നവംബര് ഒന്ന്. സകല വിശുദ്ധരുടേയും തിരുനാളാണ്. ഈ ലോക ജീവിതം ഒരു യാത്രയാണ് എന്ന് പറയുന്പോള്, ഈ യാത്രയിലെ ഓരോ നിമിഷവും ഈശ്വരനുമായുള്ള ഓരോ മുഖാമുഖമാണ്. നിധിതേടിയുള്ള എന്റെ യാത്രയില് ഓരോ ദിനത്തിനും അതിന്റെ തിളക്കമുണ്ട്. ആ നിധി സ്വന്തമാക്കാനാവും എന്ന സ്വപ്നത്തിന്റെ ഒരംശം തന്നെയാണ് കടന്നുപോകുന്ന ഓരോ മണിക്കൂറും (പൗലോ കൊയ്ലോ, ആര്ക്കെമിസ്റ്റ്) ഈ വരികളാണ് ഓര്മ്മയില് തെളിയുന്നത്. നിധിതേടിയുള്ള എന്റെ യാത്രയില്, ഏതൊരു വലിയ കാര്യവും സാധിക്കുന്നത് ചെറിയ കാര്യങ്ങളില് മടുപ്പുകൂടാതെ വിശ്വസ്തരായിരിക്കുന്പോഴാണ്.
ആന്തരികതലത്തില്, അഥവാ ആദ്ധ്യാത്മിക തലത്തില് വിശ്വസ്തരായിരിക്കുന്നവരെ നാം വിശുദ്ധരെന്ന് വിളിക്കുന്നു. ചെറിയ കാര്യങ്ങളില് തുടങ്ങി വലിയ കാര്യങ്ങളും അവര് നിര്വ്വഹിക്കുന്നു. കാരണം നിമിഷങ്ങളില് ഈശ്വരനുമായുള്ള മുഖാമുഖമായി മാറിയ അനുഭവം അവര് സ്വന്തമാക്കുന്നു.
തങ്ങള്ക്കുവേണ്ടി വാദിക്കാനും തര്ക്കിക്കാനും, നീതി നടത്താനും ദൈവമല്ലാതെ മറ്റാരുമില്ല എന്ന ബോധ്യമുള്ളവരാണ് ആത്മാവില് ദരിദ്രരായവര്. അവര്ക്കാണ് സ്വര്ഗ്ഗരാജ്യത്തിനവകാശം. യേശുവിനെപ്രതി അവനെ സ്നേഹിച്ചതിന്റെ പേരില് അവന്റെ വാക്കുകള് അനുസരിച്ച് പ്രവര്ത്തിച്ചതിന്റെ പേരില് അവഹേളിക്കപ്പെട്ടവരാണ് വിശുദ്ധര്. അപ്പോള് അവര് ആനന്ദിച്ചാഹ്ലാദിച്ചു (മത്താ. 5:12) പക്ഷേ നമ്മളോ ഇതാണ് വിശുദ്ധരും നമ്മളും തമ്മിലുള്ള വ്യത്യാസം.
തെരഞ്ഞെടുക്കപ്പെട്ടവര്ക്ക് ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങള്ക്കും സമ്മാനത്തിനും നന്ദി പറയുവാനും വിവിധ സാഹചര്യങ്ങളില് വിവിധ പ്രദേശങ്ങളില് പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള് അനുകരിക്കുന്നതിന് നമ്മെ പ്രോത്സാഹിപ്പിക്കാനും അവര് ആസ്വദിക്കുന്ന അവര്ണ്ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില് പെടാത്ത വിശുദ്ധരില് ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകലവിശുദ്ധരുടേയും തിരുനാള് സ്ഥാപിച്ചിരിക്കുന്നത്. വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെട്ടവരും ചെയ്യപ്പെടാത്തവരും അവരുടെ ഗണത്തിലുണ്ട്. സകല സ്വര്ഗ്ഗവാസികളുടേയും ഗണത്തില് ചെന്നുചേരാന് അവരുടെ മാദ്ധ്യസ്ഥം സഹായകമാകും. ആത്മനാ ദരിദ്രരും ഹൃദയശാന്തതയുള്ളവരും തങ്ങളുടെ പാപങ്ങളെപ്രതി കരഞ്ഞിരുന്നവരും സമാധാനപാലകരും നീതിയെപ്രതി പീഡകള് സഹിച്ചിട്ടുള്ളവരുമാണ് വിശുദ്ധര്. അവരെ അനുകരിക്കാന് ഈ തിരുനാള് നമ്മെ പ്രചോദിപ്പിക്കുന്നു.
വെളിപാടിന്റെ പുസ്തകത്തില്‍ (7ാം അദ്ധ്യായം) പറയുന്നതുപോലെ ദൈവം അയയ്ക്കുന്ന പീഡകള് സഹിച്ച് കുഞ്ഞാടിന്റെ രക്തത്തില് നമ്മുടെ വസ്ത്രങ്ങള് കഴുകി, സകല വിശുദ്ധരുടേയും ഗണത്തില്ചേരാന് നമുക്ക് യത്നിക്കാം. അധികം വൈകാതെ ഈ തിരുനാള് നമ്മുടേതാകും. ചെറിയ കാര്യങ്ങള് വലിയ വിശ്വസ്തതയോടെ ഉന്നതമായ സ്നേഹത്തോടെ ചെയ്യുന്നതിലാണ് വിശുദ്ധി എന്ന തിരിച്ചറിവ് സ്വന്തമാക്കി സ്ഥിരമായി പരിശ്രമിക്കാം. വിശുദ്ധരുടെ ഗണത്തില് ചേരാം.
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്
ഫാ. ലിന്റോ തട്ടില്
Post A Comment:
0 comments: