Pavaratty

Total Pageviews

5,986

Site Archive

നവ സുവര്‍ണ ജൂബിലി സമാപനാഘോഷം നാളെ മുതല്‍

Share it:
ആഗോള കത്തോലിക്കാ അല്മായ-യുവജന പ്രസ്ഥാനമായ സിഎല്‍സി (മരിയന്‍ സൊഡാലിറ്റി)യുടെ നവസുവര്‍ണ ജൂബിലി (450 -ാം വാര്‍ഷികം) ആഘോഷങ്ങളുടെ സമാപനം നാളെമുതല്‍ തൃശൂരില്‍ നടക്കും. പതാകദിനം, വിളംബരജാഥ, പ്രമോട്ടേഴ്സ് മീറ്റ്, പ്രതിനിധിസമ്മേളനം, മരിയന്‍ റാലി, പൊതു സമ്മേളനം, മെഗാഷോ എന്നിവയാണ് ഇതിനോടനുബന്ധിച്ചു നടക്കുകയെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ ഉച്ചയ്ക്ക് 1.30ന് തൃശൂര്‍ പാസ്ററല്‍ സെന്ററില്‍ പ്രതിനിധിസമ്മേളനം കെസിബിസി പ്രസിഡന്റും അതിരൂപത അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. അതിരൂപത സിഎല്‍സി പ്രസിഡന്റ് വിനേഷ് ജെ. കൊളങ്ങാടന്‍ അധ്യക്ഷത വഹിക്കും. ഡോ. കെ.എം. ഫ്രാന്‍സിസ് പ്രബന്ധാവതരണം നടത്തും. അതിരൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് ജൂബിലിസന്ദേശം നല്കും. 200 ഇടവകകളിലെ സിഎല്‍സി പ്രസിഡന്റുമാര്‍, 16 ഫൊറോനകളിലെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

12നു 2.30നു തൃശൂര്‍ പരിശുദ്ധ വ്യാകുലമാതാവിന്‍ ബസലിക്കയില്‍നിന്ന് മരിയന്‍ റാലി ആരംഭിക്കും. അയ്യായിരത്തോളം സിഎല്‍സി അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്നു സമാപന സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം എം.പി. വിന്‍സെന്റ് എംഎല്‍എ നിര്‍വഹിക്കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍, സംസ്ഥാന സിഎല്‍സി സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ്, യൂത്ത് മിനിസ്ട്രി അതിരൂപത ഡയറക്ടര്‍ ഫാ. ജിയോ കടവി, അതിരൂപത പാസ്ററല്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിക്കും. അതിരൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് ആമുഖപ്രസംഗം നടത്തും. ജൂബിലി കലാമത്സരം, സിഎല്‍സി ടെസ്റ്, അഖില കേരള പ്രസംഗ മത്സരം എന്നിവയിലെ വിജയികള്‍ക്കു സമ്മാനദാനം നിര്‍വഹിക്കും.

നവസുവര്‍ണ ജൂബിലിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് സംഘടിപ്പിച്ചത്. 450 യുവജനങ്ങള്‍ രക്തദാനം നടത്തി. അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും വൃക്ഷത്തൈകള്‍ നല്കി. സിഎല്‍സി അംഗങ്ങളാണ് ഇതു നട്ടുവളര്‍ത്തി പരിപാലിക്കുന്നത്. ആധ്യാത്മിക പരിശീലനം, ക്യാമ്പുകള്‍, പ്രകൃതി പഠനയാത്രകള്‍, മാര്‍ ജോസഫ് കുണ്ടുകുളം പ്രസംഗ മത്സരം, മദര്‍ തെരേസ ചിത്രരചനാമത്സരം, രോഗീസന്ദര്‍ശനം, ഇടവക പ്രവര്‍ത്തനങ്ങള്‍, റാലികള്‍, കലാമേളകള്‍ എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പത്രസമ്മേളനത്തില്‍ അതിരൂപത പ്രമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത്, പബ്ളിസിറ്റി കണ്‍വീനര്‍ എ.ഡി. ഷാജു, അതിരൂപത ട്രഷറര്‍ ഡില്‍ജോ തരകന്‍, അതിരൂപത ജോയിന്റ് സെക്രട്ടറി ബിജില്‍ സി. ജോസഫ്, അതിരൂപത ജനറല്‍ ഓര്‍ഗനൈസര്‍ ഫ്രെഡി സി. ഡിക്രൂസ് എന്നിവര്‍ പങ്കെടുത്തു.

Share it:

EC Thrissur

clc

അറിയിപ്പുകള്‍

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: