.jpg)
ബ്രസീലിലേക്ക് യാത്ര ആരംഭിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നോടൊത്ത് വിമാനത്തില്‍ യാത്രചെയ്തിരുന്ന എഴുപതോളം മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തെങ്കിലും അവര്‍ക്ക് അഭിമുഖം അനുവദിച്ചില്ല, പകരം അവരെ വ്യക്തിപരമായി പരിചയപ്പെട്ടു. എന്നാല്‍ മടക്കയാത്രയ്ക്കിടയില്‍ 80 മിനിറ്റ് നീണ്ട സുദീര്‍ഘമായ അഭിമുഖം പാപ്പ അവര്‍ക്കു നല്കി.
ഒരാഴ്ച്ച നീണ്ട തിരക്കേറിയ പേപ്പല്‍ പര്യടന പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്ത്, ക്ഷീണിച്ച് തളര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. എന്നാല്‍ പര്യടനത്തിന്‍റെ നായകനായ മാര്‍പാപ്പ ഉത്സാഹത്തോടെ മൈക്കും പിടിച്ച് തങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് കണ്ടതോടെ അവരുടെ ക്ഷീണമെല്ലാം പമ്പകടന്നു.
വത്തിക്കാന്‍ ബാങ്കും, വത്തിലീക്സും മുതല്‍ മാര്‍പാപ്പയുടെ ഹാന്‍ഡ് ബാഗിലെന്താണെന്നുവരെ അവര്‍ മാര്‍പാപ്പയോട് ചോദിച്ചു. ചോദ്യശരങ്ങള്‍ പ്രശാന്തനായി നേരിട്ട പാപ്പ നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്താണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത്.
ബ്രസീല്‍ പര്യടനം തനിക്ക് ഏറെ ആനന്ദവും ആത്മീയോര്‍ജ്ജവും നല്‍കി. സുരക്ഷാക്രമീകരണത്തേക്കാള്‍ തനിക്കു പ്രധാനപ്പെട്ടത് ജനങ്ങളുമായുള്ള സമ്പര്‍ക്കമാണെന്നും പാപ്പ വ്യക്തമാക്കി.
എന്താണ് മാര്‍പാപ്പ ബാഗിനുള്ളില്‍? സ്വന്തം ഹാന്‍ഡ് ലഗേജ്ജുമായി യാത്രചെയ്യുന്നതാണ് ശീലം. ഇപ്പോഴും അതു തുടരുന്നു എന്നു മാത്രം, അതിലൊരു പ്രത്യേകതയുമില്ല. ബാഗില്‍ യാമപ്രാര്‍ത്ഥനാ പുസ്തകവും ഡയറിയും വായിക്കാനായി ഒരു പുസ്തകവും – ഇത്തവണ കൊച്ചുത്രേസ്യായുടെ ഒരു പുസ്തകം- പിന്നെ ഒരു ഷേവിങ്ങ് സെറ്റുമുണ്ട്........
അടുത്ത സന്ദര്‍ശനം മാതൃരാജ്യമായ അര്‍ജന്‍റീനയിലേക്കായിരിക്കുമോ?
ജന്‍മനാടായ അര്‍ജന്‍റീനയിലേക്ക് ഈയടുത്തൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ല. അടുത്ത സന്ദര്‍ശനം മിക്കവാറും ഏഷ്യന്‍ ഭൂഖണ്ഡത്തിലേക്കായിരിക്കാന്‍ സാധ്യതയുണ്ട്. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമെയോ പ്രഥമനോടൊപ്പം ജറുസലേമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്താനും പദ്ധതിയുണ്ട്.
മുന്‍ഗാമിമാരായ മാര്‍പാപ്പമാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍റേയും ജോണ്‍ ഇരുപത്തിമൂന്നാമന്‍റേയും വിശുദ്ധ പദപ്രഖ്യാപനചടങ്ങ്?
ഇരുവരും ശ്രേഷ്ഠ വ്യക്തികളായിരുന്നു. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെ ഒരു നല്ലിടയന്‍, ദൈവജനത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ച വികാരിയച്ചന്‍ എന്നൊക്കെ വിശേഷിപ്പിക്കാം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകം കണ്ട മികച്ചൊരു പ്രേഷിതവര്യനായിരുന്നു. ക്രിസ്തു സന്ദേശവുമായി ലോകമെങ്ങും കടന്നുചെന്ന മഹാന്‍. ഇരുവരുടേയും വിശുദ്ധ പദ പ്രഖ്യാപന ചടങ്ങ് ഒരുമിച്ചു നടത്താനാണ് പദ്ധതി. പക്ഷേ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. നവംബര്‍ മാസത്തിലോ അടുത്തവര്‍ഷം ഈസ്റ്റര്‍ തിരുന്നാളിനോടടുത്തോ ആകാന്‍ സാധ്യതയുണ്ട്.
വത്തിക്കാന്‍ ബാങ്ക്? വത്തിക്കാന്‍ ബാങ്കിനെ എന്തുചെയ്യണമെന്ന് നിശ്ചയിച്ചിട്ടില്ല. ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളുണ്ട്. എങ്ങനെയായിരുന്നാലും സുതാര്യതയും സത്യസന്ധതയും ഉണ്ടായിരിക്കണമെന്നതു മാത്രമാണ് ഏക നിബന്ധന. വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന ഒരുപാട് വിശുദ്ധരുണ്ട്. മറ്റേതു സ്ഥാപനത്തേയും പോലെ വിശുദ്ധരല്ലാത്ത ആളുകളും വത്തിക്കാനിലുമുണ്ട്.
റോമന്‍ കൂരിയായുടെ അഴിച്ചുപണി? പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്നതിനു മുന്‍പ് കര്‍ദിനാള്‍മാരുടെ പൊതുയോഗങ്ങള്‍ നടന്നിരുന്നത് ഓര്‍മ്മിക്കുന്നില്ലേ. പ്രസ്തുത യോഗങ്ങളില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക സഭകളെ പ്രതിനിധീകരിക്കുന്ന എട്ടംഗ കര്‍ദിനാള്‍ സംഘത്തിന് രൂപം നല്‍കിയതും പ്രസ്തുതയോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ്. മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഇനിയും ഏറെ സമയം വേണം. വരുന്ന ഒക്ടോബര്‍ മാസത്തില്‍ എട്ടംഗ കര്‍ദിനാള്‍ സംഘത്തിന്‍റെ സമ്മേളനം പ്രഥമ സമ്മേളനം റോമില്‍ നടക്കും.
സഭയില്‍ സ്ത്രീകളുടെ സ്ഥാനം: സഭയില്‍ സ്ത്രീകളുടെ സ്ഥാനം കൂടുതല്‍ ആദരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സ്ത്രീകളുടെ പൗരോഹിത്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അത് ഒരു അടഞ്ഞ അദ്ധ്യായമാണ്. പരിശുദ്ധ മറിയത്തെ നോക്കൂ. അപ്പസ്തോലന്‍മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് മറിയത്തിന്. അതുപോലെ ഇന്നത്തെ സഭയില്‍ വൈദികരേക്കാളും മെത്രാന്‍മാരേക്കാളും ഉയര്‍ന്നൊരു സ്ഥാനമുണ്ട് സ്ത്രീകള്‍ക്ക്. സഭാ ജീവിതത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ദൈവശാസ്ത്രം വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്.
മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെ കാണാറുണ്ടോ? വത്തിക്കാനില്‍ രണ്ടു മാര്‍പാപ്പമാര്‍ ഉണ്ടായിരിക്കുന്നത് അത്ര സുഖകരമായ കാര്യമാണോ?
പണ്ടത്തെ പോലെയല്ല ഇന്ന്.പണ്ടുകാലത്ത് ഒന്നിലേറെ മാര്‍പാപ്പമാര്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ സംസാരിച്ചിരുന്നില്ലല്ലോ.....തമ്മിലടിയായിരുന്നില്ലേ! പക്ഷേ ബെനഡിക്ട് പതിനാറാമനും ഞാനും നല്ല അടുപ്പമാണ്. അവര്‍ണ്ണനീയമായ സ്നേഹാദരമാണ് അദ്ദേഹത്തോടുള്ളത്. വിജ്ഞാനിയായ മുത്തച്ഛന്‍ വീട്ടിലുള്ളത് ഒരു ഐശ്വര്യമാണെന്നു പറയുന്നതുപോലെ! സ്വന്തം പിതാവിനോടുള്ള സ്നേഹവാത്സല്യമാണ് അദ്ദേഹത്തോടുള്ളത്. അത്രയേറെ വിവേകവും വിജ്ഞാനവും വിനയവുമുള്ള ഒരു വ്യക്തി അടുത്തുണ്ടായിരിക്കുന്നത് എത്ര ആശ്വാസവും ആനന്ദവും പ്രദാനം ചെയ്യുമെന്നോ. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം തേടാറുണ്ട്.
വത്തിലീക്സിനെ സംബന്ധിച്ച രേഖകളുടെ വലിയൊരു ശേഖരം കൈമാറിയപ്പോള്‍ ഈ കേസിന്‍റെ വിശദാംശങ്ങള്‍ എത്ര വ്യക്തതയോടും സൂക്ഷമതയോടും കൂടിയാണ് അദ്ദേഹം വിശദീകരിച്ചതെന്നോ... എന്തൊരു ബൗദ്ധിക ജ്ഞാനമാണ് അദ്ദേഹത്തിന്‍റേതെന്ന് വിസ്മയം തോന്നി. പക്ഷേ, പേപ്പല്‍ ഭരണത്തെ സംബന്ധിച്ച ഒരു കാര്യത്തിലും ഇടപെടാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. അഭിപ്രായം ആരാഞ്ഞാല്‍ മറുപടി നല്‍കും അത്രമാത്രം. എത്ര വിനയമുള്ള മനുഷ്യന്‍, ദൈവത്തിന്‍റെ സ്വന്തം ആളാണ് അദ്ദേഹം. പ്രാര്‍ത്ഥനാനിരതന്‍. അദ്ദേഹത്തെ കുറച്ചുകൂടി പുറത്തേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്.
മാര്‍പാപ്പയെന്ന നിലയില്‍ സന്തോഷമുണ്ടോ? കൂട്ടിലടച്ച കിളിയെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞിരുന്നല്ലോ?
റോമാ മെത്രാന്‍റെ ശുശ്രൂഷയില്‍ സന്തുഷ്ടനാണ്. ബുവനസ് എയിരെസിലെ മെത്രാന്‍ ശുശ്രൂഷയും ഏറെ സന്തോഷം നല്‍കിയിരുന്നു. ജനങ്ങള്‍ക്കൊപ്പമായിരിക്കാനാണ് കൂടുതല്‍ ഇഷ്ടം. റോഡിലിറങ്ങി നടക്കാനൊക്കെ വലിയ താല്‍പര്യമുണട്. ഇവിടെ ഇഷ്ടം പോലെ ഇറങ്ങി നടക്കാനും ജനങ്ങളോട് അടുത്ത് ഇടപഴകാനും സാധിക്കാത്തത് സ്വല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ, വത്തിക്കാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കുറച്ച് ഇളവൊക്കെ നല്‍കിയിട്ടുണ്ട്. എല്ലാത്തിനേക്കാളും ഉപരിയായി, ഒരു വൈദികനെന്ന നിലയിലും മെത്രാനെന്ന നിലയിലും പാപ്പായെന്ന നിലയിലും സംതൃപ്തി കണ്ടെത്തുന്നത് ക്രിസ്തുവിന്‍റെ തിരുഹിതം നിറവേറ്റുന്നതിലാണ്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ
Post A Comment:
0 comments: