരമായവയ്ക്ക്, സുപ്രധാനമായവയ്ക്ക് ചെവികൊടുക്കാനാണ്. തന്നെ പ്രലോഭിപ്പിച്ച പിശാചിനോട് യേശു പറയുന്നു: “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്‍റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്” (മത്തായി 4,4). അപ്പത്തെയും, അപ്പത്തിലുപരിയായും ദൈവത്തിന്‍റെ വചനം ആവശ്യമായിരിക്കുന്നു. ആകയാല്‍ പ്രാര്‍ത്ഥന ആവശ്യമാണ്. എന്തെന്നാല്‍ ദൈവത്തിന്‍റെ മുന്നില്‍ മാത്രമെ ഹൃദയത്തിന്‍റെ പ്രവണതകള്‍ അനാവരണം ചെയ്യപ്പെടുകയും ആത്മാവിന്‍റെ കാപട്യം നിലംപതിക്കുയുമുള്ളു. ഇതാ മരുഭൂമി. അത് മൃത്യുവിന്‍റെയല്ല, ജീവന്‍റെ ഇടമാണ്. എന്തെന്നാല്‍ നിശബ്ദതയില്‍ കര്‍ത്താവുമായുള്ള സംഭാഷണം നമുക്ക് പുനര്‍ജീവനേകുന്നു.
സത്ത എന്തെന്ന് കണ്ടെത്തുന്ന ഇടം
മരുഭൂമി മൗലികമായതിന്‍റെ വേദിയാണ്. നമുക്കു നമ്മുടെ ജീവതങ്ങളെ ഒന്നു നോക്കാം. നിഷ്പ്രയോജനങ്ങളായ എന്തെല്ലാം കാര്യങ്ങളാണ് നമുക്കു ചുറ്റുമുള്ളത്! ആവശ്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ആയിരം കാര്യങ്ങള്‍, എന്നാല്‍ സത്യത്തില്‍ അവ അങ്ങനെയല്ലതാനും. സത്താപരങ്ങളായവ കണ്ടെത്തുന്നതിന്, നമ്മുടെ ചാരെയുള്ളവരുടെ വദനം വീണ്ടും കാണാന്‍ സാധിക്കുന്നതിന്, ഉപരിപ്ലവങ്ങളായവയില്‍ നിന്നു മുക്തി നേടുന്നത് നമുക്കു ഗുണകരമാണ്. ഉപവാസം മെലിയുന്നതിനുള്ള ഒരു ഉപാധിയല്ല, അത് സത്താപരമായവയില്‍ എത്തിച്ചേരുന്നതിനുവേണ്ടിയാണ്. അത് ഉപരി ലാളിത്യമാര്‍ന്ന ഒരു ജീവിതത്തിന്‍റെ മനോഹാരിത അന്വേഷിക്കലാണ്.
ഏകാന്തതയുടെ വേദി
അവസാനമായി മരുഭൂമി ഏകാന്തതയുടെ വേദിയാണ്. ഇന്നും നമുക്കു ചുറ്റും നിരവധി മരുഭൂമികള്‍ ഉണ്ട്, ഏകാന്തരായ നിരവധിയാളുകള്‍ ഉണ്ട്. അവര്‍ ഒറ്റപ്പെട്ടവരാണ്, പരിത്യക്തരാണ്. ബഹളം കൂട്ടാതെ, മൗനികളായി നമ്മുടെ ചാരെ ജീവിക്കുന്ന പവപ്പെട്ടവരും വൃദ്ധരും പാര്‍ശ്വവത്കൃതരും വലിച്ചെറിയപ്പെട്ടവരുമായ ജനങ്ങള്‍ എത്രയാണ്! അവരെക്കുറിച്ച് കേള്‍ക്കാന്‍ ആരുമില്ല. മരുഭൂമി നമ്മെ അവരുടെ പക്കലേക്കാനയിക്കുന്നു. അവര്‍ നിശബ്ദമായി നമ്മുടെ സഹായം തേടുന്നു. മൗനമാര്‍ന്ന നോട്ടത്തിലൂടെ അവര്‍ നമ്മുടെ സഹായം യാചിക്കുന്നു. നോമ്പുകാലമാകുന്ന മരുഭൂമിയിലൂടെയുള്ള യാത്ര ഏറ്റം ബലഹീനരുടെ അടുത്തേക്കുള്ള ഉപവിയുടെ യാത്രയാണ്.
നാം സഞ്ചരിക്കേണ്ട പാത
പ്രാര്‍ത്ഥന, ഉപവാസം, കാരുണ്യ പ്രവൃത്തികള്‍: ഇതാണ് നോമ്പുകാല മരുഭൂവിലെ പാത.
പ്രിയ സഹോദരീസഹോദരന്മാരേ, ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഈ വാഗ്ദാനം നല്കി, ഇതു നിങ്ങള്‍ സശ്രദ്ധം ശ്രവിക്കുക: “ഇതാ, ഞാന്‍ ഒരു പുതിയ കാര്യം ചെയ്യുന്നു.... ഞാന്‍ വിജനദേശത്ത് ഒരു പാത തുറക്കും” (ഏശയ്യാ 43,19). മരണത്തില്‍ നിന്ന് ജീവനിലേക്കു നയിക്കുന്ന ഒരു പാത വിജനദേശത്ത് തുറക്കുന്നു. യേശുവുമൊത്തു നമുക്കു മരുഭൂമിയില്‍ പ്രവേശിക്കാം. ജീവനെ നവീകരിക്കുന്ന ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ശക്തിയായ പെസഹായുടെ അനുഭവത്തിലൂടെ നമുക്ക് അതില്‍ നിന്നു പുറത്തുകടക്കാം. ധൈര്യമുള്ളവരായിരിക്കുക, നോമ്പിന്‍റെ മരുഭൂമിയിലേക്കു നമുക്ക് കടക്കാം, മരുഭൂവില്‍ നമുക്ക് യേശുവിനെ അനുഗമിക്കാം: അവിടത്തോടൊപ്പമായിരിക്കുമ്പോള്‍ നമ്മുടെ മരുഭൂമി പുഷ്പിതമാകും. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
"കൊറോണ വൈറസ് "ബാധിതരെ പാപ്പാ അനുസ്മരിക്കുന്നു
ഇന്ന് ആഗോളതലത്തില്‍ ഭീതിയുടെ ഒരന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന “കൊറോണ വൈറസ്” ബാധയെക്കുറിച്ചു പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കുകയും ഈ വൈറസുമൂലമുള്ള “കോവിദ് 19” രോഗബാധിതരുടെയും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും “കൊറോണ വൈറസ്” സംക്രമണം തടയാന്‍ പരിശ്രമിക്കുന്നവരുടെയും ചാരെ താന്‍ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് അറിയിക്കുകയും ചെയ്തു.
സമാപനാഭിവാദ്യം
ഇറ്റലിയില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന "എയര്‍ ഇറ്റലി" വിമാന കമ്പനിയിലെ ജീവനക്കാരുടെ ഒരു സംഘവും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നതിനാല്‍ അവരെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ അവര്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് സകലരുടെയും, വിശിഷ്യ, കുടുംബങ്ങളുടെ, അവകാശങ്ങളോടുള്ള ആദരവില്‍ സന്തുലിതമായ ഒരു പരിഹാരം കാണാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.
പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്തു.
നാം സഞ്ചരിക്കേണ്ട വിശ്വാസത്തിന്‍റെ പാതയേതെന്ന് ക്ഷാരബുധനാഴ്ച നമുക്കു കാണിച്ചുതരുന്നുവെന്ന് പാപ്പാ പറഞ്ഞു.
ക്രിസ്തീയ പ്രത്യാശയുടെ ആനന്ദം വീണ്ടും കണ്ടെത്തുന്നതിന് മാനസാന്തരത്തിന്‍റെ ഈ പാതയില്‍ നമ്മെ നയിക്കാന്‍ പരിശുദ്ധാരൂപിയെ നാം അനുവദിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
Post A Comment:
0 comments: