ക്രിസ്തുവിന്‍റെ വാക്കനുസരിച്ച് അവിടുത്തെ അനുഗമിക്കുന്നവര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 11ന് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്കിയ വചന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍റെ മുഖ പത്രം ഒസ്സെര്‍വാത്തോരെ റൊമാനോയിലെ ചില ജീവനക്കാരാണ് വ്യാഴാഴ്ച മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നത്. ദൈവസ്വരം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുമ്പോള്‍ ആന്തരീക സ്വാതന്ത്ര്യം അനുഭവിക്കാന്‍ നമുക്കു സാധിക്കുമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. “നിങ്ങളുടെ വാക്കുകളല്ല, യേശു ക്രിസ്തുവിനേയാണ് ഞാന്‍ അനുസരിക്കുക” എന്ന് പ്രഖ്യാപിച്ച വി.പൗലോസ് അപ്പസ്തോലന്‍റെ ധീരത ക്രൈസ്തവര്‍ക്ക് മാതൃകയാകണമെന്ന് പറഞ്ഞ മാര്‍പാപ്പ, ക്രിസ്തു സന്ദേശത്തില്‍ നിന്ന് വിരുദ്ധമായ ലോകത്തിന്‍റെ സ്വരം ഇന്നും നമ്മുടെ കാതുകളിലെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ലോകം ആവശ്യപ്പെടുന്നതും ക്രിസ്തു ആവശ്യപ്പെടുന്നതും ഒരുപോലെ അനുസരിക്കാന്‍ നമുക്ക് സാധിക്കില്ല. അപ്രകാരം ചെയ്യാന്‍ ശ്രമിച്ചാല്‍ കാപട്യത്തിലേക്ക് നാം വീണുപോകുമെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. അതേ സമയം, ലോകത്തിന്‍റെ സ്വരം അവഗണിച്ച് ക്രിസ്തുവിന്‍റെ സ്വരം ശ്രവിച്ചു ജീവിച്ചാല്‍ ലോകം നമ്മെ ദ്വേഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. ക്രിസ്തുവിനെ അനുഗമിക്കുന്നതിന്‍റെ പേരില്‍ ഇന്നും നിരവധി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം ജീവന്‍ നല്‍കികൊണ്ടുപോലും ക്രിസ്തുവിനെ അനുഗമിക്കാന്‍ തയ്യാറാകുന്ന ക്രൈസ്തവരുടെ ധീരോചിതമായ മാതൃക മാര്‍പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. ക്രിസ്തുവിന്‍റെ മാര്‍ഗം ഉപേക്ഷിച്ച് ലോകത്തിന്‍റെ സ്വരം ശ്രവിച്ചു ജീവിക്കാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും യഥാര്‍ത്ഥ ആനന്ദം നമുക്കു നല്‍കുകയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുവിനെ അനുഗമിക്കാന്‍ നമുക്കൊരു സഹായകനുണ്ട്. പിതാവായ ദൈവം നല്കിയ സഹായകനായ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കാനും അവിടുത്തെ അനുഗമിക്കാനും നമ്മെ സഹായിക്കുന്നു. ‘ധൈര്യത്തിന്‍റെ കൃപയ്ക്കായി’ പ്രാര്‍ത്ഥിക്കാനും, “കര്‍ത്താവേ, പാപിയായ ഞാന്‍ പലപ്പോഴും ലോകത്തിന്‍റെ സ്വരം ശ്രവിച്ച് അങ്ങില്‍ നിന്നകന്നു പോയിട്ടുണ്ട്. എന്നാല്‍ അങ്ങയെ അനുസരിക്കാനും അനുഗമിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,” എന്ന് ദൈവത്തോടു യാചിക്കാനും മാര്‍പാപ്പ വിശ്വാസ സമൂഹത്തെ ക്ഷണിച്ചു. നല്ലവനായ ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് നമ്മെ സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.
Navigation
Post A Comment:
0 comments: