Pavaratty

Total Pageviews

5,985

Site Archive

നമ്മള് എങ്ങോട്ടാണ് ഈ പോകുന്നതെന്ന്?

Share it:
2012 ഫെബ്രുവരി 9 സമയം രാവിലെ 11 മണി. ചൈന്നയിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന് സ്കൂളില് ഉമാ മഹേശ്വരി (39) എന്ന സയന്സ് അദ്ധ്യാപിക പത്താം ക്ലാസ്സ് വിദ്യാര്ത്ഥിയുടെ കുത്തേറ്റ് മരിച്ചു. ‘അഗ്നിപഥ്’എന്ന ഹിന്ദി സിനിമ കണ്ടതാണ് കൊലപാതകത്തിന് പ്രചോദനമെന്ന് അറസ്റ്റിലായ വിദ്യാര്ത്ഥി. ഈ വാര്ത്ത നമ്മുടെ നാട്ടില് പ്രചരിക്കുന്ന വേളയില് ഒരു കൊച്ചുമിടുക്കന്റെ കമന്റ് ഇങ്ങനെ “ഇത് ഒരു വാണിംങ്ങ് മാത്രം.” മാതാ പിതാ ഗുരു ദൈവം എന്നത് നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്രയാകുന്ന ഭാരതീയ ദര്ശ്ശനം. മാതാവും പിതാവും ഗുരുവും ദൈവതുല്യരെന്ന് അര്ത്ഥം. ഈ വിധം മഹത്തായ സംസ്കാരം കൈമോശം വരുത്തി വളര്ച്ച പ്രാപിക്കുന്പോള് ചിന്തിക്കണം നമ്മള് എങ്ങോട്ടാണ് ഈ പോകുന്നതെന്ന്? ദൃശ്യശ്രാവ്യ മാധ്യമ അതിപ്രസരംകൊണ്ട് ലോകം തന്നെ തന്റെ ഉള്ളം കയ്യിലാക്കുവാനുള്ള തിരക്കിനിടയില് ജീവിതത്തിന് ആവശ്യം വേണ്ടുന്ന മൂല്യങ്ങള് പകര്ന്നുകൊടുക്കുവാന് മാതാപിതാക്കളും കവര്ന്നെടുക്കുവാന് മക്കളും മറന്നുപോകുന്നു. അനുഭവജ്ഞാനംകൊണ്ട് ആര്ജ്ജിച്ചെടുക്കുന്ന ജീവിതത്തിലെ ചില സവിശേഷ മൂല്യങ്ങളാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളില് നിന്നും വേര്തിരിക്കുന്നതും അമൂല്യനാക്കുന്നതും. ശത്രുക്കളെപ്പോലും സ്നേഹിക്കാന് പഠിപ്പിച്ച ക്രിസ്തു മൂല്യങ്ങളുടെ ഒരു കലവറയായി നമുക്ക് മുന്നിലുള്ളപ്പോള് മറ്റു മാതൃകകളെ നാം തേടിപോകേണ്ടതില്ല. വര്ഷങ്ങള് പാരന്പര്യമുള്ള ക്രിസ്തീയ കുടുംബങ്ങളായിരുന്നിട്ടും ക്രിസ്തുവിന്റെ ജീവിതമൂല്യങ്ങള്ക്ക് നാം ഉടമകളാകുന്നില്ലെങ്കില് അതൊരു വിരോധാഭാസമാകുന്നു. ഒരു കുഞ്ഞ് വളര്ന്ന് വലുതായി സമൂഹനന്മ ആഗ്രഹിക്കുന്ന വ്യക്തിയാകുന്നതില് മാതാപിതാക്കള്ക്കുള്ള പങ്ക് നിസ്സാരമല്ല. പക്ഷേ ഈ വ്യക്തിത്വവികസനത്തിന് വിജ്ഞാനത്തോടൊപ്പം വിശ്വാസവും പകര്ന്നുകൊടുക്കാന് പലപ്പോഴും നാം മടികാണിക്കുന്നു. കുഞ്ഞുങ്ങളെ വിദ്യാലയത്തില് പറഞ്ഞയക്കുന്നതോടെ അവരുടെ ജീവിതത്തില് മാതാപിതാക്കള്ക്കുള്ള ഉത്തരവാദിത്വം പൂര്ണ്ണമായി എന്നു വിശ്വസിക്കാന് ആര്ക്കും അവകാശമില്ല കാരണം വിജ്ഞാനം ‘ഭൗതീകജീവിതത്തിന് മാത്രം കെട്ടുറപ്പു നല്കുന്നതാണെങ്കില് വിശ്വാസം ആന്തരീകവും ആദ്ധ്യാത്മീകവുമായ ജീവിതത്തിനുകൂടി ‘ഭദ്രത നല്കുന്നു. അന്തരാത്മാവില് മൂല്യങ്ങളില്ലാത്ത, വിജ്ഞാനം മാത്രം നേടുന്ന വ്യക്തി മൂര്ച്ചയുളള ആയുധം കയ്യിലേന്തിയ മനോരോഗിയെപ്പോലെയായിരിക്കും. അവന് നന്മതിന്മകളെ വേര്തിരിക്കാതെ സ്വാര്ത്ഥലാഭങ്ങള്ക്കുവേണ്ടി മാത്രം പോരാടിക്കൊണ്ടിരിക്കും. ഓരോ വ്യക്തിയുടേയും ജീവിതത്തിന്റെ കാതലായി നിലകൊള്ളേണ്ട ഈശ്വരവിശ്വാസം പകര്ന്നുകൊടുക്കുന്നത് നല്ല ക്രിസ്തീയ കുടുംബങ്ങളാണ്. കുടുംബപ്രാര്ത്ഥനകളിലും കൂദാശകളുടെ പരികര്മ്മങ്ങളിലും സ്വയം മാതൃകകളായി നല്ല തലമുറയെ വാര്ത്തെടുക്കുവാന് മാതാപിതാക്കള്ക്കു സാധിക്കണം. ഓരോ വ്യക്തിയും ജീവിതംകൊണ്ട് വിശ്വാസസാക്ഷ്യം നല്കുന്ന ക്രിസ്തു വിന്റെ അനുയായികളായിത്തീരണം. മക്കള് മാതാപിതാക്കളില് നിന്നാണ് പഠിക്കുന്നതും പഠിക്കേണ്ടതും. ക്രിസ്തുവിനെ അറിയുവാനും അനുഭവിക്കുവാനുമുള്ള തീവ്രമായ ആഗ്രഹം നാളത്തെ തലമുറയ്ക്കുണ്ടായിരിക്കണം. വേദോപദേശ പഠനത്തിനും വിശ്വാസ പരിശീലനത്തിനും ഓരോ വിദ്യാര്ത്ഥിയും ഉല്സുകരാകേണ്ടതാണ്. ജീവിതം അഗ്നിപരീക്ഷണങ്ങളിലൂടെയുള്ള തീര്ത്ഥാടനമാണ്. ഈ യാത്രയിലെ പ്രതിസന്ധിഘട്ടങ്ങളില് തകര്ച്ചയെ അഭിമുഖീകരിക്കാതെ മുന്നേറണമെങ്കില് അടിയുറച്ച ആദ്ധ്യാത്മികത അനിവാര്യമാണെന്ന സത്യം നാം മനസ്സിലാക്കണം. ജീവിതത്തിലെ ദുഃഖങ്ങളെ സന്തോഷത്തോടെ ഏറ്റെടുത്ത് അതിജീവനത്തിന്റെ പാതയിലൂടെ മുന്നേറുന്നവര്ക്കാണ് മഹത്വത്തിന്റെ കിരീടം മാറ്റിവെച്ചിരിക്കുന്നത്. ഈ അതിജീവനത്തിനായി ഒരുങ്ങുന്പോള് ചിറകൊടിഞ്ഞ പക്ഷികളെപ്പോലെയാകാതെ വിജ്ഞാനത്തിന്റേയും വിശ്വാസത്തിന്റേയും അഗ്നിചിറകുകള് സ്വായത്തമാക്കി ജീവിതവിജയത്തിലൂടെ നമുക്ക് മുന്നേറാം. ആദ്യമേ സൂചിപ്പിച്ച ചൈന്നയിലെ സംഭവം നമുക്ക് ഒരു ലാസ്റ്റ് വാണിംങ്ങ് ആണ്. ഇത്തരത്തിലുള്ള ദുരന്തങ്ങള് നമ്മുടെ സമൂഹത്തില് അരങ്ങേറാതിരിക്കാനായി മൂല്യദായകമായ വിശ്വാസജീവിതം നമുക്കോരോരുത്തര്ക്കും കെട്ടിപ്പടുക്കാം. അങ്ങനെ നാം വിശ്വാസത്താല് ജ്വലിക്കുന്നവരായി നന്മയിലേയ്ക്ക് നയിക്കപ്പെടട്ടെ. ഒത്തിരി സ്നേഹത്തോടെ ബ്രദര് ജോയ്സണ് ചെറുവത്തൂര്
Share it:

EC Thrissur

നോമ്പുകാലം

Post A Comment:

0 comments: