ധാര്‍മ്മികമായ മൂല്യങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ക്രിസ്തുവിന്‍റെ സാക്ഷികളായി ജീവിക്കാനുള്ള ഉത്തരവാദിത്വം ഒരോ ക്രിസ്ത്യാനിക്കുമുണ്ട്. നമുക്കറിയാം, സമൂഹത്തിന്‍റെ അടിസ്ഥാനമെന്നുപറയുന്നത് വ്യക്തിയും ആ വ്യക്തി ഉള്‍കൊള്ളുന്ന കുടുബവുമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്‍റെ നവീകരണം ആരംഭിക്കേണ്ടതും കുടുംബത്തില്‍ നിന്നാണ്.
നസ്രത്തിലെ തിരുകുടംബത്തിന്‍റെ മാതൃക ഉള്‍കൊണ്ടുകൊണ്ട് ഓരോ മാതാപിതാക്കളും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ദൈവേഷ്ടമനുസരിച്ച് കൃത്യമായും ആത്മാര്‍ത്ഥമായും നിര്‍വ്വഹിക്കണം. ഇന്ന് ഭൂരിഭാഗം മാതാപിതാക്കളും അവരുടേതായ ജോലി തിരക്കുകളിലാണ്. കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും കുടുംബത്തിന്‍റെ സാന്പത്തിക ഭദ്രതയും മാത്രമാണ് അവരുടെ ലക്ഷ്യം. അതിന്‍റെ ഫലമാണ് സംസ്കാരശൂന്യമായ കൗമാരവും യുവത്വവും. മാതാപിതാക്കള്‍ക്ക് മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല. അതുകൊണ്ട് എല്‍. കെ. ജി. മുതലേ കുട്ടിക്ക് ട്യൂഷനാണ്. ക്രിസ്തീയ ഭക്ത്യഭ്യാസത്തിന്‍റെ അടിസ്ഥാനമായ കുരിശുവരയും, സ്വര്‍ഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ എന്ന കര്‍ത്തൃപ്രാര്‍ത്ഥനയും അറിയാത്ത കുട്ടികള്‍ നമ്മുടെ ഇടവക കുടുംബത്തിലുണ്ട് എന്നത് ഏറെ ഖേദകരമാണ്. കുടുംബപ്രാര്‍ത്ഥനയും വി. കുര്‍ബാനയും ഇല്ലാത്ത കുടുംബങ്ങളും കുറവില്ല.
എല്ലാ മാതാപിതാക്കളും തിരുകുടംബത്തിലെ വി. യൗസേപ്പിതാവിനേയും, പരി. കന്യകാമറിയത്തേയും മാതൃകയാക്കി വേണം ജീവിക്കാന്‍. ദൈവത്തിന്‍റെ മുന്നില്‍ കുടുംബത്തെ പ്രതിനിധീകരിക്കുന്നവനാണ് കുടുംബനാഥന്.പ്രാര്‍ത്ഥനയില്‍ കുടുംബത്തിനുവേണ്ടി അദ്ധ്വാനിക്കുവാനും കുടുംബത്തെ വിശ്വാസദൃഢതയില്‍ ആത്മീയമായി നയിക്കുവാനുമുള്ള ഉത്തരവാദിത്തം ഓരോ കുടംബനാഥനുമുണ്ട്. ഓരോ മാതാവും തിരുകുടംബത്തിലെ പരി. കന്യകയെ മാതൃകയാക്കണം. ദൈവിക കാര്യങ്ങളില്‍ മക്കളെ കൂടുതല്‍ അറിവുള്ളവരാക്കേണ്ടത് അമ്മമാരാണ്. അവരെ കുരിശുവരയ്ക്കാന്‍ പഠിപ്പിക്കേണ്ടതും, പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ പഠിപ്പിക്കേണ്ടതും, അവര്‍ക്കാവശ്യമായ സ്നേഹവും ലാളനയും ഒപ്പം ശിക്ഷണവും നല്‍കേണ്ടതും അമ്മമാരാണ്. കുടുംബത്തിനുവേണ്ടി കണ്ണുനീരോടെ ദൈവത്തിന്‍റെ മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും ഒരു അമ്മ പരിശ്രമിക്കണം. അതുകൊണ്ട് പ്രിയ മാതാപിതാക്കളെ നസ്രത്തിലെ തിരുകുടംബ മാതൃകയില്‍ നമുക്ക് ജീവിക്കാന്‍ പരിശ്രമിക്കാം.
നിങ്ങളുടെ സ്വന്തം
ഫാ. ആന്‍റണി അമ്മുത്തന്‍
Post A Comment:
0 comments: