Pavaratty

Total Pageviews

5,985

Site Archive

തൃശ്ശൂര്‍ അതിരൂപത അഡ്വക്കറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്

Share it:
അമിത സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്നതിന്റെ പേരില്‍ മാധ്യമസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് അപകടകരമാകുമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ അതിരൂപത അഡ്വക്കറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് 'മാധ്യമങ്ങളും ജുഡീഷ്യറിയും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയെപ്പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടവയാണ് മാധ്യമങ്ങളുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. മത്സരം കൂടുമ്പോള്‍ വാര്‍ത്തയില്‍ സെന്‍സേഷന്‍ ഉണ്ടാകാം. പക്ഷേ അതിനേക്കാള്‍ അപകടം വിവരങ്ങള്‍ അറിയാതിരിക്കലാണ്. നാസികളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് അവ പ്രവര്‍ത്തിക്കുമ്പോള്‍ വാര്‍ത്തകള്‍ വന്നില്ല. ഒരു വിവരവും പുറത്തുവരാത്ത സോവിയറ്റ് യൂണിയന്‍ പല രാഷ്ട്രങ്ങളായി ചിതറി. ചെക്കോസ്‌ളോവാക്യയില്‍ പാര്‍ട്ടി സെക്രട്ടറി എഴുതിക്കൊടുത്തത് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. അത് രണ്ട് രാഷ്ട്രങ്ങളായി.

പത്രസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടന്നതൊന്നും ആരും അറിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥയില്‍ അത് ഇവിടെയും സംഭവിച്ചു. അമിതമായി പത്രസ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന്റെ അപകടം താരതമ്യേന ചെറുതാണ്. ഒരു സെന്‍സേഷനും സത്യമല്ലെങ്കില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ആയുസ്സില്ല. എന്നാല്‍പത്രസ്വാതന്ത്ര്യത്തെ ഒരിക്കല്‍ നിയന്ത്രിച്ചാല്‍ അത് ടോട്ടല്‍ സെന്‍സര്‍ഷിപ്പിന് വഴിതെളിക്കും. സ്വാതന്ത്ര്യത്തിന്റെ വില അത് നഷ്ടപ്പെട്ടാലെ അറിയൂ. ചോദ്യംചെയ്യപ്പെട്ടില്ലെങ്കില്‍ ഏത് അധികാരവും പരമമാണ്- അദ്ദേഹം പറഞ്ഞു.

കോടതിവിധികളെ മാധ്യമങ്ങള്‍ സ്വാധീനിക്കുമെന്ന വിമര്‍ശത്തിലും അടിസ്ഥാനമില്ലെന്ന് വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. കോടതികള്‍ വിധി പറയുന്നത് തെളിവ് നോക്കിയാണ്. മാധ്യമസ്വാധീനത്തിന് വിധേയമാകാതെ പ്രവര്‍ത്തിക്കേണ്ടത് ജുഡീഷ്യറിയുടെ കടമയാണ്.

പരിധി വിടരുതെന്നത് മാധ്യമങ്ങള്‍ സ്വയം കൊണ്ടുവരേണ്ട നിയന്ത്രണമാണ്. അത് ജുഡീഷ്യറിയെ ഏല്പിക്കരുത്. ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകള്‍ മുഴുവന്‍ പത്രങ്ങളെയും നിയന്ത്രിക്കുന്നതാണ് കൂടുതല്‍ അപകടകരം- അദ്ദേഹം വ്യക്തമാക്കി.

ഫോര്‍ത്ത് എസ്‌റ്റേറ്റായാലും ജുഡീഷ്യറിയായാലും ശുശ്രൂഷിക്കേണ്ടത് സത്യത്തെയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. കോടതിയുടെ അധികാരത്തേക്കാള്‍ വലുതാണ് മാധ്യമങ്ങളുടെ സ്വാതന്ത്ര്യമെന്നും വിമര്‍ശം സൃഷ്ടിപരമാകണമെന്നും മാധ്യമനിരൂപകന്‍ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു.

ഡയറക്ടര്‍ ഫാ. അഡ്വ. ജോണ്‍സന്‍ ഐനിക്കല്‍ അധ്യക്ഷനായി. അഡ്വ. കെ.എഫ്. പാപ്പച്ചന്‍ വിഷയം അവതരിപ്പിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍, ഫ്രാങ്കോ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അഡ്വ. പ്രിന്‍സ് ജോര്‍ജ് കാങ്കപ്പാടന്‍ സ്വാഗതവും അഡ്വ. സിജാ രാജന്‍ നന്ദിയും പറഞ്ഞു.
Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: