യേശുവിന്‍റെ ഉയിര്‍പ്പ് നമുക്ക് സന്തോഷത്തിന്‍റേയും വിജയത്തിന്‍റേയും ചിന്തകളാണ് സമ്മാനിക്കുന്നത്. യേശുനാഥന്‍ പാപത്തിന്‍റേയും മരണത്തിന്‍റേയും മേല്‍ വിജയം വരിച്ച സുന്ദരസുദിനം അതാണ് ഈസ്റ്റര്‍. ആത്മീയവും ഭൗതികവുമായ പ്രതീക്ഷയുടെ തിരുനാളാണ് ഈസ്റ്റര്‍.
മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുന്നില്ല. മരണത്തിനപ്പുറം നമുക്കൊരു ജീവിതമുണ്ടെന്നും അതിനാല്‍ നന്മയില്‍ ജീവിക്കുമെന്നും ഉയിര്‍പ്പുതിരുനാള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. അതോടൊപ്പം ഒരു തകര്‍ച്ചക്കപ്പുറം ഒരു വളര്‍ച്ചയുണ്ടെന്നും ഒരു പരാജയത്തിനപ്പുറം ഒരു വിജയമുണ്ടെന്നും ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നു.
ശാസ്ത്രജ്ഞനായിരുന്ന മൈക്കിള്‍ ഫാരഡെ തന്‍റെ ശിഷ്യന്മാര്‍ക്ക് ലബോറട്ടറിയില്‍ വെച്ച് ക്ലാസ്സെടുക്കുകയായിരുന്നു. നൈട്രിക് ആസിഡ് നിറച്ചുവെച്ചിരിക്കുന്ന ജാറിലേയ്ക്ക് വെള്ളിക്കന്പി വഴുതിവീണു. ആ വെള്ളിക്കന്പി അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നതുകണ്ട് കുട്ടികള്‍ അന്പരന്നു. ഫാരഡെ കുറച്ച് ഉപ്പെടുത്ത് ആ ജാറിലേയ്ക്കിട്ടു. ജാറിന്‍റെ അടിയില്‍ വെള്ളിക്കണികകള്‍ രൂപപ്പെട്ടു. അവ ശേഖരിച്ച് ഒരു പുതിയ വെള്ളിക്കന്പി അദ്ദേഹം രൂപപ്പെടുത്തി. പുതിയത് പഴയതിനേക്കാള്‍ മനോഹരമായിരുന്നു. പുനരുദ്ധാനമാണ് ത്യാഗത്തിന്‍റെ പരിണതഫലമായുണ്ടാകുന്ന അവസ്ഥാ വിശേഷം. ജീവന്‍ കൊടുക്കുന്പോള്‍ നിത്യ ജീവന്‍ തിരിച്ചു കിട്ടുന്നു. ത്യാഗം ചെയ്യുന്പോള്‍ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സ്നേഹം കൊടുക്കുന്പോള്‍ നിത്യസ്നേഹമായി മാറുന്നു.
ഉത്ഥാനത്തിലുള്ള പ്രതീക്ഷയോടെ ഉത്ഥിതന്‍റെ ജീവിതം നമുക്ക് നയിക്കാം. ഉത്ഥിതന്‍ നല്‍കുന്ന നവ ജീവനിലും വിജയത്തിലും സമാധാനത്തിലും സന്തോഷത്തിലും നമുക്ക് പങ്കുചേരാം. ഏവര്‍ക്കും ഈസ്റ്റര്‍ സന്തോഷം ആശംസിച്ചുകൊണ്ട്
നിങ്ങളുടെ സ്വന്തം
നോബി അച്ചന്‍.
Post A Comment:
0 comments: