കപ്പലില്‍നിന്നുള്ള വെടിയേറ്റു മരിച്ച പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചതായി കേള്‍ക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രഥമദൃഷ്ട്യാ കാര്യങ്ങള്‍ ശരിയല്ലാത്ത രീതിയിലാണു പോകുന്നത്. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധീരമായ നിലപാടാണ് ആദ്യം കൈക്കൊണ്ടിരുന്നതെന്നും അവശരും അശരണരുമായ മത്സ്യത്തൊഴിലാളികള്‍ക്കു നീതി നടപ്പിലാക്കിക്കൊടുക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
നൈരാശ്യാജനകമായ വാര്‍ത്തകളാണ് ഇപ്പോള്‍ ഇതുസംബന്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നത്. എന്തിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മലക്കംമറിയുന്നതെന്നു മനസിലാകുന്നില്ല. നീതി നിഷേധിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാകരുതു സര്‍ക്കാരുകളുടേത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി നീതി നടപ്പിലാക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയെക്കുറിച്ചും കേന്ദ്രമന്ത്രി കെ.വി. തോമസിനെക്കുറിച്ചും തങ്ങള്‍ക്കു നല്ല മതിപ്പാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കേസ് കോടതിയിലായതിനാല്‍ സര്‍ക്കാരുകള്‍ക്കു സമ്മര്‍ദം ചെലുത്താന്‍ കഴിയില്ല. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സഭയുടെ ഭാഗത്തുനിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡോ. സൂസപാക്യം പറഞ്ഞു.
Post A Comment:
0 comments: