Pavaratty

Total Pageviews

5,987

Site Archive

പ്രിയമുള്ളവരെ,

Share it:
           പ്രിയമുള്ളവരെ,



                        2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ സാര്‍വ്വത്രിക സഭ വിശ്വാസവര്‍ഷമായി ആചരിക്കുകയാണല്ലോ... വിശ്വാസത്തിന്‍റെ വാതില്‍  (ജീൃമേ എശറലശ) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പയും വിശ്വാസകാര്യാലയവും വിശ്വാസവര്‍ഷത്തെക്കുറിച്ച് നമ്മെ ഉദ്ബോധിപ്പിക്കുന്നു. തൃശ്ശൂര്‍ അതിരൂപതയില്‍ ഇതേ കാലഘട്ടം പ്രാര്‍ത്ഥനക്കുകൂടി ഊന്നല്‍ നല്‍കിക്കൊണ്ട് വിശ്വാസവര്‍ഷം  പ്രാര്‍ത്ഥനാ വര്‍ഷം ആയി ആചരിക്കുകയാണ്.
           പഴയ നിയമത്തില്‍ ഹീബ്രുവിലെ ആമാന്‍(മാമി) എന്ന മൂല പദമാണ് വിശ്വാസത്തെ സൂചിപ്പിക്കുന്നത്. ഉറച്ചത്, ദൃഢതരമായത് എന്നൊക്കെയാണ് ഈ വാക്കിനര്‍ത്ഥം. സത്യമായത് എന്നും ഇതിനര്‍ത്ഥമുണ്ട്. ദൈവത്തെയും ദൈവം നിയോഗിച്ച നേതാക്കളേയും അചഞ്ചലമായി അംഗീകരിച്ച് ആദരിക്കുക എന്ന അര്‍ത്ഥത്തിലാണ് പഞ്ചഗ്രന്ഥി വിശ്വാസത്തെ വിവക്ഷിക്കുന്നത് (പുറ 4:5, 8, 31; 19:9). ആമാന്‍ (മാമി) എന്ന മൂലത്തിന്‍റെ നാമരൂപമായ എമുനാഹ് (ലാൗിമവ) എന്ന പദത്തിന് സ്ഥിരത, ഉറപ്പ് എന്നൊക്കെയാണര്‍ത്ഥം (പുറ 17:12). ദൈവം വിശ്വസ്തനാകയാല്‍ വിശ്വാസത്തിലൂടെ മനുഷ്യര്‍ക്ക് സുരക്ഷിതത്വം ലഭിക്കുന്നു (സങ്കീ 36:6) എന്ന ചിന്ത വിശ്വാസത്തിന്‍റെ അനുബന്ധ ദര്‍ശനമാണ്. നീതിമാന്‍ തന്‍റെവിശ്വാസം മൂലം ജീവിക്കുമെന്ന കാഴ്ചപ്പാടും (ഹബ 2:4) ഈ ദര്‍ശനത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. പുതിയ നിയമത്തിലാകട്ടെ, പിസ്തേവുഓ (വിശ്വസിക്കുക), പിസ്തിസ് (വിശ്വാസം) എന്നീ ഗ്രീക്കുപദങ്ങളാണ് വിശ്വാസത്തെ വിവക്ഷിക്കാന്‍ ഉപയോഗിക്കുന്നത്.
           പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് വിശ്വാസം (ഹെബ്രാ 11:1). തന്മൂലം വിശ്വാസത്തിന് തെളിവുകള്‍ തേടുന്നത് അവിശ്വാസത്തിന്‍റെ തെളിവാണ്. തെളിവുകളാല്‍ മാത്രം ബോധ്യപ്പെടുന്നവ വിശ്വാസത്തിന്‍റെ വിഷയമല്ല. വിശ്വാസം ദൈവഹിതത്തോടുള്ള സന്പൂര്‍ണ്ണ വിധേയത്വമാണ്. അവിടുത്തെ തിരുഹിതം അവിടുന്ന് തിരുമനസ്സാകുന്ന വിധത്തിലും സമയത്തിലും സംഭവിക്കുന്നതിനായി കാത്തിരിക്കാനുള്ള സന്നദ്ധതയാണു വിശ്വാസം. ഒരു പുരുഷായുസ്സ് മുഴുവന്‍ പുത്രനുവേണ്ടി കാത്തിരുന്ന അബ്രാഹം വിശ്വാസത്തിന്‍റെ പിതാവായി പരിഗണിക്കപ്പെടുന്നത് ന്യായവും യുക്തവുമാണ്. സ്വന്തം സ്വപ്നങ്ങളുടെ ചിതയില്‍ ചിറകു കരിഞ്ഞുവീഴാന്‍ വിധിക്കപ്പെടുന്പോഴും ഇടറാത്ത പാദങ്ങളോടും പതറാത്ത മനസ്സോടുംകൂടി അപരിമേയന്‍റെ അനന്ത പരിപാലനയില്‍ അടിയുറച്ചു നില്‍ക്കാനുള്ള ആത്മബലമാണ് വിശ്വാസം. കാല്‍വരിയുടെ നെറുകയിലും പതറാതെ നിന്ന കര്‍ത്താവിന്‍റെ ദാസിയെ വിശ്വാസത്തിന്‍റെ മാതാവും മാതൃകയുമായി വാഴ്ത്തുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.
           സഭയുടെ പ്രബോധനങ്ങളെ അവഗണിച്ചുകൊണ്ടും വി. ഗ്രന്ഥവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും പല അബദ്ധ പ്രബോധനങ്ങളും അടുത്ത കാലത്തായി പ്രചരിച്ചുതുടങ്ങിയിട്ടുള്ള വിവരം നമുക്ക് അറിയാമല്ലോ. സ്പിരിറ്റ് ഇന്‍ ജീസസ്സ്, എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റ്, ആത്മാഭിഷേക സഭ, അപ്പര്‍ റൂം തുടങ്ങിയ വിഘടിത വിഭാഗങ്ങള്‍ അവയില്‍ ചിലതാണ്. ഇവയ്ക്കെതിരെ നമുക്ക് ജാഗ്രത പുലര്‍ത്താം...
               സഭ വിശ്വസ്തതാപൂര്‍വ്വം കൈമാറിയ ദൈവവചനവും യേശു ശിഷ്യന്മാര്‍ക്ക് ഭക്ഷണമായി നല്‍കിയ ജീവന്‍റെ അപ്പവുംകൊണ്ട് നമ്മെത്തന്നെ പോഷിപ്പിക്കാനുള്ള താല്‍പര്യം നാം വീണ്ടും കണ്ടെത്തണം (വിശ്വാസത്തിന്‍റെ വാതില്‍ 3). ദൈവികദാനമായ വിശ്വാസം വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കടപ്പാടുണ്ട്.  രണ്ടു സഹസ്രാബ്ദങ്ങളായി വിശ്വാസത്തിനെതിരേ ഉയര്‍ന്ന വെല്ലുവിളികള്‍ അതിജീവിച്ച സഭയ്ക്ക് സമകാലിക പ്രതിസന്ധികളും കര്‍ത്താവിന്‍റെ കൃപയാല്‍ വിജയകരമായി തരണം ചെയ്യാനാകും. കര്‍ത്താവിന്‍റെ മഹത്ത്വപൂര്‍ണ്ണമായ രണ്ടാമത്തെ ആഗമനം വരെ ഭൂമിയില്‍ സത്യവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ക്രിസ്തുനാഥന്‍ തിരുസഭയെ ഭരമേല്‍പിച്ചത്. അപ്പസ്തോലന്മാരുടേയും അവരുടെ പിന്‍ഗാമികളുടെയും സത്യപ്രബോധനത്താലും രക്തസാക്ഷികളുടെ ചുടുനിണത്താലും പരിപോഷിപ്പിക്കപ്പെട്ട സഭ അനേകം വിശുദ്ധാത്മാക്കളുടെ പുണ്യജീവിതത്തിലൂടെ ഈ ദൗത്യം തുടരുന്നു. വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങള്‍ അറിയുന്നതിനും പ്രസ്തുത വിശ്വാസം വ്യാഖ്യാനിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ദാനമായി ലഭിച്ച കത്തോലിക്കാ വിശ്വാസത്തിന് നന്ദി പറയാനും അതില്‍ അടിയുറച്ചു നില്‍ക്കാനും അതിനു സജീവ സാക്ഷ്യം നല്‍കാനും നമുക്കു സാധിക്കണം.
                                                                        സ്നേഹപൂര്‍വ്വം
                                                                        സ്റ്റാന്‍ലിയച്ചന്‍


Share it:

EC Thrissur

No Related Post Found

Post A Comment:

0 comments: