തിരുനാളിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി ലഭിച്ചു. കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അനുമതി നല്‍കിയതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്യുന്നതോടെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടിന് തിരികൊളുത്തും. ശനിയാഴ്ച രാത്രി 7.30ന് കൂടുതുറക്കല്‍ ചടങ്ങിനുശേഷം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യവെടിക്കെട്ടും വളയെഴുന്നള്ളിപ്പുകള്‍ സമാപിക്കുന്നതോടെ ഞായറാഴ്ച പുലര്‍ച്ചെ 12.15ന് തെക്കുവിഭാഗത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് കലാപ്രകടനവും അരങ്ങേറും.
ഞായറാഴ്ച ഉച്ചയ്ക്കു 12നു പ്രദക്ഷിണം ഇറങ്ങുന്നതിനു തൊട്ടുമുമ്പ് സിമന്റ്, പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രദക്ഷിണ വെടിക്കെട്ട് അരങ്ങേറും. രാത്രി 8.30നു വടക്കുവിഭാഗത്തിന്റെ വെടിക്കെട്ടും നടക്കും. വെടിക്കെട്ടുകള്‍ക്ക് കുണ്ടന്നൂര്‍ സുന്ദരാക്ഷനും അത്താണി ദേവസ്സിയും നേതൃത്വം നല്‍കും. മെഴ്‌സി സ്റ്റാര്‍, സില്‍വര്‍ റോക്ക്, സൂര്യകാന്തി, തത്തമ്മപ്പച്ച, വെള്ളിപകിടി, ജിമിക്കി എന്നീ അമിട്ടുകളാണ് ഈ വര്‍ഷത്തെ വെടിക്കെട്ടിനെ നയനമനോഹരമാക്കുന്നത്. ശബ്ദം കുറച്ച് വാനില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
Post A Comment:
0 comments: