‘‘നമ്മുടെ കര്ത്താവായ യേശുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന് എനിക്ക് ഇടയാകാതിരിക്കട്ടെ” എന്ന വി. പൗലോസ് ശ്ലീഹായുടെ വചനങ്ങള്ക്ക് ജീവിതത്തില് വളരെ പ്രാധാന്യം നല്കി ജീവിച്ച വ്യക്തിയാണ് പാദ്രേ പിയോ. അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും പ്രവര്ത്തനങ്ങളുടേയും ശക്തിയും സ്രോതസ്സും കര്ത്താവിന്റെ കുരിശായിരുന്നു.
ഫ്രാന്സീസ് അസീസ്സിയെ കര്മ്മംകൊണ്ടും വാക്കുകൊണ്ടും അനുകരിച്ച പാദ്രേപിയോ ജനിച്ചത് 1887 മെയ് 25നാണ്. അതിനടുത്ത ദിവസം തന്നെ മാമ്മോദീസായും സ്വീകരിച്ചു. 12ാമത്തെ വയസ്സില് അദ്ദേഹം പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചു. 16ാമത്തെ വയസ്സില് 1903 ജനുവരി 6ന് കപ്പൂച്ചിന് സഭയില് ചേര്ന്ന പിയോ ആ വര്ഷത്തിന്റെ അവസാനത്തില് പ്രഥമവ്രതവാഗ്ദാനവും 1907 ജനുവരി 27ന് നിത്യവ്രതവാഗ്ദാനവും നടത്തി. 1910 ആഗസ്റ്റ് 10നായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യം.
ദൈവസ്നേഹത്താലും പരസ്നേഹത്താലും നിറഞ്ഞ പാദ്രെപിയോ മനുഷ്യരുടെ രക്ഷയ്ക്കായി അക്ഷീണം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളുടേയും ശക്തിസ്രോതസ്സ് അനുദിനമുള്ള ബലിയര്പ്പണമായിരുന്നു. ദിവസവും മണിക്കുറുകള് നീണ്ട ബലിയര്പ്പണം അദ്ദേഹം നടത്തിയിരുന്നു. കുന്പസാരക്കൂട്ടില് ദീര്ഘസമയം ചെലവഴിച്ചിരുന്ന പാദ്രെപിയോ അനേകം പാപികളുടെ മാനസാന്തരത്തിന് വഴിതെളിച്ചു. ജീവിതത്തിലുണ്ടായ തെറ്റിദ്ധാരണകളുടേയും സഹനങ്ങളുടേയും മദ്ധ്യേ പ്രത്യാശ കൈവിടാതെ ദൈവസ്നേഹത്തില് ജീവിച്ച പാദ്രെപിയോക്ക് ഈശോയുടെ സഹനങ്ങളോട് ചേര്ന്ന് ശരീരത്തില് പഞ്ചക്ഷതങ്ങള് ഏറ്റുവാങ്ങുവാനുള്ള ഭാഗ്യം ലഭിച്ചു. പാവപ്പെട്ടവരേയും കഷ്ടതകള് അനുഭവിക്കുന്നവരെയും രക്ഷിക്കാന് അദ്ദേഹം ശ്രമിച്ചു. വ്രതാനുഷ്ഠാനങ്ങളോട് തികഞ്ഞ നിഷ്ഠയുണ്ടായിരുന്ന ഒരു സന്യാസവര്യനായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളുടേയും ലക്ഷ്യം ദൈവമഹത്വവും ആത്മാക്കളുടെ രക്ഷയുമായിരുന്നു. ജീവിതലാളിത്യം കൊണ്ടും നന്മകൊണ്ടും അനേകായിരങ്ങളെ ക്രിസ്തുവിലേയ്ക്കടുപ്പിച്ചു. ആ പുണ്യാത്മാവ് 1968 സെപ്റ്റംബര് 23ന് ഈ ലോകത്തോട് വിടവാങ്ങി. 1999 മെയ് 2ന് പാദ്രെപിയോയെ ജോണ് പോള് രണ്ടാമന് മാര്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്ത്തി. 2002 ജൂണ് 16ന് അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ജീവിതത്തില് മറ്റെന്തിനേക്കാളും പ്രാധാന്യം വി. കുര്ബ്ബാനയിലര്പ്പിച്ച പാദ്രെപിയോയുടെ ജീവിതം വി. കുര്ബ്ബാനയായി മാറി. ജീവിതത്തിലെ പ്രതിസന്ധികളില് നമുക്കും വി. കുര്ബ്ബാനയില് അഭയം തേടാം.
ആരാധനാ മഠം, പാവറട്ടി
Post A Comment:
0 comments: