Pavaratty

Total Pageviews

5,980

Site Archive

അന്ധരാക്കപ്പെടേണ്ടവര്‍

Share it:
ജോയി പുലിക്കോട്ടില്‍, വാ. ജോണ്‍ പോള്‍ യൂണിറ്റ്


യോഹന്നാന്‍റെ സുവിശേഷത്തില്‍ 9ാം അധ്യായം 41ാം വാക്യം ഇപ്രകാരം പറയുന്നു ‘‘യേശു അവരോട് പറഞ്ഞു അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കാണുന്നു എന്ന് നിങ്ങള്‍ പറയുന്നു. അതുകൊണ്ട് നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.” ഈ വചനത്തെ ഒന്ന് അപഗ്രഥിക്കുന്പോള്‍ കാണേണ്ടത് കാണാതിരിക്കുന്ന ഒരു സമൂഹം നമ്മുടെയിടയിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാഴ്ച ലഭിച്ച അന്ധന് യേശുവിനെ ദൈവപുത്രനായി കാണാന്‍ കഴിയുകയും കാഴ്ചയുള്ള ഫരിസേയര്‍ക്ക് പാപത്തില്‍ പിറന്നവനും പാപിയുമായി കാണാന്‍ ഇടയാവുകയും ചെയ്യുന്നു. ഇവിടെ ഫരിസേയരുടെ ആത്മീയാന്ധതയെയാണ് അവിടുന്ന് എടുത്തു പറയുന്നതെങ്കില്‍ ഇന്ന് നാമും ഒരു പരിധിവരെ ഈ ആത്മീയാന്ധതയുടെ അടിമകളാണ്.

വീണ്ടും തിരുവചനം പറയുന്നു ‘‘കണ്ണാണ് ശരീരത്തിന്‍റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. ദുഷിച്ചതെങ്കിലോ ശരീരം മുഴവന്‍ ഇരുണ്ടുപോകും. (ലൂക്ക 11:34) അപ്പോള്‍ കാഴ്ചയുണ്ട് എന്ന് പറയുന്നതിലുപരി കുറ്റമറ്റതാണോ കാണുന്നത് എന്ന് ഉറപ്പു വരുത്തണം. അതായത് കാണേണ്ടത് കാണാനും കാണാതിരിക്കേണ്ടതിനെ കാണാതിരിക്കാനുമുള്ള കഴിവ് നാം ഉണ്ടാക്കിയെടുക്കണം. കണ്ണുള്ളതുകൊണ്ട് എല്ലാം കാണേണ്ട ആവശ്യമില്ല. എന്നാല്‍ കാണേണ്ടത് കാണണം. വഴിയില്‍ അപകടത്തില്‍പെട്ട വ്യക്തിയെ സമയമില്ല എന്ന പേരില്‍ കാണാതെ കടന്നുപോകുന്നത്, മാതാപിതാക്കളെ പരിചരിക്കാതിരിക്കുന്നത്, തുടങ്ങി അങ്ങനെ നീണ്ടുപോകുന്നു ഈ പട്ടിക.

ഇന്ന് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ തിന്മ പ്രവര്‍ത്തിക്കുന്നത് കണ്ണുള്ളതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് യേശു പറഞ്ഞത് ഞങ്ങള്‍ കാണുന്നു എന്ന് പറയുന്നതുകൊണ്ട് നിങ്ങളില്‍ പാപം നിലനില്‍ക്കുന്നുവെന്ന്. തിന്മയുടെ വലിയ ഒരു ഭാഗം നമ്മിലേയ്ക്ക് കണ്ണിലൂടെ പ്രവേശിച്ച് ഹൃദയത്തിലും മനസ്സിലും അടയിരിക്കുന്നു. അതുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും പ്രതിജ്ഞയെടുക്കേണ്ടത് എന്‍റെ കണ്ണിനെ നന്മകാണാന്‍ മാത്രം ഇടവരുത്തേണമേയെന്നാണ്. അതിന് ഉപോല്‍ബലകമാണല്ലോ താഴെ പറയുന്ന വരികള്‍

‘‘അന്യരില്‍ നന്മകാണാന്‍
കണ്ടു സന്തോഷിച്ചീടാന്‍
എന്നകക്കാന്പിലങ്ങേ
വെളിച്ചം തരേണമേ” അതിനാല്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന നമുക്ക് ഈ വെളിച്ചത്തിനായി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും ചെയ്യാം. ഉണ്ണിയേശുവിന്‍റെ പിറവിയിലൂടെ അന്ധകാരം നിറഞ്ഞ കാലിത്തൊഴുത്ത് പ്രകാശമയമായതുപോലെ, ആട്ടിടയര്‍ കാലിത്തൊഴുത്തില്‍ വലിയ ഒരു വെളിച്ചം കണ്ടതുപോലെ, ഉണ്ണിയെ നമ്മുടെ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് നമുക്കും നമ്മുടെ ഹൃദയവും പ്രകാശപൂരിതമാക്കാം. അങ്ങനെ നമ്മുടെ ഹൃദയത്തിലെ അന്ധകാരം നീങ്ങുന്പോള്‍ നമ്മുടെ കണ്ണുകള്‍ക്ക് ശരിയായ കാഴ്ച ലഭിക്കും.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: