കോവിഡ് മഹാമാരിമൂലം ഇത്തവണയും പാവറട്ടി തിരുനാൾ ആരവങ്ങൾ വിശ്വാസികളുടെയും തിരുനാൾ പ്രേമികളുടെയും മനസിൽ തന്നെ. കോവിഡ് മൂലം രണ്ടാം കൊല്ലമാണ് പാവറട്ടിക്കാർക്ക് തിരുനാൾ നഷ്ടമാകുന്നത്. കോവിഡിന്റെ തീവ്രത കുറഞ്ഞപ്പോൾ ഏറെ പ്രതീക്ഷയിലായിരുന്നു പാവറട്ടിക്കാർ.ഈ അവസരത്തിൽ പള്ളി മോടിപ്പിടിപ്പിക്കലും നടത്തി.2020-ൽ മുടങ്ങിയ പള്ളി തിരുനാൾ 2021-ൽ ചെറിയ തോതിലെങ്കിലും ആഘോഷിക്കാമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായാണ് തിരഞ്ഞെടുപ്പിന് ശേഷം കോവിഡിന്റെ തോത് വർധിച്ചത്.
ഇതിനിടെ ജില്ലാ ഭരണകൂടം അനുവദിച്ച തിരുനാൾ നടത്തിപ്പ് അനുമതിയും റദ്ദ് ചെയ്തു.ഇതോടെ ഇത്തവണത്തെ തിരുനാൾ ആഘോഷവും ഇടവക വിശ്വാസികളുടെ മനസ്സിലൊതുങ്ങി.ഇടതടവില്ലാതെ നടത്തുന്ന വിശുദ്ധന്റെ നേർച്ചയൂട്ടും വളയെഴുന്നള്ളിപ്പുകളും വാദ്യമേളങ്ങളും ഇത്തവണയില്ല.
കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി തിരുനാൾ ചടങ്ങ് മാത്രമായാണ് നടത്തുന്നത്. തീർത്ഥകേന്ദ്രത്തിന്റെ അകത്തും പുറത്തും വിശ്വാസികളെ പ്രവേശിപ്പിക്കില്ല.ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന പുരോഹിതർക്കും തീർത്ഥകേന്ദ്രം അധികൃതർക്കും മാത്രമാണ് പ്രവേശനാനുമതി.
തീർത്ഥകേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടം, കോൺവെൻറ് റോഡ്, ഇറച്ചിക്കട റോഡ് എന്നീ വഴികളിലൂടെയുള്ള പ്രവേശനം പോലീസ് നിരോധിച്ചിരിക്കുകയാണ്. ഗുരുവായൂർ എ.സി.പി. ടി.പി. ശ്രീജിത്ത്, പാവറട്ടി എസ്.എച്ച്.ഒ. എം.എ.എസ്.സാബുജി, എസ്.ഐ. പി.ആർ.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നത്.
Post A Comment:
0 comments: