Pavaratty

Total Pageviews

5,980

Site Archive

നാണമില്ലാത്ത കടം വാങ്ങലുകള്‍

Share it:
റാഫി നീലങ്കാവില്‍, ക്രൈസ്റ്റ് കിംഗ് യൂണിറ്റ്
നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം, ഗണിതം എന്നും എനിക്കൊരു മരീചികയായിരുന്നു. ഗുണനവും ഹരണവും കൂട്ടലും കിഴിക്കലും ആകെക്കൂടി കുഴഞ്ഞ് ഒരുണ്ടപോലെ തലമണ്ടക്കകത്ത് പെരക്കും. കണക്ക് പഠിപ്പിക്കുന്ന ദേവസ്സികുട്ടിമാഷിന് എന്നെ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയും. എന്നോട് മാത്രമല്ല ഈ വാശി, സ്കൂളിലെ എല്ലാ കുട്ടികളോടും അങ്ങിനെയാണ്.

ഗുണനപ്പട്ടിക മനപ്പാഠമാക്കാതെ പ്രൈമറി പിന്നിടുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏത് ഉറക്കത്തിലും ഗുണനപ്പട്ടികയിലെ ഏതുഭാഗം ചോദിച്ചാലും ഉത്തരം പയാന്‍ കഴിയണമെന്നാണ് മാഷ് പറയുക. ഉറക്കത്തില്‍ ഗുണനപ്പട്ടിക പറയേണ്ടതിന്‍റെ ഗുട്ടന്‍സ് എനിക്ക് മനസ്സിലായില്ല.

കണക്ക് ക്ലാസ്സ് തുടങ്ങുന്നതുതന്നെ പട്ടിക നാലഞ്ച് പേരോട് ചോദിച്ചുകൊണ്ടായിരിക്കും. എന്‍റെ തരാതരക്കാര്‍ തലതാഴ്ത്തിയിരിക്കുന്പോള്‍ മാഷ് ഒരൊറ്റ ചോദ്യമാണ് ആറെട്ട്? ദൈവത്തെ മനസ്സില്‍ വിചാരിച്ച് മനസ്സില്‍ തോന്നിയ അക്കങ്ങള്‍ വിളിച്ചു പറയും. ഓരോ അക്കവും എന്നെ വേദനിപ്പിച്ചുകൊണ്ട് കടന്നുപോകും. വിളിച്ചുപറയുന്ന അക്കങ്ങളില്‍ വല്ലപ്പോഴുമൊക്കെ ശരിയുത്തരം അവിചാരിതമായി പറഞ്ഞുപോയാല്‍ മാഷ് പറയും, അപ്പോ നല്ല അടികിട്ടിയാല്‍ നിനക്ക് ഉത്തരം വരും അല്ലേ

അങ്ങിനെ തുടരുന്പോഴാണ് കണക്കിലെ എന്‍റെ പരാജയം പരിഹരിക്കാന്‍ അമ്മ ചേച്ചിയെ നിയോഗിച്ചത്. ചേച്ചി എട്ടാം ക്ലാസ്സിലാണ്. കണക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യാതൊരു ചീത്തപ്പേരും ചേച്ചി കേള്‍പ്പിച്ചിട്ടില്ല. അങ്ങനെയുള്ള ചേച്ചിയേയും കൂടി എന്നെ നന്നാക്കിയെടുക്കാന്‍ ശ്രമിച്ചത് കണക്കിനോട് എന്‍റെ അരിശം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായി.

നാല് മണിക്ക് സ്കൂള്‍ വിട്ടുവന്നാല്‍ ചേച്ചി എന്നെ അറസ്റ്റ് ചെയ്യാന്‍ നോക്കാറുണ്ട്. ചായയും പലഹാരവും കഴിച്ചുകഴിഞ്ഞാല്‍ കണക്കു പഠിക്കാന്‍ സ്ലേറ്റുമെടുത്ത് ചേച്ചിയുടെ അടുത്തെത്തണമത്രേ! കളിമാത്രം മനസ്സില്‍ വിചാരിച്ച് സ്കൂള്‍ വിട്ടുവരുന്പോഴാണ് ചേച്ചിയുടെ ഒരു കണക്ക് പഠിത്തം. ഞാന്‍ കളിക്കാനോടും അത്രതന്നെ. രാത്രിയില്‍ ചേച്ചി അക്കങ്ങള്‍ കുറിച്ചുതരും അത് മനസ്സില്ലാ മനസ്സോടെ ആവര്‍ത്തിച്ച് എഴുതും.

സംഖ്യകള്‍ കൂട്ടുന്നവിധം ഒരു വിധം പഠിപ്പിച്ച് കഴിഞ്ഞപ്പോള്‍ കിഴിക്കല്‍ പഠിപ്പിക്കാനായി ചേച്ചിയുടെ ശ്രമം. സ്ലേറ്റില്‍ കിഴിക്കലിനുള്ള സംഖ്യ എഴുതി. ഒരു സംഖ്യയില്‍ നിന്ന് മറ്റൊരു സംഖ്യ കുറയ്ക്കണം. കുറയ്ക്കുക എന്ന വാക്ക് തന്നെ എനിക്ക് മനസ്സിലാവില്ല. കുറച്ചിട്ട് എന്ത് കിട്ടാനാണ് എന്ന ചിന്ത എന്നെ അലോസരപ്പെടുത്തി. അപ്പോഴാണ് ആറില്‍ നിന്ന് എട്ട് എടുക്കേണ്ട പ്രശ്നം ഉണ്ടായത്. ആറില്‍ നിന്ന് എട്ട് എടുക്കുവാന്‍ കഴിയുമോ എന്ന് ചേച്ചി ചോദിച്ചപ്പോ, എനിക്ക് ദേഷ്യമാണ് വന്നത്. ആര് എന്ത് എടുക്കേണ്ട കാര്യമാണ് ചേച്ചി പറയുന്നത്? എട്ട് എടുക്കാന്‍ പറ്റാത്തത് മൂലം അപ്പുറത്തുള്ള സംഖ്യയില്‍ നിന്ന് കടം എടുക്കണമത്രേ! അങ്ങനെ കടം വാങ്ങി പ്രശ്നം ഏകദേശം പരിഹരിച്ചപ്പോഴാണ് അടുത്ത പ്രശ്നം അടുത്ത സംഖ്യയുടെ കാര്യത്തിലും ഇനിയും കടം വാങ്ങണമെത്രേ! എനിക്ക് ലജ്ജ തോന്നി. ചേച്ചിയോട് ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു. ഏതു നേരവും കടം വാങ്ങാന്‍ ചേച്ചിക്ക് നാണമില്ലേ?
Share it:

EC Thrissur

കഥ

No Related Post Found

Post A Comment:

0 comments: