Pavaratty

Total Pageviews

5,987

Site Archive

വിശ്വാസം ദീപ്തമാക്കുന്ന ദിവ്യബലി

Share it:
ആന്‍റോ വര്‍ഗ്ഗീസ്,

ക്രിസ്തീയതയുടെ അടിസ്ഥാനം വിശ്വാസവും, അടിത്തറ ദിവ്യബലിയുമാണ്. രണ്ടായിരത്തിലേറെ പഴക്കമുള്ള നമ്മുടെ സഭയുടെയും സഭാതനയരുടെയും വിശ്വാസത്തിന്‍റെ കേന്ദ്രബിന്ദു ദിവ്യബലിയാണ്. ദിവ്യബലി ഒരു അനുഷ്ഠാനം എന്നതിനേക്കാള്‍ നമ്മുടെ ജിവിതത്തിന്‍റെ കേന്ദ്ര ബിന്ദുവായി മാറുന്പോഴാണ് ക്രിസ്തീയതയ്ക്ക് അര്‍ത്ഥം ലഭിക്കുന്നത്.
സഭാ ജീവിതത്തിന്‍റെ അടിസ്ഥാനഘടകം വിശ്വാസമാണ്. പ്രത്യാശിക്കുന്നത് ലഭിക്കും എന്നതും കാണപ്പെടാത്തത് ഉണ്ട് എന്നുള്ളതുമാണ് വിശ്വാസത്തിന്‍റെ കാതല്‍. പ്രഗത്ഭമതിയായ ബൈബിള്‍ പണ്ഡിതന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ പറഞ്ഞുവെക്കുക, വിശ്വാസമില്ലാത്ത ജീവിതം വ്യര്‍ത്ഥമെന്നാണ്. ഭൗതികതയിലൂന്നിയ ജീവിതചര്യ മനുഷ്യനെ എത്രമാത്രം പിറകോട്ടടിച്ചു എന്നതിന് ഇന്നത്തെ സമൂഹത്തില്‍ എത്രയെത്ര ഉദാഹരണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ജീവിതത്തിന്‍റെ വില നഷ്ടപ്പെട്ട് നിരാശയിലും പ്രതിസന്ധികളിലൂടെയും വ്യര്‍ത്ഥമോഹങ്ങളുടേയും ചുഴിയിലകപ്പെട്ട മനുഷ്യന്‍ ഇന്ന് ജീവിതവിജയത്തിനായി ദാഹിച്ച് മോഹിച്ച് നമ്മുടെ ബലിപീഠത്തില്‍ ബലിയര്‍പ്പണത്തിനായി അണയുന്ന കാഴ്ച എത്ര ചിന്തോദ്ദീപകമാണ്.
ഈശോ തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനം തന്‍റെ ശിഷ്യഗണത്തിന് സ്വയം സമര്‍പ്പിച്ച് അന്ത്യ അത്താഴവേളയില്‍ നമുക്കായി തന്‍റെ ശരീരരക്തങ്ങളെ പങ്കുവെച്ച് പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചു. ഈശോയുടെ ഈ മാംസരക്തങ്ങളില്‍ പങ്കുചേരുന്നവരാണ് നമ്മള്‍. അങ്ങിനെ പരസ്യമായി നാം വിശ്വാസം പ്രഖ്യാപിക്കുന്നു, അതുകൊണ്ട് ദിവ്യബലിയര്‍പ്പണമാണ് നമ്മുടെ വിശ്വാസപ്രഖ്യാപനം. ഭൗതികതയുടെ ആവശ്യമാണ് ഭക്ഷണമെങ്കില്‍ ആത്മീയതയുടെ ഭക്ഷണമാണ് വി. കുര്‍ബ്ബാന.
പ്രധാനമായും 3 അടിസ്ഥാന വിശ്വാസ പ്രകരണങ്ങളാണ് ദിവ്യബലിയിലൂടെ നാം പ്രകടിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. അതില്‍ ആദ്യത്തേത് സര്‍വ്വചരാചരങ്ങളുടേയുടെ സൃഷ്ടാവായ ദൈവം നമ്മുടെ കര്‍ത്താവും രക്ഷിതാവും ആണെന്നുള്ള ഉറച്ചബോധ്യമാണ്. രണ്ടാമത്തേത് ആ ദൈവമായ കര്‍ത്താവിന്‍റെ മാംസരക്തങ്ങളില്‍ പങ്കാളിയായി ദൈവത്തിന്‍റെ രക്ഷാകര കര്‍മ്മത്തില്‍ നാം പങ്കാളിയാകുന്നു എന്നതാണ്. മൂന്നാമത്തേതും പരമപ്രാധാന്യം അര്‍ഹിക്കുന്നതുമായ കാര്യം സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണത്തില്‍ അടിയുറച്ചവരായി നാം മാറുന്നു എന്നതും.
വത്തിക്കാന്‍ സൂനഹദോസിന്‍റെ പഠനം വെളിപ്പെടുത്തുന്നത് ഇന്നും സജീവനായ ദൈവത്തെ അനുഭവിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള മക്കളുടെ ഉത്തമ അഭിവാഞ്ജയുടെ കേന്ദ്രം വി.കുര്‍ബാന തന്നെയാണെന്നാണ്. അതുകൊണ്ട് ദിവ്യബലി പൂര്‍ണ്ണവിശ്വാസത്തോടെ അര്‍പ്പിക്കുന്പോള്‍ നമ്മുടെ ജീവിതത്തിന് പ്രതീക്ഷയും പ്രത്യാശയും സന്തോഷവും സമാധാനവും ലഭിക്കുന്നു. മനുഷ്യമക്കള്‍ എന്താഗ്രഹിക്കുന്നുവോ അത് സ്വയമേവ വി. കുര്‍ബ്ബാനയിലൂടെ ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെ നാം വേറെ എവിടെ പോകണം? അള്‍ത്താരയിലേയ്ക്ക് അണയുക, പരമമായ ബലിയര്‍പ്പണത്തിലൂടെ ലഭിക്കുന്ന സ്നേഹസമാധാനസന്തോഷം നേടുക.
വിശ്വാസം അനവധി വെല്ലുവിളികളെ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ചിന്തിച്ച് വ്യാകുലപ്പെടുന്ന മനുഷ്യന് ഏക പ്രതീക്ഷ ക്രിസ്തുവും ഏക അഭയസ്ഥാനം അള്‍ത്താരയുമാണ്. ദിവ്യബലി ഒരു ഊര്‍ജ്ജ സ്രോതസ്സാണ്. വിശ്വാസജീവിതം ഒരു പ്രതിസന്ധിയെ നേരിടുന്പോള്‍ ദിവ്യബലി അതിന് പരിഹാരം നല്‍കുന്നു.
നമ്മുടെ വിശ്വാസത്തിന്‍റെ കേന്ദ്രസ്രോതസ്സായ വി. ബലിക്ക് നാം ഇന്ന് എന്തുമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതും വിശകലനം ചെയ്യപ്പെടേണ്ടതാണ്. ബലിയര്‍പ്പണത്തിന് അവസരവും സാഹചര്യവും ഉണ്ടായിട്ടും അതില്‍ പങ്കെടുക്കാതെ നാം വിശ്വാസ ജീവിതത്തില്‍ നിന്ന് മാറിപ്പോകാറില്ലേ ബലിയര്‍പ്പണത്തിനായി അനവധിത്യാഗങ്ങള്‍ ചെയ്ത നമ്മുടെ ആദിമ ക്രൈസ്തവ സമൂഹത്തെ നാം ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടതുണ്ട്. ഇന്നും നമ്മുടെ മിഷന്‍ മേഖലയിലെല്ലാം എത്രയോ തീക്ഷ്ണതയോടെയും ഏറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിഷമതകളും അനുഭവിച്ച് നമ്മുടെ വൈദികരും വിശ്വാസികളും ബലിയര്‍പ്പണത്തിന് കാണിക്കുന്ന താല്‍പര്യം അവരുടെ വിശ്വാസത്തിന്‍റെ പരസ്യമായ പ്രഖ്യാപനമാണ്. ഈ വിശ്വാസ തീക്ഷ്ണതയിലേയ്ക്ക് നമുക്കും വളരുവാനും ഉയരുവാനും സാധിക്കണം. നമ്മുടെ മക്കളെ വിശ്വാസാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കണം. അടിയുറച്ച വിശ്വാസത്തിന്‍റെ നേര്‍പ്രതിഫലനമായി നമ്മുടെ പുതുതലമുറ കടന്നുവരുന്പോള്‍ ക്രിസ്തീയ വിശ്വാസം ആഴമുള്ളതും അര്‍ത്ഥമുള്ളതുമായി മാറും.
ഭാരതസഭയും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയും ബലിയര്‍പ്പണ ജീവിതത്തിനും അതുവഴി ക്രിസ്തീയ ജീവിത വിശ്വാസപ്രഘോഷണത്തിനും മതിയായ പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിന് ഉത്തമ നിദര്‍ശനമാണ് ഇന്ന് യുവതലമുറ വിശ്വാസപ്രകടനത്തിന് കാണിക്കുന്ന മുല്യവും വിലയും. ആത്മീയതയും വിശ്വാസവും ചോര്‍ന്നുപോകാതെ നാം നിലനില്‍ക്കുന്പോള്‍ നമ്മളിലൂടെ പുതുതലമുറ വിശ്വാസജീവിതത്തിലേയ്ക്ക് കടന്നുവരുന്പോള്‍ നമ്മുടെ ജീവിതം അര്‍ത്ഥമുള്ളതും നമ്മുടെ പരമമായ ലക്ഷ്യം വിജയവുമായി മാറുന്നു. ബലിയര്‍പ്പണത്തിലൂടെ വിശ്വാസ തീക്ഷ്ണതയിലേയ്ക്ക് എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യവും മാര്‍ഗ്ഗവും.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: