)
കേരളത്തില്‍ പുത്തന്‍ചിറ ഗ്രാമത്തില്‍ 1876 ഏപ്രില്‍ 26ാം തിയ്യതി തോമ, അന്ന എന്നിരുടെ പുത്രിയായി മറിയം ത്രേസ്യാ ജനിച്ചു. മകളെ ആഴമായ ദൈവവിശ്വാസത്തില്‍ വളര്‍ത്തികൊണ്ടുവരുന്നതില്‍ അന്ന ശ്രദ്ധിച്ചിരുന്നു. ദൈവസ്നേഹത്താല്‍ നിറഞ്ഞ അവള്‍ എല്ലാദിവസവും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അതിയായ താല്‍പര്യം കാട്ടിയിരുന്നു. ചെറുപ്പത്തിലെ തന്നെ പുണ്യവതി എന്ന പേരു സന്പാദിച്ച ത്രേസ്യായ്ക്ക് താന്‍ ഈശോയോടുകൂടെ കരയാനും സഹിക്കാനും ഉണര്‍ന്നിരിക്കാനും പ്രാര്‍ത്ഥിക്കാനും വിളിക്കപ്പെട്ടിരിക്കുകയാണ് എന്ന് തോന്നി. ഈശോയുടെ പീഡാനുഭവത്തിലെ കുറവ് തന്‍റെ ശരീരത്തില്‍ തികയ്ക്കാന്‍ അവള്‍ സന്നദ്ധയായിരുന്നു. അതിനായി പലവിധ പ്രായശ്ചിത്തങ്ങളും അനുഷ്ഠിച്ചിരുന്നു.
അഞ്ചാമത്തെ വയസ്സുമുതല്‍ ത്രേസ്യാ ഉപവാസം അനുഷ്ഠിച്ചു തുടങ്ങി, അവള്‍ അമ്മയോടു പറയുമായിരുന്നു നല്ലവനായ ദൈവം സഹിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്പോള്‍ എനിക്കെങ്ങിനെ കളിക്കാനാകും. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായി അവള്‍ കരുതുന്നത് തന്‍റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ്. പലപ്രാവശ്യം ഈശോയും മാതാവും അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു എന്നവള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വളരെയേറെ തവണ പഞ്ചക്ഷതങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
1912 നവംബര്‍ 26ാം തിയ്യതി ത്രേസ്യാ ഒല്ലൂരുള്ള കര്‍മ്മലീത്താ മഠത്തില്‍ പ്രവേശിച്ചു. പക്ഷേ തന്‍റെ വിളി കര്‍മ്മലീത്ത സഭയിലേയ്ക്കല്ലെന്നവള്‍ മനസ്സിലാക്കി. അവളുടെ ആദ്ധ്യാത്മിക പിതാവായ ജോസഫ് വിതയത്തിലച്ചന്‍റെയും മാര്‍ മേനാച്ചേരി പിതാവിന്‍റേയും അനുവാദത്തോടെ പുതിയ സന്യാസിനി സഭയുടെ പ്രഥമ ഭവനം 1913 ജനുവരി 27ാം തിയ്യതി ആരംഭിച്ചു. 1914 മെയ് 14 ന് അതൊരു മഠമാക്കി. അങ്ങനെ തിരുകുടുംബ സന്യാസിനീ സഭ സ്ഥാപിതമായി. സമൂഹത്തിന്‍റെ ഉന്നമനത്തിനുവേണ്ടി പ്രയത്നിച്ച ആ സന്യാസിനി 1926 ജൂണ്‍ 8ന് ദിവംഗതയായി. 1994 ജൂണ്‍ 28ാം തിയ്യതി മാര്‍പാപ്പയില്‍ നിന്നു ദൈവദാസിയുടെ വീരോജിതമായ സല്‍ഗുണങ്ങളെക്കുറിച്ചു പ്രഖ്യാപനമുണ്ടായി. 2000 ഏപ്രില്‍ 9ാം തിയ്യതി മഹാജൂബിലി വര്‍ഷത്തില്‍ ആ മഹിളാ രത്നത്തെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
Post A Comment:
0 comments: