സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ഭക്തിസാന്ദ്രമായി.
ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ചെമ്മണ്ണൂര്‍ പള്ളി വികാരി ഫാ.സ്റ്റാര്‍സണ്‍ കള്ളിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സാജന്‍ മാറോക്കി വചനസന്ദേശം നല്കി. തുടര്‍ന്ന് ദേവാലയം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഭണ്ഡാരപ്പെട്ടിയുടെ താക്കോല്‍ ആശീര്‍വദിച്ച് തുറന്നതോടെ ഭണ്ഡാരം എണ്ണലിന് തുടക്കമായി. ട്രസ്റ്റിമാരായ ഇ.എല്‍. ജോയ്, പി.ഐ. ഡേവിസ്, അഡ്വ. ജോബി ഡേവിഡ്, സി.എ. സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ മുതല്‍ വിവിധ വീടുകളില്‍നിന്നും ദേശങ്ങളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തി. പാവറട്ടി ഡ്രൈവേഴ്‌സ് യൂണിയന്‍, സെന്റര്‍ ഓട്ടോ തൊഴിലാളി, മനപ്പടി നാട്ടുകൂട്ടം തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു.
എട്ടാമിട തിരുനാളിനോടനുബന്ധിച്ച് തെക്ക് തെക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ കലാമണ്ഡലം രതീഷിന്റെ പ്രമാണികത്വത്തില്‍ നൂറോളം കലാകാരന്മാർ അണിനിരന്ന തിരുമുറ്റമേളംആസ്വദിക്കാന്‍ തീര്‍ഥകേന്ദ്രം തിരുമുറ്റത്ത് നിരവധി മേളപ്രേമികള്‍ എത്തിയിരുന്നു.
തുടര്‍ന്ന് പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ച് അപൂര്‍വ്വമായ ഡിജിറ്റല്‍ വെടിക്കെട്ട് അരങ്ങേറി. അത്താണി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡിജിറ്റല്‍ വെടിക്കെട്ട് വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ സ്വിച്ച് ഓണ്‍ ചെയ്തു.
ജനറല്‍ കണ്‍വീനര്‍ കെ.ജെ. ജെയിംസ് നേതൃത്വം നല്‍കി. വാനില്‍ വര്‍ണ്ണമഴ പെയ്യിച്ചുകൊണ്ട് നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് കാണികള്‍ക്ക് ദൃശ്യവിരുന്നായി. വി.യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിടം തിരുനാളോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇനി അടുത്തവർഷം വരെ കാത്തിരിക്കാം തിരുനാൾ കാഴ്ചകൾക്ക്
Post A Comment:
0 comments: