ഒരു കുട്ടിയുടെ ആത്മീയ വളര്‍ച്ചയ്ക്കും ശാരീരിക വളര്‍ച്ചയ്ക്കും മാതാപിതാക്കള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ദൈവതുല്യരാണ്. അതുകൊണ്ടുതന്നെ അവരെ ബഹുമാനിക്കുക എന്നുള്ളത് ഓരോ കുട്ടിയുടേയും കര്‍ത്തവ്യമാണ്.
നാലാം പ്രമാണത്തില്‍ ദൈവം മക്കളോട് മാതാപിതാക്കളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും അനുസരിക്കുവാനും ആഹ്വാനം ചെയ്യുന്നു. ഇതിന് ഉത്തമമായ ഒരു ഉദാഹരണമാണ് നസറത്തിലെ വീട്ടിലെ ബാലനായ യേശു. ദൈവത്തിന്‍റെ ഈ ആഹ്വാനത്തിനു കാരണം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ദൈവതുല്യരായതിനാലാണ്. മാത്രമല്ല മാതാപിതാക്കളാണ് കുട്ടികളെ ദൈവത്തിലേയ്ക്കും നിത്യജീവിതത്തിലേയ്ക്കും നയിക്കുന്നത്. സുഭാഷിതങ്ങളുടെ പുസ്തകം 13ാം അദ്ധ്യായം 1ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു “വിവേകമുള്ള മകന്‍ പിതാവിന്‍റെ ഉപദേശം കേള്‍ക്കുന്നു. പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.” മാതാപിതാക്കള്‍ക്ക് കുട്ടികളെ ശാസിക്കുവാനും നേര്‍വഴിയിലേക്ക് നയിക്കുവാനും അവകാശമുണ്ട്.
എന്നാല്‍ ഇന്നത്തെ തലമുറയില്‍ മാതാപിതാക്കളെ അവഗണിക്കുന്നത് കാണുവാന്‍ സാധിക്കും. മര്യാദയില്ലാതെയും ക്രൂരമായും, അനുസരണയില്ലാതൊയും മാതാപിതാക്കളോട് മക്കള്‍ പെരുമാറുന്നകാഴ്ചയാണ് ഇന്ന് കാണുന്നത്. ഒരു നല്ല പുത്രന് ദൈവം തന്‍റെ അനുഗ്രഹങ്ങള്‍ ഈ ജീവിതത്തിലും നിത്യമായ സന്തോഷം വരാനിരിക്കുന്ന ജീവിതത്തിലും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ദുഷ്ടനായ ഒരു പുത്രന് ദൈവത്തില്‍ നിന്നുള്ള ശാപവും മനുഷ്യരുടെ ഇടയില്‍ നിന്നുള്ള അപമാനവും നരകശിക്ഷയും ലഭിക്കുമെന്ന് ദൈവം അരുളിച്ചെയ്തു.
നാലാം പ്രമാണം മാതാപിതാക്കളെ മാത്രമല്ല ഗുരുക്കന്മാരേയും പിതൃസ്ഥാനീയരേയും നിയോക്താക്കളേയും അനുസരിക്കണമെന്ന് ചൂണ്ടികാണിക്കുന്നു. നാലാം പ്രമാണം മാതാപിതാക്കളുടെ കര്‍ത്തവ്യങ്ങളും ഉള്‍കൊള്ളുന്നതാണ്. കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തുക, ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി മാറ്റുക നല്ല മാതൃക നല്‍കി പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക, അവരുടെ ദൈവവിളി ഏതാണെന്നു കണ്ടെത്തുക ഇവയെല്ലാം മാതാപിതാക്കളുടെ കര്‍ത്തവ്യങ്ങളാണ്. എഫേസോസ് 6ാം അദ്ധ്യായം 4ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു “പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍. മാത്രമല്ല ഒരു കുട്ടി വളരുകയാണെങ്കില്‍ അവന്‍ (അവള്‍) സഭയ്ക്കും സമൂഹത്തിനും കുടുംബത്തിനും മുതല്‍ക്കൂട്ടായി മാറുകയും വേണം.”
ഇന്നത്തെ തലമുറയില്‍ മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലേയ്ക്ക് തള്ളിവിടുകയും, ഒറ്റപ്പെടുത്തുകയും, അവഹേളിക്കുകയും ചെയ്യുന്നു. ദൈവത്തിനുമുന്പില്‍ അവന്‍ പാപിയാണ്. നമ്മെ വളര്‍ത്തി വലുതാക്കുന്ന മാതാപിതാക്കളോട് നമ്മളും ബഹുമാനിതരായിരിക്കണം. മാതാപിതാക്കളുടെ അനുഗ്രഹം ഒരാളുടെ ജീവിതത്തില്‍ സന്തോഷവും വിജയവുമാണ് എന്നാല്‍ മാതാപിതാക്കളുടെ ശാപം ഒരാളുടെ ജീവിതത്തില്‍ ഉണങ്ങാത്ത മുറിവുമാണ്.
ദൈവത്തിന്‍റേയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്നുവന്ന ഈശോയുടെ ജീവിതം നമുക്ക് മാതൃകയായിരിക്കട്ടെ മാതാപിതാക്കളെ ദൈവതുല്യരായി കാണുക. ജീവിതത്തിലുടനീളം ഈ പ്രമാണത്തിനധിഷ്ഠിതമായി ജീവിക്കുക. ഇക്കാര്യങ്ങള്‍ ഓരോരുത്തരും മനസ്സില്‍ സൂക്ഷിക്കുക.
Post A Comment:
0 comments: