സമൂഹത്തിന്റെ ഭാവി യുവജനതയാണെന്നും അവരുടെ ക്ഷേമവും വളര്‍ച്ചയും ഭദ്രമാക്കി പുതിയ ലോകത്തിന്റെ ഉപകരണങ്ങളാക്കണമെന്നും സംസ്ഥാന ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ചിയ്യാരത്ത് കെ.സി.വൈ.എം. സംഘടിപ്പിച്ച തൃശ്ശൂര്‍ അതിരൂപതയുടെ യുവജനദിനാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ മാറ്റങ്ങളെ സ്വാംശീകരിച്ച് ഉയര്‍ന്ന ചിന്തകളിലേക്ക് കടന്നുവരണം. പുതിയ മാനസിക സംവദനത്തിന് തയ്യാറായി യുവജനത ശുഭാപ്തി വിശ്വാസികള്‍ ആയിത്തീരണമെന്നും മന്ത്രി പറഞ്ഞു.
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശ്ശൂരിന്റെ വികസനത്തിന് ഐ.ടി. ഹബ്ബും സയന്‍സ് സിറ്റിയുമൊക്കെ സാംസ്‌കാരിക നഗരത്തില്‍ സ്ഥാപിക്കണമെന്നും മാര്‍ താഴത്ത് മാണിയോട് ആവശ്യപ്പെട്ടു. പഠിപ്പ് മുടക്കി സമരം മതിയെന്ന് ആഹ്വാനം നല്‍കിയവര്‍ ഇപ്പോള്‍ സമരം നിര്‍ത്തി പഠിപ്പ് മതിയെന്ന തിരുത്തലോടെ രംഗത്തുവന്നത് സന്തോഷപ്രദമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കെ.സി.വൈ.എം. അതിരൂപത പ്രസിഡന്റ് ആന്റൊ തൊറയന്‍ അധ്യക്ഷനായി. അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സമരപരിപാടികളും പ്രതിഷേധവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ഫാ. ജിയോ കടവി ആമുഖ പ്രഭാഷണം നടത്തി. എം.പി. വിന്‍സെന്റ് എം.എല്‍.എ, ഫാദര്‍ ജോണ്‍ പോള്‍ ചെമ്മണൂര്‍, സിസ്റ്റര്‍ ടീന മരിയ, അഡ്വ. ബിജു കുണ്ടുകുളം, എന്‍.പി. ജാക്‌സണ്‍, കൗണ്‍സിലര്‍ കരോളി ജോഷ്വ, ജസ്റ്റിന്‍ ജോസ് നടക്കലാന്‍, സജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ കബറിടത്തിലേക്ക് യുവജന റാലി നടന്നു.
Post A Comment:
0 comments: