നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷ്ണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിന് വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുന്പോഴേയ്ക്കും വീണ്ടും ഉരുണ്ട് താഴേയ്ക്ക് വീണു. പലപ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു. അവരുടെ മേലന്വേഷകന്‍ ദൂരെ മാറിനിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്. ‘‘ഇനിയും തടി കയറ്റി കഴിഞ്ഞില്ലേ’’ എന്ന് അയാള്‍ ഭടന്മാരോട് വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തുവന്ന ഒരാള്‍ കേട്ടു. വീണ്ടും തടി ഉയര്‍ത്താന്‍ പാടുപ്പെടുന്ന ഭടന്മാരുടെ ദയനീയ സ്ഥിതി കണ്ട് അശ്വാരൂഢനായ മനുഷ്യന്‍ ആ മേലന്വേഷകനോട് ചോദിച്ചു: ‘‘നിങ്ങള്ക്കൊന്ന് സഹായിച്ചുകൂടെ. ഒന്ന് താങ്ങികൊടുത്താല്‍ തടി വണ്ടിയിലേയ്ക്ക് കയറും.”
്യൂ‘‘ഞാനൊരു മേലന്വേഷകനാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യണ്ടതല്ല” ഇതായിരുന്നു മറുപടി. ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തേയ്ക്ക് ചെന്ന് തടിപിടിക്കാന്കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ പറഞ്ഞ ‘താങ്ക്സ്’ പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് കുതിരപ്പുറത്തുകയറി ഓടിച്ചുപോകുകയും ചെയ്തു.
അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്ജ്ജ് വാഷിങ്ങ്ടന് ഒരു പൗരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പറഞ്ഞ ആ മേലന്വേഷകനും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിങ്ങ്ടനെ കണ്ടപ്പോള്‍ മേലന്വേഷകന്‍ ഞെട്ടി. കാരണം തലേദിവസം കുതിരപ്പുറത്ത് വന്ന് ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തിതന്നെയായിരുന്നു വേദിയിലിരുന്നിരുന്നത്.
വലിയ മനുഷ്യര്‍ക്കേ ചെറിയവരാകാന്‍ കഴിയൂ. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ദൈവം ഏറ്റവും വലിയവനാകയാല്‍ അവിടുത്തേയ്ക്കു മാത്രമേ ഏറ്റവും ചെറിയവനാകാനും സാധിക്കൂ. ദിവ്യകാരുണ്യത്തിന്റെ മുന്നിലിരുന്ന് ‘‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം”എന്ന ഗാനം നമ്മുടെ വലുപ്പത്തിന്‍റെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തി തരുന്നുണ്ട്.
‘ബെത്ലേഹം’ എന്ന പദത്തിന്റെ അര്ത്ഥം ‘അപ്പത്തിന്‍റെ ഭവനം’എന്നാണ്. മനുഷ്യര്‍ക്ക് ജീവന്‍ നല്‍കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പമായ ക്രിസ്തു പിറന്നുവീഴാന്‍ തെരഞ്ഞെടുത്തതും അപ്പത്തിന്‍റെ ഭവനം തന്നെയെന്നത് എത്രയോ അര്‍ത്ഥപൂര്‍ണ്ണമാണ്. എളിമപ്പെടാനും ചെറുതാകാനും വിഷമമുള്ള മനുഷ്യര്ക്കുവേണ്ടി ദൈവം ചെറുതായി. അതാണ് ക്രിസ്തുമസ്സ് അതിനാല്‍ ഓരോ ക്രിസ്തുമസ്സും നമ്മെ ക്ഷണിക്കുന്നത് ചെറുതാകാനാണ്. ഈ ക്ഷണം സ്വീകരിച്ച് ചെറുതായി വലുതാകാന്‍ നമുക്ക് സാധിക്കട്ടെ.
ഏവര്ക്കും ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍.
സ്നേഹത്തോടെ
ജോണച്ചന്‍.
Post A Comment:
0 comments: