Pavaratty

Total Pageviews

5,987

Site Archive

സ്നേഹത്തിന്‍റെ വിപ്ലവകാരികളാകുക

Share it:
(ബെര്‍ക്കേയിലെ മാരൊനൈറ്റ് പാത്രിയര്‍ക്കേറ്റില്‍ നടന്ന യുവജനസംഗമത്തില്‍ മാര്‍പാപ്പ നല്‍കിയ സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)

ദൈവത്തിന്‍റേയും നമ്മുടെ കര്‍ത്താവായ യേശുവിന്‍റേയും പരിജ്ഞാനത്തില്‍ നിങ്ങളില്‍ കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ”. (2 പത്രോ 1:2) എന്ന വിശുദ്ധ ഗ്രന്ഥ വചനം ഉദ്ധരിച്ചുകൊണ്ട് പ്രഭാഷണം ആരംഭിച്ച മാര്‍പാപ്പ യുവജനങ്ങളോടു താന്‍ പറയാനാഗ്രിച്ചതെല്ലാം വിശുദ്ധ പത്രോസ് അപ്പസ്തോലന്‍റെ ഈ വാക്കുകളില്‍ സംഗ്രഹിച്ചിട്ടുണ്ടെന്നു പ്രസ്താവിച്ചു.
“നിങ്ങളെനിക്കു നല്‍കിയ ഊഷ്മളമായ വരവേല്‍പ്പിനു നന്ദി. യേശുക്രിസ്തുവിന്‍റെ ജനനത്തിനും ക്രൈസ്തവ മതത്തിന്‍റെ വളര്‍ച്ചയ്ക്കും സാക്ഷൃംവഹിച്ച നാട്ടില്‍ ജീവിക്കുന്നവരാണ് നിങ്ങള്‍ . അതൊരു ബഹുമതി മാത്രമല്ല, സ്വന്തം നാടിനോടുള്ള സ്നേഹത്തോടും ക്രിസ്തുവിന്‍റെ സന്ദേശകരും സാക്ഷികളുമായിരിക്കുക എന്ന ദൗത്യത്തോടും ആത്മാര്‍ത്ഥയുള്ളവരായിരിക്കുകയെന്ന ആഹ്വാനവും അത് നിങ്ങള്‍ക്കു നല്‍കുന്നു. 
സുരക്ഷിതത്വത്തിന്‍റേയും സാമൂഹ്യസ്ഥിരതയുടേയും അഭാവത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്കറിയാം. തൊഴിലില്ലായ്മയും, ഏകാന്തതയും, പാര്‍ശ്വവല്‍ക്കരണവും നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്നാല്‍ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും കുടിയേറ്റത്തിന്‍റെ കയ്പേറിയ മധുരത്തിലേക്ക് നിങ്ങളെ നയിക്കരുത്. അനിശ്ചിതമായ ഭാവിക്കുവേണ്ടിയുള്ള കുടിയേറ്റം നിങ്ങളെ വേരറ്റവരും വേര്‍തിരിക്കപ്പെട്ടവരുമായി മാറ്റും. നിങ്ങളുടെ രാജ്യത്തിന്‍റെ ഭാവി നായകന്‍മാരാകേണ്ടവരാണ് നിങ്ങള്‍. സഭയിലും സമൂഹത്തിലും നടുനായകത്വം വഹിക്കാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണു നിങ്ങള്‍. 
സഭ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ആവേശവും ക്രിയാത്മകതയും സഭയ്ക്കാവശ്യമുണ്ട്. ആദര്‍ശനിഷ്ഠയോടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പഠിക്കുകയും പരിശീലനം നേടുകയും ചെയ്യുന്ന കാലമാണ് യുവത്വം. നിങ്ങള്‍ ചിന്തിക്കുന്നവരും, ആദര്‍ശശുദ്ധിയുള്ളവരും ഹൃദയനൈര്‍മല്യം കാത്തുസൂക്ഷിക്കുന്നവരുമാകണം. ക്രിസ്തുവിനായി സ്വന്തം മനസും ഹൃദയവും തുറന്നു നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കണം. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച ജീവിതത്തിന് നൂതന അര്‍ത്ഥവും ദിശയും നല്‍കും. തടസങ്ങളും പ്രയാസങ്ങളും മറികടന്നുകൊണ്ട് ജീവിത വീഥിയിലൂടെ സധൈര്യം മുന്നോട്ടു പോകാനുള്ള കരുത്തും ഊര്‍ജ്ജവും ക്രിസ്തുവില്‍ നിങ്ങള്‍ കണ്ടെത്തും. യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഉറവിടമായ ക്രിസ്തു സ്നേഹത്തിന്‍റെ വിപ്ലവമാണ് നമ്മെ പഠിപ്പിക്കുന്നത്. 

സമകാലിക പ്രതിസന്ധികള്‍ നിങ്ങളെ മയക്കുമരുന്നിന്‍റെയോ പോര്‍ണോഗ്രാഫിയുടേയോ സമാന്തര ലോകത്തിലേക്ക് നയിക്കാന്‍ ഇടയാക്കരുത്. സാമൂഹ്യ മാധ്യമശൃംഖലകള്‍ ആകര്‍ഷണീയമാണെങ്കിലും അവ നിങ്ങളെ എളുപ്പത്തില്‍ അടിമപ്പെടുത്തുകയും യാഥാര്‍ത്ഥ്യവും മിഥ്യയും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യും. ഉദാത്തവും സത്യസന്ധവുമായ സൗഹൃദബന്ധങ്ങള്‍ അന്വേഷിക്കുവിന്‍. ഉപരിപ്ലവതയ്ക്കും ചിന്താശൂന്യമായ ഉപഭോഗത്തിനുമെതിരേ പടപൊരുതിക്കൊണ്ട്, ജീവിതത്തിന് ആഴവും അര്‍ത്ഥവും നല്‍കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. നിങ്ങളെ പരീക്ഷിക്കുന്ന മറ്റൊരു പ്രലോഭനമാണ് പണം. മനുഷ്യനെ അന്ധനാക്കുന്ന ക്രൂരനായ സ്വേച്ഛാധിപതിയാണ് പണമെന്ന വിഗ്രഹം. “രണ്ടു യജമാനന്മാരെ സേവിക്കാന്‍ ഒരു ഭൃത്യന്നും കഴികയില്ല; ഒന്നുകില്‍ ഒരുവനെ ദ്വേഷിച്ച് മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോട് ഭക്തികാണിക്കുകയും മറ്റവനെ നിരസിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ദൈവത്തെയും ധനത്തേയും ഒന്നിച്ചു സേവിക്കുവാന്‍ കഴിയുകയില്ല. ” (ലൂക്ക 16:13) എന്ന് ക്രിസ്തു നല്‍കുന്ന മുന്നറിയിപ്പ് പക്ഷെ പലരും മറന്നുപോകുന്നു. മോഹിപ്പിക്കുന്ന ആഡംബരത്തിന്‍റെ വ്യാമോഹങ്ങള്‍ കൈവെടിഞ്ഞ് പക്വതയിലേക്കു വളരാന്‍ നിങ്ങളെ സഹായിക്കുന്ന യഥാര്‍ത്ഥ അധ്യാപകരേയും ആത്മീയ നിയന്താക്കളേയും അന്വേഷിക്കുവിന്‍. 
ക്രിസ്തു സ്നേഹം സകലര്‍ക്കും നല്‍കാന്‍ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണ് നിങ്ങള്‍. ഈ ദൗത്യനിര്‍വ്വഹണം സാധ്യമാകുന്നതിന് നിങ്ങളെത്തന്നെ പൂര്‍ണ്ണമായും പിതാവായ ദൈവത്തിനു സമര്‍പ്പിക്കണം. നിങ്ങള്‍ ദൈവവചനം വായിച്ച് ധ്യാനിക്കണം. പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനയും കൂദാശകളുടെ സ്വീകരണവും വഴിയായി ക്രിസ്തുവില്‍ വളരാന്‍ നിങ്ങള്‍ക്കു സാധിക്കും. സമാഗതമാകുന്ന വിശ്വാസ വത്സരം കത്തോലിക്കാ സഭയുടെ മതബോധനത്തില്‍ അവഗാഹം നേടി വിശ്വാസത്തില്‍ വളരാനുള്ള സുവര്‍ണ്ണാവസരമായി വിനിയോഗിക്കണം. നിങ്ങള്‍സാര്‍വ്വത്രിക സാഹോദര്യത്തില്‍ പങ്കുകാരാകുന്ന ക്രിസ്തുസാക്ഷികളായിരിക്കണം. അതാണ് സ്നേഹത്തിന്‍റെ വിപ്ലവം. ഇടവകകളുടേയും വിദ്യാലയങ്ങളുടേയും യുവജനപ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ സജീവമായി പങ്കെടുക്കണം. ജീവന്‍റെ സുവിശേഷത്തിന്‍റേയും ധാര്‍മ്മിക മൂല്യങ്ങളുടേയും പ്രഘോഷകരായിക്കണം നിങ്ങള്‍. ജീവന് എതിരായ ഭ്രൂണഹത്യ, അക്രമം, അന്യരോടുള്ള അവജ്ഞ, അനീതി, യുദ്ധം എന്നിവ നാം ധൈര്യപൂര്‍വ്വം എതിര്‍ക്കണം. അങ്ങനെ നിങ്ങളുടെ ജീവിത ചുറ്റുപാടില്‍ സമാധാനം വളര്‍ത്താന്‍ നിങ്ങള്‍ക്കു സാധിക്കും. തിന്‍മയെ നന്‍മകൊണ്ടു കീഴടക്കണമെന്നാണ് ക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ക്ഷമയും കാരുണ്യവും തിരിച്ചറിയുമ്പോള്‍ നാം നവസൃഷ്ടികളായി മാറും. ക്ഷമിക്കുവാന്‍ എളുപ്പമല്ല, എന്നാല്‍ ദൈവത്തിന്‍റെ ക്ഷമ മാനസാന്തരത്തിനുള്ള കരുത്ത് നമുക്കു നല്‍കും. ക്ഷമിക്കാന്‍ സാധിച്ചതിലുള്ള ആനന്ദവും നമുക്കതുവഴി കരഗതമാകും. ക്ഷമയും അനുരജ്ഞനവും സമാധാനത്തിന്‍റെ പാതകളാണ്. 
“ദൈവം എന്നില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നതാണ്?” എന്നറിയാന്‍ നിങ്ങളില്‍ പലര്‍ക്കും താല്‍പര്യമുണ്ട്. അവിടുത്തോട് കൂടുതല്‍ അടുത്തു ജീവിക്കാനായിരിക്കാം അവിടുന്ന് നിങ്ങളോടാവശ്യപ്പെടുന്നത്. ക്രിസ്തുവിനോടു പ്രത്യുത്തരിക്കാനും വൈദികാന്തസ്സിലോ, സമര്‍പ്പിത ജീവിതത്തിലൂടെയോ, കുടുംബജീവിതത്തിലൂടെയോ അവിടുത്തെ സ്നേഹത്തിനു സാക്ഷൃം നല്‍കാനും നാം തയ്യാറായിരിക്കണം. ക്രിസ്തുവിന്‍റെ വിളിക്ക് ഉത്തരം നല്‍കുകന്നത് യഥാര്‍ത്ഥ ആനന്ദത്തിന്‍റെ രഹസ്യമാണ്. “മധ്യപൂര്‍വ്വദേശത്തെ സഭ- Ecclesia in Medio Oriente” എന്ന അപ്പസ്തോലിക പ്രബോധനം നിങ്ങള്‍ വായിക്കണം. അതു ധ്യാനിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കു പ്രചോദനം പകരാന്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. “ഞങ്ങളുടെ ഹൃദയത്തില്‍ എഴുതപ്പെട്ടതും സകല മനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമായ ഞങ്ങളുടെ ശുപാര്‍ശക്കത്ത് നിങ്ങള്‍ തന്നെയാണ്. മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവ്കൊണ്ട്, കല്‍പലകകളിലല്ല മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്‍റെ ലിഖിതമാണ് നിങ്ങള്‍.”(2കൊറി.3 :2-3). നിങ്ങള്‍ക്കും ക്രിസ്തുവിന്‍റെ സജീവക ലിഖിതങ്ങളാകാന്‍ സാധിക്കും. പേനയും പേപ്പറും കൊണ്ടല്ല, നിങ്ങളുടെ ജീവിതവും വിശ്വാസാക്ഷൃവും വഴിയാണ് അതു സാധ്യമാകുക. 
ലെബനോണിലെ യുവജനങ്ങളെ, ഈ രാഷ്ട്രത്തിന്‍റെ ഭാവി നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. അന്യരെ വരവേല്‍ക്കാനും അവരോടു പൊരുത്തപ്പെടാനും അസാധാരണമായ കഴിവുള്ള ഒരു രാഷ്ടത്തിന്‍റെ മക്കളാണ് നിങ്ങള്‍. ലോകമെങ്ങും ചിതറിപ്പാര്‍ക്കുകയാണെങ്കിലും ജന്മനാടിനോട് കൂറുപുലര്‍ത്തുന്ന ലക്ഷക്കണക്കിന് ലെബനീസ് ജനതയെ ഈ അവസരത്തില്‍ ഞാന്‍ അനുസ്മരിക്കുന്നു. 
ഈ യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന മുസ്ലീം യുവജനങ്ങളെ പ്രത്യേകമായി ഞാനഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ സാന്നിദ്ധ്യത്തിനു നന്ദി. നിങ്ങള്‍ ക്രൈസ്തവ യുവജനങ്ങള്‍ക്കൊപ്പം ഈ രാഷ്ട്രത്തിന്‍റേയും മധ്യപൂര്‍വ്വദേശത്തിന്‍റേയും ഭാവി നിര്‍ണ്ണയിക്കുന്നവരാണ്. രാഷ്ട്ര നിര്‍മ്മിതിയില്‍ നിങ്ങളോരുമിച്ചു പങ്കാളികളാകണം. അങ്ങനെ വളരുമ്പോള്‍ ക്രൈസ്തവരോടൊത്ത് ഐക്യത്തിലും സൗഹാര്‍ദത്തിലും തുടര്‍ന്നു ജീവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. മനോഹരമായ ഈ മതസമന്വയമാണ് ലെബനോണിനെ സുന്ദരമാക്കുന്നത്. 
സിറിയയില്‍ നിന്നുള്ള യുവജനങ്ങളും ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ ധൈര്യത്തെ ഞാനത്രമാത്രം ആദരിക്കുന്നുണ്ടെന്ന് നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പാപ്പ നിങ്ങളെ മറന്നിട്ടില്ലെന്ന് നിങ്ങളുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും നിങ്ങള്‍ പറയണം. നിങ്ങളുടെ സഹനത്തിലും ദുരിതത്തിലും മാര്‍പാപ്പ ദുഃഖിതനാണെന്നും നിങ്ങള്‍ അവരോടു പറയണം. സിറിയന്‍ ജനതയെക്കുറിച്ച് ഉത്കണ്ഠാകുലനായ പാപ്പ തന്‍റെ പ്രാര്‍ത്ഥനയില്‍ അവരെ ഓര്‍ക്കുന്നതുപോലെ മധ്യപൂര്‍വ്വദേശത്തെ വേദനിക്കുന്ന എല്ലാവരേയും ഓര്‍ക്കുന്നുണ്ട്. 
അക്രമത്തിനും യുദ്ധത്തിനും വിരാമമിടാന്‍ മുസ്ലീമുകളും ക്രൈസ്തവരും ഒരുമിച്ച് അണിനിരക്കേണ്ട സമയം സമാഗതമായിരിക്കുന്നു. 
ലെബനോണ്‍ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന് ഞാന്‍ നിങ്ങളെ സമര്‍പ്പിക്കുന്നു. എനിക്കു മുന്‍പ് നിങ്ങളെ സന്ദര്‍ശിച്ച വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും നിങ്ങള്‍ക്കായി മാധ്യസ്ഥം വഹിക്കട്ടെ. 
ദൈവം നിങ്ങളേവരേയും അനുഗ്രഹിക്കട്ടെ”.....
Share it:

EC Thrissur

church in the world

Post A Comment:

0 comments: