Pavaratty

Total Pageviews

5,986

Site Archive

പാവറട്ടി ഔസേപ്പുണ്യാളനും ഭക്തന്‍ അന്തോണിയും !!

Share it:
പാവറട്ടി യൌസേപ്പിതാവിന്റെ ഒരു ഭക്തനാണ് അന്തോണി ചേട്ടന്‍.. ഭക്തിയുടെ ശക്തി കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ വിളിക്കുന്നത്‌ ഭക്തന്‍ അന്തോണി എന്നാണ്. പുണ്യാളന്റെ തിരുസ്വരൂപതിന്റെ മുന്നില്‍ നിന്ന് ഭക്തന്‍ അന്തോണി എന്നും ഇങ്ങനെ പ്രാര്‍ഥിക്കും, "എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, ഇമ്മടെ കാര്യങ്ങളൊക്കെ നോക്കണം ട്ടാ. എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ പുണ്യാളന്‍ തന്നെ നോക്കിക്കോ..." അങ്ങനെ വലിയ തട്ടലും മുട്ടലും ഒന്നും ഇല്ലാതെ അന്തോണി ചേട്ടനും കുടുംബവും കഴിഞ്ഞു പോരുകയായിരുന്നു. ആയിടക്ക്‌ അന്നാട്ടിലെ അത്ര വലിയ വിശ്വാസിയൊന്നുമല്ലാത്ത വര്‍ഗ്ഗീസ് മാപ്പിളക്ക് കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചു. ഭക്തന്‍ അന്തോണിക്ക് ഇത് കേട്ട് സഹിക്കാന്‍ കഴിഞ്ഞില്ല. ഭക്തന്‍ അന്തോണി നേരെ പുണ്യാളന്റെ സന്നിധിയില്‍ എത്തി പരാതിപ്പെടാന്‍ തുടങ്ങി: "എന്നാലും എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, ഇതല്‍പ്പം കടന്ന കൈയ്യാണ് ട്ടാ. കടമുള്ള ഞായറാഴ്ച ദിവസങ്ങളില്‍ പോലും നേരെചൊവ്വേ പള്ളിയില്‍ വരാത്ത വര്‍ഗ്ഗീസ് മാപ്പിളക്ക് ഭാഗ്യക്കുറിയുടെ സമ്മാനം കൊടുത്തു. അതും ഒന്നാം സമ്മാനം തന്നെ. എന്നാല്‍ എന്നും മുടങ്ങാതെ പള്ളിയില്‍ വരികയും ഉത്തമ കത്തോലിക്കനായി ജീവിക്കുകയും ചെയ്യുന്ന എനിക്ക് ഇന്നേവരെ ഒരു ചെറിയ സമ്മാനമെങ്കിലും തന്നിട്ടുണ്ടോ? ... അതുകൊണ്ട് അടുത്ത മാസത്തെ കേരളാ ഭാഗ്യക്കുറിയുടെ സമ്മാനം എനിക്ക് തരണം. മറക്കരുത്...." മാസങ്ങള്‍ ഒന്നും രണ്ടും കഴിഞ്ഞു. ഭക്തന്‍ അന്തോണിക്ക് സമ്മാനം ഒന്നും കിട്ടിയില്ല. സഹികെട്ട് ഭക്തന്‍ അന്തോണി പാവറട്ടി ഔസേപ്പുണ്യാളന്റെ സന്നിധിയില്‍ എത്തി ഇങ്ങനെ ആവലാതിപ്പെടാന്‍ തുടങ്ങി: "എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, നാള് കുറേ ആയി ഈയുള്ളോന്‍ ഒരു ചെറിയ കാര്യം ആവശ്യപ്പെട്ടിട്ട്. എന്നിട്ട് അതുപോലും ചെയ്തു തരാന്‍ പറ്റാത്ത ഈ പുണ്യാളന്‍ ആള് ശരിയല്ല. ലില്ലിപ്പൂവിന്റെ തണ്ടും കൈപിടിച്ച് അവിടെ നിന്നോ. ഇതിലും ഭേദം ...." ഇത്രയും പറഞ്ഞു തീര്‍ന്നതോടെ യൌസേപ്പിതാവിന്റെ തിരുസ്വരൂപം ചെറുതായി ഇളകുന്നതായി ഭക്തന്‍ അന്തോണിക്ക് തോന്നി. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതാ കാണുന്നു യൌസേപ്പിതാവിന്റെ ആ തിരുസ്വരൂപം ജീവനുള്ളതായി മാറി. ഉടനെ ഭക്തന്‍ അന്തോണിയുടെ മുന്നില്‍ വന്നു നില്‍പ്പായി. ഇത് കണ്ട് ഭക്തന്‍ അന്തോണിയുടെ കണ്ണ് തള്ളിപ്പോയി. യൌസേപ്പിതാവ് അന്തോണിയോട്‌ : മകനേ അന്തോണി, നിനക്ക് ഭാഗ്യക്കുറിയുടെ സമ്മാനം വേണം അല്ലേ? എങ്കില്‍ കൈ നീട്ടൂ. ഭക്തന്‍ അന്തോണി യാന്ത്രികമായി കൈ നീട്ടി. യൌസേപ്പിതാവ് തന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന ലില്ലിച്ചെടിയുടെ തണ്ടുകൊണ്ട് ആഞ്ഞൊരു അടി വച്ചുകൊടുത്തു. എന്റമ്മോ എന്ന് നിലവിളിച്ച് ഭക്തന്‍ അന്തോണി ചുറ്റും നോക്കി. യൌസേപ്പിതാവ്: നീ ആദ്യം പോയി ലോട്ടറി ടിക്കറ്റ്‌ എടുക്ക്. എന്നിട്ട് വന്ന് പ്രാര്‍ഥിക്ക്. അപ്പോള്‍ ആലോചിക്കാം ബാക്കി കാര്യങ്ങള്‍ ... അപ്പോഴാണ്‌ ഭക്തന്‍ അന്തോണിക്ക് ബോധ്യമായത് ലോട്ടറി ടിക്കറ്റ്‌ എടുക്കാതെയാണ് താന്‍ ഇത്രനാളും പ്രാര്‍ഥിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നത് എന്ന്. സ്നേഹിതരേ, ഇത് കേവലം ഒരു സാങ്കല്‍പ്പിക കഥ മാത്രമാണ്. സത്യത്തില്‍ നമ്മളില്‍ പലരും ഈ "ഭക്തന്‍ അന്തോണിയെ" പ്പോലെയല്ലേ? നാം ചെയ്യേണ്ട കര്‍മ്മം ചെയ്യാതെ ദൈവം തന്നില്ല ദൈവം തന്നില്ല എന്ന് പരാതിപ്പെടുന്നവരല്ലേ? ആയതിനാല്‍ നാം ചെയ്യേണ്ടത് നാം ചെയ്യുക. ദൈവത്തിന്റെ കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക.
Share it:

EC Thrissur

Parishioners News

Post A Comment:

0 comments: