Pavaratty

Total Pageviews

5,985

Site Archive

വീണ്ടെടുക്കേണ്ട മൂല്യങ്ങള്‍

Share it:
ഭാരതത്തിന്‍റെ ശ്രേഷ്ഠ സംസ്ക്കാരത്തിന് അടിത്തറ പാകിയ മൂല്യങ്ങളെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുസ്മരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ തലേന്നാള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥാപനങ്ങളുടെ നവീകരണത്തെക്കുറിച്ചും രാഷ്ട്രപതി സന്ദേശത്തില്‍ പ്രതിപാദിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അനുസ്മരിച്ച പ്രണബ് മുഖര്‍ജി കോളനിവാഴ്ച്ചയ്ക്കെതിരേ മാത്രമായിരുന്നില്ല ഗാന്ധിജി പടപൊരുതിയതെന്നും സാമൂഹ്യ തിന്‍മകള്‍ക്കെതിരേയും അദ്ദേഹം സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരുന്നുവെന്നും പ്രസ്താവിച്ചു. സഹിഷ്ണുതയിലും ആത്മനിയന്ത്രണത്തിലും അടിസ്ഥാനമിട്ട സ്വയം ഭരണം ‘സ്വരാജ്’ ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ദാരിദ്ര്യത്തിലും അടിച്ചമര്‍ത്തലില്‍നിന്നുമുള്ള മോചനം അദ്ദേഹം വാഗ്ദാനം ചെയ്തു. സ്വയം ഭരണത്തിന്‍റെ ഏഴുപതിറ്റാണ്ടോളം പിന്നിട്ടിട്ടും ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ്യമായി വളരുവാന്‍ നമുക്കു സാധിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട അവസരമാണിത്. ശരിയായ പാതയിലൂടെയാണോ നാം സഞ്ചരിക്കുന്നതെന്ന് ആത്മപരിശോധന ചെയ്യേണ്ട മുഹൂര്‍ത്തമാണ് സ്വാതന്ത്ര്യദിനാചരണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ആത്മാര്‍ത്ഥമായ പരിശ്രമവും, സത്യസന്ധമായ ലക്ഷൃവും, ശ്രേഷ്ഠ നന്‍മയ്ക്കായി സ്വജീവന്‍ ബലികഴിക്കാനുള്ള സന്നദ്ധതയും ഗാന്ധിദര്‍ശനം പിന്തുടരുന്ന ആര്‍ക്കും അവഗണിക്കാനാവാത്ത മൂല്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ മൂല്യങ്ങളും ജനാധിപത്യസ്ഥാപനങ്ങളുടെ മൂല്യങ്ങളും നാം വീണ്ടെടുക്കണം. അവകാശവും ഉത്തരവാദിത്വവും ഒത്തുചേര്‍ന്ന് പോകേണ്ടതാണെന്ന് തിരിച്ചറിയണമെന്നും രാഷ്ട്രപതി ഇന്ത്യന്‍ ജനതയെ ഓര്‍മിപ്പിച്ചു.

പൊതു സ്ഥാപനങ്ങള്‍ രാഷ്ട്രസ്വഭാവത്തിന്റെ കണ്ണാടിയാണ്. ഭരണനിര്‍വഹണ സ്ഥാപനങ്ങളോട് ജനങ്ങള്‍ക്ക് പൊതുവേ മടുപ്പുണ്ട്. നമ്മുടെ നിയമനിര്‍മാണ സഭകള്‍ നിയമമുണ്ടാക്കുന്ന വേദികളേക്കാളുപരി പോരാട്ടക്കളങ്ങള്‍ക്കു സദൃശ്യമായി മാറിയിരിക്കുന്നു. അഴിമതി രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ മൂല്യവത്തായ വിഭവങ്ങള്‍ അലസതയും താത്പര്യക്കുറവുംമൂലം നഷ്ടപ്പെടുന്നു. സമൂഹത്തിന്റെ ഊര്‍ജം ഊറ്റിയെടുക്കുന്ന ഇത്തരം മനോഭാവങ്ങള്‍ നാം മാറ്റിയെടുക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ നിരന്തരം ശ്രമിച്ചിട്ടും അതിര്‍ത്തിയില്‍ പലതിരിച്ചടികളും നമുക്ക് നേരിടേണ്ടിവരുന്നുണ്ട്. സമാധാനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ഉറച്ചതാണെങ്കിലും നമ്മുടെ ക്ഷമയ്ക്ക് അതിരുണ്ടെന്നും അദ്ദേഹം താക്കീതു നല്‍കി. ആഭ്യന്തരസുരക്ഷയും രാജ്യത്തിന്‍റെ അഖണ്ഡതയും കാത്തുരക്ഷിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും രാഷ്ട്രപതി ഉറപ്പുനല്‍കി.




Share it:

EC Thrissur

feature

News

Post A Comment:

0 comments: