Pavaratty

Total Pageviews

5,985

Site Archive

കുട്ടികള്‍ വഴിതെറ്റുന്നുവോ

Share it:
സിജോ വര്‍ഗ്ഗീസ് എ., ഫാത്തിമ മാത യൂണിറ്റ്

            വേനലവധിക്കാലം വന്നെത്തി. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ എവിടെയാണ്.? പന്തുകളിക്കാന്‍ പാടശേഖരങ്ങള്‍ ഇന്നില്ല. മാങ്ങയും ചക്കയും കുട്ടികള്‍ക്ക് വേണ്ടാതായി. ഉണ്ണിപെരവെയ്ക്കാനും ഊഞ്ഞാലാടുവാനും കുഴിതപ്പികളിക്കുവാനും ഇന്ന് കുട്ടികളില്ല. അനുദിന ദിവ്യബലിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവ് വന്നു. എവിടെപ്പോയി ആ നല്ല ബാല്യക്കാലം? ഇന്‍റര്‍ നെറ്റുകഫേകള്‍ അമ്മവീടായി മാറ്റപ്പെടുന്പോള്‍ തല്ലികെടുത്തുന്നത് ബാല്യത്തിന്‍റെ നിഷ്കളങ്കതയാണ്. മക്കള്‍ കഫേയില്‍ പോകുന്പോള്‍ ചോരുന്നത് അപ്പന്‍റെ പോക്കറ്റാണ്. ഇന്‍റര്‍നെറ്റിനു മുന്നിലെ വാല്മീകിമാരായി മക്കള്‍ മാറിക്കഴിഞ്ഞു. നെറ്റില്‍നിന്നും മക്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഏതുതരം കളികളാണെന്ന് മാതാപിതാക്കള്‍ക്ക് അറിഞ്ഞുകൂടാ. മാതാപിതാക്കള്‍ക്ക് എപ്പോഴും തിരക്കാണ്. മക്കളെക്കുറിച്ച് യാതൊന്നും അന്വേഷിക്കുന്നില്ല. പണ്ട് ചെറുപ്പത്തില്‍ ഒരു നല്ല പേന വാങ്ങണമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ സ്കൂളിലടയേക്കേണ്ട ഫീസിന്‍റെ പേര് ഒരല്‍പം നീട്ടി പറയും ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത മാതാപിതാക്കള്‍ പേരിന്‍റെ നീളം കേട്ട് അന്തം വിടുകയും പറഞ്ഞ ഫീസ് കടം വാങ്ങിച്ചായാലും കൊടുക്കും. ഇതില്‍ നിന്നും വേണം പേനയ്ക്കും ബുക്കിനും ചെരുപ്പിനുമൊക്കെയുള്ള വക കണ്ടെത്താന്‍. കാലം മാറി ഇന്ന് മക്കള്‍ക്ക് നിത്യവും വഴിചെലവിന് പണം കൊടുക്കുന്ന മാതാപിതാക്കള്‍ വര്‍ദ്ധിച്ചു. പണത്തിന് യാതൊരു ക്ഷാമവും ഇല്ല. കുട്ടികള്‍ക്ക് വഴിചെലവിന് പണം കൊടുക്കുന്നതും കതിനയ്ക്ക് വഴി മരുന്നിടുന്നതും തുല്യം തന്നെയാണ്. ഒടുക്കം വലിയ ശബ്ദത്തില്‍ പൊട്ടും. അത് മക്കളാവരുതെന്ന് മാത്രം.
            2011ല്‍ കേരള എയ്ഡ്സ് നിയന്ത്രണ സെല്‍ കേരളത്തെ വിവിധ മേഖലകളാക്കി തിരിച്ച് 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ സ്വയാഭിപ്രായം തേടിയതില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞ വസ്തുതകള്‍ ഞെട്ടിക്കുന്നതാണ്. 73% കുട്ടികളും വിവിധ സാമൂഹ്യ തിന്മകളുടെ വഴികളില്‍ സഞ്ചരിക്കുന്നവരാണ്. മദ്യപാനത്തിന്‍റെ, തെറ്റായ ലൈംഗിക കാര്യങ്ങളുടെ, ലഹരി ഉല്‍പന്നങ്ങളുടെ, തെറ്റായ മൊബൈല്‍ ബന്ധങ്ങളുടെ, വീട്ടുകാരില്‍ നിന്നും പണം കിട്ടാതെവരുന്പോള്‍ പണസന്പാദനത്തിനായി തെരഞ്ഞെടുക്കുന്ന അവിഹിത മാര്‍ഗ്ഗങ്ങളുടെ ഇങ്ങനെ പോകുന്ന തിന്മകള്‍ കുട്ടികളെ വിഷാദ രോഗത്തിലേയ്ക്കും മറവികളുടേയും നിരാശകളുടേയും കുറ്റകൃത്യങ്ങളുടേയും ആയ മായിക ലോകത്തേക്കും നയിക്കുകയും ചെയ്യുന്നു. ദയവായി മക്കള്‍ നേരത്തിന് വിദ്യാലയങ്ങളില്‍ എത്തുന്നുണ്ടോയെന്നെങ്കിലും മാതാപിതാക്കള്‍ അന്വേഷിക്കണം. മക്കളുടെ കയ്യില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ കാണുന്പോള്‍, പുതിയ മോഡല്‍ ബൈക്കില്‍ ചെത്തി മിനുങ്ങി പോകുന്പോള്‍ ഒന്നു ചോദിച്ചു നോക്കണം ഇത് എവിടെ നിന്ന്?ഇതിനുള്ള പണം എങ്ങനെകിട്ടി?ദിവസവും ഇരുപത് രൂപ വീതം മകന് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുവാനായി നല്‍കുന്ന അമ്മയ്ക്ക് മകന്‍റെ പാന്‍സ് അലക്കിയിടുന്നതിനിടയില്‍ പോക്കറ്റില്‍ നിന്നും കുടുംബനിയന്ത്രണ സംവിധാനം കണ്ടെത്തിയിട്ട് ബോധക്ഷയം ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല. മക്കള്‍ നേരം വൈകി വീട്ടിലെത്തിയാല്‍ കാരണം തിരക്കുവാന്‍പോലും മാതാപിതാക്കള്‍ ഭയപ്പെടുന്നു. മക്കള്‍ വല്ല കടുംകൈ ചെയ്താലോ ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിക്കുവാന്‍ മാതാപിതാക്കള്‍ പഠിക്കണം. കത്തിച്ച വിളക്കിന്‍റെ തിരി എത്തിപിടിക്കുവാന്‍ ശ്രമിക്കുന്ന കൊച്ചിനോട് എത്ര പറഞ്ഞിട്ടും അത് മാറ്റാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, വിളക്ക് ഊതികെടുത്തുകയല്ലാ വേണ്ടത്, മറിച്ച് ആ പൊള്ളല്‍ കൊച്ചിന് അനുഭവഭേദ്യമാക്കി കൊടുക്കണം.  പിന്നീട് ഒരിക്കലും തെറ്റാവര്‍ത്തിക്കുകയില്ല. കസേരയില്‍ വലിഞ്ഞു കയറരുത് വീഴും എന്നു പറഞ്ഞിട്ടു കുട്ടി കയറുകയും വീഴുകയും ചെയ്താല്‍ കസേരയെ തല്ലിയിട്ട് യാതൊരു പ്രയോജനവും ഇല്ല.
            മാതാപിതാക്കള്‍ ചെയ്യണ്ട കടമ ചെയ്യാതെ ഒടുക്കം വയസ്സുകാലത്ത് പള്ളീലച്ചനെ കാണുന്പോഴും കുന്പസാരിക്കാന്‍ നില്‍ക്കുന്പോഴും മൂത്തോന്‍ എന്നെ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു, ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം ചൂടാക്കി തന്നില്ല, മരുന്ന് വാങ്ങിച്ചു തന്നില്ല, എഴുന്നേല്‍ക്കാന്‍ നേരം വൈകിയപ്പോള്‍ മൂക്കില്‍ പഞ്ഞിവെച്ചു, കൊതുകുതിരി വാങ്ങിതന്നില്ല എന്നിങ്ങനെയുള്ള പരാതിയുടെ ഭാണ്ഡം ചുമന്ന് നടക്കാം. മക്കള്‍ എന്തായിത്തീരണം എന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ മാതാപിതാക്കളും ജീവിച്ച്  കാണിച്ചു കൊടുക്കണം. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്പോള്‍ അത് നല്ലതിനാണോ ചീത്തതിനാണോ എന്ന് വിലയിരുത്തേണ്ടത് മാതാപിതാക്കളാണ്. അപ്പന്‍റെ മുന്നില്‍ മുണ്ടു മടക്കികുത്തിയും മുഷ്ഠിചുരുട്ടിയും നില്‍ക്കാന്‍ മടിയില്ലാത്ത മക്കളാണ് ഇന്നുള്ളത്. മക്കള്‍ മൂലം മാതാപിതാക്കള്‍ പെരുവഴിയിയാധാരം ആകാതിരിക്കുവാന്‍ മക്കളെ അവരുടെ ചെറുപ്പത്തിലേ അനുസരണത്തിലും ശിക്ഷണത്തിലും ദൈവഭയത്തിലും വളര്‍ത്തുക. നസ്രത്തിലെ തിരുകുടുംബത്തിന്‍റെ മാതൃക മാതാപിതാക്കള്‍ക്ക് മാതൃകയും പ്രചോദനവും ആകട്ടെ.

Share it:

EC Thrissur

ലേഖനം

Post A Comment:

0 comments: