പ്രിയ കൂട്ടുകാരേ, ജനുവരി മാസത്തെ വി. സെബസ്ത്യാനോസിന്റെ തിരുനാള് സാഘോഷം കൊണ്ടാടിയ നമ്മള് ഫെബ്രുവരി 11ാം തിയ്യതിയിലെ ലൂര്ദ്ദ് മാതാവിന്റെ തിരുനാളിലേയ്ക്ക് പ്രവേശിക്കുകയാണ്. ഫെബ്രുവരി 11ാം തിയ്യതിയാണ് തിരുനാള് ദിനമെങ്കിലും സൗകര്യാര്ത്ഥം നമ്മള് ഫെബ്രുവരി 12ാം തിയ്യതി ഞായറാഴ്ചയാണ് നമ്മുടെ ഗ്രോട്ടോ മാതാവിന്റെ തിരുനാളായി ആചരിക്കുന്നത്. ലൂര്ദ്ദ് മാതാവിന്റെ തിരുനാള് ദിനമായ ഫെബ്രുവരി 11ാം തിയ്യതി രോഗീദിനമായികൂടെ ആചരിക്കുന്നുണ്ട്. രോഗികള്ക്കുവേണ്ടി പ്രാര്ത്ഥിക്കുവാനും അവരെ സന്ദര്ശിക്കുവാനും അവരോട് പ്രത്യേക താല്പര്യവും പരിഗണനയും കാണിക്കാന് നമ്മെ ശക്തിപ്പെടുത്തുന്ന ദിനമാകട്ടെ രോഗീദിനം. രണ്ടാം വത്തിക്കാന് കൗണ്സിലിന് ആരംഭം കുറിച്ച ജോണ്‍ 23ാം പാപ്പായുടെ രോഗികള്ക്കുള്ള സന്ദേശം ഏറെ ശ്രദ്ധേയമാണ്. ആ സന്ദേശത്തില് രോഗികളോടായി പിതാവ് ഇപ്രകാരം പറയുന്നു. “സന്തോഷമായിരിക്കുക, ദൈവം നിന്റെ കൂടെയുണ്ട്.നീ വേദന അനുഭവിക്കുന്നു എന്നത് വാസ്തവമാണ്. എന്നാല് അവിടുന്ന് നിന്റെ അടുത്തുണ്ട്. സ്വന്തം പിതാവില് എന്നതുപോലെ ദൈവത്തില് നിന്റെ പ്രത്യാശ സ്ഥാപിക്കുക. സഹിക്കുന്നതിന് അവിടുന്ന് നിന്നെ അനുവദിച്ചെങ്കില് അതില് എന്തോ നന്മ അവിടുന്ന് കാണുന്നതുകൊണ്ടാണ്. അതെന്താണെന്ന് പക്ഷേ ഇന്ന് നിനക്കറിഞ്ഞുകൂട. നിന്റെ ഹൃദയസമാധാനം ദൈവത്തിലുള്ള പ്രത്യാശയായി സ്ഥിതി ചെയ്യുന്നു. അവിടുന്ന് നിന്നെ ഒരിക്കലും കൈവിടുകയില്ല. ദൈവത്തില് ആശ്രയിച്ചുകൊണ്ട് ജീവിതത്തില് പ്രത്യാശയിലൂടെ മുന്നോട്ട് നീങ്ങാന് ഈ സന്ദേശം നമ്മെ ശക്തിപ്പെടുത്തട്ടെ.” ദൈവത്തില് ആശ്രയിച്ചുകൊണ്ട് ജീവിതത്തില് മുന്നോട്ട് നീങ്ങുന്ന രോഗികള്ക്ക് ഇന്ന് ആ ദൈവ സാന്നിദ്ധ്യം അനുഭവമാകേണ്ടത് നമ്മളിലൂടെയും കൂടിയാകണം. രോഗികളോടുള്ള സ്നേഹം നമുക്ക് പ്രകടമാക്കാന് സാധിക്കുക അവരോടുകൂടെയായിരുന്നുകൊണ്ടും അവര്ക്കുവേണ്ടി പ്രാര്ത്ഥിച്ചും സാന്പത്തിക സഹായം നല്കികൊണ്ടുമാണ്. പ്രകടിപ്പിക്കാത്ത സ്നേഹം സ്നേഹമല്ലെന്ന് നമുക്കറിയാം. മദര് തെരസ നമ്മെ ഇപ്രകാരം ഓര്മ്മിപ്പിക്കുന്നു “നമ്മള് സ്നേഹം നല്കുന്നുവെന്ന് രോഗികള്ക്കും ദരിദ്രര്ക്കും മനസ്സിലാകണം. അവരെ ലോകത്തിന് ആവശ്യമുണ്ടെന്ന് അവര് അറിയണം. അവരുടെ പക്കല് സ്നേഹമല്ലാതെ മറ്റൊന്നും മടക്കിത്തരുവാന് ഇല്ല. കുഷ്ടരോഗികളുടെ വൃണങ്ങള് വൃത്തിയാക്കുന്പോള് ദൈവത്തെ പരിചരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.” വാഴ്ത്തപ്പെട്ട മദര്തെരേസായെപ്പോലെ നമുക്കും രോഗികളില് ഈശോയെ കണ്ട് അവരെ സ്നേഹിക്കാന് സാധിക്കട്ടെ. ആരാണ് അയല്ക്കാരന് എന്നുള്ളത് നല്ല സമരിയക്കാരനിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. നമുക്കും മുറിവുകള് വെച്ചുകെട്ടുന്നവരാകാനും സാന്നിദ്ധ്യംകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നവരുമാകാന് സാധിക്കട്ടെ.
സ്നേഹത്തോടെ
ജോണച്ചന്.
സ്നേഹത്തോടെ
ജോണച്ചന്.
Post A Comment:
0 comments: