പെസഹാവ്യാഴാഴ്ച ഏപ്രില്‍ 2. പാപ്പാ ഫ്രാന്‍സിസ് റോമിലെ റെബീബിയ ജയില്‍ വാസികളുടെ കാലുകഴുകി. അവര്‍ക്കൊപ്പം തിരുവത്താഴ ബലിയര്‍പ്പിച്ചു.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ക്രിസ്തു ശിഷ്യന്മാരോടൊത്ത് പെസഹാ ആചരിക്കുന്നതിന് ജരൂസലേമിലെ മേല്‍മുറിയില്‍ പന്തിയിരുന്നു. ഈ സംഭവത്തില്‍ സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ ഒരു വചനമുണ്ട്. ‘ഈ ലോകത്ത് തനിക്ക് സ്വന്തമായവരെ അവിടുന്നു സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു’ (യോഹ. 13, 1).
ക്രിസ്തു നമ്മെ സ്നേഹിച്ചു. എപ്പോഴും അധികമായും കലവറയില്ലാതെയും സ്നേഹിച്ചു. ജീവിതത്തില്‍ ചിലരെങ്കിലും സ്നേഹിച്ചു മടുക്കാറുണ്ട്. എന്നാല്‍ ജീവന്‍ നല്കുമാറ് ക്രിസ്തു നമ്മെ സ്നേഹിച്ചു. അത്രയേറെ അവിടുന്നു ലോകത്തെ സ്നേഹിച്ചു. നിങ്ങള്‍ക്കും എനിക്കുംവേണ്ടി - ലോകത്ത് ഊരും പേരുമുള്ള സകലരെയും തിരിച്ചറിഞ്ഞ്, ഏറെ വ്യക്തിപരമായി അവിടുന്നു സ്നേഹിച്ചു. അവിടുത്തെ സ്നേഹം അത്ര വ്യക്തിപരമാണ്. നമ്മെ ഒരിക്കലും നിരാശരാക്കാത്തതാണ് ഈ സ്നേഹം. കാരണം അവിടുന്ന് നമ്മെ സ്നേഹിക്കാത്ത നിഷങ്ങളില്ല. അതുപോലെ അവിടുന്ന് നമ്മോടു ക്ഷമിക്കുന്നു. നമ്മെ അവിടുന്ന് ആശ്ലേഷിക്കുന്നു. മരണംവരെ ക്രിസ്തു നമ്മെ സ്നേഹിച്ചു, എന്നകാര്യം വ്യക്തമായും ശക്തമായും നമ്മുടെ മനസ്സുകളില്‍ പതിയേണ്ടതാണ്.
പെസഹാനാളില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എന്നത് സുവിശേഷങ്ങള്‍ വെളിപ്പെടുത്തുന്ന സത്യമായ സംഭവമാണ്. അക്കാലഘട്ടത്തില്‍ കാലുകഴുകല്‍ ഭവനങ്ങളില്‍ പതിവായിരുന്നു. കാരണം അവികസിതമായ പലസ്ഥീനിയന്‍ പ്രദേശങ്ങളിലെ വഴികളിലൂടെ നടന്നെത്തുന്ന വ്യക്തിയുടെ പാദങ്ങളില്‍ ധാരാളം പൊടിയും അഴുക്കും പുരളുന്നത് വളരെ സ്വാഭാവികവും സാധാരണവുമായിരുന്നു. അതുകൊണ്ട് ഭവനത്തിന്‍റെ ഉമ്മറത്തുവച്ചോ തിരുമിറ്റത്തവച്ചോ വീട്ടിലെത്തുന്നവരുടെ പാദങ്ങള്‍ കഴുകിയാണ് ഭവനത്തിലേയ്ക്ക് സ്വീകരിച്ചിരുന്നത്, പ്രവേശിച്ചിരുന്നത്. ഒരു വ്യത്യാസം മാത്രം - അക്കാലത്ത് അടിമകളാണ് അല്ലെങ്കില്‍ ദാസന്മാരോ ദാസിമാരോ ആയിരുന്നു അതിഥികളുടെ അല്ലെങ്കില്‍ വീട്ടുടമസ്ഥന്‍റെയോ വീട്ടുകാരുടെയോ കാലുകഴുകിയിരുന്നത്. എന്നാല്‍ അന്ത്യത്താഴ വിരുന്നില്‍ അടിമയുടെ സ്ഥാനത്ത് ക്രിസ്തുവാണ് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്. എന്നിട്ട് അവിടുന്ന് അവരോടു പറഞ്ഞു. ഞാനീ ചെയ്യുന്നതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലാവുകയില്ല. എന്നാല്‍ പിന്നീട് നിങ്ങള്‍ക്കു മനസ്സിലാകും. സ്വയം അടിമയാക്കാന്‍ വേണ്ടുവോളം ക്രിസ്തു ചെറുതാവുകയും, മനുഷ്യരെ സ്നേഹിക്കുയും ചെയ്തു. അവിടുന്ന് സ്വയം അടിമയാകുന്നത് മനുഷ്യകുലത്തെ ശുശ്രൂഷിക്കുവാനും സൗഖ്യപ്പെടുത്തുവാനും, ശുചീകരിക്കുവാനുമാണ്.
ഇന്ന് പെസഹാനാളില്‍ 12 പേരുടെ കാലുകഴുകള്‍ കഴുകുമ്പോള്‍ ലോകത്തുള്ള, സകലരുടേയും പാദങ്ങള്‍ കഴുകിക്കൊണ്ട് നമ്മെ വിശുദ്ധീകരിക്കുകയും, ക്രിസ്തുവിന്‍റെ സഭയുടെ മാതൃസ്നേഹം ലോകത്ത് യാഥാര്‍ത്ഥ്യമാക്കുകയും പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്. ഏശയാ പ്രവാചകന്‍ പറയുന്നതുപോലെ, ‘അമ്മ സ്വന്തം കുഞ്ഞിനെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല’ ഏശയ 49, 15) അത്രത്തോളമാണ് ദൈവത്തിന് മനുഷ്യരോടുള്ള വാത്സല്യം. പെസഹായുടെ ആരാധനക്രമത്തില്‍ 12 പേരുടെ പാദങ്ങള്‍ കഴുകുമ്പോള്‍ ലോകത്ത് സകലരുടെയും പാദങ്ങളാണ് കഴുകപ്പെടുന്നത്.
ദാസന്‍റെ വിനീത രൂപത്തിലും ഭാവത്തിലും നിങ്ങളുടെ പാദങ്ങള്‍ കഴുകുവാനും ശുശ്രൂശിക്കുവാനും തന്നെ യോഗ്യനാക്കുന്നതിന് കര്‍ത്താവിന്‍റെ സഭയെ ദാസരൂപത്തില്‍ സേവിക്കുവാനുള്ള കൃപ തനിക്കു തരണമേ, എന്ന് പ്രാര്‍ത്ഥിക്കണമെന്ന് ജയില്‍ വാസികളോടും, അവിടത്തെ അധികൃതരോടും സന്നിഹിതരായ അഭ്യൂദയകാംക്ഷികളോടും അഭ്യാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് റോമിലെ റെബീബിയ ജയിലിലെ അന്തേവാസികളോടുള്ള പ്രഭാഷണം ഉപസംഹരിച്ചത്.
Post A Comment:
0 comments: