ജോയ്സി ജോണ്‍സണ്‍, സെന്‍റ് ജോര്‍ജ്ജ് യൂണിറ്റ്
ഒരു ദിവസം ജോസഫ് ചേട്ടനു തീരെ സുഖം തോന്നിയില്ല. മക്കളാണങ്കില്‍ ജോലിക്കു പോയി. തൊണ്ട വരളുന്നു. തല കറങ്ങുന്നു. ജോസഫ് ചേട്ടന്‍ വേഗം വെള്ളം എടുത്ത് കുടിച്ചു. പിന്നെ നടന്നതൊന്നും ജോസഫ് ചേട്ടന് ഓര്‍മ്മയില്ല. ഓര്‍മ്മ വരുന്പോള്‍ ആശുപത്രി കിടക്കയിലാണ്. ആരാണ് തന്നെ ഇവിടെ കൊണ്ടുവന്നത്? മകനായ ജോഷിയുടെ മുഖത്തേയ്ക്ക് നോക്കി അവന്‍ വെറുപ്പോടെ മുഖം തിരിച്ചു. നേരത്തിനു ഭക്ഷണം കഴിക്കാതെ അസുഖം വരുത്തിവെച്ചിരിക്കുകയാ. ആരു നോക്കും എന്നു കരുതിയാ.. എനിക്കു പറ്റില്ല. വല്ല അനാഥ മന്ദിരത്തിലും ഞാന്‍ കൊണ്ടുചെന്നാക്കാന്‍ പോവുകയാ. പ്രമേഹ രോഗിയായ അപ്പനു നേരെ നോക്കി അവന്‍ വഴക്കു പറഞ്ഞു. അവന്‍റെ സ്ഥിരം പല്ലവിയാണ് അനാഥ മന്ദിരം. ജോസഫ് ചേട്ടന്‍ മനസ്സില്‍ കരുതി. പക്ഷേ ജോസഫ് ചേട്ടന്‍റെ ചിന്തകളെ മാറ്റിമറിച്ചുകൊണ്ട് മക്കള്‍ ആ തീരുമാനമെടുത്തു, അപ്പനെ ഏതെങ്കിലും സ്നേഹാലയത്തില്‍ ആക്കുകതന്നെ. ഭാര്യയുടെ വാക്ക് കേട്ട് സ്നേഹാലയത്തിലേയ്ക്ക് തന്നെ പറഞ്ഞുവിടാന്‍ ജോഷിക്ക് തിടുക്കം. എന്നാല്‍ അവിവാഹിതനായ തന്‍റെ ഇളയ മകനുപ്പോലും താന്‍ ഒരു ഭാരമായിതോന്നിതുടങ്ങി.
ജോസഫ് ചേട്ടന്‍ ഒരു തീരുമാനമെടുത്തു. തന്‍റെ പേരക്കുട്ടിയുടെ പേരില്‍ കുറച്ച് ഭൂമി എഴുതിവെച്ച് വില്‍പ്പത്രം തയ്യാറാക്കി. മക്കള്‍ രണ്ടുപേരും അറിയാതെ ആണ് ജോസഫ് ചേട്ടന്‍ ഇത് ചെയ്തത്. ബാക്കി ഭൂമിയും വീടും ഒരു സ്നേഹാലയംകൂടി തുടങ്ങുന്നതിനുവേണ്ടി വികാരിയച്ചനെ ഏല്‍പിച്ചു. ‘‘എന്‍റെ മക്കള്‍ക്ക് എന്നെ നോക്കാന്‍ ബുദ്ധിമുട്ടുള്ളതുപോലെ അനേകം മക്കള്‍ക്ക് പ്രായമാകുന്നവര്‍ ഒരു ബാധ്യതയായി മാറുന്ന കാലമാണ് ഇത്. അച്ചന്‍ അതിനുവേണ്ടി ഒരു മന്ദിരം പണിയണം. നമ്മുടെ ഇടവകയിലാണ് അതെങ്കില്‍ ഞങ്ങള്‍ വയസ്സന്മാര്‍ക്ക് മക്കളെ ഒന്നു കാണുകയും ചെയ്യാം. സ്ഥലം കുറച്ച് വിറ്റാല്‍ എന്‍റെ ഈ വീട് ഒരു അനാഥമന്ദിരമായി വിപുലപ്പെടുത്തിയെടുക്കാം.” ജോസഫ് ചേട്ടന്‍റെ തൊണ്ടയിടറി. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. വികാരിയച്ചനും എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ വിഷമിച്ചു. അച്ചന്‍ പറഞ്ഞു ‘‘ചേട്ടന്‍ വിഷമിക്കേണ്ട. പുതിയ തലമുറ കാണുന്നത് ഇതല്ലേ. ഇതിനിയും ആവര്‍ത്തിക്കപ്പെടും. ഇവിടെ ഒരു ജോസഫ് ചേട്ടനു സംഭവിക്കുന്നത് നാളെ നൂറ് ജോസഫ് ചേട്ടന്മാര്‍ക്ക് സംഭവിക്കും. ചേട്ടന്‍ സമാധാനിക്ക്.” ഉടന്‍ ജോസഫ് ചേട്ടന്‍ പറഞ്ഞു ‘‘അച്ചോ എനിക്ക് ഒന്ന് കുന്പസാരിക്കണം.” അച്ചന്‍ പറഞ്ഞു ‘‘ചേട്ടന്‍ പാപസങ്കീര്‍ത്തിയിലേയ്ക്ക് നടന്നോളൂ. ഞാന്‍ പിറകെ വരാം.” ജോസഫ് ചേട്ടന്‍ ഒരു നല്ല കുന്പസാരം നടത്തി. പള്ളിയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു. പള്ളിയിലെ തൂണില്‍ ചാരിയിരുന്നാണ് ജോസഫ് ചേട്ടന്‍ പ്രാര്‍ത്ഥിക്കുന്നത്. കുറേ നേരം കഴിഞ്ഞിട്ടും ഇളകാതെ ഇരിക്കുന്ന ജോസഫ് ചേട്ടനെ അച്ചന്‍ ചെന്ന് തൊട്ടു വിളിച്ചു. പക്ഷേ അച്ചന്‍റെ വിളിക്കുമുന്പേ കര്‍ത്താവ് ജോസഫ് ചേട്ടനെ വിളിച്ചിരുന്നു.
ഉടന്‍ തന്നെ അച്ചന്‍ ജോസഫ് ചേട്ടന്‍റെ മക്കള്‍ക്ക് വിളിച്ചു പറഞ്ഞു. പിറ്റേദിവസം ശവസംസ്കാര ചങ്ങുകഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു. അച്ചന്‍ ജോഷിയേയും ജോബിയേയും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ‘‘അപ്പന്‍ സ്വത്ത് മുഴുവന്‍ അനാഥാലയത്തിലേയ്ക്ക് എഴുതിവെച്ചിരിക്കുന്നു.” ഇതു കേട്ട ജോഷിക്ക് തല ചുറ്റുന്നതുപോലെ തോന്നി. അനോഷിന് കുറച്ച് ഭൂമി എഴുതിയിരിക്കുന്നു. തന്‍റെ പിതാവിനെ നോക്കിയിരുന്നെങ്കില്‍ ഈ സ്വത്തും പിതാവിനെയും തനിക്ക് നഷ്ടമാകില്ലായിരുന്നു. അവന്‍ പശ്ചാത്താപ വിവശനായി കരഞ്ഞു. അവന്‍റെ കരച്ചില്‍ കേട്ട് വ്യസനം തോന്നിയിട്ടെന്നവണ്ണം അനോഷ് മോന്‍ വന്ന് കണ്ണുകള്‍ തുടച്ചു. ‘‘പപ്പ കരയണ്ട. ഞാന്‍ പപ്പയെ നോക്കാം..ട്ടോ.. അപ്പാപ്പയെ നോക്കാത്തതുകൊണ്ടല്ലേ അപ്പാപ്പ പോയത്. പപ്പ കണ്ടോ ആ നില്‍ക്കുന്നത് എന്‍റെ പ്രിയപ്പെട്ട അപ്പാപ്പയാണ്.” അവന്‍റെ കുഞ്ഞുവിരലുകള്‍ ആകാശത്ത് നില്‍ക്കുന്ന വലിയ നക്ഷത്രത്തിന്‍റെ നേര്‍ക്കായിരുന്നു. അത് അവരെ നോക്കി പുഞ്ചിരിതൂകുന്നതായി അവര്‍ക്കു തോന്നി...
ഇടവകദിന കലാസാഹിത്യമത്സരങ്ങള്‍ 2013 വിഭാഗം ക ~ഒന്നാം സമ്മാനം
Post A Comment:
0 comments: