Pope Francis meets the media in the Vatican on 16 March. Photograph: AGF s.r.l. /Rex Features
“ഹബേമൂസ് പാപ്പാം,” Habemus Papam ലത്തീന്‍ ഭാഷയിലെ ഈ പ്രഖ്യാപനത്തിന് “നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു” എന്നാണ് അര്‍ത്ഥം. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും പ്രഖ്യാപനം നടത്തിയത് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രോട്ടോ ഡീക്കന്‍, ഷോണ്‍ ലൂയി താവ്റാനാണ്. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി നിലവില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം കര്‍ദ്ദിനാള്‍ സംഘത്തിലെ ഏറ്റവും പ്രായംചെന്ന അംഗം എന്ന നിലയിലാണ് പുതിയ പാപ്പായെ പ്രഖ്യാപിക്കുന്ന കര്‍ത്തവ്യം നിര്‍വ്വിച്ചത്.
പാപ്പാ ഫ്രാന്‍സിസ് സഭാ ചരിത്രത്തില്‍ 265-ാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ്.
ചരിത്രമൂഹൂര്‍ത്തങ്ങള്‍ ഉണര്‍ത്തിക്കൊണ്ടാണ് ആഗോളസഭാ തലവനെ, പുതിയൊരു പാപ്പായെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘം മാര്‍ച്ച 13 ബുധനാഴ്ച വൈകുന്നേരമാണ് തിരഞ്ഞെടുത്തത്. മാര്‍ച്ച് 12-ന് വത്തിക്കാനില്‍ ആരംഭിച്ച സഭയിലെ 115 വോട്ടര്‍മാരായ കര്‍ദ്ദിനാളന്മാര്‍ സിസ്റ്റൈന്‍ കപ്പോളയില്‍ ചേര്‍ന്ന ആത്മീയവും രഹസ്യാത്മകവുമായ വോട്ടെടുപ്പിന്‍റെ രണ്ടാം ദിനമായ ബുധനാഴ്ചയുടെ രണ്ടാം പകുതിയില്‍ പ്രാദേശിക സമയം വൈകുന്നേരം 7.00-നാണ് സിസ്റ്റൈന്‍ കപ്പേളയുടെ ചിമ്മിണിയില്‍ വെളുത്ത പുക പ്രത്യക്ഷപ്പെട്ടത്.
രണ്ടാം ദിവസത്തിന്‍റെ ആന്ത്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭാഗം ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ പാപ്പായെ കര്‍ദ്ദിനാള്‍ സംഘം അംഗീകരിച്ചതും വെളുത്ത പുകയിലൂടെ തിരഞ്ഞെടുപ്പ് ഫലം ആദ്യമായി ലോകത്തെ അറയിച്ചതും. പുതിയ പാപ്പായെ പ്രതീക്ഷിച്ച് രാവിലെ മുതല്‍ വത്തിക്കാനില്‍ തിങ്ങിനിന്ന ജനാവലി വൈകുന്നേരമായപ്പോള്‍ ഊറിനിന്ന ചെറുമഴയെ വെല്ലുവിളിച്ചും ജനസാഗമായി മാറിയിരുന്നു.
തിരഞ്ഞെടുപ്പിന്‍റെ അവസാന ഭാഗമായി കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഇപ്പോഴത്തെ നിയുക്ത തലവന്‍, ജോണ്‍ ബാപ്റ്റിസ്റ്റ് റേ നിയുക്ത പാപ്പാ കര്‍ദ്ദിനാള്‍ ബര്‍ഗോളിയുടെ സമ്മതം ചോദിക്കുകയുണ്ടായി. “സഭയുടെ കനോന നിയമപ്രകാരമുള്ള ഈ തിരഞ്ഞെടുപ്പ് താങ്കള്‍ സ്വീകരിക്കുന്നുവോ,” എന്ന്. ചോദ്യത്തിന് സമ്മതം ലഭിച്ച ശേഷം വീണ്ടും പുതിയ പാപ്പ സ്വീകരിക്കുന്ന ഔദ്യോഗിക നാമമെന്താണെന്നും കര്‍ദ്ദിനാള്‍ റേ ആരാഞ്ഞു. ഫ്രാന്‍സിസ്സ്! അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സ്സിസിന്‍റെ നാമവും മദ്ധ്യസ്ഥ്യവുമാണ് പുതിയ പാപ്പാ സ്വീകരിച്ചത്. സമ്മതവും പേരും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഉന്നതസ്ഥാനം വഹിക്കുന്ന കര്‍ദ്ദാനാള്‍ റേ ഔദ്യോഗികമായി രേഖപ്പെടുത്തി. തുടര്‍ന്ന് സിസ്റ്റൈന്‍ കപ്പേളയുടെ സങ്കീര്‍ത്തന മുറിയില്‍ച്ചെന്ന് സ്ഥാനിക വസ്ത്രങ്ങള്‍ അണിഞ്ഞശേഷം സമീപത്തുള്ള പൗളൈന്‍ കപ്പേളയില്‍ മൗനപ്രാര്‍ത്ഥനയില്‍ ഏതാനും നിമിഷങ്ങള്‍ ചിലവഴിച്ചു. അവിടെനിന്നും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അകമ്പടിയോടെ പുതിയ പാപ്പ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലേയ്ക്ക് ആനീതനായി.
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പുതിയ പാപ്പയെ കാത്തുനില്ക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും റോമാക്കാര്‍ക്കും ലോകത്തിനും ദര്‍ശനം നല്കിക്കൊണ്ട് പുതിയ പാപ്പ പ്രത്യക്ഷനായി. എന്നിട്ട് വിശേഷമായി നല്കുന്ന ‘ഊര്‍ബി എത്ത് ഓര്‍ബി’ urbi et orbi സന്ദേശത്തിലൂടെ ലോകത്തെയും റോമാ നഗരത്തെയും അഭിസംബോധനചെയ്തു.
“പ്രിയ സഹോദരങ്ങളേ, പ്രാര്‍ത്ഥനാശംസകള്‍, നന്ദി. എന്നെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തിന് നന്ദി. ഇത്രയും നാള്‍ സഭയെ സുധീരം നയിച്ച ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്ക് പ്രത്യേകം നന്ദി. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം,” എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ജനങ്ങള്‍ക്കൊപ്പം ചൊല്ലി. “ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഉത്തരവാദിത്തമാണ് പാപ്പായെ തിരഞ്ഞെടുക്കുക എന്നത്. എന്നാല്‍ ലോകത്തിന്‍റെ മറ്റൊരു അറ്റത്തുനിന്നുമാണ് എന്നെ റോമാ രൂപതയുടെ അദ്ധ്യക്ഷനും, ആഗോള സഭയുടെ തലവനുമായി തിരഞ്ഞെടുത്തിരിക്കുന്നത്. നന്ദി.”
“സഭാ ജീവിതം ഇന്നത്തെ ലോകത്ത് സ്നേഹത്തിലും സാഹോദര്യത്തിലുള്ള ആത്മീയ യാത്രയാണെ്. അത് നമുക്ക് ഒരുമിച്ച് ചരിക്കാം. അതിനായി നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം.” തുടര്‍ന്ന്
“ഞാന്‍ നിങ്ങളെ ആശിര്‍വ്വദിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എന്നെ ആശിര്‍വ്വദിക്കുക,” എന്നു പറഞ്ഞ പുതിയ പാപ്പ നമ്രശിരസ്ക്കനായി ജനങ്ങളില്‍നിന്നും ലോകത്തിന്‍റെ പ്രാര്‍ത്ഥനയും ആശിര്‍വ്വാദവും ഏറ്റുവാങ്ങി. ചത്വരം തിങ്ങിനിന്ന ജനാവലി ഒരു നിമിഷത്തേയ്ക്ക് മൂകതയണഞ്ഞ് പ്രാര്‍ത്ഥിച്ചത് ആശ്ചര്യജനകമായിരുന്നു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ്സ് ജനങ്ങള്‍ക്ക് പൂര്‍ണ്ണദന്ധ വിമോചനമുള്ള അപ്പസ്തോലിക ആശിര്‍വ്വാദം നല്കിയതോടെ വളരെ ഹ്രസ്വവും ലളിതവുമായ പുതിയ പാപ്പായുടെ ‘ഊബി എത് ഓര്‍ബി’ സന്ദേശപരിപാടിയും പ്രഥമ കൂടിക്കാഴ്ചയും സമാപിച്ചു.
Post A Comment:
0 comments: