നോന്പുകാലം ഒരു നടപ്പാതയാണ്. വെളിച്ചത്തിലേക്കുള്ള നടപ്പാത. ത്യാഗങ്ങളുടെ നോവുകളെ ജീവിതത്തോടു ചേര്‍ത്തു കൊരുത്തുകൊണ്ട് ഓരോ വ്യക്തിക്കും തന്നെത്തന്നെ തുടച്ചുമിനുക്കാനും വെടിപ്പാക്കാനുമുള്ള അവസരം. ഈ നോന്പുകാലത്തിന്‍റെ ചിന്തകള്‍ നമ്മുടെ ജീവിതങ്ങളുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനൊരു വേദി ഒരുക്കുകയാണ്. നോന്പിനെ അടുത്തറിയാനും സ്വന്തമാക്കാനുമായി പ്രസിദ്ധ ധ്യാനഗുരുവും പ്രഭാഷകനും ഗ്രന്ഥകാരനുമായ ഫാ.ബോബി ജോസ് കട്ടിക്കാട്കപ്പുച്ചിന്‍ കുറിക്കുന്ന ധ്യാനചിന്തകള്‍ വായിക്കുക.
അന്നം-13
നോന്പ് മടങ്ങിവരാനുള്ള കാലമാണ്, എല്ലാ സുകൃതങ്ങളുടെ സുഗന്ധത്തിലേക്കും. അതില്‍ നിശ്ചയമായും വീട്ടുമേശയുണ്ടാകണം. മാനസാന്തരത്തിനു വീട്ടുമേശയിലേക്കുള്ള മടക്കയാത്ര എന്നും അര്‍ഥമുണ്െടന്നു തോന്നുന്നു.
ഒറ്റയ്ക്ക് ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച് മനസുകൊണ്െടങ്കിലും ചാരത്തിരിക്കുന്നയാള്‍ക്ക് ഒരുപിടി വാരിക്കൊടുത്ത്. അങ്ങനെയാണു തീന്‍മേശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ചു ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്നു തോന്നുന്നു.
ദൈവത്തെപ്പാലും രുചിച്ചറിയണമെന്ന സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരുടെ ഭൂമികയിലായിരുന്നു നസ്രത്തിലെ യേശുവിന്‍റെ വാഴ്വ്. നിന്‍റെ കുഞ്ഞുങ്ങള്‍ മേശയ്ക്കു ചുറ്റും ഒലിവുനാന്പുകള്‍ പോലെയും നിന്‍റെ സഖി മുന്തിരിവള്ളിപോലെയും വ്യാപരിക്കട്ടെയന്ന പ്രസാദസങ്കീര്‍ത്തനം തന്നോടുതന്നെ ആശംസിക്കാത്ത ഏതൊരാളുണ്ടാവും? അന്നംകൊണ്ടു ജീവിതത്തെ വിമലീകരിക്കാമെന്ന സുവിശേഷമാണു ക്രിസ്തു അതിനോടു ചേര്‍ത്തു പാകപ്പെടുത്തിയത്.
അതങ്ങനെത ന്നെയാണ്. ചുങ്കക്കാരോടും പാപികളോ ടുമൊപ്പം ഭക്ഷണത്തിനിരുന്നവന്‍ എന്നാണ് അവന്‍റെ കാ ലം അവനെ പരിഹ സിച്ചത്. എന്നാല്‍, അതിനുശേഷം അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും ആരാഞ്ഞില്ല. അത്തരം പന്തി ഭോജനങ്ങള്‍ക്കുശേഷം അവര്‍ കുളിച്ചുകയറിയവരെപ്പാലെ നിര്‍മലരായി. ചുങ്കക്കാരന്‍ മത്തായിയുടെ മാനസാന്തരം ഒറ്റപ്പെട്ട കഥയല്ല; വിരുന്നുകളുടെ ശ്രേഷ്ഠതയ്ക്ക് ഇണങ്ങിയ മട്ടില്‍ തങ്ങളെത്തന്നെ ഔന്നത്യങ്ങളിലേക്ക് ഉയര്‍ത്തിയാണ് ഓരോരുത്തരും മേശവിട്ടുപോയത്. ഒരു വിരുന്നിനുശേഷം ഒരാളും ഒരിക്കലും പഴയ മനുഷ്യനല്ല.
ഒരുമിച്ചു വിരുന്നുണ്ട ഒരാള്‍ക്ക് ഇടറാനുള്ള സാധ്യത തുലോം കുറവാണ്. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അതിനേക്കാള്‍ കഠിനമായ ദുര്യോഗം വേറെയില്ല. അതുകൊണ്ടാണു ക്രിസ്തു ഇങ്ങനെ വ്യസനിച്ചത്: എന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന ഒരാളുടെ ഹൃദയം എനിക്കെതിരേ കഠിനമാകുന്നതു ഞാന്‍ അറിയുന്നുണ്ട്. ദാവീദിന്‍റെ സങ്കീര്‍ത്തനം നാമോര്‍ക്കുന്നു.
ചങ്കു തുറന്നുകാട്ടിയ ഒരത്താഴത്തിനുശേഷവും എന്തുകൊണ്ടാണു യൂദാസിന്‍റെ ഹൃദയം കഠിനമായത്. അത്താഴത്തിനിടയില്‍ ഇറങ്ങിപ്പോയ ഒരാള്‍ എന്നാണു സുവിശേഷം അയാളെ രേഖപ്പെടുത്തുന്നത്. പുറത്ത് ഇരുട്ടായിരുന്നുവെന്നാരു വരി കൂടെയുണ്ട്. മേശയുടെ പ്രകാശത്തില്‍നിന്ന് ഇറങ്ങിപ്പോയവരെ കാത്തിരിക്കുന്ന ശിരോലിഖിതം അതായിരിക്കണം - ഇരുട്ട്, കൊടിയ ഇരുട്ട്. ഒരാള്‍ ഇറങ്ങിപ്പോയ ഒരിടം ഇനിയുള്ള എല്ലാ അത്താഴത്തിലും ശൂന്യമായിത്തന്നെ കിടക്കും.
വിരുന്നിനെ ഉപവാസത്തിനു തുല്യമായി പ്രതിഷ്ഠിക്കുക വഴി ഭക്ഷണമേശയെ ക്രിസ്തു ദിവ്യമായ പ്രതലങ്ങളിലേക്ക് വാഴ്ത്തിവയ്ക്കുകയായിരുന്നു. സ്നേഹപൂര്‍വവും നന്ദിയോടെയും ആഹരിക്കാന്‍ അവിടുന്നു വിരുന്നുകാരെ ഓര്‍മിപ്പിക്കുന്നു. ഒരു കഥപോലും അവിടുന്ന് അതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യാതൊരുവിധ യോഗ്യതകളും ഇല്ലാത്തവര്‍ക്ക് അന്‍പാര്‍ന്ന ഒരു യജമാനന്‍ വച്ചുവിളന്പുന്ന വിരുന്ന്. വിരുന്നിന്‍റെ നേരം വന്നപ്പോഴാണ് അയാള്‍ അതു ശ്രദ്ധിച്ചത്, മേശയുടെ ശ്രേഷ്ഠതയ്ക്ക് ഇണങ്ങാത്ത വസ്ത്രം ധരിച്ച ഒരാള്‍. ആദ്യകാല കൈയെഴുത്തുപ്രതികളില്‍, നിന്‍റെ വെളളയങ്കിക്കെന്തുപറ്റിയെന്നാണു യജമാനന്‍റെ ചോദ്യം. അടിമുടി ഒരാളെ പൊതിഞ്ഞുനില്‍ക്കുന്ന സ്നേഹമാണ് ഈ വെളളയങ്കി. അതില്‍ ചെളിപുരണ്ടാല്‍ വിരുന്നു ശരീരത്തെ മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളൂ. മേശയില്‍ ഇരിക്കുന്പോഴും അയാളുടെ മനസ് ഖേദത്തിലും ക്ഷോഭത്തിലുംപെട്ട് ഉഴലുകയാണ്.
ആദരപൂര്‍വം ഓരോ വിഭവത്തെയും തൊടണമെന്നും അവിടുന്ന് ഓര്‍മിപ്പിച്ചു. ഒരപ്പത്തുണ്ട് എടുക്കുന്പോള്‍പോലും കൃതജ്ഞതാഭരിതമായി അവിടുത്തെ ഹൃദയം എന്നു പുതിയ നിയമം രേഖപ്പെടുത്തുന്നുണ്ട്. ദീര്‍ഘമായ ഒരു യാത്രയില്‍ ഒരിക്കല്‍പ്പോലും അവിടുത്തെ ക്രിസ്തുവായി തിരിച്ചറിയാത്ത രണ്ടു ശിഷ്യന്മാര്‍ അന്തിയില്‍ അവിടുന്ന് അപ്പമെടുത്ത സവിശേഷരീതി കണ്ടിട്ടാണ്, അതു ക്രിസ്തുവാണെന്നു ഹര്‍ഷത്തോടെ വിളിച്ചുപറഞ്ഞത്.
നല്ലൊരു ആതിഥേയന്‍കൂടിയാണു ക്രിസ്തു. സുവിശേഷം അവസാനിക്കുന്പോള്‍ തീ കൂട്ടി അതില്‍ അപ്പവും മീനും ചുട്ട് ശിഷ്യര്‍ക്കു വിളന്പുന്ന ക്രിസ്തു തീരത്തു നില്‍പ്പുണ്ട്. അഗാധമായ കരുതലില്‍നിന്നു വേണം എന്തും വിളന്പാനെന്ന് അവിടുന്ന് മറ്റുള്ളവര്‍ക്കുവേണ്ടി മേശയൊരുക്കുന്ന ഏതൊരാളോടും മന്ത്രിക്കും.
ഒടുവില്‍ അങ്ങനെയും ഒരു ക്ഷണമുണ്ട്. സ്വയം അന്നമാകാന്‍. ഈ അപ്പം ഭക്ഷിക്കുന്പോഴൊക്കെ നിങ്ങള്‍ എന്നെത്തന്നെയാണ് ഭക്ഷിക്കുന്നത്. ഈ ചഷകത്തില്‍നിന്നു കുടിക്കുന്പോള്‍ എന്‍റെ തന്നെ രുധിരം. ഭക്ഷണത്തോടൊപ്പം, നിലനില്‍ക്കുന്ന, ഭക്ഷണത്തെക്കാള്‍ രുചിയുള്ള സ്മൃതിയായി നിങ്ങളുടെ ഉറ്റവര്‍ നിങ്ങളെ കൊണ്ടാടട്ടെ -കുര്‍ബാനപോലെ.
ഏതൊരമ്മയ്ക്കും അതു മനസിലാകും. ഒരായുസു മുഴുവന്‍ വിറകൂതിയും സ്വയം പുകഞ്ഞും അവള്‍ വിളന്പിയ അത്താഴത്തെക്കാള്‍ അവളും നമ്മളും ഓര്‍മിക്കാന്‍ പോകുന്നത് അവളെത്തന്നെ ഭക്ഷിക്കാന്‍ തന്ന ആ ചെറിയ കാലമായിരിക്കില്ലേ തിന്നിട്ടും തിന്നിട്ടും തീരാത്ത ഉരുളയെന്നു കുട്ടിക്കാലത്ത് നമ്മള്‍ പറഞ്ഞിരുന്ന ആ കടങ്കഥയുടെ ഉത്തരം. അവിടെയാണ് എന്‍റെ ജീവിതത്തിന്‍റെ സാഫല്യം; അന്നമായി നിന്‍റെ പ്രാണനില്‍ അലി യുന്പോള്‍.
വീഴ്ച-12
ഇന്നു നോന്പിലെ രണ്ടാം വെള്ളി. നിശ്ചയമായും ഇന്നത്തെ കുരിശിന്‍റെ വഴി പ്രാര്‍ഥനകളില്‍ ക്രിസ്തു മൂന്നിടങ്ങളില്‍ വീണതിന്‍റെ ഓര്‍മയില്‍ നമ്മുടെ ഹൃദയം വിഷാദഭരിതമാകും. അവിടുത്തെ വീഴ്ചകള്‍ക്കു നമ്മോടെന്താണു പറയാനുള്ളത്? എന്തൊരു സാന്ത്വനമാണ് ആ ഇടങ്ങള്‍ ഒരാള്‍ക്കു സമ്മാനിക്കുന്നത്. വീണപ്പോള്‍ അവന്‍ നമ്മളോടൊപ്പം വീണു. എഴുന്നേറ്റപ്പോള്‍ അവന്‍ നമ്മളെയും കൈപിടിച്ചുയര്‍ത്തി.
സീസര്‍ നിലംപതിച്ചപ്പോള്‍ മാര്‍ക്ക് ആന്‍റണി പറഞ്ഞതില്‍നിന്നു വിഭിന്നമാണിത്. വല്ലാത്ത വീഴ്ചയാണത്, സീസര്‍ വീണപ്പോള്‍ ഞാനും നിങ്ങളും അയാളോടൊപ്പം വീണു. പറഞ്ഞുവരുന്നതു ദൈവം നിങ്ങളോട് ഉപാധികളില്ലാതെ പൊറുത്തുവെന്നാണ്. മണ്‍പാത്രത്തിലെ നിധിയെന്നു മനുഷ്യജീവിതത്തെ പൗലോസ് സംഗ്രഹിക്കുന്പോള്‍ വീഴാനും ഉടയാനും സാധ്യതയുള്ളൊരാള്‍ എന്നുതന്നെ അര്‍ഥമാക്കിയിട്ടുണ്ടാവണം. മണ്ണില്‍നിന്ന് മനുഷ്യനെ മെനഞ്ഞെടുത്ത ആ പരമചൈതന്യത്തിനറിയാം എത്ര ദുര്‍ബലമാണു തന്‍റെ സൃഷ്ടിയെന്ന്.
മനുഷ്യനും മുന്പേ വെളിച്ചത്തിന്‍റെ വാഹകന്‍ - ലൂസിഫര്‍ -എന്നു പേരുള്ള മാലാഖപോലും വീണിട്ടുണ്ട്. ശക്തന്മാര്‍ എങ്ങനെയാണു വീണതെന്ന ചോദ്യത്തിനു വേദം നിറയെ ഇടമുണ്ട്. മറിയത്തിന്‍റെ സ്തോത്രഗീതങ്ങളില്‍പ്പോലും അതിന്‍റെ ആവര്‍ത്തനങ്ങളുണ്ട്. ഏണിയും പാന്പും കളിപോലെ, കയറിയതിനേക്കാള്‍ വേഗത്തില്‍ നിലംപതിക്കുന്നവര്‍.
സ്വന്തം ദൗര്‍ബല്യത്തെ കണ്െടത്തുകയാണു പ്രധാനം. ഗുപ്തമായോ ദൃശ്യമായോ അതിന്‍റെ അടയാളങ്ങള്‍ ഒരാളില്‍ വളരെ നേരത്തെ കണ്െടത്താനാവും. ശരാശരി മനുഷ്യരുമായുള്ള താരതമ്യവിചാരങ്ങളില്‍ അത്തരമൊരു മണ്‍പാദത്തെ എനിക്കു കണ്െടത്താനാവില്ല. എന്നാല്‍, ഒരു ഗുരുസന്നിധിയില്‍ മിഴിപൂട്ടിയിരിക്കുന്ന ഒരാള്‍ക്കു തന്‍റെ അപൂര്‍ണതകളെ തിരിച്ചറിയാനാകും. പാപം നിന്‍റെ പടിപ്പുരയില്‍ നില്പുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ അതു നിന്നെ കീഴ്പ്പെടുത്തുമെന്ന ഉല്പത്തി പുസ്തകത്തിലെ സൂചന ഗുരുവിലൂടെയാണു നമ്മുടെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്.
ഒരു ഉദാഹരണത്തിനു യൂദാസ് തട്ടിവീണ ധനമെന്ന കടന്പയെ ശ്രദ്ധിക്കുക. അയാളതിലേക്കു നേരത്തെതന്നെ ചാഞ്ഞുനിന്നിരുന്നു. ഒരു സ്ത്രീ തന്‍റെ ജീവിതത്തിന്‍റെ പ്രതീകമായ സുഗന്ധതൈലത്തിന്‍റെ വെണ്‍കല്ഭരണി അവനു മുന്പാകെ ഉടച്ചഭിഷേകം ചെയ്യുന്നു. അവള്‍ പാഴാക്കിക്കളഞ്ഞ ധനത്തെ ഓര്‍ത്തയാള്‍ ഭാരപ്പെടുന്നു. ക്രിസ്തു അയാളെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്േടാ തിന്മകളിലേക്കു ചാഞ്ഞുപോകുന്ന മനുഷ്യര്‍ക്കു പഴയനിയമത്തിലെ ഫറവോയുടെ മനസാണ്. ഓരോ ഇടപെടലിലും കുറച്ചൊന്നു ചഞ്ചലചിത്തരാകുന്ന അവര്‍ അടുത്ത നിമിഷത്തില്‍ അതിന്‍റെ കൂട്ടുപലിശയ്ക്കു കൂടി കഠിനഹൃദയരാകുന്നു. അയാളുടെ വീഴ്ച ഒരു സ്വാഭാവികപരിണിതി ആയിരുന്നു. കഠിനമായ അഹത്തിലേക്കു ചാഞ്ഞുനിന്ന മനസായിരുന്നു പത്രോസിന്‍റേത്. ഇടയനെ അടിക്കുകയും ആടുകള്‍ ചിതറപ്പെടുകയും ചെയ്യുന്ന രാവിനെക്കുറിച്ച് പറയുന്പോള്‍ തനിക്ക് അതൊരിക്കലും സംഭവിക്കില്ലെന്ന് അയാള്‍ ആണയിടുന്നു. ക്രിസ്തു അയാളെയും തിരുത്തുന്നുണ്ട്. ഒടുവില്‍ അവനവന്‍കടന്പയില്‍ തട്ടി അയാളും വീഴുന്നു.
ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്തതകളില്‍ നിന്നാണു വീഴ്ചകളൊക്കെ ആരംഭിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്നവരെയാണ് അവിടുന്ന് വലിയ കാര്യങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കുന്നത്. ഒരുദിവസം കൊണ്ടല്ല റോമാ പണിയപ്പെട്ടത് എന്ന പഴഞ്ചൊല്ലിന്‍റെ തിരിച്ചുള്ള വായനയും സംഭവിക്കേണ്ടതുണ്ട്. ഒരു ദിവസം കൊണ്ടല്ല റോമാ ജീര്‍ണിച്ചതും തകര്‍ന്നതും.
മാപ്പുകൊടുക്കാന്‍ മനുഷ്യരുള്ളയിടങ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു. ഗൗരവമായ ഒരിടര്‍ച്ചയെക്കുറിച്ച് തന്‍റെ സ്ത്രീയോട് ഏറ്റുപറയാന്‍ തയാറാകുന്ന ഒരാള്‍ അവളുടെ ക്ഷോഭത്തിലോ സങ്കടത്തിലോ താന്‍ ചിതറിപ്പോകുമെന്നു ഭയന്നുനില്‍ക്കുന്പോള്‍ അവളിങ്ങനെ പറഞ്ഞു: എനിക്കിപ്പോള്‍ തോന്നുന്നു, പുറത്തു കളിക്കാന്‍ പോയൊരു കുട്ടി സുഖകരമല്ലാത്ത കുസൃതി ചെയ്തിട്ട് അമ്മയുടെ മുന്പില്‍ പരുങ്ങി നില്ക്കുന്നതുപോലെയാണു നിങ്ങളെന്ന്. നിങ്ങള്‍ക്കു ഞാന്‍ മാപ്പുനല്കിയില്ലെങ്കില്‍ മറ്റാരാണതു തരിക?
സ്വയം മാപ്പുകൊടുക്കാന്‍ പഠിക്കുകയാണു പ്രധാനം. അറിഞ്ഞോ അറിയാതെയാ സംഭവിച്ച വീഴ്ചകളില്‍ ജീവിതകാലം മുഴുവന്‍ ആത്മനിന്ദയുടെ കനലില്‍ വേകുന്നവരെ കണ്ടിട്ടുണ്ട്. മനുഷ്യന്‍റെ വീഴ്ചകളോടു സഹാനുഭൂതി പുലര്‍ത്തുന്ന ഒരു ദൈവസങ്കല്പമാണല്ലോ ക്രിസ്തുവിലൂടെ മറനീക്കി വരുന്നത്. ആരോഗ്യമുള്ളവര്‍ക്കല്ല ആതുരര്‍ക്കാണു വൈദ്യന്‍റെ ആവശ്യമെന്നു പറഞ്ഞ് വീണവരും പരിക്കേറ്റവരുമാണ് തന്‍റെ മുന്‍ഗണനാക്രമത്തിന്‍റെ ആദ്യത്തെ പട്ടികയിലെന്ന് അവന്‍ വ്യക്തമാക്കി.
ഒരു പെണ്‍കുട്ടിയുടെ ഭൂതകാലം ഇടര്‍ച്ചകളുടെ ആകെത്തുകയായിരുന്നു. മനസുമടുത്തവള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. കടലോരത്തുകൂടെ നടന്നു പിന്നെ തിരകളിലേക്കു കുതിക്കാന്‍ ആഞ്ഞപ്പോള്‍ ഉള്ളില്‍നിന്ന് ഒരു ശബ്ദം കേട്ടു: തിരിഞ്ഞുനോക്കുക. അവള്‍ തിരിഞ്ഞുനോക്കി. അവള്‍ നടന്നുവന്ന വഴികളില്‍ ഭൂതകാലം പോലെ അവളുടെ കാല്പാടുകള്‍. നോക്കി നില്ക്കുന്പോള്‍ത്തന്നെ ഒരു തിര വന്ന് ആ അടയാളങ്ങളെ തുടച്ചുനീക്കി, വീണ്ടും കടലിലേക്കു മടങ്ങി. എല്ലാം പുതുതായി ആരംഭിക്കാന്‍ അവിടുന്ന് ഒരു സ്ളേറ്റ് വൃത്തിയാക്കുന്ന കണക്ക് എന്‍റെ ഇന്നലെകളില്‍ നിന്ന് എനിക്കു മോചനം നല്കിയെന്ന് അവള്‍ സ്വസ്ഥതപ്പെട്ടു.
കറ നല്ലതാണെന്ന് ഒരു ഡിറ്റര്‍ജന്‍റിന്‍റെ പരസ്യത്തില്‍ പറയുന്നതുപോലെ വീഴ്ചയ്ക്കും ചില പ്രയോജനങ്ങള്‍ ഉണ്ടാവണം, സ്വന്തം ജീവിതത്തെ വിനയത്തോടും യാഥാര്‍ഥ്യബോധത്തോടും പുനര്‍വിചിന്തനം ചെയ്യാനായി. ഇനി സ്വയം പൊറുത്തു വര്‍ത്തമാനകാലത്തെ പ്രകാശിപ്പിക്കുക. എന്ത് ഉടഞ്ഞുപോയാലും അതിനെ പുതുക്കി പണിയാനാവുമെന്നുള്ളതാണല്ലോ അയാള്‍ വച്ചുനീട്ടുന്ന സുവിശേഷം. ഏറ്റവും കഠിനവും അവസാനത്തേതുമായ വീഴ്ച മരണമാണ്. അതില്‍പ്പോലും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നു ലോകത്തോടു നിരന്തരം വിളിച്ചുപറയുക.
നുകം-11
എല്ലാ നുകങ്ങളും ഒടിക്കുന്നതാണു ഞാന്‍ ആഗ്രഹിക്കുന്ന യഥാര്‍ഥ ഉപവാസം(ഏശ.58:6).
ഭാരം കുറവായ, ഒരുപക്ഷേ, മധുരമെന്നുപോലും വിശേഷിപ്പിക്കാവുന്ന ഒരു നുകത്തെക്കുറിച്ചു ക്രിസ്തു പറയുന്നതു ശ്രദ്ധിക്കുക. മാനവരാശിയുടെ മീതെ ക്രിസ്തു നല്കുന്ന നുകം വളരെ ലഘുവായ ഒന്നാണ്. എന്തൊക്കെയായിരിക്കാം അതിന്‍റെ അര്‍ഥസൂചനകള്‍?
നുകം പഴയനിയമത്തില്‍ നിയമത്തിന്‍റെ പ്രതീകമാണ്. കഠിനശാഠ്യങ്ങള്‍കൊണ്ടും നിഷ്ഠകൊണ്ടും എല്ലാക്കാലത്തുമുള്ള ആചാര്യന്മാര്‍ തങ്ങളുടെ പരിസരത്തെ കഠിനമാക്കിയിരുന്നു. ക്രിസ്തുവാകട്ടെ അമിതഭാരം നല്കുന്ന അത്തരം നുകങ്ങളെ എടുത്തുമാറ്റി മധുരമുള്ള ഒരു നുകം പകരംവച്ചു. പക്ഷിത്തൂവല്‍ കണക്കെയാന്ന്. ഞാന്‍ നിങ്ങള്‍ക്ക് ഒരേയൊരു കല്പന തരുന്നു - സ്നേഹം. ബാക്കിയുള്ളതൊക്കെ അതില്‍നിന്നു താനേ സംഭവിച്ചുകൊള്ളും.
നിയമത്തെയാ ചട്ടങ്ങളെയാ പാരന്പര്യങ്ങളെയാ ഇത്ര ലളിതമായി വേറെയാരും സംഗ്രഹിച്ചിട്ടില്ല. സ്നേഹമെന്ന നിലപാട് ജീവിതത്തിലേക്കു പ്രവേശിക്കുന്നതുവഴി എന്തുമാത്രം ഭാരക്കുറവാണു നിങ്ങള്‍ക്കനുഭവപ്പെടുന്നത്. ഏതു നുകവും കഠിനമാകുന്നത് അതിനകത്തുനിന്നു സ്നേഹം ചോര്‍ന്നുപോകുന്പോഴാണ്. എന്‍റെ നുകം എന്നു ക്രിസ്തു പറയുന്നതു ധ്യാനത്തിലും സ്നേഹത്തിലും എടുക്കുന്ന നുകമാണ്. കുറച്ചുകൂടി ധ്യാനപൂര്‍വം, കുറച്ചുകൂടി സ്നേഹപൂര്‍വം, നിങ്ങള്‍ ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ എടുത്തുതുടങ്ങുന്പോള്‍ അതു നിങ്ങള്‍ക്കു മധുരമായ അനുഭവമായി മാറുന്നു.
ക്രിസ്തു ഉപയോഗിക്കുന്ന പദത്തിന് "ളശേശേിഴ' (കൃത്യമായത്) എന്നര്‍ഥം കൂടിയുണ്െടന്നു മറ്റൊരു നിരീക്ഷണം. ഒരു മരപ്പണിക്കാരനെന്ന നിലയില്‍ ക്രിസ്തു നുകങ്ങളും ഉണ്ടാക്കിയിട്ടുണ്ടാവണം. എന്നാല്‍, രസകരമായ ഒരു പാരന്പര്യം ഇതാണ്. ശേഷമുള്ള തച്ചന്മാരൊക്കെ നേരത്തെ നുകങ്ങള്‍ കടഞ്ഞുവയ്ക്കുന്പോള്‍, ക്രിസ്തു ഉരുവിനെ ആദ്യമേ കാണണമെന്നു ശഠിച്ചിരുന്നു. എന്നിട്ട് അതിനിണങ്ങുന്ന മട്ടിലുള്ള നുകം മാത്രം ഏറ്റവും കരുതലോടെ പണിതുണ്ടാക്കി. സാരമിതാണ് - നമുക്കു വഹിക്കാന്‍ കഴിയുന്ന നുകങ്ങള്‍ മാത്രമേ അവന്‍ നമ്മുടെ ചുമലില്‍ ചേര്‍ത്തു വയ്ക്കാറുള്ളൂ.
എനിക്ക് അഭിമുഖീകരിക്കാനാവാത്ത ഒരു സങ്കടത്തിലൂടെയാ, എനിക്ക് അതിജീവിക്കാനാവാത്ത ഒരു പ്രലോഭനത്തിലൂടെയാ അവനെന്ന കൂട്ടിക്കൊണ്ടുപോവില്ല. മനുഷ്യനു ചുമക്കാനാവാത്ത ഒരു നുകവും ദൈവം ആരുടെയുംമേല്‍ വച്ചുകൊടുക്കുന്നില്ല. അതു വഹിക്കാന്‍ പറ്റുന്നില്ലെന്നാക്കെ തോന്നുന്നതു നമ്മുടെ പ്രകാശമില്ലായ്മകൊണ്ടാണ്; നമ്മുടെ സ്നേഹമില്ലായ്മകൊണ്ടാണ്. എന്തുകൊണ്ടു നിങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ അത്തരം ഒരു തീര്‍പ്പിലെത്താവുന്നതാണ്. എങ്ങനെ അതിലൂടെയാക്കെ കടന്നുപോന്നുവെന്നു നമുക്കുപോലും പിടിത്തം കിട്ടുന്നില്ല.
ഒരു വീട്ടമ്മ. ഭര്‍ത്താവു മരിക്കുന്പോള്‍ നാലു പെണ്‍കുട്ടികള്‍. എങ്ങനെ ഈ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഒടുവില്‍ ഈ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നിട്ടും എന്തൊക്കെയാ ചില പ്രത്യാശയുടെ ജാലകങ്ങള്‍ തുറന്നുകിട്ടിയതുകൊണ്ട് ജീവിക്കാനുള്ള ഊര്‍ജം അവര്‍ക്കു കിട്ടി. ഇപ്പോള്‍ ഏതാണ്ട് വാര്‍ധക്യത്തിലെത്തുന്പോള്‍ അവര്‍ പറയുന്നു: "എങ്ങനെയാണ് ഈ പുഴയൊക്കെ നീന്തിക്കടന്നതെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല'.
ഇത് എനിക്കുള്ള നുകമാണെന്ന പ്രകാശവും കാര്യങ്ങള്‍ കുറെക്കൂടി എളുപ്പത്തിലാക്കും. ചില ഭാരങ്ങള്‍ എന്‍റെ ജീവിതനിയോഗത്തിന്‍റെ ഭാഗമാണ്. തൊപ്പിയിലെ മഞ്ഞ് എന്ന ജാപ്പനീസ് ഹൈക്കു ഇത്തരത്തില്‍ ഒരു കണ്െടത്തലാണ്. മഞ്ഞു പെയ്യുന്ന ഒരു നാട്ടില്‍ എല്ലാ പ്രഭാതത്തിലും യാത്രയ്ക്കു പോകേണ്ട ഒരാള്‍. വലിയ മഞ്ഞുകട്ടകള്‍ അയാളുടെ മുളത്തൊപ്പിയില്‍ വീഴുന്നുണ്ട്. എന്നാല്‍, പെട്ടന്നൊരു ദിനത്തില്‍ അയാള്‍ക്കൊരു പ്രകാശം കിട്ടുകയാണ്. ഇത്രയും വിശാലമായ ഒരു പ്രപഞ്ചത്തില്‍ ഇത്രയും കൃത്യമായി ഒരു മഞ്ഞുപാളി എന്‍റെ തൊപ്പിയില്‍ വീഴുന്നുവെങ്കില്‍ അതെനിക്കു തന്നെ... അതോടുകൂടി തൊപ്പിയുടെ ഭാരം കുറഞ്ഞു. വിളന്പിയതു ഭക്ഷിക്കുകയെന്ന ക്രിസ്തുമൊഴികളെ ഇതിനോടു ചേര്‍ത്തു വായിക്കണം. ചില കാര്യങ്ങള്‍ ആ പരാശക്തി നിനക്കുവേണ്ടി മാത്രമായി കരുതിവയ്ക്കുന്നെങ്കില്‍ അതിനെ തട്ടിമാറ്റേണ്ടതുണ്േടാ?
നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതപരിസരങ്ങളില്‍ നാം അപരര്‍ക്കു വച്ചുനീട്ടുന്ന ചില നുകങ്ങളെ വേണ്െടന്നുവയ്ക്കാനുള്ള ധൈര്യമോ ലഘൂകരിക്കാനുള്ള നന്മയോ ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി ഭേദപ്പെട്ടനെ- കസന്‍റ് സാക്കീസിന്‍റെ അപ്പൂപ്പന്‍ ചെയ്തതുപോലെ. അവരുടെ ദേശത്ത് അതൊരു ശീലമായിരുന്നു. ജോലികഴിഞ്ഞു വരുന്ന ഭര്‍ത്താവിനെ കാല്‍പ്പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന സ്ത്രീകള്‍. ഒരുദിവസം പതിവുപോലെ സന്ധ്യയില്‍ തന്‍റെ കാല്‍പ്പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന സ്ത്രീയെ അപ്പൂപ്പന്‍ ശ്രദ്ധിച്ചു. അവരിപ്പോള്‍ വൃദ്ധയായിരിക്കുന്നു. അയാള്‍ക്കു വല്ലാത്ത കുറ്റബോധം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
യൗവനത്തോടും പ്രസാദത്തോടുംകൂടി തന്‍റെ ജീവിതത്തിലേക്കു പ്രവേശിച്ച ഈ സ്ത്രീ തന്‍റെ കൈകളിലിരുന്നായിരുന്നു വൃദ്ധയായിത്തീര്‍ന്നതെന്നാര്‍ത്തപ്പോള്‍ അയാള്‍ക്ക് അളവില്ലാത്ത വ്യസനം ഉണ്ടായി. വെള്ളം കരുതിവച്ചിരുന്ന ബേസിന്‍ അയാള്‍ തട്ടിമാറ്റി അവളെ പിടിച്ചുയര്‍ത്തി പറഞ്ഞു: "നീയിനി ഇതു ചെയ്യരുത്, നീയെന്‍റ അടിമയൊന്നുമല്ല, എന്‍റെ പ്രഭ്വിയാണ് നീ...'
ചില കാര്യങ്ങള്‍ വേണ്െടന്നു വയ്ക്കാവുന്നതേയുള്ളൂ. അധ്യാപകനു വേണമെങ്കില്‍ നിശ്ചയിക്കാവുന്നതേയുള്ളൂ, ഇത്രയും കാര്യങ്ങള്‍ പഠിച്ചുതീര്‍ക്കാന്‍ കുട്ടിയോടു ശഠിക്കേണ്ടതില്ലെന്ന്. ഇത്രയും പരിശോധനകള്‍ തന്‍റെ പാവപ്പെട്ട രോഗിക്കു വേണോയെന്നു ഡോക്ടറും ഒരു നിമിഷം ആലോചിച്ചാല്‍ നല്ലതല്ലേ മറ്റൊന്ന്, ഒരു നുകവും ഒരാള്‍ക്ക് ഒറ്റയ്ക്കു വഹിക്കാനാവില്ലെന്നതാണ്. നുകങ്ങള്‍ പൊതുവേ രണ്ട് ഉരുക്കള്‍ ചേര്‍ന്നു വഹിക്കാനുതകുന്ന വിധത്തിലാണു നിര്‍മിക്കപ്പെടുന്നത്. എന്നിട്ടും നമ്മുടെ കാലത്തിലെ മിക്കവാറും മനുഷ്യരുടെ ശിരോലിഖിതം ഒറ്റയ്ക്കു ചുമക്കേണ്ടിവരുന്ന നുകങ്ങളാണ്.
ദാ, ചരിത്രത്തില്‍ത്തന്നെ ഏറ്റവും കഠിനമായ നുകവുമായി ഇടറിനീങ്ങുന്ന ആ ചെറുപ്പക്കാരനെ നോക്കുക. പാതയോരത്തുനിന്ന് അനുതാപത്തോടും കരുണയോടും എല്ലാവരും അതു കാണുന്നുണ്ട്. എന്നിട്ടും... ഒരാള്‍മാത്രം മുന്പോട്ടുവന്നു നുകത്തിന്‍റെ മറുവശത്തു പിടിച്ചു. സൈറിന്‍കാരന്‍ ശിമയോനാണത്. അതോടുകൂടി കുരിശെന്ന നുകം രണ്ട് ഉരുക്കളുടെ മധ്യേയായി. അനുധാവനം ചെയ്യാന്‍ ആരുമില്ലാത്തതുകൊണ്ടു മാത്രം കഠിനമാകുന്നു ഒരാളുടെ നുകങ്ങള്‍.
നിശബ്ദത-10
വഴിയില്‍ ആരെയും അഭിവാദ്യം ചെയ്യരുത്. (ലൂക്ക 10:4). ഇപ്പോള്‍ എല്ലാവരും ഒത്തിരി മിണ്ടുന്നു. എന്നാല്‍, ഒന്നും പറയുന്നില്ല! പൗലോസിന്‍റെ ഭാഷയില്‍ സ്നേഹമില്ലാത്തവരുടെ വാക്കുകള്‍ ചുറ്റിനും ചെന്പുപോലെ മുഴങ്ങുന്നു. ഉള്ള് പൊള്ളയാകുന്പോഴാണു ചെന്പു ചിലന്പുന്നതെന്നാര്‍മിക്കണം. സെല്‍ഫോണെന്ന ചെറിയൊരു ഉപകരണം പൊതുവേ നിശബ്ദമെന്നുവ്യവഹരിക്കപ്പെടുന്ന ഇടങ്ങളെയും യാമങ്ങളെയുംപോലും ശബ്ദമുഖരിതമാക്കി. കാന്പില്ലാത്ത ഈ ഭാഷണങ്ങള്‍ ഒരാളുടെ ആന്തരിക ജീവിതത്തിനേല്‍പ്പിക്കുന്ന പരിക്കുകള്‍ കാണാതെ പോകരുത്.
തന്‍റെ സ്നേഹിതരെ ഭൂമിയുടെ അതിരുകളിലേക്കു ദൂതുമായി അയച്ചപ്പോള്‍ ക്രിസ്തു അനുശാസിച്ച കാര്യമതാണ്. വഴിയില്‍ ആരെയും അഭിവാദ്യം ചെയ്യണ്ട. ഗാഢമൗനത്തില്‍നിന്നു മാത്രം പൂവിടേണ്ടതാണു സുവിശേഷത്തിന്‍റെ വാക്കെന്ന് അവനുറപ്പുണ്ടായിരുന്നു. വഴികളില്‍ മൗനം സൂക്ഷിക്കാത്തവര്‍ എന്തു സുവിശേഷമാണു പറയാന്‍ പോകുന്നത്?
എന്താണു മൗനം? ഒരു ഉദ്ദീപനത്തിനും (ടശോൗഹ്യ) പ്രതികരണത്തിനുമിടയില്‍(ഞലെുീിലെ) സംഭവിക്കുന്ന ഇടവേളയാണത്. ഉദാഹരണത്തിന്, നീരസമെന്ന തോന്നലിനും അതിന്‍റെ പ്രതികരണത്തിനുമിടയില്‍ അകലം വര്‍ധിക്കുന്നതിനനുസരിച്ചു ക്ഷോഭം കരുണയായി മാറുന്നതു കാണുന്നില്ലേ ഒരാള്‍ക്കൂട്ടത്തെപ്പാലും അങ്ങനെ മാറ്റിയെ ടുക്കാന്‍ ഗുരുക്കന്‍മാര്‍ക്കു കഴിഞ്ഞേക്കും.
തെറ്റില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. ക്ഷുഭിതരായ ആള്‍ക്കൂട്ടത്തെ കേട്ടില്ലെന്ന മട്ടില്‍ അവന്‍ നിലത്തെഴുതിക്കൊണ്ടിരുന്നു. ആ മൗനത്തിന്‍റെ ഇടനാഴികളിലൂടെ സഞ്ചരിച്ച് ആള്‍ക്കൂട്ടം നിര്‍മലരായി. അവര്‍ കല്ലുകള്‍ നിലത്തിട്ടു നിറമിഴികളോടെ നടന്നുപോയി. ക്ഷോഭത്തില്‍ കരുണയുടെ നടവഴി ഉണ്ടാകുന്നു.
ആത്മീയത കുറേക്കൂടി നിശബ്ദനാകാനുള്ള ക്ഷണമാണ്. ക്രിസ്തു അതുകൊണ്ടാണു മരുഭൂമിയിലേക്കു പോയത്. മരുഭൂമി നിശബ്ദതയെ പ്രണയിക്കുന്നവര്‍ക്കു വേണ്ടിയാണ്. നഗരം ഹൃദയമില്ലാത്ത ഒരാരവം മാത്രമാണെന്നു ഗുരുക്കന്‍മാര്‍ക്കറിയാം. നിശബ്ദതയില്‍നിന്നു രൂപപ്പെട്ട നിഗൂഢതയാണവരുടെ സൗന്ദര്യം.
അഗാധമായ ഒരു നിശബ്ദതയില്‍ കുറഞ്ഞതു മൂന്നു കാര്യങ്ങളെങ്കിലും സംഭവിക്കുന്നുണ്ട്. ആദ്യത്തേതു സ്വയം കണ്െടത്തലാണ്. കലക്കവെള്ളത്തിലെങ്ങനെ മുഖം കാണാനാവുമെന്നു മരുഭൂമിയിലെ പിതാക്കന്‍മാര്‍ വ്യാകുലപ്പെടുന്നത് അതുകൊണ്ടാണ്. മൗനവും ഒരു കണ്ണാടിയാണ് - സ്വയം കണ്െടത്താനും തിരുത്താനുമുള്ള ദര്‍പ്പണം. മൗനം ആരെയും മുനിയാക്കും...
എല്ലാറ്റിനുമുപരി ആ പരാശക്തിയുടെ മൃദുമന്ത്രണങ്ങള്‍ കേള്‍ക്കണമെങ്കിലും നിശബ്ദനാകാതെ തരമില്ല. ശാന്തനായിരുന്നു ഞാന്‍ ദൈവമാണെന്നറിയുക എന്നു ബൈബിള്‍. കൊടുങ്കാറ്റിലും ഭൂകന്പത്തിലും ഇടിമിന്നലിലുമൊക്കെ കേള്‍ക്കാതെ പോയ തീരെ നേര്‍ത്ത ആ ശബ്ദം പ്രവാചകന്‍ ഇളംകാറ്റിലാണു കേട്ടതെന്നാര്‍ക്കണം.
ചുരുക്കത്തില്‍, നിങ്ങളുടെ ആന്തരികമനുഷ്യന്‍റെ നിലനില്പ് മൗനത്തില്‍ മാത്രം അധിഷ്ഠിതമാണെന്നു തോന്നുന്നു. ആഴം ആഴത്തെ വിളിക്കുകയാണ്, കുറേക്കൂടി നിശബ്ദനാകാന്‍. ഒടുവില്‍ അവനെന്ന ഒരു നീണ്ട മൗനത്തിലേക്ക് ആനയിച്ചുവെന്ന് ആവിലായിലെ തെരസയുടെ സാക്ഷ്യമുണ്ട്.
വെറുതെയല്ല ജോബ് തന്‍റെ സ്നേഹിതരോടു പറഞ്ഞത്, ഭാഷണങ്ങള്‍ അവസാനിപ്പിച്ചു നിങ്ങള്‍ എന്നോടൊപ്പം നിശബ്ദരായിരുന്നെങ്കില്‍ (ജോബ് 2:13). ആരംഭത്തില്‍ അവര്‍ക്കതിനുള്ള വെട്ടമുണ്ടായിരുന്നു. ഏഴുദിവസം അവര്‍ അയാളോടൊപ്പം നിശബ്ദരായിരുന്നു. പരിക്കുപറ്റിയ മനുഷ്യരെ നിങ്ങളുടെ ഭാഷണങ്ങള്‍കൊണ്ടു കൂടുതല്‍ ഭാരപ്പെടുത്തരുത്. പരീക്ഷയില്‍ തോറ്റ മകളെ വെറുതെ നെഞ്ചാടു ചേര്‍ത്തിരിക്കുക - ഒരു വാക്കും പറയാതെ.
ഇതിന്‍റെയര്‍ഥം മിണ്ടരുതെന്നല്ല. മിണ്ടാം. നിങ്ങളുടെ വാക്കുകള്‍ക്കു മൗനത്തെക്കാള്‍ സുഗന്ധവും പ്രകാശവും ഉണ്െടങ്കില്‍! അപ്പോള്‍ പര്‍വതം സമതലത്തോടു സംസാരിക്കുന്നതുപോലെയന്തോ ഒന്നു സംഭവിക്കുന്നു.
വാതിലടയുന്പോള്‍-9
ആ പഴയ ഫലിതമത്ര ഫലിത മല്ലെന്ന് ഇപ്പോഴാണു തോന്നുന്നത്. നാട്ടിന്‍പുറത്തെ ഒരു നാടകട്രൂപ്പ്. ഒറ്റയൊരുത്തന്‍ റിഹേഴ്സലിനു സമയത്തെത്തില്ല. നായകനടന്‍ ഒഴികെ. അയാള്‍ ശരിക്കും കൃത്യനിഷ്ഠയുള്ളവനാണ്. നേരത്തെയത്തും, വൈകിയേ മടങ്ങൂ. റിഹേഴ്സല്‍ തീരുന്ന ദിവസം നാടകട്രൂപ്പ് ഉടമ പറഞ്ഞു: നീയൊരുത്തന്‍ മാത്രമായിരുന്നു എന്‍റെ ആശ്വാസം, ബാക്കിയുള്ളവരൊക്കെ എന്നെ ചക്രശ്വാസം വലിപ്പിച്ചു. നായകന്‍ വിനയാന്വിതനായി. അതിനൊരു കാരണമുണ്ടു സാര്‍, നാടകം അരങ്ങേറുന്ന ദിവസം എന്‍റെ കല്യാണമാണ്. അന്നു വരാനാവാത്തതുകൊണ്ടു റിഹേഴ്സലിനു കൃത്യമായി പങ്കെടുക്കണമെന്നു ഞാന്‍ നിശ്ചയിച്ചുറപ്പിച്ചതാണ്. ഇതാണു ജീവിതത്തിന്‍റെ ദുരന്തം. നിര്‍ണായകമായ നിമിഷത്തില്‍ നിങ്ങളില്ലാതെയിരിക്കുക. തുറന്നുകാട്ടേണ്ട നേരത്ത് ഇത്രയും കാലം കൂടെകാണ്ടുനടന്ന മാറാപ്പ് ശൂന്യമാണെന്നറിയുക! ഓര്‍ക്കുന്പോള്‍ തന്നെ നടുക്കം തോന്നുന്ന ഒരു വിചാരമാണത്.
അതുകൊണ്ടുതന്നെ മത്തായിയുടെ സുവിശേഷം ഏഴാമധ്യായം എന്നെ നടുക്കുന്നു: അന്നു പലരും എന്നോടു ചോദിക്കും, കര്‍ത്താവേ കര്‍ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. (മത്തായി 7: 22-23)
എവിടെയാണു പാളിയത്? പ്രശ്നം അയാളുടെ ശരീരഭാഷയാണെന്നു തോന്നുന്നു. പകല്‍ മുഴുവന്‍ പാടത്തു പണിചെയ്ത് അന്തിയില്‍ ദാസര്‍ക്കു വച്ചുവിളന്പി, രാത്രിയില്‍ എപ്പോഴോ വരുന്ന യജമാനനുവേണ്ടി വിളക്കു കൊളുത്തി കാത്തുനിന്ന്, അയാളുടെ മേശയും ഒരുക്കി ഒടുവില്‍ ഞാന്‍ വിനീതനായ ദാസന്‍റെ കടമ മാത്രം ചെയ്തു എന്നു പറഞ്ഞു പിന്‍വാങ്ങുന്ന ദാസന്‍റെ കഥ ക്രിസ്തു പറഞ്ഞിട്ടുള്ളത് അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ അയാള്‍ എണ്ണിയെണ്ണി പറയുന്നതിന്‍റെ ഒരര്‍ഥം അതയാളില്‍നിന്നു സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നു തന്നെയാവണം. നല്ല വൃക്ഷത്തില്‍നിന്നു താനേ സംഭവിക്കേണ്ട പൂക്കളുടെ സുഗന്ധത്തെയും പഴങ്ങളുടെ മധുരത്തെയും കുറിച്ചാണു ക്രിസ്തു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ഗാര്‍ഹിക അന്തരീക്ഷത്തില്‍പ്പോലും ഇത്തരം എണ്ണിയെണ്ണി പറയലുകള്‍ നമ്മളെ നടുക്കാറുണ്െടന്ന് ആര്‍ക്കാണറിയാത്തത്?
തീവ്രമായ ഒരു സ്നേഹത്തിന്‍റെ (ുമശൈീിമലേ ഹീ്ല) അഭാവം വരികള്‍ക്കിടയില്‍നിന്നു വായിച്ചെടുക്കാവുന്നതെന്നു തോന്നും. ക്രിസ്തുവിന്‍റെ സ്നേഹം എന്നെ നിര്‍ബന്ധിക്കുന്നുവെന്ന പൗലോസിന്‍റെ വാക്കുകള്‍ ഈ പശ്ചാത്തലത്തില്‍ ഒന്നു വായിച്ചെടുക്കണം. തന്നെ പൊതിഞ്ഞുനില്‍ക്കുന്ന ആ സ്നേഹത്തെ ഓര്‍ത്തു ദിനങ്ങളോളം വാവിട്ടു കരഞ്ഞതിനുശേഷമാണു ഫ്രാന്‍സിസ് തന്‍റെ സുവിശേഷപ്രഘോഷണത്തിലേക്കു പ്രവേശിച്ചതെന്നാര്‍ക്കണം. അത്തരം ഒരു സ്നേഹത്തിന്‍റെ പ്രേരണയില്ലാതെയും നിങ്ങള്‍ക്കു പലതിലും ഏര്‍പ്പെടാം. ആത്മാവില്ലാതെ പുറന്തോടിന്‍റെ വ്യാപാരമായി അതു വളരെ വേഗത്തില്‍ നമുക്കും നമ്മുടെ പരിസരത്തിനും തെളിഞ്ഞുകിട്ടും. ശിമയോന്‍റെ വിരുന്നുമേശയിലിരുന്നു ക്രിസ്തുവതു തെളിച്ചു പറയുന്നുണ്ട്. ത ന്‍റെ കാല്പാദങ്ങളെ കണ്ണീരുകൊണ്ടു കഴുകി, ചുംബിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ കാട്ടി ശിമയോനെ, അവളുടെ സ്നേഹം കാണുകയെന്നു പറഞ്ഞു! സ്നേഹമില്ലാതെയും മനുഷ്യര്‍ക്കു വിരുന്നു നടത്താന്‍ പറ്റും. അതിനെക്കുറിച്ചാണല്ലൊ നമ്മുടെ കാലത്തില്‍ ഇപ്പോള്‍ പലരും പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത്.
മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി തങ്ങളോരോരോ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സൂചനയും ആരോഗ്യകരമല്ല. സുവിശേഷപ്രഘോഷണംവഴി നിങ്ങള്‍ നിങ്ങളുടെ കാലത്തെ സഹായിക്കുകയല്ല, നിങ്ങളെ തന്നെ രക്ഷിക്കുകയാണ്. സുവിശേ ഷം പ്രഘോഷിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം എന്നു പൗലോസ് പറയുന്നതിന്‍റെ പൊരുളെന്താവണം? മുലയൂട്ടിയില്ലെങ്കില്‍ അമ്മയ്ക്കു ദുരിതം എന്നു ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. പെറ്റുവീണ കുഞ്ഞില്‍നിന്ന് അകറ്റപ്പെടുകയോ, കുഞ്ഞു മരിക്കുകയോ ചെയ്ത സ്ത്രീയെ ഓര്‍ക്കുക. കുഞ്ഞിനെ ഊട്ടാനായി ഒരുങ്ങിയ മാറിടം എല്ലാ അര്‍ഥത്തിലും വിങ്ങുന്നതു കാണുന്നില്ലേ കുഞ്ഞിനെ മുലയൂട്ടുന്നതുവഴി അമ്മ തന്നെത്തന്നെ സഹായിക്കുകയാണെന്നു സാരം.
ആട്ടെ, എങ്ങനെയാണ് അവിടുന്നു നിങ്ങളെ തിരിച്ചറിയാന്‍ പോകുന്നത്? നിങ്ങളുടെ ഉജ്വലമായ വചനപ്രഘോഷണം കൊണ്േടാ? അദ്ഭുതമാരികൊണ്േടാ? എക്സോര്‍സിസം കൊണ്േടാ? ഒന്നുമായിരിക്കില്ല. ആദ്യമവന്‍ നിങ്ങളുടെ ശരീരത്തെ പരിശോധിക്കും; അവിടെ മറ്റുള്ളവര്‍ക്കായി സഹിച്ചതിന്‍റെ പഞ്ചക്ഷതങ്ങള്‍ ഉണ്േടായെന്ന്. നമുക്കിടയില്‍പ്പോലും അതെത്ര ശരിയാണ്. ഒരേപോലെ പരിക്കേറ്റ രണ്ടുപേര്‍ക്കിടയില്‍ എത്രപെട്ടന്നാണു സൗഹൃദങ്ങള്‍ രൂപപ്പെടുക. അപകടത്തില്‍ മരിച്ച ഒരു ഓഫീസറുടെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ എലിസബത്ത് രാജ്ഞി ചെന്ന സംഭവം വായിച്ചിട്ടുണ്ട്. ആ സാധുസ്ത്രീയെ ചേര്‍ത്തുപിടിച്ച് പറഞ്ഞു: ക മാ മഹെീ മ ംശറീം.
ചെകുത്താന്‍ ചിലപ്പോള്‍ ക്രിസ്തുവിന്‍റെ വേഷം ധരിച്ചു നിങ്ങളെക്കാണാന്‍ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? അയാള്‍ വേഷം മാറാന്‍ മിടുക്കനാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ അതുകൊണ്ട് അയാളോടു മുറിവുകള്‍ കാണട്ടെയന്നു ചോദിക്കുക. അപ്പോളവന്‍ തന്‍റെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച വാല്‍ പുറത്തേക്കു നീട്ടി നിങ്ങളെ കൊഞ്ഞനം കുത്തി ഓടിപ്പോകും.
അവന്‍റെയും നിങ്ങളുടെയും ഭാഷ ഒന്നുതന്നെയാണോ എന്നുള്ളതുതന്നെയാണു രണ്ടാമത്തെ ചോദ്യം. മാപ്പുകൊടുക്കുകയും വിട്ടുകൊടുക്കുകയും പാദം കഴുകുകയുമൊക്കെ ചെയ്യുന്ന ആ ഭാഷയെ സുവിശേഷമെന്നാണു കാലങ്ങളായി വിളിക്കുക. അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കണമെന്ന പ്രവചനത്തെ നാമിങ്ങനെയാണു മനസിലാക്കേണ്ടതെന്നു തോന്നുന്നു. കീഴ്പ്പെടുത്തുന്ന, ക്ഷതപ്പെടുത്തുന്ന, പരിഹസിക്കുന്ന, അടിച്ചേല്‍പ്പിക്കുന്ന ആ പഴയ ഭാഷ കടന്നുപോയി. അങ്ങനെ വാക്കിലും ശരീരത്തിലും അവനെ കണക്കായവരെ മാത്രമേ അവന്‍ തിരിച്ചറിയുന്നുള്ളൂ.
മിസ്റ്റിസിസത്തിലും പ്രണയത്തിലുമൊക്കെ ആവര്‍ത്തിക്കപ്പെടുന്ന ആ പഴയ കഥപോലെ: പുറത്താരാണ്? ഞാനാണ്. രണ്ടു പേര്‍ക്കു മുറിയില്‍ ഇടമില്ല. വര്‍ഷങ്ങള്‍ക്കുശേഷം: പുറത്താരാണ്? നീ തന്നെ. വാതില്‍ അപ്പോള്‍ മലര്‍ക്കെ തുറന്നു.
ഉപവാസം -8
എന്തിനോടും പുലര്‍ത്തിയിരുന്ന മിതത്വമായിരുന്നു ക്രിസ്തുവിന്‍റെ ചാരുതകളിലൊന്ന്. ഭാരതത്തിന്‍റെ ഭാഷയില്‍ ദമം. ഒന്നെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്ന മട്ടിലാണു വര്‍ത്തമാനകാലത്തിന്‍റെ നടപ്പു രീതികള്‍. ക്രിസ്തുവിന്‍റെ തന്നെ ഭാഷയില്‍, ചിലര്‍ ഭക്ഷിക്കാത്തവരായും പാനം ചെയ്യാത്തവരായും വരുന്നു; വേറെ ചിലര്‍ ഭക്ഷിക്കുന്നവരായും പാനം ചെയ്യുന്നവരായും മാത്രം നിലനില്‍ക്കുന്നു. ഒന്നെങ്കില്‍ സ്റ്റോയിക്കാവുക, അല്ലെങ്കില്‍ എപ്പിക്യൂറിയനായി നിലനില്‍ക്കുക. ഒരു ഗിത്താറു കാട്ടി പണ്െടാരു ഗുരു പറഞ്ഞതാണ് അതിന്‍റെ ശരി: ഒത്തിരി മുറുക്കിയാല്‍ തന്ത്രികള്‍ പൊട്ടിപ്പോകും; അയഞ്ഞാല്‍ പിന്നെ സംഗീതവുമില്ല. അതിനിടയില്‍ എവിടെയാ വച്ചാണു ശരീരമെന്ന വാദ്യോപകരണത്തെ ട്യൂണ്‍ ചെയ്യണ്ടത്. നാല്പതു ദിവസം ഉപവസിച്ച ക്രിസ്തുവിനെ നാല്പതു വിരുന്നുമേശകളിലായി പുതിയനിയമത്തിന്‍റെ പലയിടങ്ങളിലായി ആദരിച്ചിരുത്തുകവഴി സുവിശേഷകന്മാര്‍ ചെയ്യാന്‍ ശ്രമിക്കുന്നതും അതുതന്നെ.
തന്‍റെ ശിഷ്യന്മാരെ ഉപവസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നൊരാരോപണം ക്രിസ്തു അഭിമുഖീകരിച്ചിട്ടുണ്ട്. അതിന് അവിടുന്നു പറഞ്ഞ മറുപടിയാണ് ഉപവാസത്തിന്‍റെ താക്കോല്‍. മണവാളന്‍ കൂടെയുള്ളപ്പോള്‍ വിരുന്നുകാര്‍ ഉപവസിക്കേണ്ട കാര്യമില്ല. മണവാളനെന്നു നിങ്ങള്‍ ജീവിതത്തില്‍ വിലമതിക്കുന്നതെന്ത്? ഈശ്വരാനുഭവം തൊട്ട് അഗാധമായ ഒരു സൗഹൃദം വരെ എന്തും നിങ്ങളുടെ മണവാളന്‍ തന്നെ. വിലപിടിപ്പുള്ള അനുഭവങ്ങള്‍ കളഞ്ഞുപോയെന്നു ഖേദിക്കുന്നവര്‍ക്ക് അവയെ തിരികെ പിടിക്കാനുള്ള വഴിയാണ് ഉപവാസമെന്നു സാരം. അങ്ങനെയങ്കില്‍ ഇനിയും ഭൂമിക്ക് ഉപവാസം ആവശ്യമുണ്ട്; ചങ്കില്‍ കൈവച്ചു തങ്ങള്‍ മണവാളനോടൊപ്പമാണെന്നു പറയാന്‍ നമുക്കു ധൈര്യമില്ലാത്തിടത്തോളം കാലമെങ്കിലും. അഗാധമായ അനുഭവങ്ങളിലേക്കുള്ള ഇടനാഴിയായി ഉപവാസങ്ങളെ കണ്ടുതുടങ്ങുന്പോള്‍ അതു കയ്പോ വിരസമോ ആയ അനുഭവമല്ല.
സ്വയം ഒരു മരുഭൂമി സൃഷ്ടിക്കുകയാണ് ഉപവാസത്തിന്‍റെ ധര്‍മം. ആ മരുഭൂമിയില്‍ നാല്പതു ദിവസം ചെലവഴിച്ചാണു ക്രിസ്തു തന്‍റെ പരസ്യജീവിതത്തിന്‍റെ മുന്നൊരുക്കം നടത്തിയത്. ഭക്ഷണമുപേക്ഷിക്കുക മാത്രമാണ് ഉപവാസമെന്ന കാലാകാലങ്ങളായ സങ്കല്പത്തിന്‍റെ ഒരു പൊളിച്ചെഴുത്തു കൂടിയാണത്. അതു മാത്രമായിരുന്നെങ്കില്‍ അവന് ദേശം വിട്ടു മണല്‍ക്കാട്ടിലേക്കു പോ കേണ്ടതില്ലായിരുന്നു. മരുഭൂമിയിലെ മൗനം, സ്വയം സൃഷ്ടിച്ച ഏകാന്തത, ദൈവസ്വരം കേള്‍ക്കാനുള്ള ശ്രമം, പരുക്കന്‍ അനുഭവങ്ങളെ സ്വീകരിക്കാനുള്ള വിശാലത, വാക്കുകൊണ്ടു ജീവിക്കാനുള്ള ക്ഷണം, പലതിനോടും അരുതെന്നു പറയാനുള്ള ആത്മവിശ്വാസം എല്ലാം കൂടി ചേര്‍ന്നിട്ടാണ് ഉപവാസത്തെ അവന്‍റെ മരുഭൂമിയോടു നമ്മള്‍ ചേര്‍ത്തുനിര്‍ത്തേണ്ടത്.
ഉപവാസത്തെ തിന്മയ്ക്കെതിരായ ആയുധമായിട്ടു നിര്‍വചിച്ചെടുത്തതു ക്രിസ്തുവായിരിക്കണം. തിന്മയുടെ കളിപ്പാട്ടമായി മാറിയ ഒരു ബാലനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ തോറ്റു തുന്നം പാടിയ ശിഷ്യരോട് അതാണ് അവിടുന്നു പറഞ്ഞത്: ഉപവാസവും പ്രാര്‍ഥനയും കൊണ്േട നിങ്ങള്‍ക്ക് ഇതിനെ നേരിടാനാകൂ. സ്വാഭാവികമായും ആ ആയുധം കൊണ്ടു തിന്മയെ നേരിട്ട ഒത്തിരി സുകൃതജന്മങ്ങളെ നാം കരംകൂപ്പി ഓര്‍മിക്കുന്നു. അതില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും സുന്ദര്‍ലാല്‍ ബഹുഗുണയും ഇറോം ശര്‍മിളയുമുണ്ട്. പട്ടിണികിടക്കുന്ന ചില മനുഷ്യര്‍ ഭക്ഷിക്കുന്ന മനുഷ്യരുടെ കുറ്റബോധത്തെ ഉണര്‍ത്തുന്നു.
ഒടുവില്‍ അവരില്‍നിന്നു നന്മയുടെ നീര്‍പ്രവാഹങ്ങള്‍ ഉണ്ടാകുന്നു. എല്ലാ സംസ്കാരങ്ങളും ഉപവാസത്തെ ഗൗരവമായി എടുക്കുന്നുണ്ട്. ഉമിനീരുപോലും ഇറക്കാതെ നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ അതു പാലിക്കുന്നുണ്ട്. റമസാന്‍ നോന്പെടുക്കുന്ന ഹൈന്ദവനായ ഒരു നിയമസഭാ സാമാജികനെ ഓര്‍മിക്കുന്നു. ടി.എന്‍. പ്രതാപനാണ് അത്. തന്‍റെ മുസ്ലിം സ്നേഹിതരോടുള്ള അടുപ്പം അയാള്‍ അങ്ങനെയാണു വെളിപ്പെടുത്തുന്നത്. ഹൈന്ദവപാരന്പര്യങ്ങളില്‍ ഉപവാസം ശക്തമായ ഒരു ആത്മീയക്രമമാണ്. അപര്‍ണയെന്ന ആ പേര് ഓര്‍ക്കൂ. ഒരിലപോലും ഭക്ഷിക്കാതെ കഠിനതപസില്‍ ഏര്‍പ്പെട്ട ഒരു ദേവി സങ്കല്പമാണത്.
ആട്ടെ, ഉപവാസം നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണു സഹായിക്കുന്നത്? ഇത്രയും ഉള്ളു ശരീരം എന്ന സൗമ്യമായ ഓര്‍മപ്പെടുത്തലാണത്. അന്പതു ദിവസത്തെ നോന്പിന്‍റെ ആദ്യദിനങ്ങളില്‍ നിങ്ങള്‍ അത്തരം ഒരു കര്‍മത്തിലൂടെ കടന്നുപോയിട്ടുണ്ടാവണം. ഒരു നുള്ള് വിഭൂതി നെറ്റിത്തടത്തില്‍ പൂശി നിങ്ങളുടെ വൈദികന്‍ കാതിലതാണു പറഞ്ഞത്: മനുഷ്യാ നീ പൊടിയാകുന്നു; പൊടിയിലേക്കു തന്നെ മടങ്ങിപ്പോകും. ശരീരം മാത്രമേയുള്ളു എന്ന മട്ടില്‍ ജീവിക്കുന്നവരുടെ വംശം പെരുകുകയാണ്. അതിനിട യില്‍ ഞാന്‍ എന്നോടുതന്നെ ചെയ്യുന്ന പ്രാര്‍ഥനാപൂര്‍വമായ ചെറുത്തുനില്‍പ്പാണ് ഉപവാസത്തിന്‍റെ സംസ്കാരം. വിശക്കുക - അപ്പം ഭക്ഷിക്കുക: സരള സമ വാക്യത്തിലേക്കു ജീവിതം ചുരുങ്ങിക്കൂടാ.
ജീവിതത്തിന്‍റെ ഏകാഗ്രതയെ തിരികെ പിടിക്കാനും ഉപവാസം എന്നെ സഹായിച്ചെന്നിരിക്കും. വളരെ കുറച്ചു കാര്യങ്ങളില്‍ ജീവിച്ചു തുടങ്ങുന്നതുതന്നെ കുറേക്കൂടി ജീവിതം കേന്ദ്രീകൃതമാകുന്നു എന്നതിന്‍റെ അടയാളമാണ്. സഭയുടെ നിയമം അനുസരിച്ചു കുഞ്ഞുങ്ങള്‍ ഉപവസിക്കാന്‍ കടപ്പെട്ടവരല്ല. എന്നാല്‍പോലും അവരോടും അതിനെക്കുറിച്ചൊക്കെ പറയാന്‍ നേരമായി. വിശപ്പെന്നാരു യാഥാര്‍ഥ്യത്തെ പരിചയപ്പെടാതെ വളര്‍ന്നുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ അപകടകാരികളാണ്.
സച്ചിദാനന്ദന്‍റെ കവിതയിലെന്നപോലെ ക്ഷേത്രം സന്ദര്‍ശിച്ചു ചെറിയ മകളുമായി അച്ഛനും അമ്മയും പുറത്തേക്ക് എത്തുന്പോള്‍ എതിരേ ജീവിതത്തിന്‍റെ സമസ്ത സങ്കടങ്ങളും വരുന്നു, ദാരിദ്യ്രവും രോഗവും വാര്‍ധക്യവുമൊക്കെ. കണ്ണുപൊത്തൂ, അവളൊന്നും കാണരുത്! ഇതൊക്കെ കാട്ടാതെ നമ്മളീ കുഞ്ഞുങ്ങളെ ഇങ്ങനെയങ്ങോട്ടാണു കൊണ്ടുപോകുന്നത്?
മൂന്നാം പക്കം -7
അല്ല, എല്ലാവര്‍ക്കുമല്ല. നെരിപ്പോടില്‍ പ്രതീക്ഷയുടെ കനല്‍ സൂക്ഷിക്കുന്നവര്‍ക്കും സ്വയം നവീകരിക്കാന്‍ തയാറാകുന്നവര്‍ക്കും മാത്രമാണ് ഇത്തരം ചില കാലങ്ങള്‍ പുലരുന്നത്. മുഴുവന്‍ വേദത്തിലേക്കുംവച്ച് ഏറ്റവും പ്രതീക്ഷ തരുന്ന വാക്കതാണെന്നു തോന്നുന്നു: മൂന്നാം ദിനം. ഹോസിയായുടെ പുസ്തകത്തിലാണ് ആ പദം നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്നത്. അവന്‍ നമ്മളെ മരണത്തിനു വിട്ടുകൊടുത്താലും മൂന്നാം ദിവസം ഉയിര്‍പ്പിക്കും.
എന്താണ് ഈ മൂന്നാം ദിനത്തിന്‍റെ പ്രത്യേകത? ഒരാള്‍ മരിച്ചാല്‍ മൂന്നു ദിവസംകൂടി അയാളുടെ ആത്മാവ് അയാളോടൊപ്പം ഉണ്ടായിരിക്കുമെന്നു യഹൂദര്‍ കരുതിയിരുന്നു. അന്നുവരെ തുടര്‍ച്ചയായ പ്രാര്‍ഥന ഉണ്ടായിരുന്നു. എന്നാല്‍, മൂന്നു ദിവസങ്ങള്‍ക്കുശേഷം ശരീരം ജീര്‍ണിച്ചുതുടങ്ങും. ഇനി അയാളില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. അതുകൊണ്ടാണു മൂന്നു ദിനങ്ങള്‍ക്കു ശേഷം സ്നേഹിതന്‍റെ ശവകുടീരത്തിലെത്തിയ യേശുവിനോട് അതുതന്നെ പറഞ്ഞു ലാസറിന്‍റെ സഹോദരി വാവിട്ടു കരയുന്നത്. ചുരുക്കത്തില്‍, മനുഷ്യന്‍റെ പ്രതീക്ഷകള്‍ തീരുന്നിടത്തുനിന്നു ദൈവത്തിന്‍റെ ശരിയായ സമയം ആരംഭിക്കുന്നുവെന്നുള്ള വിശ്വാസത്തിന്‍റെ പേരാണു മൂന്നാം ദിനം.
പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മൂന്നാം ദിനങ്ങളെല്ലാംതന്നെ ആത്മാവിന് ഊര്‍ജം തരുന്നവയാണ്. മൂന്നാം ദിവസം കുഞ്ഞിനെ തിരികെ കിട്ടിയ സംഭവത്തില്‍നിന്ന് ആരംഭിക്കുക. ഉത്സവപ്പറന്പുകളില്‍ കുഞ്ഞുങ്ങളെ കളഞ്ഞുപോയാല്‍ ഇക്കാലങ്ങളില്‍ പോലും കിട്ടുമെന്നു തീരെ ഉറപ്പില്ല. ഓരോ കുംഭമേളയ്ക്കു ശേഷവും കുറെയധികം കുഞ്ഞുങ്ങളെ കിട്ടുന്നതിന്‍റെ കണക്കു വായിച്ചത് ഓര്‍ക്കുന്നു. വെറുതെയല്ല മേരിയിത്രയും പരിഭ്രാന്തയായത്. കളഞ്ഞുപോകുകയോ കൈവിട്ടുപോകുകയോ ചെയ്ത ബന്ധങ്ങള്‍ തിരികെ പിടിക്കാമെന്നുള്ളതിന്‍റെ സൂചനയാവണം മൂന്നാം ദിനം പള്ളിയില്‍വച്ചു തിരികെക്കിട്ടിയ ആ പന്ത്രണ്ടുവയസുകാരന്‍ കുട്ടി. അകന്നുപോയ ബന്ധങ്ങളുടെ കണ്ണികള്‍ ആരെയാണു നുറുക്കാത്തത്. കളഞ്ഞുപോയിടത്തു മടങ്ങിപ്പോകാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്ക് അതൊക്കെ തിരികെപ്പിടിക്കാവുന്നതേയുള്ളു.
മൂന്നാം ദിവസം വീണ്െടടുക്കാവുന്ന ശരീരത്തിന്‍റെ സ്നിഗ്ധതകളുമുണ്ട്. ഏതെങ്കിലുമൊക്കെ തരത്തില്‍ ശരീരത്തിന്‍റെ പ്രകാശബോധത്തില്‍ നിഴല്‍ വീഴാത്ത അധികം പേരൊന്നും ഇല്ലെന്നു തോന്നുന്നു. വിശേഷിച്ചും ആണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍. ഒരു പെണ്‍കുട്ടി വളരുന്പോള്‍ അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ പോലും ഒരാണ്‍കുട്ടിയുടെ വളര്‍ച്ചയില്‍ അവന്‍റെ അച്ഛന്‍ പറഞ്ഞുകൊടുക്കുന്നില്ല. സ്വാഭാവികമായും ശരീരം തീരെ പ്രഭയില്ലാത്ത ഒന്നായി മാറുന്നു. അതിന്‍റെ ഒരായിരം കൗതുകങ്ങളിലേക്കും ജിജ്ഞാസകളിലേക്കും ജീവിതം പാളുന്നു. കുറച്ചൊക്കെ അറി വും സുരക്ഷിതത്വവും ലഭിക്കുന്പോള്‍ പോലും നിര്‍ഭാഗ്യവശാല്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ കാര്യവും അത്ര ശുഭകരമല്ല. തീരെ പ്രതീക്ഷിക്കാത്ത ചിലയിടങ്ങളില്‍നിന്നുള്ള മുന്നേറ്റങ്ങള്‍ അവരുടെ ബാല്യകൗമാരങ്ങളെയും കഠിനമാക്കുന്നു. കുറച്ച് ആന്തരികപക്വത ലഭിക്കുന്പോള്‍ കടന്നുവന്ന കാലം ഓരോരുത്തരെയും കഠിനമായ ലജ്ജയിലേക്കും കുറ്റബോധത്തിലേക്കും തള്ളിയിടുന്നു. അവര്‍ക്കുള്ള സുവിശേഷവും അയാള്‍ മൂന്നാം പക്കമെന്ന പ്രതീകത്തിലൂടെ വച്ചുനീട്ടുന്നുണ്ട്. ഒരു ദേവാലയമുറ്റത്തുനിന്നാണ് അയാള്‍ അതു പറഞ്ഞത്. ഈ ദേവാലയം തകര്‍ക്കുക, ഞാനതിനെ മൂന്നാം ദിനം പുനര്‍നിര്‍മിക്കാം. അവന്‍റെ കേള്‍വിക്കാര്‍ ആര്‍ത്തു വിളിച്ചു; നാല്പത്താറു സംവത്സരം കൊണ്ട് ഉയര്‍ത്തിയ ദേവാലയം നീ തകര്‍ത്തു മൂന്നു നാളുകള്‍കൊണ്ടു വീണ്ടും പണിയുകയോ ശരീരമെന്ന ആലയത്തെക്കുറിച്ചാണ് അവന്‍ അതു പറഞ്ഞത്. ഒടുവിലായി, ഹല്ലേലൂയ്യാ ഗീതങ്ങളോടെ ഘോഷിക്കപ്പെടുന്ന ആ മൂന്നാം ദിവസം. ചരിത്രത്തില്‍ ഒരാളെയും അങ്ങനെ സംസ്കരിച്ചിട്ടുണ്ടാവില്ല. മുദ്രവച്ച, കാവലേര്‍പ്പെടുത്തിയ ശവകുടീരം. ആ കല്ല് ആരു നമുക്കുവേണ്ടി മാറ്റിവയ്ക്കും തുടങ്ങിയ സന്ദേഹങ്ങളില്‍ കുരുങ്ങിപ്പോകാതെ ചില സ്ത്രീകള്‍ മൂന്നാം ദിനം പുലരിയിലേ തോട്ടത്തിലേക്കു പോകുകയാണ്. അവിടെ കല്ലറ ശൂന്യമായിരുന്നു. അങ്ങനെ മരണവും പ്രത്യാശയുടെ അനുഭവമായി മാറി. ഏതൊരു നന്മയും മൂന്നു ദിവസത്തെ നിദ്രയ്ക്കുശേഷം അതിന്‍റെ വിജയമാഘോഷിക്കും, മണ്ണടരുകളില്‍ വിശ്രമിക്കുന്ന വിത്ത് അതിന്‍റെ പച്ചിലനാന്പുകളെ ഘോഷിക്കുന്നതുപോലെ. മൂന്നാം ദിവസം എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും. മനുഷ്യര്‍ മൃതരായി ഗണിക്കപ്പെടുന്ന എല്ലാ ജീവിത സാഹചര്യങ്ങളിലും ജീവന്‍റെ ചടുലനൃത്തങ്ങള്‍ ഉണ്ടാവും. പ്രവാചകന്‍ കണ്ട അസ്ഥികള്‍ പൂക്കുന്ന താഴ്വരയുടെ പേരാണു മരണം.
ചില പ്രതീക്ഷകളുടെ മൂലക്കല്ലിലാണ് ഓരോരുത്തരുടെയും ആന്തരിക നവീകരണം സംഭവിക്കുന്നത്. വീണ്ടും പിറക്കാനുള്ള അയാളുടെ ക്ഷണം അത്തരം പ്രകാശങ്ങളിലേക്കു മിഴിതുറന്നവര്‍ക്കേ ഗൗരവമായി എടുക്കാനാവൂ. എല്ലായിടത്തും വീണ്ടും പിറക്കേണ്ടതുണ്ട്. സര്‍ഗാത്മകജീവിതത്തിലും ഗാര്‍ഹിക തട്ടകങ്ങളിലും സൗഹൃദങ്ങളിലും തൊഴിലിലുമൊക്കെ ഓരോ ദിവസവും വീണ്ടും പിറക്കുന്നവര്‍ എത്ര ചാരുതയുള്ളവരാണ്. ഉപയോഗിക്കാത്ത ഓട്ടുപാത്രങ്ങളെപ്പാലും ഓരോ ദിവസവും കഴുകി വൃത്തിയാക്കി വയ്ക്കുന്ന വീട്ടമ്മമാരെപ്പാലെ, ഓരോ ദിവസ വും സ്വയം നവീകരിക്കുന്നവര്‍.
ദൈവം പോലുമതു ചെയ്യുന്നുണ്ട; അല്ലെങ്കില്‍ ഓരോ പുലരിയും അവിടുത്തെ സ്നേഹം പുതിയതാണെന്നു വേദം സാക്ഷ്യപ്പെടുത്തുന്നത് എന്തു കൊണ്ട്?
വളരെക്കുറച്ച്-6
ഗുരുക്കന്മാരോടു നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം നമ്മുടെ ഭൗതിക ആഭിമുഖ്യങ്ങള്‍ക്കിണങ്ങിയ മട്ടില്‍ അവരെ വ്യാഖ്യാനിക്കുക എന്നതാണ്. അങ്ങനെ അവരെ നാം നമുക്കിണങ്ങിയ മട്ടില്‍ സങ്കല്‍പ്പിച്ചു തൃപ്തരാകുന്നു. ഉദാഹരണത്തിന്, ചോദിക്കുവിന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്ന ക്രിസ്തുമൊഴിയെ കാലാകാലങ്ങളായി യാചനപ്രാര്‍ഥനയുടെയും മധ്യസ്ഥപ്രാര്‍ഥനയുടെയും മാത്രം പാഠഭാഗമായിട്ടാണു നമ്മള്‍ കരുതുന്നത്. അങ്ങനെയങ്കില്‍, നിങ്ങള്‍ ചോദിക്കുന്നതിനേക്കാള്‍ മുന്പേ നിങ്ങളുടെ ആവശ്യങ്ങള്‍ സ്വര്‍ഗീയ പിതാവ് അറിയുന്നു, അന്നു നിങ്ങളൊന്നും ചോദിക്കുകയില്ല തുടങ്ങിയ വചനങ്ങളെ നാമെന്തു ചെയ്യും? അല്ലെങ്കില്‍, കഴിയുമെങ്കില്‍ ഈ പാനപാത്രം എടുത്തുമാറ്റണമെന്നു പറഞ്ഞു രക്തം വിയര്‍ത്തു പ്രാര്‍ഥിച്ച ക്രിസ്തുവിനോടു ദൈവം ചെയ്തതെന്താണ്? ഇങ്ങനെയാക്കെ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാണു പ്രാര്‍ഥനകള്‍ കേള്‍ക്കാതെ വരുന്പോള്‍ അവരുടെ ഹൃദയം ദൈവത്തിനെതിരേ കഠിനമാകുന്നത്. വലിയ പ്രഭയിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ട ഗുരുക്കന്മാരെ നമ്മള്‍ ക്ഷണനേരത്തിന്‍റെ സ്വാസ്ഥ്യങ്ങള്‍ക്കു വേണ്ടിമാത്രം ഉപയോഗപ്പെടുത്തുന്നതു കഷ്ടമല്ലേ!
ഗുരുക്കന്മാര്‍ അതിനുവേണ്ടിയുള്ളതല്ല എന്ന പ്രകാശം കിട്ടിയവര്‍ എക്കാലങ്ങളിലും ഉണ്ടായിരുന്നു. റാബിയായുടെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം ശ്രദ്ധിക്കുക. കഠിന ദാരിദ്യ്രത്തിന്‍റെ ദിനങ്ങളായിരുന്നു. ഒരു ദിവസം കുറച്ചു കുറുക്കുണ്ടാക്കി കഴിക്കാമെന്ന് അവര്‍ കരുതി. കലത്തില്‍ വെള്ളം വച്ചു തിളപ്പിച്ചു. അതു തിളച്ചുമറിയുന്പോഴാണു മാവിനായി ഭരണി പരതിയത്. ഇല്ല, ഒരു തരിയില്ല. തെല്ലു വിഷമിച്ചു നില്‍ക്കുന്പോള്‍ പാത്രത്തിനു മുകളിലായി ആരോ ഗോതന്പുപൊടി ചൊരിയുകയാണ്. പെട്ടന്നു റാബിയ പറഞ്ഞു: സാത്താനേ നിന്‍റെ കളി എന്നോടു വേണ്ട! എന്‍റെ ദൈവം ഒരു പൊടിക്കച്ചവടക്കാരനല്ല! ഹാ, നമുക്കായിരുന്നെങ്കില്‍ ആ സംഭവം വച്ചു ദൈവത്തെയും നമ്മളെയും ഒന്നു പൊലിപ്പിക്കാമായിരുന്നു.
അപ്പോള്‍ പിന്നെ എന്താണു ചോദിക്കുവിന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നതിന്‍റെ സാരം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക, നിങ്ങള്‍ക്കു പ്രകാശമുള്ള ഉത്തരം കിട്ടുമെന്നു സാരം. ജീവിതവുമായി ബന്ധമുള്ള ഏറ്റവും പ്രസക്തമായ ചോദ്യങ്ങളെ അഭിമുഖീകരിച്ചും ചോദിച്ചുമാണ് ആത്മീയതയുടെ ചുവടുകള്‍ ആരംഭിക്കേണ്ടത്. ഹാഗാറിന്‍റെ കഥയിലൊക്കെ സംഭവിച്ചത് അതാണ്. രണ്േട രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു ദൈവം ഒരടിമ സ്ത്രീയുടെ ജീവിതത്തെ പ്രകാശിപ്പിച്ചു.
അതിനുശേഷമാണ് അന്വേഷണത്തിന്‍റെ ഘട്ടം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നതുവഴി നിലനില്‍ക്കുന്നതുമാത്രം അന്വേഷിക്കാനുള്ള ദിശാബോധം എനിക്കുണ്ടാകുന്നു. ഒത്തിരി കാര്യങ്ങള്‍ ഒരാള്‍ക്ക് അന്വേഷിക്കാന്‍ ആവില്ല. അന്വേഷണത്തിന്‍റെ അര്‍ഥം പോ ലും ഒരേയൊരു കാര്യം തിരയുക എന്നതാണ്. ഒരുദാഹരണത്തിനായി, ഒരു മുറിക്കുള്ളില്‍ ഒരു മൊട്ടുസൂചി അന്വേഷിച്ചു തുടങ്ങുന്പോള്‍ പിന്നെ ബാക്കിയുള്ളതൊന്നും നിങ്ങളുടെ മിഴികള്‍ തടയുന്നില്ല. അവിടെ വജ്രമിരുന്നാലെന്ത്? ഇപ്പോള്‍ മൊട്ടുസൂചിയാണു പ്രധാനം. മറ്റൊരു വാക്കില്‍, മൊട്ടുസൂചി വജ്രംപോലെയും വജ്രം മൊട്ടുസൂചിപോലെയും അപ്പോള്‍ അനുഭവപ്പെടും. അവനെപ്രതി ബാക്കിയുള്ളതൊക്കെ ഞാന്‍ കുപ്പയായി എണ്ണിയെന്ന പൗലോസിന്‍റെ വചനങ്ങള്‍ ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതേയുള്ളു. കൃത്യമായ അത്തരം ധാരണകള്‍ ഇല്ലാ തെ ഒരാള്‍ ക്കും ദൈവാ ന്വേഷണത്തില്‍ ഏര്‍പ്പെടാന്‍ ആവില്ല.
ഒടുവിലായി, മുട്ടുവിന്‍ തുറക്കപ്പെടുമെന്ന്. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക, നിലനില്‍ക്കുന്നത് അന്വേഷിക്കുക തുടങ്ങിയ കര്‍മങ്ങള്‍ അവസാനിപ്പിക്കേണ്ട നേരമായി. ഇനി മുട്ടിയിട്ട് അകത്തുനില്‍ക്കുന്ന ആളുടെ കരുണയോ അനുഭാവമോ പ്രതീക്ഷിച്ചു വെറുതെ കാത്തുനില്‍ക്കുക എന്നു സാരം. അകത്തുള്ളയാള്‍ മനസാകുവോളം അങ്ങനെ മിഴിപൂട്ടി നില്‍ക്കുന്നതിനെ ധ്യാനമെന്നാണു പ്രകാശമുള്ളവര്‍ എക്കാലങ്ങളിലും വിളിച്ചിരുന്നത്.
നോക്കൂ, എത്രമാത്രം പ്രകാശത്തിന്‍റെ പരാഗങ്ങള്‍ പാറുന്ന വചസുകളെയാണു നമ്മളിങ്ങനെ ആഴമില്ലാത്തതാക്കിയത്. പഴയൊരു ഫലിതം കണക്ക്. ഇലക്ട്രിസിറ്റി വന്ന കാലമായിരുന്നു. കുറച്ചു വിലപിടിച്ച പരിപാടിയായിരുന്നു അത്. ഒരമ്മയുടെ വീട്ടില്‍ മീറ്റര്‍ റീഡിംഗിനു വന്നയാള്‍ വളരെ കുറച്ചു വൈദ്യുതിയേ അവര്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളുയെന്നു മനസിലാക്കി കാരണം ചോദിച്ചു. അമ്മ മറുപടി പറഞ്ഞു: അത്യാവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുക എന്നുള്ളതാണ് എന്‍റെ ഒരു രീതി. രാത്രി ഇരുട്ടാകുന്പോള്‍ ഞാന്‍ ഒരേയൊരു വിളക്കിന്‍റെ സ്വിച്ചിടും. അതിന്‍റെ വെട്ടത്തില്‍ ഞാന്‍ മെഴുകുതിരി തപ്പിയെടുക്കും. അതു കത്തിച്ചു പിന്നെ സ്വിച്ചോഫു ചെയ്യും! അതെ, കുറ്റം പറയരുത്, ഗുരുക്കന്മാരെ നമ്മള്‍ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട് - ഇതുപോലെ.
നോന്പില്‍ ഈ മൂന്നു ചുവടുകളെയും കുറെക്കൂടി ഉപയോഗപ്പെടുത്തിയാല്‍ നന്ന്.
ക്ഷതങ്ങള്‍ --5
ഇന്ന് നോന്പുകാലത്തെ ഒന്നാം വെള്ളി. "കുരിശിന്‍റെ വഴി' ഗീതങ്ങളാല്‍ ദേവാലയങ്ങള്‍ ഒരിക്കല്‍ക്കൂടി മുഖരിതമാകും. ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ പതിനാലു സ്മൃതികളില്‍ തട്ടി നമ്മുടെ ഉള്ളിലും ചോര പൊടിയുന്നുണ്ട്. ക്രിസ്തു മാത്രമല്ല സഹിക്കുന്നതെന്നു തിരിച്ചറിയുന്നിടത്താണു കുരിശിന്‍റെ വഴി പ്രാര്‍ഥനകളുടെ കാലിക പ്രസക്തി.
തനിക്കുവേണ്ടി വിലപിച്ചവരോടു നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു വിലപിക്കുവിന്‍ എന്ന അവിടുത്തെ സ്നേഹപൂര്‍വമായ ഓര്‍മപ്പെടുത്തലിനെ കാണാതെ പോകരുത്. ഓരോരുത്തരുടെയും ഉള്ളിലെ ക്രിസ്തു നമ്മുടെ ഉള്ളിലെ സന്ദേഹിയായ തോമസിനോട് അഗാധ വിഷാദത്തില്‍ ഇങ്ങനെ വിളിച്ചുപറയുന്നുണ്ട്: വരൂ, എന്‍റെ ക്ഷതങ്ങള്‍ കാണൂ...
എങ്ങനെയാണു മനുഷ്യബന്ധങ്ങള്‍ അഗാധമാകേണ്ടത്. നമുക്കു തന്നെ അറിയാം എങ്ങനെയാണു സൗഹൃദങ്ങള്‍ രൂപപ്പെടുന്നതെന്ന്. കൊച്ചുവര്‍ത്തമാനങ്ങളിലും കുസൃതികളിലും കണ്ണുപൊത്തിക്കളിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ - പെട്ടന്നെപ്പാഴോ അതിലൊരാളുടെ സങ്കടങ്ങളിലേക്ക് ഒരു ചെറിയ കിളിവാതില്‍ തുറക്കപ്പെടുന്പോള്‍, അപ്പോള്‍, അപ്പോള്‍ മാത്രമാണ് അവരുടെ വേരുകള്‍ അഗാധങ്ങളില്‍ വല്ലാതെ പിണയുന്നത്. മനുഷ്യരുടെ ക്ഷതങ്ങളിലേക്ക് ഒരു മൂന്നാം കണ്ണ് തുറന്നിരിക്കുക വളരെ പ്രധാനപ്പെട്ടാരു കാര്യമാണെ ന്നു തോന്നുന്നു. ഒന്നോര്‍ത്താല്‍ ഒരാളുടെ ക്ഷതങ്ങളാണ് അയാള്‍. അയാള്‍ ഏര്‍പ്പെടുന്ന കോമാളിത്തരങ്ങള്‍, പറയുന്ന പൊങ്ങച്ചങ്ങള്‍, കാണിക്കുന്ന പകിട്ടുകള്‍ ഒക്കെ പകിട്ടാണെന്നറിയാനുള്ള വിവേകം ആര്‍ക്കാണില്ലാത്തത്. ഈ പരിക്കുകളൊഴിച്ചു ബാക്കിയുള്ളതൊക്കെ തട്ടിപ്പാണ്. ലോകത്തെ ചിരിപ്പിച്ച ഒരു മനുഷ്യന്‍റെ ആത്മകഥയോളം ഭാരപ്പെടുത്തിയ അധികം പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല. അതെ, ചാപ്ലിനെയാണു പരാമര്‍ശിക്കുന്നത്.
ക്ഷതങ്ങള്‍ കാണുകയെന്നാല്‍ ഒരാളുടെ ആന്തരിക അടരുകളിലേക്കു ഞൊടിയിടയില്‍ പ്രവേശനം കിട്ടുകയെന്നര്‍ഥം. അസാധാരണമായ അകപ്രഭയുള്ളവര്‍ക്കേ അപരന്‍റെ ക്ഷതങ്ങളെ തിരിച്ചറിയാനുള്ള പ്രഭയുള്ളു. ശിമയോനെപ്പാലുള്ള പ്രവാചകന്‍മാര്‍ക്കതിനായിട്ടുണ്ട്. അതുകൊണ്ടാണല്ലോ യുവതിയായ ഒരമ്മയോടു നിന്‍റെ ചങ്കിലൊരു വാളുണ്ടാകും എന്നയാള്‍ പ്രവചിച്ചത്. അലഞ്ഞു നടന്നിരുന്ന ക്രിസ്തുവെന്ന ചെറുപ്പക്കാരനില്‍ അവന്‍റെ കാലം കണ്ട മതിപ്പും അതു തന്നെയാകണം.
അവനെപ്പാഴും മനുഷ്യരുടെ സങ്കടങ്ങളെക്കുറിച്ചാരാഞ്ഞു. ക്ലാസിക് ഉദാഹരണം ഉത്ഥാനത്തിനു ശേഷം സംഭവിച്ച കാര്യങ്ങളാണ്. മിഴിനീരിന്‍റെ മുഖപടമുയര്‍ത്തി തന്നെ നോക്കിയ സ്ത്രീയോടു നീയെന്തിനു കരയുന്നുവെന്നു ചോദിക്കുന്ന ക്രിസ്തു, ഒരുപക്ഷേ ചിരപ രിചയം കൊണ്ട് അവളുടെ പുരുഷന്‍പോലും ചോദിക്കാന്‍ മറന്നുതുടങ്ങി യ ഒരു കുശലമാണ്. മനുഷ്യരുടെ സങ്കടകാരണങ്ങളെ ആരായുക, ലളിതമായ ചില പരിഹാരങ്ങള്‍ നല്കുക തുടങ്ങിയ കാര്യങ്ങള്‍ യേശുവിനു മാത്രം സാധ്യമായ കാര്യമെന്നു ധരിക്കുന്നതാണു തെറ്റ്. വെളിച്ചത്തിലേക്കു ചുവടു ചവിട്ടാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അനുവര്‍ത്തിക്കേണ്ട സുകൃതമാണിത്.
ചിലപ്പോഴെങ്കിലും പുരുഷനതത്ര സ്വാഭാവികമായി അനുഭവപ്പെടണമെന്നില്ല. തന്‍റെ ക്ഷതങ്ങളെ മറച്ചുപിടിക്കാനാണയാള്‍ കാംക്ഷിക്കുന്നതെന്നു തോന്നുന്നു. പണ്െടാക്കെ നമ്മള്‍ വിചാരിച്ചിരുന്നു, മുറിവുകള്‍ക്കു മീതെ ഇങ്ങനെ ചില ചുറ്റുകള്‍ ചുറ്റിയാലേ അതുണങ്ങുകയുള്ളുവെന്ന്. അതങ്ങനെയല്ല, സൂര്യവെളിച്ചവും കാറ്റും ചേര്‍ന്നാണു സൗഖ്യപ്രക്രിയയെ ത്വരിതപ്പെടുത്തുന്നത്. ഭാഗ്യവതിയാണു സ്ത്രീ. കുറഞ്ഞപക്ഷം തന്‍റെ ക്ഷതങ്ങളെക്കുറിച്ചു പറയാന്‍ അവള്‍ ഒരിടം തിരയുന്നുവെങ്കിലുമുണ്ട്.
മേലധികാരിയാല്‍ അപഹസിക്കപ്പെട്ട ഒരു സ്ത്രീ ആദ്യവണ്ടിക്കുതന്നെ വീട്ടിലേക്കു പായുന്നതു തന്‍റെ പുരുഷനോടതു പറയാനാണ്. എന്നാല്‍, സമാനമായ അനുഭവത്തിനു വിധേയനായ അവളുടെ പുരുഷനാകട്ടെ എല്ലാത്തരം കുശലാന്വേഷണങ്ങളും ഒഴിവാക്കാനായി രാവൈകുവോളം അലഞ്ഞുനടക്കാനായി തീരുമാനിക്കുകയും ചെയ്യുന്നു. സ്വന്തം പരിക്കുകളെ മറച്ചുപിടിക്കാനായി ക്രിസ്തു ഒരിക്കലും ശ്രമിച്ചിട്ടില്ലായെന്ന് ഓര്‍മിക്കുന്നതു നല്ലത്. പൊതുവേയുള്ള ഗുരുസങ്കല്പങ്ങളുമായി പൊരുത്തപ്പെടുന്ന ഒന്നല്ല അത്. അഗാധ ദുഃഖങ്ങളെ തന്‍റെ ഉറ്റവരോടു വെളിപ്പെടുത്തുന്നതുവഴി, അതില്‍ അപമാനകരമായി ഒന്നുമില്ലെന്ന് അവിടുന്നു ഭൂമിയെ പഠിപ്പിച്ചു.
ഇതങ്ങനെയും ഒരു കാലമാകട്ടെ, സ്വ ന്തം ക്ഷതങ്ങള്‍ വെളിപ്പെടുത്താനും ഉറ്റവരോടു ക്ഷതങ്ങള്‍ ആരായാനും... കൂടുതല്‍ അറിയും തോറും കൂടുതല്‍ നിങ്ങളെന്ന വെറുക്കുമോയെന്ന ആ പുരാതന ഭയത്തെ കുറുകെ കടക്കാനും.
ലളിതം-4
വളരെ കുറച്ചു കാര്യങ്ങളില്‍ ജീവിതത്തെ ക്രമപ്പെടുത്തുകയെന്നതാണു നോന്പിന്‍റെ ധര്‍മങ്ങളിലൊന്ന്. ലളിതമെന്ന പദത്തിനു ശബ്ദതാരാവലിയില്‍ സൗന്ദര്യമുള്ളത് എന്നുകൂടി അര്‍ഥം കൊടുത്തിട്ടുണ്ട്. ജീവിതത്തിന്‍റെ ലാവണ്യശാസ്ത്രമാണ് സുവിശേഷമെങ്കില്‍, ഒരാളുടെ അഴകിലേക്കുള്ള യാത്ര ആരംഭിക്കേണ്ടതു ലാളിത്യങ്ങളെ തിരികെപ്പിടിച്ചുക്കൊണ്ടുവേണം എന്ന സൗമ്യമായ മന്ത്രണം അതില്‍നിന്നു കാതോര്‍ത്താല്‍ കേള്‍ക്കാവുന്നതേയുള്ളൂ. കൂട്ടി, കുറച്ചു, ഹരിച്ചു കഴിയുന്പോള്‍ ഒരാള്‍ക്കു ജീവിക്കാന്‍ എത്ര കുറച്ച് കാര്യങ്ങള്‍ മതി! നിറയെ കതിര്‍മണികളുള്ള പാടത്ത് എനിക്കൊരു കതിര്‍മണിമാത്രം മതിയെന്ന ആകാശപ്പറവകളുടെ പ്രകാശമാണത്.
വിഭവങ്ങളോടു മാത്രമല്ല വൈകാരികതയോടും മതിയെന്നു പറയാനാകണം. ഈ കരുതല്‍ മതി, ഈ സ്നേഹം മതി, ഈ ശ്രദ്ധ മതി എന്നൊക്കെ നിശ്ചയിക്കുന്നിടത്താണ് ഒരാളുടെ ആന്തരിക ആകാശം വികാസം തേടുന്നത്. ടോള്‍സ്റ്റോയിയുടെ ആ പഴയ കഥയിലെന്നപോലെ ഒരു പുലരിതൊട്ട് അന്തിവരെ ഓടിത്തീര്‍ക്കാവുന്ന ദൂരങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതുതന്നെയാകും. എന്നാല്‍ തളര്‍ന്നുവീഴുന്പോള്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട കൃത്യമായ അളവ് ആ ജന്മി നിശ്ചയിച്ചിട്ടുണ്ട്. അതേതായാലും ആറടിക്കപ്പുറമില്ല.
എല്ലായിടത്തും ലളിതജീവിതത്തിലേക്കുള്ള ദീപ്തമായ ക്ഷണങ്ങളുണ്ട്. കലയിലും രാഷ്ട്രീയത്തിലുമൊക്കെ അതിന്‍റെ അടയാളങ്ങളുണ്ട്. സഭ തന്‍റെ വാസത്തിനായി കരുതിവച്ചിരുന്ന അറുപതു മുറികളുള്ള അരമന രോഗികള്‍ക്കായി തുറന്നുകൊടുക്കുകയും അവര്‍ തിങ്ങിവസിച്ചിരുന്ന കുടുസുമുറി തന്‍റേതാക്കുകയും ചെയ്ത ഡി-യിലെ മെത്രാന്‍ "പാവങ്ങള്‍' എന്ന പുസ്തകം വായിച്ചു മടക്കുന്പോള്‍ നമ്മുടെ ചങ്കിലേക്കു പ്രവേശിക്കുന്നത് എന്തുകൊണ്ട്?
ചുമരില്‍ ആ ജ്ഞാനവൃദ്ധന്‍ പുഞ്ചിരിക്കുന്നുണ്ട്, ഗാന്ധി. ദീര്‍ഘമായ ഒരു യാത്രയുടെ ഒടുവില്‍ പൊടിപുരണ്ട മെതിയടി തീരത്തുവച്ച് നര്‍മദയിലേക്കിറങ്ങി മേല്‍മുണ്ടിന്‍റെ കോന്തല നനച്ച് അതു വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ആ വയോധികനിപ്പോള്‍. എന്തിനിങ്ങനെയന്നു കൗതുകം പൂണ്ടവരോട് പറഞ്ഞു- അത്രയും ജലമേ അത് അര്‍ഹിക്കുന്നുള്ളൂ. അത്രമേല്‍ ലളിതമായി ജീവിച്ചതുകൊണ്ടാകണം ഒരെഴുത്തുകാരന്‍ നിരീക്ഷിക്കുന്നതുപോലെ ലോകത്ത് ഏറ്റവും ലളിതമായി നിങ്ങള്‍ക്കു വരയ്ക്കാവുന്ന ചിത്രം അദ്ദേഹത്തിന്‍റേതാണ്. കഷ്ടിച്ച് മൂന്നോ നാലോ വരകള്‍ - ഗാന്ധിജിയായി.
ലാളിത്യം ഒരു ജീവിത സമീപനമാണ്. കുറച്ചുകാര്യങ്ങളില്‍ ജീവിതത്തെ പരിമിതപ്പെടുത്തുക എന്നതുമാത്രമല്ല അതിന്‍റെ സാരം. നേര്‍രേഖയില്‍ എല്ലാം കാണാന്‍ കഴിയുകയാണ് അതിന്‍റെ പൊരുള്‍. അതില്‍നിന്ന് നിറയെ പരിമളമുള്ള ഒരു പൂവുണ്ടായി - തൃപ്തി. തര്‍ക്കമില്ലാത്ത വിധത്തില്‍ ഇത്രയും ലളിതമായി ജീവിച്ച മറ്റൊരാളുണ്ടാകില്ല. പുല്‍ത്തൊട്ടിയിലെ ജനനം, പന്ത്രണ്ടു വര്‍ഷത്തെ നാടോടി ജീവിതം, ദീര്‍ഘമായ മരയാശാരിത്തൊഴില്‍, മേല്‍ക്കൂരയില്ലാത്ത നിദ്ര, അനുഭവിച്ച പട്ടിണിയൊക്കെക്കൂടി ആ ജീവിതത്തെ മൂര്‍ച്ചയുള്ളതാക്കി സൂക്ഷിച്ചു.
നാല്‍പ്പതു ദിവസത്തെ ഉപവാസം പോലും മതപരമായ ഒരു സുകൃതത്തിന്‍റെ ആചരണമൊന്നുമല്ല. മറിച്ച്, പട്ടിണികിടക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമാണ്. മനുഷ്യര്‍ക്കും ഭൂമിക്കുംവേണ്ടി ജീവിക്കുന്നവര്‍ നന്നായി പട്ടിണികിടക്കാന്‍ പഠിച്ചവരായിരിക്കണം. അല്ലെങ്കില്‍ ഏറ്റവും ചെറിയ വിശപ്പുകളില്‍പോലും കല്ലുകളെ അപ്പമാക്കി തങ്ങളുടെ നിയോഗത്തില്‍ നിന്ന് പാളിപ്പോകും. ജീവിതത്തെ ഒരു ദീര്‍ഘമായ യാത്രയായെണ്ണി വടിയോ, ചെരിപ്പോ, രണ്ടുടുപ്പോ, ഭാണ്ഡമോ, നാണയമോ ഇല്ലാതെ വ്യാപരിക്കാന്‍ യേശു പ്രേരിപ്പിച്ചു.
ദൈവാവബോധങ്ങള്‍പോലും ക്രിസ്തുവില്‍ എത്ര സരളമായിട്ടാണു പ്രകാശിക്കപ്പെട്ടത്. ദൈവത്തെ അപ്പാ എന്നു വിളിക്കുകവഴി സരളമായൊരു ദൈവശാസ്ത്രമുണ്ടായി. എണ്ണിയാല്‍ തീരാത്ത നിയമങ്ങള്‍ "സ്നേഹം' എന്ന ചെറുപദത്തില്‍ സംഗ്രഹിക്കപ്പെട്ടു. ഭാഷ, അതെ - അല്ലയെന്ന മട്ടിലുളവായി. വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഭാഷ, മറച്ചുപിടിക്കാനല്ല. അമിതഭാഷണമെന്ന അപരാധത്തില്‍ നിന്ന് പ്രാര്‍ഥനയ്ക്കു വിടുതല്‍ നല്‍കി.
സുവിശേഷം പോലെ ലളിതമായൊരു ഗ്രന്ഥം വേറെയതുണ്ട്? തച്ചന്‍ മുക്കുവരോടു മന്ത്രിച്ചവ അങ്ങനെയാകാനേ തരമുള്ളൂ. പിന്നെ പഴയ ഫലിതംപോലെ അത്രയും ലളിതമായതുകൊണ്ട് നിന്‍റെ പാഠങ്ങള്‍ ഞങ്ങളില്‍ വിപ്രതിപത്തി ഉണര്‍ത്തുന്നുവെന്നു പരാതിപ്പെട്ട ശിഷ്യരോടു വ്യാഖ്യാനിച്ച് അതിനെ സങ്കീര്‍ണമാക്കിക്കൊള്ളൂവെന്ന് അനുവദിച്ച ഗുരുവിനെപാലെ ക്രിസ്തു!
പ്രതിസന്ധികളില്‍ ലളിതമായ പരിഹാരങ്ങള്‍ നല്‍കി. ഉദാഹരണത്തിന് അനുതാപമെന്ന സങ്കീര്‍ണമായ പ്രക്രിയയെ കൂടുതല്‍ സ്നേഹിക്കുകയെന്ന മട്ടില്‍ പറഞ്ഞുകൊടുത്തു. ലളിതമായ പ്രശ്നങ്ങള്‍ക്കുപോലും സങ്കീര്‍ണമായ പരിഹാരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ വര്‍ത്തമാനകാലത്തെ ബൗദ്ധിക ജാഗരണങ്ങളുമായി ഇതൊന്നു കൂട്ടിവായിക്കണം. പരിസ്ഥിതി സംവാദങ്ങളിലൊക്കെ അതു സംഭവിക്കുന്നുണ്ട്. ഒരു ചെടി നടുക, കടയില്‍ പോകുന്പോള്‍ ഒരു കായ സഞ്ചി കരുതുക, നഗരത്തിലോട്ട് വരുന്പോള്‍ പൊതുവാഹനങ്ങള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലളിതമായ പരിഹാരങ്ങളും ജീവിതത്തിലുണ്െടന്ന് എല്ലാവരും കാണക്കാണെ മറന്നുപോകുകയാണ്.
ഒന്നോര്‍ത്താല്‍ ലളിതമായ കാര്യങ്ങളിലാണുജീവിതത്തിന്‍റെ മുഴുവന്‍ ഊര്‍ജവും വിന്യസിക്കപ്പെടുന്നത്. ശ്വാസോഛ്വാസം പോലെ, ഉറക്കംപോലെ സരളവും സ്വാഭാവികവുമായ കാരണങ്ങളിലാണ് ജീവിതം അതിന്‍റെ നിലനില്‍പ്പിനെ ഉറപ്പിക്കുന്നതെന്ന് നിരീക്ഷിച്ചിട്ടില്ലേ. അതില്‍ ജീവിതത്തിന്‍റെ പകിട്ടും വര്‍ണങ്ങളും ഇല്ലായെന്ന് ഭയപ്പെടരുത്. ആ ചെറിയ ക്ലാസില്‍ ടീച്ചര്‍ ഏഴ് വര്‍ണങ്ങളും ചേര്‍ത്തുവച്ച ഒരു ഡിസ്ക് വേഗത്തില്‍ കറക്കിവിടുകയാണ്. ഇപ്പോള്‍ തൂവെള്ള മാത്രം.
ഇല്ല ഓര്‍മയുണ്ടാകില്ല, ഒരു മദ്ബഹയുടെ മുന്പില്‍വച്ച് നിങ്ങള്‍ക്കുവേണ്ടി നാലോളം പേര്‍ എടുത്ത ഒരു പ്രതിജ്ഞ. നിങ്ങള്‍ അന്നു കൈക്കുഞ്ഞായിരുന്നു. നെറ്റിയില്‍ ഒരു തീര്‍ഥം തളിക്കുന്നതിനു മുന്പായിരുന്നു അത്. പുരോഹിതന്‍ ചോദിക്കുകയാണ്: സാത്താനെയും അവന്‍റെ ആഡംബരങ്ങളെയും ഒഴിവാക്കുന്നുവോ അങ്ങനെ വരുന്പോള്‍ ഏറ്റവും ചെറിയ ആഡംബരങ്ങള്‍പോലും എന്‍റെ വ്രതലംഘനത്തിന്‍റെ പട്ടികയെ ദീര്‍ഘമാക്കുന്നു. അതിനകത്ത് എല്ലാംപെടും. കഠിനപദങ്ങള്‍കൊണ്ടും അമിത വിശേഷണങ്ങള്‍ക്കൊണ്ടും നിങ്ങള്‍ അലങ്കരിച്ചെടുക്കുന്ന ഒരു പ്രാര്‍ഥന പോലും.
സാക്ഷി -3
ഭൂമിയുടെ അതിരോളം നിങ്ങളെന്‍റ സാക്ഷികളാകുക (നടപടി 1:8); ഇങ്ങനെ പറഞ്ഞാണ് അവിടുന്നു വാനമേഘങ്ങളിലേക്കു മടങ്ങിപ്പോയത.് കാണികള്‍ പെരുകുന്ന ഭൂമിയില്‍ നിങ്ങളിപ്പോള്‍ അവന്‍റെ സാക്ഷിതന്നെയാണോ
സാക്ഷി എന്നത് ഒത്തിരി അനുരണനങ്ങള്‍ ഹൃദയത്തില്‍ ഉണര്‍ത്തുന്ന പദമാണ്. സൂര്യനെ കര്‍മസാക്ഷിയെന്നാണു വിശേഷിപ്പിക്കുന്നത്. പകലിന്‍റെ ചലനങ്ങളെല്ലാം അത് ഇമയനക്കാതെ കാണുന്നുണ്ട്. എന്നാല്‍ ഇരുളില്‍ സൂര്യന്‍ നിസഹായനാകുന്നു. അപ്പോഴും പകല്‍പോലെ എല്ലാം കണ്ടുകൊണ്ട് ഒരാള്‍ നില്പുണ്ട്. ഈശ്വരനെന്ന നിത്യനിതാന്ത സാക്ഷി. ഒരു നെടുവീര്‍പ്പോടെ ഭൂമിയിലെ മനുഷ്യരൊക്കെ അത് ഏറ്റുപറയുന്നുണ്ട്.
മത്സ്യത്തെപ്പാലെ ദൈവത്തിന്‍റെ മിഴികള്‍ക്കും ഇമയില്ലെന്നു മക്കളോടു പറഞ്ഞുകൊടുക്കണം. എന്‍റെ കര്‍ത്താവ് മയങ്ങുന്നില്ലായെന്നു സങ്കീര്‍ത്തകന്‍ പാടുന്നു. അങ്ങനെ വരുന്പോള്‍ ദൈവവുമായി ബന്ധമുള്ള ഒരു വാക്കാണു സാക്ഷിയെന്നു തോന്നുന്നു. സാക്ഷി കാണികളെപ്പാലെ നിസംഗനോ നിസഹായനോ അല്ല. ശരിയായ നേരത്ത് അയാളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. ഗുരുക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയുമാണ് ആ സനാതന സാക്ഷി നമ്മുടെ ചരിത്രത്തിലേക്കു പ്രവേശിക്കുന്നത്. അഗാധങ്ങളിലൂടെ ഒഴുകുന്ന പുഴ മേല്‍ത്തട്ടിലേക്കു വരുന്നതുപോലെ.
ഒരര്‍ഥത്തില്‍ ക്രിസ്തുവും സാക്ഷിതന്നെ. ആദിതൊട്ടേ ആരുടെ പാര്‍ശ്വത്തിലായിരുന്നുവോ, ആ ചൈതന്യത്തെക്കുറിച്ചുള്ള സാക്ഷ്യമായിരുന്നുവല്ലോ അവിടുത്തെ വാക്കും കര്‍മവും. അബ്രഹാമിനു മുന്പേ ഞാന്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞ്, തന്‍റെ കാലത്തെ അന്പരപ്പിച്ച ആ മുപ്പതു വയസുകാരന്‍, എന്നെ കാണുന്നവന്‍ എന്‍റെ പിതാവിനെ കാണുന്നുവെന്നു പറഞ്ഞു പുഞ്ചിരിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ
സാക്ഷിയായിരിക്കുക അത്ര സരളമായ പ്രക്രിയയല്ല. വലിയ മൂലധനം ആവശ്യമുള്ളതും നിരന്തരം കപ്പം കൊടുക്കേണ്ടിവരുന്നതുമായ ഒരു വ്യാപാരമാണത്. കോടതിമുറിയിലെ ഒരു സാക്ഷിയുടെ ഉത്തരവാദിത്വം ആ മരക്കൂട്ടില്‍നിന്ന് ഇറങ്ങുന്നതോടെ തീരുന്നുണ്ടാകും. പക്ഷേ, ഒരു ക്രിസ്തുസാക്ഷി എന്തുചെയ്യും? അവിടുത്തെ മൊഴിയും ജീവിതവും നിരന്തരം മനുഷ്യരുടെ വിചാരണയ്ക്കു വിധേയപ്പെട്ടുനില്‍ക്കുന്പോള്‍ അവസാന ശ്വാസത്തോളം അയാള്‍ക്ക് അങ്ങനെ നില്‍ക്കുകയേ തരമുള്ളൂ എന്ന മാക്സ് ലൂക്കാസോയുടെ നിരീക്ഷണം ഓര്‍ക്കുന്നു.
നിരന്തരം സത്യത്തിലായിരിക്കുക എന്നതാണു സാക്ഷിയുടെ ധര്‍മം. ഒരു കോടതിമുറിയില്‍പ്പോലും അയാള്‍ ആചരിക്കുന്ന അനുഷ്ഠാനം ശ്രദ്ധിക്കണം. തന്‍റെ വേദപുസ്തകത്തില്‍ത്തൊട്ട് അയാള്‍ ഇങ്ങനെ വിളിച്ചുപറയുന്നുണ്ട്. സത്യമേ പറയൂ, മുഴുവന്‍ സത്യവും പറയും, സത്യമല്ലാതെ മറ്റൊന്നും പറയാനുമില്ല. അസത്യം അരങ്ങു തകര്‍ക്കുന്ന അത്ര നല്ലതല്ലാത്ത ഒരു കാലത്തിലൂടെയാണു നമ്മള്‍ കടന്നുപോകുന്നത്. അതിനിടയില്‍ സത്യത്താല്‍ സ്വതന്ത്രരാക്കപ്പെട്ട ഒരു അജഗണത്തെ നസ്രത്തുകാരനായ ആ ഗുരു തെരയുന്നുണ്ട്. ഉല്പത്തി തൊട്ടു വെളിപാട് വരെ ബൈബിള്‍ കഠിനമായി നേരിടുന്നത് ഒരേയൊരു അപരാധമാണ് - അസത്യം. നുണയുടെ പിതാവെന്നാണു യോഹന്നാന്‍ സാത്താനെ വിശേഷിപ്പിക്കുന്നത്. അവനതു പറഞ്ഞിട്ടില്ലെന്നാണ് ഏശയ്യായുടെ മിശിഹായെക്കുറിച്ചുള്ള വാഴ്ത്ത് (ഏശയ്യ 53:9). വെറുതെയല്ല ഗാന്ധി സത്യത്തെ ദൈവമെന്നു വിളിച്ചത്.
അസത്യത്തില്‍ മരണമുണ്െട ന്നൊരു പാഠം നടപടിപുസ്തകത്തിലുണ്ട്. അനനിയാസിന്‍റെയും സഫീറയുടെയും കഥയാണത്. നുണ പറഞ്ഞതോടെ മരിച്ചുവീഴുന്നവര്‍. എവിടെയാക്കെ അസത്യമുണ്േടാ, അവിടെയാക്കെ ഏതോ ചില അളവില്‍ മരണമുണ്ട്. അഗാധമായ ഒരു സൗഹൃദത്തില്‍പ്പോലും അസത്യങ്ങള്‍ മരണത്തെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അപര്‍ണാ സെന്നിന്‍റെ ജാപ്പനീസ് വൈഫ് എന്ന ചിത്രം കണ്ടു. ജീവിതത്തില്‍ ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടുപേര്‍, ഒരു ബംഗാളി അധ്യാപകനും ജാപ്പനീസ് സ്ത്രീയും. ഒരുമിച്ചു താമസിക്കുന്നവരേക്കാള്‍ അടുപ്പത്തിലും വിശ്വസ്തതയിലുമാണു കത്തുകളിലൂടെ അവര്‍ കഴിഞ്ഞ 18 വര്‍ഷമായി ജീവിച്ചുകൊണ്ടിരിക്കുന്നത്.
അഗാധദുഃഖവുമായി തന്‍റെ അടുക്കലെത്തിയ ഒരു സ്ത്രീയെ നിരാസക്തിയോടെ തലോടി അയാള്‍ക്ക് ആശ്വസിപ്പിക്കേണ്ടിവന്നു. അതുപോലും തന്‍റെ കൂട്ടുകാരിയോടുള്ള വ്രതലംഘനമായി കരുതിയ അയാള്‍ അതും വിറയലോടെ അവളെ എഴുതി അറിയിക്കുന്നുണ്ട്. ഈ കത്ത് വായിച്ചതിനുശേഷം നീ എനിക്ക് വീണ്ടും എഴുതില്ലെന്നു ഞാന്‍ ഭയക്കുന്നു. എങ്കിലും എനിക്കു നിന്നോടു പറയാതിരിക്കാനാവില്ല. എല്ലാം തുറന്നുപറയാനായില്ലെങ്കില്‍ പിന്നെയന്താണു നമ്മുടെ ബന്ധത്തിന്‍റെ സാംഗത്യം? അയാള്‍ ചോദിച്ചു. സത്യത്തിന്‍റെ നീര്‍ത്തടങ്ങളിലാണു സന്തോഷത്തിന്‍റെ ആന്പല്‍പ്പൂക്കള്‍ വിരിയുന്നത്. അനുഭവങ്ങളാണ് അയാളുടെ ഊര്‍ജം. മറ്റാരുടെയങ്കിലും കാഴ്ചയോ കേള്‍വിയോ അയാളെ സഹായിക്കാന്‍ പോകുന്നില്ല. സ്വന്തം അടുപ്പില്‍ ചുട്ട അപ്പം മാത്രമേ ഉറ്റവര്‍ക്കായി വിളന്പുകയുള്ളൂ. അങ്ങനെയാണ് കാണി സാക്ഷിയായി സ്നാനപ്പെടുന്നത്.
പത്തു കല്പനകള്‍ക്കിടയില്‍ നമ്മളെ പരാമര്‍ശിക്കുന്നതല്ലെന്നു കരുതി വളരെ വേഗത്തില്‍ വിട്ടുകളയുന്ന കല്പന കള്ളസാക്ഷി പറയരുത് എന്നതായിരിക്കണം. ജീവിതത്തില്‍ ഒരിക്കലും ഒരു കോടതി വ്യവഹാരത്തില്‍പ്പെടുകയോ പെടാന്‍ സാധ്യതയോ ഇല്ലാത്ത ഒരാള്‍ എന്തു കള്ളസാക്ഷി പറയാന്‍? അങ്ങനെ ആശ്വസിക്കാന്‍ വരട്ടെ, നേരിട്ടൊരനുഭവം ഇല്ലാതെ പറയുകയോ ചെയ്യുകയോ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിശാലമായ അര്‍ഥത്തില്‍ അതിനു താഴെ വരും. ദൈവത്തെക്കുറിച്ചു കുഞ്ഞുമക്കളോടു പറയുന്പോള്‍പോലും ഭയപ്പെടണ്ട കാര്യമാണത്. നോന്പില്‍ അങ്ങനെയാരു സങ്കടവും നല്ലതാണ്.
നാവ്-2
ദൈവത്തിന്‍റെ വാക്കിനെക്കുറിച്ച് ഇത്രയും മേനിപറയുന്നവരുടെ അനുദിന ജീവിതത്തിലെ വാക്കുകളെന്താ ഇനിയും പ്രകാശിക്കാത്തത?് നിര്‍മലവും പ്രകാശം പരത്തുന്നതുമായ വാക്കുകളെ തിരികെപ്പിടിക്കാനുള്ള കാലമാവേണ്ടതല്ലേ ഈ നോന്പുകാലം? അവനവനെത്തന്നെ ചിന്തേരിടേണ്ട അവസരമാണു നോന്പുകാലം.
മനുഷ്യര്‍ അവരുച്ചരിക്കുന്ന ഓരോ വാക്കിനും കണക്കുകൊടുക്കേണ്ടിവരുമെന്ന ക്രിസ്തുമൊഴി ഓര്‍മിക്കുക. നമ്മുടെ ധ്യാനമില്ലാത്ത വാക്കുകള്‍ നമ്മളെത്തന്നെ ഒരുനാള്‍ പ്രതിക്കൂട്ടില്‍നിര്‍ത്തി വിചാരണ ചെയ്യും. തിരികെ പിടിക്കാനാകാത്ത ആ മൂന്നുകാര്യങ്ങളില്‍ അതുമുണ്ട് - എയ്തുവിട്ട അസ്ത്രം, കൈവിട്ട അവസരം, പറഞ്ഞുപോയ വാക്ക്. ക്രിസ്തുവിന്‍റെ ജീവിതത്തെപ്പാലും ഓര്‍മപ്പെടുത്തിയ വാക്കിന്‍റെ കാഠിന്യത്തെക്കുറിച്ച് സുവിശേഷ സൂചനകളുണ്ട്. ഇത്രയും സമഗ്രതയുള്ള ഒരാള്‍ ഈ വാഴ്വിനു മീതേ ഉണ്ടായിരുന്നിട്ടില്ല. എന്നിട്ടും അവന്‍റെ ഉറ്റവര്‍ അവനെ വിളിച്ചിരുന്നതു ഭ്രാന്തന്‍ എന്നു തന്നെയാണ്. ഒരിക്കലവനെ പിടിച്ചുകൊണ്ടുവരാന്‍ അവര്‍ പുറപ്പെട്ടതുമാണ്.
കല്ലുകള്‍ അപ്പമാക്കാത്ത ഒരാളെ ഭോജനപ്രിയനെന്നാണ് അവന്‍റെ കാലം വിളിച്ചത്. മീറ കലര്‍ത്തിയ വീഞ്ഞ് വേണ്െടന്നുപറഞ്ഞു തട്ടിമാറ്റിയ അയാളെ വീഞ്ഞുകുടിയനെന്നും അവര്‍ വിളിച്ചു. ഭക്ഷണമേശയില്‍ വീഞ്ഞ് വിളന്പിയിരുന്ന നാട്ടില്‍ അതിന്‍റെ അര്‍ഥം മദ്യപന്‍ എന്നു തന്നെയാണ്. ഇരുളിന്‍റെ പൊട്ടുപോലുമില്ലാതെ ജീവിച്ചയാളെ ബീല്‍സബൂലിനെതിരേ അദ്ഭുതങ്ങള്‍ ചെയ്യിക്കുന്നു എന്നവര്‍ ആരോപിച്ചു. ചുരുക്കത്തില്‍ പ്രകാശമോ ധ്യാനമോ ഇല്ലാത്ത മനുഷ്യരുടെ നാവിനാല്‍ അവിടത്തെ ജീവിതവും പരിക്കേറ്റിട്ടുണ്ട്.
നാവിനെക്കുറിച്ച് ഏറ്റവും സങ്കടപ്പെടുന്നതു പ്രഭാഷകനാണെന്നു തോന്നുന്നു. ചാട്ടയെന്നും വാളെന്നും ആയുധമെന്നും അയാള്‍ ഇതിനെ വിളിക്കുന്നുണ്ട്. അധരത്തിന് ഒരു പൂട്ടും വാതിലും വേണമെന്ന് അയാളുടെ പ്രകാശം അയാളെ പഠിപ്പിക്കുന്നുണ്ട്. പുതിയനിയമത്തില്‍ കാട്ടുതീ എന്നാണു നാവിന്‍റെ ഒരു ഉപയോഗത്തെ യാക്കോബ് വിശേഷിപ്പിക്കുക. അഗ്നിനാവ് എന്നൊരു പ്രയോഗം നമുക്കിടയില്‍ എങ്ങനെയുണ്ടാ യെന്ന് ഓര്‍ത്തെടുക്കുന്നതു നല്ലതാണ്. കയ്പും മധുരവും ഒരേ നാവില്‍ നിന്നുതന്നെ വരുന്നുവെന്നു യാക്കോബ് അന്പരക്കുന്നുണ്ട്. മരുഭൂമിയിലെ പിതാവില്‍ നിന്നുള്ള ആ പഴയ കഥയ്ക്ക് നമ്മുടെ ഇടയില്‍ കൂടുതല്‍ സാംഗത്യമുണ്െടന്നു തോന്നുന്നു.
തന്‍റെ സ്നേഹതിനെതിരേ താന്‍ പറഞ്ഞു പരത്തിയ അപവാദത്തിനു പരിഹാരം തേടിയാണ് അയാള്‍ താപസന്‍റെ അടുക്കല്‍ വന്നത്. പഴയകാലങ്ങളില്‍ തൂവലുകൊണ്ടുള്ള തലയിണകളായിരുന്നു. അതിലൊന്ന് അയാള്‍ക്കു കൊടുത്തിട്ട് ഇതിലെ തൂവലുകള്‍ വിതറിയിട്ടു മടങ്ങിവരികയെന്ന് ആവശ്യപ്പെട്ടു. വളരെ വേഗത്തില്‍ അയാള്‍ തിരിച്ചെത്തി. ഇനി അതൊക്കെ ശേഖരിക്കുകയെന്നാരു അനുബന്ധ സാരോപദേശത്തില്‍ തന്‍റെ അപരാധങ്ങളുടെ ഗുരുത്വമോര്‍ത്ത് അയാള്‍ വാവിട്ടു കരഞ്ഞു.
എല്ലാമിപ്പോള്‍ നിലനില്‍ക്കുന്നതു നാവിലാണ്. രാഷ്്രട്രീയത്തെപ്പാലെ ആത്മീയതയും അതിനെ കഠിനമായി ആശ്രയിക്കുന്നു എന്നോര്‍ക്കുന്പോള്‍ ഭയം വരുന്നു, ഓരോരുത്തരും "മാനിപ്പുലേറ്റഡ്' ആവുമോയെന്ന്. നമുക്കിണങ്ങിയ മട്ടില്‍ കാര്യങ്ങളെ വിശദീകരിക്കാനുള്ള പാടവംകൊണ്ടുമാത്രം തങ്ങളുടെ നിലനില്പ് ഉറപ്പിക്കുന്നവരോടു സഹതപിക്കാതെ തരമില്ല.
ഈ ഭൂതലത്തില്‍ ആദ്യം മുഴങ്ങിയ വാക്കതായിരുന്നു- വെളിച്ചം ഉണ്ടാകട്ടെ. അങ്ങനെയാണു വാക്ക് വചനമായി മാറിയത്. ഒരു ഫലിതം പറഞ്ഞാല്‍പ്പോലും അതിനുശേഷം കുറേക്കൂടി വെളിച്ചമുണ്ടാകണം. ആ വാക്കില്‍ മൃതര്‍ പോലും അവരുടെ ചരടുകള്‍ പൊട്ടിച്ചു പുറത്തുവരും. വാക്ക് അതില്‍ത്തന്നെ മധുരമാകുക എന്നതല്ല അതിന്‍റെ സാരം. അങ്ങനെ വരുന്പോള്‍ നിങ്ങളുടെ സൗമ്യമായ വാക്കുകള്‍ നിങ്ങള്‍ ആടിക്കൊണ്ടിരിക്കുന്ന കപടതയുടെ തുടര്‍ച്ചയാകുന്നു. അതുകൊണ്ടാണ് അധരമല്ല, ഹൃദയമാണ് സംസാരിക്കുന്നത് എന്നു ക്രിസ്തു പറഞ്ഞത്.
ഹൃദയം നിറയെ മധുരമായതുകൊണ്ടാണു നിങ്ങളുടെ വാക്കെന്ന ഫലത്തിന് ഇത്രയും സ്വാദ്. ഫലത്തില്‍ നിന്നു വൃക്ഷത്തെ തിരിച്ചറിയാമെന്നതു വാക്കിനും ബാധകമാണെന്ന് ആ നസ്രത്തുകാരനറിയാം.... നിങ്ങളെന്താണു സംസാരിക്കുന്നതെന്നായിരുന്നു, എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോടു ക്രിസ്തു ആദ്യം ആരാഞ്ഞത്. ഈ നോന്പുകാലത്ത് നിങ്ങള്‍ എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന് അതിനെ തിരുത്തിവായിക്കുക!
കുഞ്ഞുങ്ങളോട് ഈ ഈസോപ്പ് കഥ പറഞ്ഞുകൊടുക്കുക. അയാള്‍ പറഞ്ഞ കഥ എന്നതിനെക്കാള്‍ അയാളുടെ ജീവിതത്തില്‍ സംഭവിച്ച കഥയാണിത്. ഈസോപ്പ് അടിമയായിരുന്നു എന്ന് ഓര്‍ക്കണം. ഒരു ദിവസം അയാളുടെ യജമാനന്‍ പറഞ്ഞു: ഏറ്റവും രുചിയുള്ള ഒരുകാര്യം എനിക്കു പാചകപ്പെടുത്തി തരിക. അയാള്‍ അതു രുചിച്ചുനോക്കി. അയാളെ അഭിനന്ദിച്ചു.
പിറ്റേന്ന് അയാള്‍ പറഞ്ഞു. ഏറ്റവും മോശമായൊരു കാര്യം കൊ ണ്ടു പാചകം ചെയ്യുക. അയാള്‍ ഇനിയൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തരത്തില്‍ ഏറ്റവും മോശമായ പാചകം നല്‍കി. യജമാനന്‍ ചോദിച്ചു നീ എന്താണിവയില്‍ ഉപയോഗിച്ചത്? ഈസോപ്പ് പുഞ്ചിരിച്ചു. രണ്ടിലും ഒരേകാര്യം തന്നെയായിരുന്നു. - ഒരു പശുവിന്‍റെ നാവ്.
ദര്‍പ്പണം -1
വാക്കെന്ന ദര്‍പ്പണത്തില്‍ സ്വയം കാണാനും കണ്െടത്താനുമുള്ള കാലമാണിത്. വചനത്തെ കണ്ണാടിയെന്നു വിശേഷിപ്പിക്കുന്നതു യാക്കോബിന്‍റെ ലേഖനമാണ്. ഏഴു കാതോലിക ലേഖനങ്ങളില്‍ ഒന്നാണത്. സമസ്ത സഭകള്‍ക്കും വേണ്ടിയെന്നു സാരം.
വചനം മാത്രമല്ല, വചനം കോറിയിട്ടവന്‍റെ ഹൃദയവും ദര്‍പ്പണമായിരിക്കണം. ഭാരതത്തിന്‍റെ ബിംബ പ്രതിബിംബ വിചാരം പോലെ പ്രപഞ്ചം മുഴുവന്‍ ബിംബങ്ങളാണ്. കണ്ണാടി പോലെ തെളിഞ്ഞ മനസുകളില്‍ അതിന്‍റെ പ്രതിബിംബം വന്നുവീഴുന്നു.
വേദത്തിലെ കഥാപാത്രങ്ങളും ദര്‍പ്പണങ്ങളാണ്. അതുകൊണ്ടാണ് അവരെ വായിക്കുന്പോള്‍ തങ്ങളുടെ മുഖം അതില്‍ തെളിയുന്നത്. അതു സാംസണായാലും ദാവീദായാലും മറിയമായാലും യൂദാസായാലും. മറിയം പരിമളതൈലഭരണി ഉടച്ച് അഭിഷേകം ചെയ്യുന്പോള്‍ അവളില്‍ നമ്മളെ തന്നെ കണ്ട് മിഴികള്‍ സജലമാകുന്നു. ഇവളെന്തിനിതു പാഴാക്കുന്നുവെന്നു ചോദിക്കുന്പോള്‍, ഇസ്രയേലിന്‍റേതല്ല എന്‍റെതന്നെ നിരുന്മേഷതകള്‍ മറനീക്കി പുറത്തുവരുന്നു. വെറുതേയല്ല, ബൈബിള്‍ വായിക്കേണ്ടതു വര്‍ത്തമാനത്തിലാണെന്നു പ്രകാശമുള്ളവര്‍ പറയുക.read your word in present tense.
സ്വയം കാണാനുള്ള പ്രേരണയായി നിലനില്‍ക്കുന്നിടത്താണു വാക്കിന്‍റെ പ്രസക്തി. വിശാലമായ തടാകങ്ങളിലേക്ക് അവിടുന്നെന്ന കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് ഒരു പഴയ നിയമ സൂചനയുമുണ്ട്. ആദിമ മനുഷ്യരുടെ കണ്ണാടിയായിരുന്നു അലയില്ലാ തടാകങ്ങള്‍ എന്നോര്‍ക്കണം. നാര്‍സിസ് തുടങ്ങിയവരുടെ കഥയോര്‍മിച്ചില്ലേ - ജലാശയത്തില്‍ തന്‍റെ രൂപം കണ്ടിട്ട് അതിനോട് ഇഷ്ടത്തിലായ ഒരാള്‍! വചനമിപ്പോഴും ആ ധര്‍മം നിലനിര്‍ത്തുന്നുണ്ട്.വചനം കേട്ടിട്ട് അതനുസരിച്ച് ജീവിക്കാത്തവര്‍ കണ്ണാടിയില്‍ മുഖം കണ്ടിട്ട് അത് മറന്നുപോകുന്ന ആത്മവഞ്ചകരാണെന്ന് യാക്കോബ് പറയുന്നു.
ശരിയാണ്, സ്വയം കണ്െടത്താ ന്‍ മാത്രമല്ല തിരുത്താനും വേണ്ടിയാണു കണ്ണാടി. അതിനു മുന്നില്‍ നില്‍ക്കുന്പോഴാണു മുടിമുറിക്കണമെന്നും ഒരു പൊട്ടു തൊടണമെന്നുമൊക്കെ നമുക്കു തോന്നുക. നിനക്കെന്തായി മാറാനാകുമെന്ന സൗമ്യമായ ഒരു ഓര്‍മപ്പെടുത്തലാണത്.
തെരുവിലിരുന്നു ചിത്രം വരച്ച് അഷ്ടിക്കുള്ള വക തിരഞ്ഞിരുന്ന ഒരു ചിത്രകാരന്‍റെ മുന്നില്‍ ഒരു മദ്യപന്‍ ചടഞ്ഞിരുന്നു. നിമിഷം കൊണ്ട് അയാള്‍ മദ്യപന്‍റെ ചിത്രം വരച്ചു. അയാളാകട്ടെ ചിത്രം കണ്ടു ക്ഷുഭിതനായി, ഇതു തന്‍റെ ചിത്രമല്ലെന്നു പറഞ്ഞായിരുന്നു ബഹളം. പീളകെട്ടിയ കണ്ണ് എവിടെ ചുളിഞ്ഞ നെറ്റിയെവിടെ എന്‍റെ വസ്ത്രങ്ങള്‍ക്ക് എവിടെ നിന്നുകിട്ടി ഈ വെണ്മ. നിനക്കു പ്രതിഫലം തരാനാവില്ല. ചിത്രകാരന്‍ പുഞ്ചിരിച്ചു. സര്‍, നിങ്ങള്‍ക്കു നിങ്ങളുടെ ചിത്രം യഥാതഥം ആയിരുന്നു ആവശ്യമെങ്കില്‍ ഒരു ഫോട്ടോഗ്രാഫറെ സമീപിക്കുക. ഞാന്‍ ചിത്രകാരനാണ്. ഭാവനയില്‍ അഭിരമിക്കുന്നയൊരാള്‍ മറ്റൊരാളെ കാണുന്പോള്‍ അയാള്‍ ഇപ്പോള്‍ എന്തെന്നല്ല, അയാള്‍ക്ക് എന്താകാനാകുമെന്നതിനാണു പരിഗണന നല്‍കുക.
എന്തുകൊണ്ടു നിങ്ങളുടെ പീളകെട്ടിയ മിഴികളിലെ പ്രകാശം തിരിച്ചുപിടിച്ചുകൂടാ...? നിങ്ങളെഴുതിയ ജീവിത ത്തി നും നിങ്ങള്‍ക്ക് എഴുതാമായിരുന്ന ജീവിതത്തിനുമിടയിലെ നെടുവീര്‍പ്പാണോ ജീവിതം? ക്രിസ്തുവിന്‍റെ മിഴികളാണു ശരിക്കുമുള്ള ദര്‍പ്പണം. ആ മിഴികളിലെ സ്നേഹം വേദത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണു വേദം ഇപ്പോഴും ദര്‍പ്പണമായി നിലനില്‍ക്കുന്നത്. ആ മിഴികളിലേക്കു നോക്കിയവര്‍ക്കൊക്കെ അതില്‍ തെളിഞ്ഞ രൂപം കണ്ടിട്ട്, പത്രോസിനെപ്പാലെ വാവിട്ടു കരയാതെ തരമില്ല.
(തുടരും....)
deepika
Post A Comment:
0 comments: