Pavaratty

Total Pageviews

5,987

Site Archive

പാപ്പാ ഫ്രാന്‍സിസ് റ്റൈമിന്‍റെ സംവത്സരപ്രതിഭ

Share it:
റ്റൈം മാഗസിന്‍ 2013-ലെ Man of the Year, സംവത്സരപ്രതിഭയായി പാപ്പാ ഫ്രാന്‍സിസിനെ തിരഞ്ഞെടുത്തു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ TIME മാസികയാണ് പാപ്പാ ഫ്രാന്‍സിസിനെ സംവത്സരത്തിന്‍റെ പ്രതിഭയായി ആദരിക്കുന്നത്. വിനയവും മനുഷ്യസ്നേഹവുംകൊണ്ട് ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അപൂര്‍വ്വവ്യക്തിത്വത്തിനുള്ള അംഗീകാരമാണിതെന്ന്, ടൈം മാസികയുടെ മുഖ്യപത്രാധിപര്‍ നാന്‍സി ഗിബ്സ് പ്രഖ്യാപനവേദിയില്‍ പ്രസ്താവിച്ചു. ചുരുങ്ങിയ കാലയളവില്‍ സഭയുടെ കാഴ്ചപ്പാടിലും പ്രവര്‍ത്തനശൈലിയിലും പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന ജനപ്രീതിയാര്‍ജ്ജിച്ച പാപ്പായ്ക്കാണ് പ്രതിമാസം 3 ലക്ഷത്തോളം പ്രതികള്‍ വിറ്റഴിക്കുന്ന റ്റൈംമാസിക Man of the Year പദവി നല്കി ആദരിച്ചത്. ഡിസംബര്‍ 11-ാം തിയതി ബുധനാഴ്ച വൈകുന്നേരമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ന്യൂയോര്‍ക്കില്‍ നടന്നത്. 1923-ല്‍ സ്ഥാപിതമായ മാസിക അനുവര്‍ഷം വിശ്വപ്രതിഭകള്‍ക്കു നല്കുന്ന ഐതിഹാസിക ബഹുമതിയാണിത്. ഗുണപരമോ ദോഷപരമോ ആയ വിധത്തില്‍ ലോകത്ത് വാര്‍ത്താപ്രാധാന്യവും ജനശ്രദ്ധയും ആകര്‍ഷിക്കുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം റ്റൈം മാസിക നല്കുന്നത്. ഇങ്ങനെയൊരു പ്രശസ്തിയോ കീര്‍ത്തിയോ പാപ്പാ ഫ്രാന്‍സിസ് തേടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്ന് പരിശുദ്ധ സംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. എന്നാല്‍ പ്രചുരപ്രചാരം സിദ്ധിച്ച ടൈം മാസിക നല്കുന്ന അംഗീകാരം പാപ്പാ സ്വീകരിക്കുമെന്നും, അദ്ദേഹത്തിന്‍റെ അജപാലന ശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും ഈ ബഹുമതി സഹായകമാകുമെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി പാപ്പായ്ക്കു ലഭിച്ച ടൈമിന്‍റെ ബഹുമതി പുരസ്ക്കാരത്തോട് പ്രതികരിച്ചു. ധാര്‍മ്മികവും മതാത്മകവും ആത്മീയവുമായ മൂല്യങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരെ സമൂഹം അംഗീകരിക്കുന്നത് നീതിയുടെയും സമാധാനത്തിന്‍റെ മേഖലയിലേയ്ക്കുള്ള ലോകത്തിന്‍റെ ചുവടുവയ്പ്പാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു. 1962-ല്‍ പുണ്യശ്ലോകരായ ജോണ്‍ 23-ാമനും 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമനും റ്റൈമിന്‍റെ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്.
Share it:

EC Thrissur

feature

News

Post A Comment:

0 comments: