Pavaratty

Total Pageviews

5,985

Site Archive

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗപ്രഖ്യാപനം

Share it:
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗപ്രഖ്യാപനം

(ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫെബ്രുവരി 11ന് നടത്തിയ സ്ഥാനത്യാഗപ്രഖ്യാപനം)

പ്രിയ സഹോദരങ്ങളെ,

ഈ കണ്‍സിസ്റ്ററി (കര്‍ദിനാള്‍മാരുടെ സമ്മേളനം) ഞാന്‍ വിളിച്ചതു മൂന്നു പേരുടെ വിശുദ്ധപദ പ്രഖ്യാപനത്തിനുവേണ്ടി മാത്രമല്ല, സഭാ ജീവിതത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു തീരുമാനം അറിയിക്കുന്നതിനുകൂടിയാണ്. പ്രായാധിക്യം മൂലം എന്‍റെ കരുത്ത്, പത്രോസിന്‍റെ സിംഹാസനത്തിലെ ശുശ്രൂഷകള്‍ ഉചിതമായി നിര്‍വഹിക്കാന്‍ പര്യാപ്തമല്ലെന്ന് ദൈവസന്നിധിയില്‍ ആവര്‍ത്തിച്ചു നടത്തിയ ആത്മപരിശോധനയിലൂടെ എനിക്കു വ്യക്തമായി. വാക്കുകളും പ്രവര്‍ത്തനങ്ങളും കൊണ്ടു മാത്രമല്ല പ്രാര്‍ഥനയും സഹനവും കൊണ്ടുകൂടിയാണ് ആത്യന്തികമായി ആത്മീയമായ ഈ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍, ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും വിശ്വാസജീവിതത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളാല്‍ കലുഷിതവുമായ ഇന്നത്തെ ലോകത്തില്‍ വി.പത്രോസിന്‍റെ നൗക നയിക്കാനും സുവിശേഷപ്രഘോഷണം നടത്താനും ശാരീരികവും മാനസികവുമായ കരുത്ത് അനിവാര്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ കരുത്ത് എന്നില്‍ ക്ഷയിച്ചു വരുന്നതിനാല്‍ എന്നെ ഭരമേല്‍പ്പിച്ചരിക്കുന്ന ശുശ്രൂഷ യഥോചിതം നിറവേറ്റാന്‍ കഴിയാതെ വന്നിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇക്കാരണത്താല്‍, റോമിന്‍റെ മെത്രാനും പത്രോസിന്‍റെ പിന്‍ഗാമിയും എന്ന ശുശ്രൂഷാസ്ഥാനത്തു നിന്ന് പിന്‍വാങ്ങുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു. ഈ പ്രവര്‍ത്തിയുടെ ഗൗരവം നന്നായി മനസിലാക്കികൊണ്ട്, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് ഞാന്‍ ഈ പ്രഖ്യാപനം നടത്തുന്നത്. 2005 ഏപ്രില്‍19ന് കര്‍ദിനാള്‍മാര്‍ എന്നെ ഭരമേല്പിച്ച ഈ ശുശ്രൂഷയില്‍ നിന്ന് ഞാന്‍ വിരമിക്കുന്നതോടെ ഫെബ്രുവരി 28നു രാത്രി എട്ടു മണി മുതല്‍ റോമാ ആസ്ഥാനവും, പത്രോസിന്‍റെ സിംഹാസനവും ഒഴിഞ്ഞു കിടക്കും (sede vacante). പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ളേവ്, അതിനു നിയുക്തരായവര്‍ വിളിച്ചുചേര്‍ക്കണം.

പ്രിയ സഹോദരരേ,

നിങ്ങള്‍ എനിക്കു നല്‍കിയ സ്നേഹത്തിനും എന്‍റെ ശുശ്രൂഷയ്ക്കു നല്‍കിയ പിന്തുണയ്ക്കും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. എന്‍റെ കുറവുകളെപ്രതി ഞാന്‍ നിങ്ങളോടു മാപ്പുചോദിക്കുന്നു. നമ്മുടെ വലിയ ഇടയനും നാഥനുമായ യേശുക്രിസ്തുവിന് തിരുസഭയെ നമുക്ക് ഇപ്പോള്‍ സമര്‍പ്പിക്കാം. പുതിയ മാര്‍പാപ്പയുടെ തെരഞ്ഞടുപ്പു പ്രക്രിയയില്‍
കര്‍ദിനാള്‍മാര്‍ക്കു പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസഹജമായ മാധ്യസ്ഥ സഹായം ലഭിക്കുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ഭാവിയിലും പ്രാര്‍ത്ഥനാനിരതമായ ജീവിതത്തിലൂടെ ദൈവത്തിന്‍റെ തിരുസഭയെ ഭക്തിപൂര്‍വം സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വത്തിക്കാനില്‍ നിന്ന്, 10 ഫെബ്രുവരി 2013,
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

Share it:

EC Thrissur

church in the world

Post A Comment:

0 comments: