ബ്രസീലിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പര്യടനത്തിലെ ശ്രേഷ്ഠമുഹൂര്‍ത്തമാണ് കോപ്പാകബാനാ തീരത്ത് പാപ്പാ ഫ്രാന്‍സിസിന് യുവജനങ്ങള്‍ നല്കുന്ന വരവേല്പെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. റിയോയില്‍നിന്നും അയച്ച സന്ദേശത്തിലാണ് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലായ ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ നിരീക്ഷിച്ചത്.
രണ്ടു ദിവസത്തെ തിരക്കിട്ട പരിപാടികള്‍ പിന്നിട്ട പാപ്പാ, ജൂലൈ 25-ാം തിയതി വ്യാഴാഴ്ച ബ്രസീലിലെ സമയം വൈകുന്നേരം 6 മണിക്കാണ് റിയോയിലുള്ള പ്രസിദ്ധമായ കോപ്പാകബാനാ തീരത്ത് യുവജനങ്ങളുമായുള്ള പ്രഥമ കൂടിക്കാഴ്ചയ്ക്കെത്തുന്നത്. (അപ്പോള്‍ ഇന്ത്യയില്‍ വെള്ളിയാഴ്ച വെളുപ്പിന് സുമാര്‍ 2 മണിയായിരിക്കും). സുമറോയിലെ റിയോ അതിരൂപതാ മന്ദിരത്തില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം കോപ്പാകബാനാ തീരത്തെത്തുന്ന പാപ്പാ, തുടര്‍ന്ന് തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനമദ്ധ്യേത്തിലൂടെ വേദിയിലേയ്ക്ക് ആനയിക്കപ്പെടും.
റിയോ എന്ന ‘അത്ഭുത നഗര’ത്തെക്കുറിച്ച് യുവാക്കള്‍ അവതരിപ്പിക്കുന്ന ദൃശ്യാവതരണത്തിലേയ്ക്ക് നടന്നെത്തുന്ന പാപ്പാ, തുടര്‍ന്ന് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് 5 യുവാക്കളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങും. ആതിഥേയ സമൂഹമായ റിയോയുടെ മെത്രാപ്പോലീത്തയും സംഘാടക സമിതി പ്രസിഡന്‍റുമായ, ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പെസ്റ്റാ പാപ്പായ്ക്ക് സ്വാഗതമര്‍പ്പിക്കും.
തുടര്‍ന്ന് “ഗുരോ, അങ്ങയോടു കൂടെയായിരിക്കുന്നത് നല്ലതാണ്” (ലൂക്കാ 9, 33) എന്ന വചനശുശ്രൂഷയാണ്. ശുശ്രൂഷയ്ക്കുള്ള ആമുഖഗീതിയും മറ്റു ഗാനങ്ങളും കേരളത്തില്‍നിന്നുള്ള
17 അംഗ, ‘റെക്സ് ബാന്‍ഡാ’ണ് നയിക്കും. വചനപാരായണം, വിശ്വാസികളുടെ പ്രാര്‍ത്ഥന, പാപ്പായുടെ പ്രഭാഷണം എന്നിവയെ തുടര്‍ന്ന് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ...’ എന്ന പ്രാര്‍ത്ഥനയ്ക്കുശേഷം പാപ്പാ നല്കുന്ന അപ്പസ്തോലിക ആശിര്‍വ്വാദത്തോടെയാണ് കോപ്പാകബാനാ തീരത്തെ പരിപാടി സമാപിക്കുന്നതെന്ന് പാപ്പായോടൊപ്പം ബ്രസീലിലെത്തിയ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
തീരത്തെ പരിപാടിക്കുശേഷം റോഡുമാര്‍ഗ്ഗം 9 കി.മീ. അകലെയുള്ള സുമറോയിലെ അതിരൂപതാ മന്ദരത്തിലെത്തി അത്താഴം കഴിച്ച്, പാപ്പാ വിശ്രമിക്കും.
Reported : nellikal, sedoc
Post A Comment:
0 comments: