Pavaratty

Total Pageviews

5,981

Site Archive

വിശുദ്ധനെ വണങ്ങാനും ഊട്ടുസദ്യയ്ക്കും ആയിരങ്ങള്‍

Share it:
സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നൈവേദ്യ പൂജയോടെ തുടങ്ങി. ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു നൈവേദ്യ പൂജയും നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും നടന്നത്. 

 ഊട്ടു തിരുനാള്‍ ഏറ്റ് കഴിക്കുന്നതിന് ഭക്തജനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊട്ടുശാലയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സമയങ്ങളിലായി അഞ്ഞൂറോളം വളണ്ടിയര്‍മാരും ഭക്ഷണവിതരണത്തിന് രംഗത്തുണ്ട്. ശനിയാഴ്ച രാത്രിവരെ എഴുപത്തയ്യായിരം പേര്‍ ഊട്ടുസദ്യയില്‍ പങ്കാളികളായതായി ഭാരവാഹികള്‍ അറിയിച്ചു. സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അരി, അവില്‍, ഊണ് എന്നിവ പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്നു.

വൈകീട്ട് നടന്ന സമൂഹ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍ മുഖ്യകാര്‍മികനായി. തുടര്‍ന്ന് നടന്ന ഭക്തിസാന്ദ്രമായ കൂട് തുറക്കല്‍ ശുശ്രൂഷയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി. ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, സഹ വികാരിമാരായ ആന്‍സന്‍ വെള്ളറ, ബിജോയ് ചാത്തനാട്ട്, ജിജോ കപ്പിലാം നിരപ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് ദേവാലയ മുഖ മണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂടുകളില്‍ പൊതുവണക്കത്തിനായി സ്ഥാപിച്ചു.

തുടര്‍ന്ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടന്നു. വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള അമ്പ് എഴുന്നള്ളിപ്പുകള്‍ രാത്രി 12ന് ദേവാലയത്തിലെത്തി സമാപിച്ചതോടെ തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ട് അരങ്ങേറി.

ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ 9 വരെ തുടര്‍ച്ചയായി ദിവ്യബലി നടക്കും. ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും സിമന്റ് പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും നടക്കും. രാത്രി 8.30ന് വടക്ക് വിഭാഗത്തിന്റെ അതിമനോഹരമായ വെടിക്കെട്ട് അരങ്ങേറും. പാവറട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബഹുനിലപ്പന്തല്‍ ഉയര്‍ത്തിയിരുന്നു.
Share it:

EC Thrissur

2014

The Grand Feast 2014

No Related Post Found

Post A Comment:

0 comments: