Pavaratty

Total Pageviews

5,987

Site Archive

തിന്മ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത്രയും വിലയോ

Share it:


ജോയ് പുലിക്കോട്ടില്‍ ഹോളി ഫാമിലി യൂണിറ്റ

               പുരാതന കാലം മുതലേ സമൂഹത്തില്‍ പല തിന്മകളും നടമാടിയിരുന്നതായി നമുക്കു കാണാം. ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളിേലയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ അവയില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്നവയാണ് മാനഭംഗം, സ്ത്രീപീഡനം, പെണ്‍വാണിഭം...അങ്ങനെ നീണ്ടുപോകുന്നു ആ നിര. ലോകത്തിലെ പ്രത്യേകിച്ച് ഇന്ത്യയിലെ നിയമ പണ്ഡിതരും രാഷ്ട്രീയ നേതാക്കളും എന്നുവേണ്ട പൊതുജനം മുഴുവനും ഇത്തരം തിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഉതകുന്ന നിയമ നിര്‍മ്മാണത്തിന്‍റെ തിരക്കിലാണ്. ഡല്‍ഹിയില്‍  ഈയടുത്തുണ്ടായ കൂട്ട മാനഭംഗത്തോടെ  അതെ രാജ്യത്തെയൊട്ടാകെ ഇളക്കി മറിച്ച ഈ സംഭവത്തിലൂടെ ഇതിന് ഒരു പുതിയമാനം കൂടി കടന്നുവന്നു. ഈ സാഹചര്യത്തില്‍ ബൈബിള്‍ പറയുന്ന ഒരു മാനഭംഗത്തേയും അതോടൊപ്പമുണ്ടായ കൊലപാതകത്തേയും വായിക്കാനിടയായി അപ്പോള്‍ തന്നെ അന്നത്തെ ഇസ്രായേല്‍ ജനം ആ തിന്മ ഇല്ലാതാക്കാന്‍ നല്‍കിയ വിലയെക്കുറിച്ചും ഒന്നു വിചിന്തനം നടത്തുന്നത് നല്ലതാണ്.
               ന്യായാധിപന്മാരുടെ പുസ്തകത്തില്‍ 19ാം അധ്യായത്തില്‍ ഗിബെയാക്കാരുടെ മ്ലേഛതയെക്കുറിച്ച് പറയുന്നുണ്ട്. എഫ്രായിം മലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നു താമസിച്ചിരുന്ന ഒരു ലേവ്യന്‍, യൂദായിലെ ബെത്ലെഹംകാരിയെ ഉപനാരിയായി സ്വീകരിച്ചു. അവര്‍ ഒരു ദിവസം ബെത്ലെഹമില്‍ നിന്ന് പുറപ്പെട്ട് എഫ്രായിം മലനാട്ടിലേയ്ക്ക് പോകുകയായിരുന്നു. ജറുസലെമിനു എതിര്‍ വശത്തുള്ള ജബൂസിലെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. ജബൂസില്‍ രാത്രി ചെലവഴിക്കാന്‍ ഭൃത്യന്‍ ഉപദേശിച്ചെങ്കിലും ലേവ്യന്‍ പറഞ്ഞു ഇസ്രായേല്യരുടേതല്ലാത്ത അന്യനഗരത്തില്‍ നാം പ്രവേശിക്കരുത്. നമുക്ക് ഗിബെയായിലേയ്ക്ക് പോകാം. (ന്യായാ. 19:12). ഗിബെയാ ബെഞ്ചമിന്‍ ഗോത്രക്കാരുടെ പട്ടണമാണ്. അപ്പോള്‍ സൂര്യന്‍ അസ്തമിച്ചു. അവര്‍ ആ നഗരത്തില്‍ തുറസ്സായ സ്ഥലത്തിരുന്നു. കാരണം, ആരും രാത്രി കഴിക്കുന്നതിന് അവരെ സ്വാഗതം ചെയ്തില്ല. അപ്പോള്‍ ആ വഴി വയലിലെ വേല കഴിഞ്ഞുവരുന്ന എഫ്രായിം മലനാട്ടുകാരനും ഗിബെയായില്‍ വന്നു താമസിക്കുന്നവനുമായ ഒരു വൃദ്ധന്‍ അവരെ കണ്ടു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പൊതു സ്ഥലത്ത് രാത്രി കഴിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയശേഷം അദ്ദേഹം സ്വന്തം വിട്ടിലേയ്ക്ക് അവരെ കൊണ്ടുപോയി.
               അങ്ങനെ ലേവ്യനും ഭൃത്യനും ഉപനാരിയും വൃദ്ധന്‍റെ വീട്ടില്‍ ഭക്ഷണമെല്ലാം കഴിച്ച് സന്തുഷ്ടരായിരിക്കുന്പോള്‍ നഗരത്തിലെ ചില ആഭാസര്‍ ആ വീട് വളഞ്ഞ് വൃദ്ധനോട് നിന്‍റെ വീട്ടില്‍ വന്ന മനുഷ്യനെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലേവ്യന്‍ തന്‍റെ ഉപനാരിയെ അവര്‍ക്ക് വിട്ടുകൊടുത്തു. അവര്‍ അവളെ മാനഭംഗപ്പെടുത്തി. പ്രഭാതമായപ്പോഴേക്കും അവര്‍ അവളെ വിട്ടയച്ചു. ആ സ്ത്രീ വന്ന് തന്‍റെ നാഥന്‍ കിടന്നിരുന്ന വീടിന്‍റെ വാതില്‍ക്കല്‍ തളര്‍ന്ന് വീണു മരിച്ചു. അവന്‍ രാവിലെ വാതില്‍ തുറന്നപ്പോള്‍ അവള്‍ കൈകള്‍ കട്ടിളപ്പടിയിന്മേല്‍ വച്ച് വാതില്‍ക്കല്‍ കിടക്കുന്നതുകണ്ടു. അവന്‍ അവളുടെ മൃതശരീരത്തെ തന്‍റെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി അവിടെ എത്തിയ ഉടനെ അവളെ പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലേയ്ക്കും കൊടുത്തയച്ചു. ഇതുവരെ ഇപ്രകാരം ഒന്നു കാണുകയോ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ഇത് ഇല്ലായ്മ ചെയ്യാന്‍ ഇസ്രായേല്‍ക്കാര്‍ (ബെഞ്ചമിന്‍ ഗോത്രമൊഴികെ) ഏകമനസ്സോടെ മിസ്പായില്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.
                ഇസ്രായേല്യര്‍ ബെഞ്ചമിന്‍ ഗോത്രത്തോട് ആ നീചന്മാരെ വിട്ടുതരാനും അനന്തരം കൊന്നുകളയാനും അങ്ങനെ ആ തിന്മ ഇല്ലായ്മ ചെയ്യാനും ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് ചെവി കൊണ്ടില്ല. ദൈവത്തോട് ആരാഞ്ഞശേഷം ഇസ്രായേല്യര്‍ ബെഞ്ചമിനോട് യുദ്ധം ചെയ്യുകയും ഒന്നാം തവണ യുദ്ധത്തില്‍ ഇരുപത്തീരായിരവും രണ്ടാം യുദ്ധത്തില്‍ പതിനെണ്ണായിരവും ഇസ്രായേല്യര്‍ ബെഞ്ചമിന്‍ ഗോത്രത്താല്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജിതരായ ഇസ്രായേല്യര്‍ വീണ്ടും ശക്തി സംഭരിച്ച് കര്‍ത്താവിന്‍റെ ഹിതപ്രകാരം ബെഞ്ചമിനോട് മൂന്നാം തവണയും യുദ്ധം ചെയ്തു. അതില്‍ മുപ്പതോളം ഇസ്രായേല്യരും അന്പതിനായിരത്തി ഒരുനൂറ് ബെഞ്ചമിന്‍കാരും കൊല്ലപ്പെട്ടു. ഏകദേശം അറുനൂറ് ബെഞ്ചമിന്‍കാര്‍ റിമോണ്‍ പാറയിലേയ്ക്കും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ബെഞ്ചമിന്‍ ഗോത്രക്കാരുടെ ദേശം തീവെച്ചു. കൂടാതെ അവര്‍ കര്‍ത്താവിന്‍റെ മുന്പില്‍ ശപഥം ചെയ്തു. തങ്ങളുടെ പെണ്‍മക്കളെ ബെഞ്ചമിന്‍കാ ര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയില്ല.
                മുകളില്‍ പറഞ്ഞ സംഭവത്തില്‍ നിന്ന് ഈ തിന്മ അന്നത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റാന്‍ എത്രമാത്രം ജീവനും സ്വത്തിനും നഷ്ടംവരുത്തേണ്ടിവന്നു എന്നതാണ്. അതുകൊണ്ട് ഇതിന്‍റെ വെളിച്ചത്തില്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ നിന്ന് ഇതിനെ ഇല്ലായ്മ ചെയ്യാന്‍ നാം നടത്തുന്ന നിയമ നിര്‍മ്മാണവും മറ്റും വളരെ അപര്യാപ്തമാണെന്ന് തോന്നുന്നു. ഇവിടെ നിയമ നിര്‍മ്മാണത്തേക്കാള്‍ ഉപരിയായി നമ്മുടെ കാഴ്ചപ്പാടിലുള്ള മാറ്റമാണ് വേണ്ടത്. ഒരു സ്ത്രീയെ മകള്‍, സഹോദരി, അമ്മ എന്ന ചട്ടക്കൂടിനുള്ളില്‍ കാണാനുള്ള കഴിവും അപ്രകാരം തന്നെ മറിച്ചും, അതായത് മകന്‍, സഹോദരന്‍ അപ്പന്‍ എന്നതുപോലെയും വിവക്ഷിക്കാനുള്ള സന്മസ്സും വളര്‍ത്താനുള്ള വിദ്യാഭ്യാസരീതി ബോധവല്‍ക്കരണം തുടങ്ങിയവ. അതിനാല്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും ഇന്ദ്രിയജയത്തിനായി നമുക്ക് കര്‍ത്താവിനോട് അപേക്ഷിക്കാം. അങ്ങനെ ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ദൈവം കൃപ നല്‍കട്ടെ.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: