ഖലീല്‍ ജിബ്രാന്‍റെ ദ പ്രൊഫറ്റ് (The Propht) എന്ന നോവലിന്‍റെ മലയാളം പരിഭാഷയില്‍ പ്രവാചകന്‍ അല്‍മിത്രയോട് പറയുന്നു “നീ വസ്ത്രം നെയ്യുകയാണെങ്കില്‍ ഹൃദയത്തില്‍ ഊടും പാവുംകൊണ്ട് നെയ്യുക; അത് പ്രണയിനിക്ക് ധരിക്കാനുള്ളതാണ് എന്ന ചിന്തയോടെ.” (Ref: ഉമ്മര്‍ തറമേല്‍, പ്രവാചകന്‍ പരിഭാഷ)
മെയ് മാസം തൊഴിലാളികളെ അനുസ്മരിക്കുകയും തൊഴിലിന്‍റെ മാഹാത്മ്യത്തെക്കുറിച്ചും വിചിന്തനം നടത്തുകയും ചെയ്യുന്ന മാസം. മെയ് 1ാം തിയ്യതി ലോക തൊഴിലാളി ദിനമായും നാം ആചരിക്കുന്നു. എല്ലാ തൊഴിലിനും അതതിന്‍റെ മാഹാത്മ്യം ഉണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങളും എഴുതുന്ന പേനകളും എത്രയെത്ര തൊഴിലാളികളുടെ പ്രവര്‍ത്തനഫലമാണ്. അനേകം പേരുടെ കരങ്ങളാണ് ഇവയ്ക്കു പുറകിലെന്ന് മനസ്സിലാക്കുന്പോള്‍ നിര്‍ഗ്ഗളിക്കുന്നത് നന്ദിയുടെ ഈരടികള്‍ മാത്രം.
ഒരു വിഭാഗം തൊഴിലാളികള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നാല്‍, സാധാരണ ജീവിതം താറുമാറിലാകും. ശാരീരിക അദ്ധ്വാനം ചെയ്യുന്നവനും മാനസിക അദ്ധ്വാനം ചെയ്യുന്നവനും ഒന്നുപോലെ മുന്നോട്ടു നീങ്ങിയാലെ സമൂഹത്തിന്‍റെ ഭദ്രത നിലനില്‍ക്കൂ. പരസ്പരം അംഗീകരിക്കേണ്ടതും അനിവാര്യം തന്നെ. ഇവിടെ മാതൃകയായി ഈശോ നാഥന്‍ നമുക്ക് മുന്പിലുണ്ട്. മീന്‍ പിടുത്തക്കാരേയും വല നന്നാക്കുന്നവരേയും തന്‍റെ അനുയായികളാക്കിയ അവിടുന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതും വിവിധങ്ങളായ തൊഴിലുകളുടെ മഹാത്മ്യത്തെയാണ്; അവരെ അംഗീകരിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചാണ്. നമ്മുടെ കീഴില്‍ വരുന്ന തൊഴിലാളികളോട് സ്നേഹപൂര്‍വ്വവും നീതിപൂര്‍വ്വവും പ്രവര്‍ത്തിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.
പ്രിയ തൊഴിലാളി സഹോദരങ്ങളെ, നാം ചെയ്യുന്ന തൊഴിലുകളുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടതുണ്ട്. നമ്മെ ഭരമേല്‍പിക്കുന്ന തൊഴിലുകള്‍ ആത്മാര്‍ത്ഥതയോടെ ഹൃദയത്തിന്‍റെ നിറവില്‍ ചെയ്യുവാന്‍ പരിശ്രമിക്കണം. നമുക്ക് പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനമാണ് നമ്മുടെ അദ്ധ്വാനഫലങ്ങള്‍ എന്ന് കരുതിയാല്‍ സന്തോഷത്തോടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വ്യാപരിക്കുവാന്‍ നമുക്ക് സാധിക്കും. ആരംഭത്തില്‍ ഉദ്ധരിച്ച നോവലിലെ പ്രവാചകന്‍റെ ശബ്ദത്തെ നമുക്കും ചെവികൊള്ളാം.
അദ്ധ്വാനിക്കുവരേയും ഭാരം ചുമക്കുന്നവരേയും ആശ്വസിപ്പിക്കുന്ന കര്‍ത്താവില്‍ നമുക്ക് അഭയം തേടാം. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പ് പുണ്യവാളാ ഞങ്ങള്‍ക്കായി അവിടുത്തെ തിരുക്കുമാരന്‍റെ പക്കല്‍ മാദ്ധ്യസ്ഥം വഹിക്കണമേ.
സ്നേഹപൂര്‍വ്വം
സിന്‍റോച്ചന്‍
Post A Comment:
0 comments: