സിജോ വര്‍ഗ്ഗീസ് എ., ഫാത്തിമ മാത യുണിറ്റ്
പതിവുപോല തിരുനാളുകള്‍ വരവായി. നൂറ്റാണ്ടുകള്‍ക്ക് മുന്പ് നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ആചരിച്ചു പോന്നിരുന്ന തിരുനാളുകളുടെ ഏറ്റവും പരിഷ്കൃതരൂപങ്ങള്‍. തുലാം, മകരം, കുംഭം തുടങ്ങി മലയാള മാസപേരുകളും ചേര്‍ത്താണ് പഴമക്കാര്‍ പെരുന്നാളിനെ വിളിച്ചു പോന്നിരുന്നത്. വിളവെടുപ്പു കാലത്തിന് അനുയോജ്യമായും പെരുന്നാളുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. നവംബര്‍ മുതല്‍ മെയ്മാസം അവസാനം വരെ വിവിധ പള്ളികളില്‍ ചെറുതും വലുതുമായ തിരുനാളുകള്‍ നിരവധിയാണ്. പഴയകാലത്ത് കല്ലിട്ടപ്പെരുന്നാള്‍ എന്നാണ് ഇടവകമധ്യസ്ഥന്മാരുടെ തിരുനാളുകള്‍ക്ക് പറഞ്ഞിരുന്നത്. ഓരോ പള്ളിയുടെ കീഴിലും അഞ്ചോ, പത്തോ സമുദായങ്ങള്‍ കാണും. ഇന്നത്തെ കുടുംബക്കൂട്ടായ്മകളേക്കാള്‍ കെട്ടുറപ്പ് അന്നത്തെ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്പെഴുന്നെള്ളിപ്പും, വള എഴുന്നെള്ളിപ്പുമെല്ലാം നറുക്കിട്ടെടുത്ത് കിട്ടുന്ന കുടുംബങ്ങള്‍ വളര ഭക്തി പൂര്‍വ്വം നോന്പെടുത്തും പ്രാര്‍ത്ഥിച്ച് ഒരുങ്ങിയും വീടും പരിസരവും എല്ലാം വൃത്തിയാക്കി പറ്റുമെങ്കില്‍ മുറ്റം ചാണകം മെഴുകി ശുദ്ധി വരുത്തിയും, അന്പുകുട വീട്ടു പടിയ്ക്കല്‍ നാട്ടി നിര്‍ത്തിയും, വര്‍ണ്ണകടലാസുകൊണ്ട് തോരണങ്ങള്‍ കെട്ടിയും മനോഹരമാക്കിയിരുന്നു. ബന്ധുജനങ്ങള്‍ക്കും കൊട്ടുകാര്‍ക്കും വിഭവസമൃദ്ധമായ സദ്യ, പട്ടിണി പാവങ്ങള്‍ക്ക് ഒരു നേരത്തേയ്ക്ക് വയര്‍ നിറച്ചും ആഹാരം നല്‍കല്‍, അക്രൈസ്തവരായ മറ്റ് കുടുംബങ്ങളിലേയ്ക്ക് പെരുന്നാള്‍ പലഹാരം കൊണ്ടുപോയി കൊടുക്കല്‍, ഓരോ വീട്ടിലും അന്പ് കയറുന്പോഴും സമുദായം വക ഉരുക്കുകുറ്റിയില്‍ വെടി മരുന്ന് നിറച്ചുള്ള കതിനാവെടി, അതിനുവേണ്ടി മാത്രം സമുദായം വക ഒരു വെടിക്കെട്ടുക്കാരന്‍, അന്പെഴുന്നെള്ളിപ്പ് വീട്ടുപടി കടന്നു വരുന്പോള്‍ മുത്തുകുടകള്‍ തമ്മില്‍ കൂട്ടിമുട്ടി അതിന്‍റെ വശങ്ങളിലുള്ള സ്റ്റീല്‍ അലുക്കുകള്‍ ഉളകി താഴെ വീണുപോയാല്‍ ഭക്തിപൂര്‍വ്വം അത് എടുത്ത് മുത്തി കുടയില്‍ വീണ്ടും പിടിപ്പിക്കുകയോ അല്ലെങ്കില്‍ പള്ളി ഓഫീസ്സില്‍ കൊണ്ടുപോയി കൊടുക്കുകയോ ചെയ്യും. ഇന്നാകട്ടെ കുടയുടെ പിടിയുടെ പകുതി മാത്രമേ രാത്രി വള എഴുന്നെള്ളിപ്പില്‍ പിടിക്കുകയുള്ളൂ. പിടിയുടെ പകുതികൂടി പിടിച്ചാല്‍ അത് ഊരിയാകും തല്ല് കിട്ടുക എന്ന പേടികൊണ്ടാണിത്. പ്രതികാരം ചെയ്യാനുള്ള അവസരങ്ങളായി രാത്രി വള എഴുന്നെള്ളിപ്പുകള്‍ മാറി തുടങ്ങിയിട്ടുണ്ട്. അന്പെഴുന്നെള്ളിപ്പിന് ഒരു രൂപ കൂടുതല്‍ നല്‍കിയവന്‍റെ വീടിനുമുന്നിലും നിര്‍ത്തികൊട്ടി ഒരു സിനിമാ ഗാനം പാടിക്കും. ഇല്ലെങ്കില്‍ മഹാ അപരാധമായിപ്പോകും. അവസാനം അന്പും കുടയുമെല്ലാം സമയത്തിന് പള്ളിയില്‍ എത്താന്‍ പോലീസ് വാഹനത്തിന്‍റെ സഹായം തേടും.
വീറും വാശിയും സ്നേഹവും പരസ്പരാശ്രിതത്വവും എല്ലാറ്റിലും ഉപരിയായി പുണ്യവാന്മാരോടുള്ള വണക്കവും മാധ്യസ്ഥം അപേക്ഷിക്കലും അടിയുറച്ച വിശ്വാസജീവിതവും എല്ലാം പോയ് മറഞ്ഞു. വെടിക്കെട്ടും തുള്ളിച്ചാട്ടവും വിദേശ മിഷണറിമാരുടെ സംഭാവനയല്ല. മതിവരുവോളം തിന്നുക, കുടിക്കുക, തുള്ളിച്ചാടുക. ഇത്രയും ആയാല്‍ പെരുന്നാളായി. അന്പ്വള എഴുന്നെള്ളിപ്പില്‍ എന്തിനാണ് നാം തുള്ളുന്നത്? തിന്നത് ദഹിക്കാനായിട്ടാണോ പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, ഓട്ടന്‍ തുള്ളല്‍ ഈ ഗണത്തിലേയ്ക്ക് പെരുന്നാള്‍ തുള്ളലുംകൂടി ചേര്‍ക്കേണ്ടതുണ്ടോ വളരെ വൃത്തിക്കെട്ട ആഭാസപ്രവൃത്തിയാണിത്. സംഗീതം എല്ലാവരുടേയും ഉള്ളിലുണ്ട്. എന്നാലത് പരസ്യമായി പ്രകടിപ്പിക്കുവാനുള്ള വേദികളാകരുത് തിരുനാള്‍ പ്രദക്ഷിണങ്ങള്‍. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഗാനമേളകള്‍ ചില കുട്ടിതുള്ളലുകാരുടെ അരങ്ങേറ്റവേദികളായി മാറിയിട്ടുണ്ട്. ഫാഷന്‍ ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ കാരണം പല മഹിളാരത്നങ്ങളും പ്രസംഗം കഴിഞ്ഞാണ് തിരുനാള്‍ ദിവസം ദിവ്യബലിയ്ക്ക് പള്ളിയില്‍ എത്തിച്ചേരുന്നത്. ഭര്‍ത്താക്കന്മാരാകട്ടെ ഊട്ടുസദ്യയ്ക്ക് വരി നില്‍ക്കുന്നതുപോലെ ബിവറേജുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവിലാകും. ഈ ഏര്‍പ്പാട് ശരിയല്ല. തിരുനാള്‍ ദിവസത്തെ കുര്‍ബാന കടമുള്ളതാണ്. അത് സദ്യയുടേയും മദ്യത്തിന്‍റേയും പേരില്‍ മുടക്കരുത്. നമ്മുടെ രൂപതയിലെ പള്ളികളില്‍ ആഘോഷിക്കുന്ന പെരുന്നാളുകള്‍ക്ക് വീട്ടുകാരുടേതും പള്ളിയുടേതുമായി പ്രതിവര്‍ഷം ഇരുപത് കോടിയിലധികം രൂപ ചെലവു വരുന്നുണ്ട് എന്ന് 2007ല്‍ കണ്ടെത്തുകയും തുടര്‍ന്ന് പല പള്ളികളും ചെലവു ചുരുക്കല്‍ നടപടികളുടെ വഴിയേ പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്ത് വരുന്നുണ്ട്. വിവാഹ ദൂര്‍ത്തും പെരുന്നാള്‍ ദിവസങ്ങളിലെ അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനുമായി 2007ല്‍ തന്നെ രൂപത വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. തല്‍ഫലമായി ഇപ്പോള്‍ നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് ഫണ്ടും, രക്തദാനവും, ആതുര ശുശ്രൂഷാ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളതില്‍ നമുക്ക് അഭിമാനിക്കാം. അനാവശ്യ ചെലവുകള്‍ ചുരുക്കി കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കാം.
പെരുന്നാള്‍ ദിനത്തിലെ വഴിപാടുകളിലും ശ്രദ്ധവേണം. ഒരിക്കല്‍ ഒരു മീന്‍പിടുത്തക്കാരന്‍ കുളത്തില്‍ ചൂണ്ടയിട്ടിരിക്കുകയാണ്. വളരെ നേരമായിട്ടും അയാള്‍ക്ക് ഒരു മീനിനേയും കിട്ടിയില്ല. അയാള്‍ക്ക് വിഷമമായി. ഉടനെ ആയാള്‍ വഴിപാട് നേര്‍ന്നു ‘‘ദൈവമേ ഇന്ന് പിടിക്കുന്ന ആദ്യത്തെ മീന്‍ നിനക്കുള്ളതാണ്.” അല്‍പസമയത്തിനകം ഒരു വലിയ വരാല്‍ മീന്‍ ചൂണ്ടയില്‍ കുടുങ്ങി. അയാള്‍ അതിനെപിടിച്ച് കരയിലേയ്ക്കിട്ടു. വീണ്ടും ചുണ്ടയില്‍ ഇരയെക്കോര്‍ത്ത് കുളത്തിലേയ്ക്കിട്ടു. ‘‘ദൈവമേ നേരത്തെകിട്ടിയ മീന്‍ എനിക്ക്. ഇനി കിട്ടുന്ന മീന്‍ തീര്‍ച്ചയായും നിനന്ക്കുള്ളതാണ്” ഇങ്ങനെ അയാള്‍ മനസ്സില്‍ കരുതി അല്‍പസമയം പോലുമായില്ല കരയില്‍ പിടിച്ചിട്ട വരാല്‍ ചാടി പിടഞ്ഞ് കുളത്തിലേയ്ക്കു തന്നെ വീണുപോയി. മീന്‍ കുളത്തില്‍ വിണപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. അയാള്‍ സ്വരമുയര്‍ത്തി പറഞ്ഞു ‘‘ശ്ശോ ദൈവമേ ഞാനൊരു തമാശ പറഞ്ഞതല്ലേ ”. പക്ഷേ ദൈവത്തിന് അയാളുടെ തമാശ അത്ര ബോധിച്ചില്ല. ഇതുപോലെയാകരുത് തിരുനാള്‍ ദിനത്തോടനുന്ധിച്ച് നമ്മള്‍ നേരുന്ന പഴിപാടുകള്‍. ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിലേ വഴിപാട് നേരാവൂ. നേര്‍ച്ചയും വഴിപാടും കഴിക്കുവാന്‍ വേണ്ടി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന പണം കൊണ്ട് കുട്ടികള്‍ കളിക്കോപ്പുകള്‍ വാങ്ങുന്നതും ഐസ്ക്രീം വാങ്ങി നുണയുന്നതും തെറ്റാണ്. അപരനെ സഹായിക്കുവാനുള്ള അവസരമായി പെരുനാളുകള്‍ മാറണം. തിരുനാളുകള്‍ ആഘോഷിക്കുന്ന വിശുദ്ധന്‍റെ ജീവചരിത്രം അല്‍പമെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കുകയും പറ്റുമെങ്കില്‍ വിശ്വാസജീവിതത്തില്‍ ഒരടിക്കൂടി മുന്നേറുവാന്‍ കഴിയുകകൂടി വേണം. എന്നാല്‍ മാത്രമേ തിരുനാള്‍ ആഘോഷിക്കുന്നതുകൊണ്ട് പ്രയോജനം ഉള്ളൂ.
Post A Comment:
0 comments: