ട്രീസ ജേക്കബ് അരിന്പൂര്, ഫാത്തിമ മാത യൂണിറ്റ്
ലോകത്തെ നന്നാക്കണം, നീതി, സമാധാനം അവസരസമത്വം എന്നിവ സര്‍വ്വത്ര പുലര്‍ത്തണം എന്നീ മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തീവ്രമായി യത്നിക്കുവാന്‍ യുവതലമുറ ആകാംക്ഷഭരിതരാണ്. പക്ഷേ ഇവ പ്രായോഗികമാക്കുവാന്‍ എളുപ്പമല്ല. അതിന് അനേകം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അത്യാഗ്രഹം, സ്വാര്‍ത്ഥത, ഇച്ഛാശക്തിയുടെ കുറവ് എന്നിവ ലക്ഷ്യങ്ങള്‍ക്ക് വിലങ്ങുതടികളാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ആക്കം കൊടുത്തുകൊണ്ടുള്ള ആധുനിക സമൂഹത്തിന്‍റെ കച്ചവട മനസ്ഥിതി ലക്ഷ്യങ്ങളെ കുറേക്കൂടി അപ്രാപ്യമാക്കുന്നു.
ഇവിടെയാണ് ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കേണ്ടത്. ലക്ഷ്യപ്രാപ്തിക്കായി യേശുവിനെ മാതൃകയാക്കണം. പിതാവിന്‍റെ ഇഷ്ടം നിറവേററിയ മകനെപ്പോലെ യുവജനങ്ങളും യേശുവില്‍ ആശ്രയിച്ച് ജീവിക്കണം. ഇന്നത്തെ യുവജനങ്ങളില്‍ കുറേപേരെങ്കിലും ദൈവത്തെ നിഷേധിച്ച് ലോകം കുത്തിപൊക്കുവാന്‍ ഭൗതിക ശക്തികളെ മാത്രം ആശ്രയിക്കുകയോ എല്ലാം ദൈവഹിതംവിധി എന്ന് നിശ്ചയിച്ച് നിഷ്ക്രിയരായിരിക്കുകയോ ചെയ്യുന്നു. സമൂഹം എങ്ങനെ തന്നെ വിലയിരുത്തും, വിമര്‍ശിക്കും എന്നൊന്നും ചിന്തിക്കരുത്. യുവതലമുറ യേശുവില്‍ വിശ്വസിച്ച് വിശ്വാസപൂര്‍വ്വം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഫലപ്രാപ്തിയില്‍ എത്തിച്ചേരും.
യുവജനത ഇന്ന് സമൂഹത്തില്‍ സന്തോഷം കണ്ടെത്തുന്നത് കന്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളിലാണ്. ഇവിടെ ദൈവീക വിശ്വാസം കുറഞ്ഞുവരുന്നു. ആധുനിക ലോകത്ത് ജീവിക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ ആവശ്യമാണ്. അതിന്‍റെ അതിപ്രസരം ആപത്ത് വരുത്തുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്പോള്‍ തെറ്റായ ഉപയോഗങ്ങള്‍ കുറയുന്നു. വിശ്വാസ തകര്‍ച്ചയാണ് യുവജനതയില്‍ കൂടുതല്‍ കണ്ടുവരുന്നത്. പണത്തിനുവേണ്ടിയുള്ള നെട്ടാട്ടത്തില്‍ പലരും കുറ്റവാളികളാകുന്നു. തെറ്റായ രീതിയില്‍ പണം സന്പാദിക്കാന്‍ യുവതലമുറ വ്യഗ്രത കാട്ടുന്നു. ഇവിടെയെല്ലാം ദൈവവിശ്വാസമുണ്ടെങ്കില്‍ നമ്മുടെ യുവതലമുറ വഴിതെറ്റില്ല. ലക്ഷ്യങ്ങള്‍ നേടുയെടുക്കുവാന്‍ നിതാന്ത പരിശ്രമവും ഈശ്വരവിശ്വാസവും മാത്രം മതി. ഭാവിയുടെ വാഗ്ദാനങ്ങളായ യുവതലമുറ വഴിപിഴച്ച് പോകാതിരിക്കാന്‍ നമുക്ക് ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.
Post A Comment:
0 comments: