Pavaratty

Total Pageviews

5,984

Site Archive

താരകങ്ങള് കണ്ണു ചിമ്മിയ രാവില്

Share it:
ഐശ്വര്യ പിന്റോ., ഗുഡ് ഷെപ്പര്ഡ് യൂണിറ്റ് 


ടോണി നിര്വ്വികാരനായി ആര്ത്തിരന്പുന്ന കടല്ത്തിരകളിലേയ്ക്ക് മിഴി പായിച്ചു നിന്നു. കടപ്പുറത്ത് ശാന്തമായി നിലകൊള്ളുന്ന പള്ളിയില് നിന്നൊഴുകിവരുന്ന അരണ്ട വെളിച്ചം തിരമാലകളില്ത്തട്ടിച്ചിതറുന്ന കാഴ്ചയുടെ സൗന്ദര്യം, മുന്പെന്നപ്പോലെ അയാള്ക്കാസ്വദിക്കാന് കഴിഞ്ഞില്ല. ഇരുന്പഴിക്കുള്ളിലെ നീണ്ട പന്ത്രണ്ടുവര്ഷം!
ഓര്മ്മകള്, ചിതല്പുറ്റുപൊട്ടിച്ച് പുറത്തേയ്ക്ക് ചാടാന് വെന്പുന്ന കീടങ്ങള് കണക്കെ മനസ്സിലേയ്ക്കോടി വരുന്നു. അരുത്; ആഴിയുടെ മടിത്തട്ടിലേയ്ക്ക് ജീവനൊടുക്കാന് വെന്പുന്നവനിനി ഒരു തിരിഞ്ഞുനോട്ടമെന്തിന്? പക്ഷേ വയ്യാ... അതെ ഇന്ന് ആഗസ്റ്റ് 15. നാട്ടിലെങ്ങും സ്വാതന്ത്യ്രപുലരിയുടെ ഹര്ഷാരവങ്ങളുണര്ത്തുന്ന ഈ ദിനം തനിക്കുമാത്രമെങ്ങനെ ഇത്രമാത്രം വെറുക്കപ്പെട്ടതായി? ചാറ്റല്മഴയുടെ ഇരന്പല് ആയാള് കേട്ടു. ചിന്തകളെ അലോസരപ്പെടുത്തിയ ആ മഴയില് റാണിയുടെ കരസ്പര്ശം അയാള് അറിഞ്ഞു. റാണിയെക്കുറിച്ച് പറയുന്നതിനുമുന്പ് ക്ലാരയെക്കുറിച്ച് പറയണം. ശ്ശെ, താനെന്താ ഇങ്ങനെ! ക്രമം തെറ്റിച്ച് പാഞ്ഞുവരുന്ന ഓര്മ്മകളെ മെരുക്കിയെടുക്കാന് അയാള് നന്നേ പണിപ്പെട്ടു.
നാല്പതുകളില് നിന്ന് ഇരുപത്തിയഞ്ചിലേയ്ക്കുള്ള ആ യാത്രയില് അയാള്ക്ക് കാണാന് സാധിച്ചത് യുവത്വത്തിന്റെ ലഹരിയില് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന, പൂ പറിക്കുന്ന ലാഘവത്തോടെ പണത്തിനുവേണ്ടി മനുഷ്യക്കുരുതി നടത്തുന്ന ഗുണ്ടാസംഘത്തിലെ വീറുറ്റ പോരാളിയായിരുന്ന തന്റെ മുഖമായിരുന്നു. മനുഷ്യത്വം പോലും അന്യം നിന്ന നാളുകളില്, കയ്യിലും മുഖത്തും തെറിക്കുന്ന നിരപരാധികളുടെ ചുടുചോര ഹൃദയത്തെ പൊള്ളിക്കാതിരിക്കാന്, സിരകളൊഴിക്കാന് ആവര് നിര്ലോഭം  വാങ്ങിത്തരുന്ന മയക്കുമരുന്നുകള്. ഒരു പക്ഷേ ഈ നിരപരാധികളുടെ  ശാപം കൊണ്ടാകാം, താനതറിഞ്ഞത് ബ്ലഡ് കാന്സര്! രക്ഷപ്പെടുക അസാദ്ധ്യം.
നഷ്ടപ്പെടുന്ന യുവത്വത്തിന്റെ ഓജസ്സിനേക്കാളും അയാളെ അന്പരപ്പിച്ചത് ചുറ്റുമുള്ളവരിലെ മാറ്റമാണ്. ഒടുവില് ബോസ് മുകത്തുനോക്കി പറയുകതന്നെ ചെയ്തു, പണിയെടുക്കാന് വയ്യാത്ത ചാവാലിപ്പട്ടിയെ തീറ്റിപ്പോറ്റേണ്ട ആവശ്യം അവര്ക്കില്ലെന്ന്. ഒരു ഭ്രാന്തനെപ്പോലെ ആയിത്തീര്ന്ന തന്നെ അവര് അടിച്ചിറക്കി. ദയതോന്നിയ ഒരുത്തന് തന്നെ പെരുന്പാവൂരിലുള്ള മേഴ്സിഹോമില് കൊണ്ടുചെന്നാക്കി.
ആത്മാവിലും ശരീരത്തിലും രോഗത്തിന്റെ പുഴുക്കുത്തേറ്റ തന്നെ ജീവിതത്തിലേയ്ക്ക് തിരകെ കൊണ്ടുവന്ന മാലാഖയായിരുന്നു മേഴ്സിഹോമിലെ ക്ലാര. ലഹരിയ്ക്കെതിരെയുള്ള ബോധവല്ക്കരണത്തിലൂടെയും സ്നേഹപരിചരണത്തിലൂടെയും മറ്റും, താളം തെറ്റിതുടങ്ങിയ തന്റെ മനസ്സിനേയും തന്നില് നിന്ന് എന്നോ നഷ്ടപ്പെട്ടു എന്ന് താന് കരുതിയ മൂല്യങ്ങളും മറ്റും അവള് തനിക്ക് തിരികെത്തന്നു. പതിയെ  താന് ജീവിതത്തിലേയ്ക്ക് തിരികെ വന്നു.
ഓ റാണി, ക്ലാരയുടെ ഏക മകള്. ബുദ്ധിമാന്ദ്യമുള്ള തന്റെ അഞ്ചുവയസ്സുകാരി മകളെ മറ്റുള്ള അന്തേവാസികളോടൊപ്പം ശുശ്രൂഷിക്കുന്ന ക്ലാരയോടൊപ്പം ഒരു കൈത്താങ്ങായി പിന്നെ താന് അവിടെ നിന്നു. റാണിയും താനും നല്ല കൂട്ടായിരുന്നു. കപടലോകത്തിന്റെ കാപട്യമേതുമില്ലാത്ത ആ മാലാഖകുഞ്ഞിന്റെ വെള്ളാരംകണ്ണുകളില് അഭിശപ്തമായ തന്റെ ഭൂതകാലത്തെ പൂര്ണ്ണമായും കുഴിവെട്ടിമൂടാന് താന് ശ്രമിച്ചു.
വിധി അവിടേയും വില്ലനായി. ആരോഗ്യമുള്ള തന്റെ ശരീരം, അതെ മജ്ജയും മാസവും മാത്രം, വേണമെന്ന് പറഞ്ഞുകൊണ്ടുള്ള പഴയ മാഫിയ സംഘത്തിന്റെ ഭീഷണികള്ക്ക് താന് വഴങ്ങാതായപ്പോള് തന്റെ നേര്ക്കുള്ള വിരോധം ക്ലാരയുടെ നേര്ക്കുള്ള വൈരാഗ്യമായി. ഇതിനെല്ലാമിടയിലും തനിക്ക് ധൈര്യം പകര്ന്ന് ക്ലാര കൂടെ നിന്നു. പക്ഷേ ഒടുവില് പതിനാലുകൊല്ലം മുന്പത്തെ മഴയുള്ള ഇതേ ആഗസ്റ്റ് പതിനഞ്ച് രാത്രിയില് അവരുടെ വാള്തലപ്പ് ക്ലാരയുടെ ജീവന് കവര്ന്നു. അവസാനശ്വാസത്തിനായി പിടയുന്പോഴും അവള് തന്നോട് പറഞ്ത് 3 കാര്യങ്ങള് മാത്രം. പഴയ ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചുപോക്ക് അരുത്, മേഴ്സി ഹോം നടത്തികൊണ്ടുപോണം, റാണിമോളെ നോക്കണം. അങ്ങനെ ആ മാലാഖ സ്വര്ഗ്ഗത്തിലേയ്ക്ക് യാത്രയായി.
എന്തുവിലകൊടുത്തും ക്ലാരയുടെ ആഗ്രഹങ്ങള് നിറവേറ്റാനുള്ള തപസ്യയായിരുന്നു പിന്നീടുള്ള ജീവിതം. പക്ഷേ അപ്രതീക്ഷിതമായ മാഫിയ വിളയാട്ടത്തില് വെന്തരിഞ്ഞത് മേഴ്സിഹോമിലെ നിരാലംബരായ 40 അന്തേവാസികളായിരുന്നു. ഒടുവില് റാണിയുടെ കൈപിടിച്ച് അവിടെനിന്ന് ഓടിയ ഓട്ടം അവസാനിച്ചത് ഈ കടല്ത്തീരത്തെ പള്ളിമുറ്റത്തായിരുന്നു. അവിടെവച്ച് മനസ്സില് ഉറപ്പിച്ചു റാണിയ ഏതുവിധേനെയെങ്കിലും പോറ്റണമെന്ന്. അതേ ക്ലാരയ്ക്കുകൊടുത്ത വാക്ക് തെറ്റിച്ചുകൂടാ.
പിന്നീട് ശാന്തസുന്ദരമായ കുറച്ച് ദിനങ്ങള് കൂലിപ്പണിയെടുത്ത് പകലന്തിയോളമുള്ള അദ്ധ്വാനത്തിനൊടുവില്, രാവുകളേറെ നേരം റാണിയുടെ കരംപിടിച്ച് തിരമാലകളോട് കളിച്ചൊല്ലിയുള്ള നിമിഷങ്ങള്... ഒരിക്കല് അവള് അതീവ പ്രഭയുള്ള ഒരു നക്ഷത്രത്തെചൂണ്ടി ചോദിച്ചു, അതാരാണെന്ന് പെട്ടന്ന് ഞാന് പറഞ്ഞു അത് മോളുടെ അമ്മയാണെന്ന് . എനിക്കും ആ നച്ചത്രത്തിന്റെ അടുത്ത് പോണം എന്ന് പറഞ്ഞ് അവള് ആ രാത്രി മുഴുവന് കരഞ്ഞു. വൈകാതെ അത് സംഭവിച്ചു. റാണി പോയതായിരുന്നില്ല. അവളെ പറഞ്ഞയച്ചതായിരുന്നു, അതിക്രൂരമായി. ക്ലാരയുടെ മരണത്തിലും അടങ്ങാത്ത കുടിപ്പക റാണിയുടെ അറുംകൊലയിലാണ്               അവസാനിച്ചത്.
ഒരു നിമിഷം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഭ്രാന്തമായി നിലവിളിച്ചുകൊണ്ട് താന് നേരെച്ചെന്ന് സംഘത്തലവനെ കുത്തി. എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ആരും തന്നെ എതിര്ത്തില്ല. ഊരിപ്പിടിച്ച കത്തിയുമായി നേരെ പോലീസ് സ്റ്റേഷനില്ച്ചെന്ന് കീഴടങ്ങി. രണ്ടും സംഭവിച്ചത് മഴയുള്ള അതേ ആഗസ്റ്റ് 15 രാത്രിയിലായിരുന്നു.
പിന്നീട് നീണ്ട 12 കൊല്ലം. ഇന്നിതാ ഇവിടെ, ഇതേ കടല്തീരത്ത്, അതേ ആഗസ്റ്റ് 15. മഴത്തുള്ളികള് കൂടുതല് ഊക്കോടെ തലയില് പതിച്ചപ്പോള് അയാള് ഉണര്ന്നു.  ക്ലാരയ്ക്ക് കൊടുത്ത വാക്ക് മൂന്നും പാലിക്കാനാവാത്ത വിങ്ങലോടെ അയാള് മാനത്തേയ്ക്ക് നോക്കി. മുന്പ് അയാള്ക്ക് നേരെ ചിരിതൂകി നിന്ന രണ്ടു നക്ഷത്രങ്ങള് അപ്പോള് അയാള്ക്ക് നേരെ കണ്ണടച്ചപോലെ. പതിയെ അയാള് കടലിനെ ലക്ഷ്യമാക്കി കാലടികള് വെച്ചു.
പൊടുന്നനെയാണ് ഒരു കുഞ്ഞിന്റെ ദീനരോദനം അയാളുടെ കര്ണ്ണപുടങ്ങളില് പതിച്ചത്. മറ്റൊന്നും ചിന്തിക്കാതെ അയാള് കരച്ചില് കേട്ടിടത്തേയ്ക്ക് ഓടി. ഓട്ടം അവസാനിച്ചത് ആ പള്ളിമുറ്റത്തായിരുന്നു. ഓമനത്തമുള്ള ഒരു ചോരകുഞ്ഞ്! കുഞ്ഞിനെ അയാള് അവേശപൂര്വ്വം വാരിയെടുത്ത് നെഞ്ചാട് ചേര്ത്തു. ഒരു നിമിഷം ഇനിയെന്ത് എന്ന ഭവത്തോടെ അയാള് മുന്നോട്ട് മിഴികള് പായിച്ചു. ആ രാത്രിയിലും പള്ളിവാതിലുകള് അയാള്ക്കായി തുറന്നു കിടന്നു. യേശുവിന്റെ കണ്ണുകളിലെ പ്രകാശം തന്റെ ഹൃദയത്തിലേയ്ക്ക് ഒഴുകുന്നതുപോലെ... ആ കുഞ്ഞിന്റെ വെള്ളാരംകണ്ണുകളില് റാണിയുടെ മുഖമയാള് കണ്ടു. അതിന്റെ കവിളുകളില് ഉമ്മവെച്ച നിമിഷം പള്ളിമണികള് മുഴങ്ങി, അതീവഹൃദ്യമായി. മാലാഖമാരുടെ സംഗീതം അയാള്ക്കപ്പോള് കേള്ക്കാന് കഴിഞ്ഞു. ഒപ്പം മാനത്ത് രണ്ട് നക്ഷത്രങ്ങള് അയാളെ നോക്കി കണ്ണു ചിമ്മി.

(സാന്ജോസ് പാരിഷ് വോയ്സിന്റെ നേതൃത്വത്തില് നടത്തിയ കഥാരചനാ മത്സരത്തില് ഒന്നാം സ്ഥാനം നേടിയ കഥ (ഹയര് സെക്കണ്ടി വിഭാഗം))
Share it:

EC Thrissur

feature

News

കഥ

Post A Comment:

0 comments: